കൊടുംചൂടിൽനിന്ന് പെരുമഴയിലേക്ക്; അസുഖങ്ങൾ തടയാൻ ഈ കാര്യങ്ങൾ ഉറപ്പാക്കാം
Mail This Article
കടുത്ത ചൂടിൽനിന്ന് തണുത്ത മഴക്കാലത്തിലേക്ക് മാറുമ്പോൾ ഈ കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായമായവരെയാണ്. മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ അൽപം മുൻകരുതൽ എടുക്കാം.
ഭക്ഷണം ചൂടോടെ
ഭക്ഷണം ചൂടോടെ കഴിക്കുന്നതാണ് നല്ലത്. പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷ്യവിഷബാധ പോലുള്ള അസുഖങ്ങൾ പ്രായമായവരെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുള്ളതിനാൽ കഴിവതും വീട്ടിൽ തന്നെ തയാറാക്കിയ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. പുറത്തുനിന്ന് ഭക്ഷണവും വെള്ളവും കഴിക്കുന്നത് കഴിയുന്നത്ര ഒഴിവാക്കുക.
ശുചിത്വം അത്യാവശ്യം
സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ നന്നായി കഴുകുകയോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ഒരു ടിഷ്യൂ പേപ്പറോ കൈകളോ ഉപയോഗിച്ച് മുഖം മറയ്ക്കുക. ടിഷ്യൂ പേപ്പർ അതിന് ശേഷം ഡസ്റ്റ് ബിന്നിൽ നിക്ഷേപിക്കുക. ഹാൻഡ് കർചീഫുകൾ ഉപയോഗിക്കുക. ഇത് പതിവായി മാറ്റാൻ ശ്രദ്ധിക്കണം. മഴ നനഞ്ഞതിന് ശേഷം ആവശ്യമെങ്കിൽ കുളിക്കുന്നതിന് കുഴപ്പമില്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ തണുത്ത വെള്ളത്തിന് പകരം ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്.
കൊതുകിനെ അകറ്റാം
മഴക്കാലത്ത് ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ പടരുന്നതിനാൽ പ്രായമായവർക്ക് കൊതുകിൽ നിന്ന് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണം. ഇതിനായി കൊതുകു നശീകരണ വസ്തുക്കളും കൊതുകു വലകളും ഉപയോഗിക്കാം. വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
മാസ്‌കിന് പകരം ഷീൽഡ്
മഴക്കാലത്ത് പുറത്ത് പോകുമ്പോൾ ഒട്ടും നനയാതിരിക്കാൻ ഒരു കുട കയ്യിൽ കരുതുക. മഴയത്ത് ഫെയ്‌സ് മാസ്‌ക് നനഞ്ഞിട്ടുണ്ടെങ്കിൽ എത്രയും വേഗം അത് മാറ്റണം. മഴക്കാലത്ത് മാസ്‌കിന് പകരം ഫെയ്‌സ് ഷീൽഡ് ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. വീട്ടിലെത്തിയാലുടൻ തന്നെ നനഞ്ഞ വസ്ത്രവും റെയിൻകോട്ടും മാറ്റുക.
വീട്ടിലും വൃത്തി
ഈർപ്പം മൂലം ഫംഗസ്, ബാക്ടീരിയ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വീടിന്റെ ഉൾഭാഗം ശുചിയായി സൂക്ഷിക്കണം. ഈർപ്പവും ഫംഗസും പൊടിയുമൊക്കെ ഉണ്ടെങ്കിൽ വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം കുറയുകയും ശ്വസന സംബന്ധമായ അസുഖങ്ങൾ വേഗം പിടിപെടുകയും ചെയ്യും. വീടിനുള്ളിൽ ശരിയായ വായുസഞ്ചാരം ഉറപ്പാക്കുകയും മുറികളിലെ ഈർപ്പം ഒഴിവാക്കുകയും ചെയ്യുക.
മഴക്കാലത്ത് തണുത്ത വസ്ത്രങ്ങൾ ധരിക്കരുത്. വെയിലത്ത് ഉണക്കാൻ സാധിക്കുന്നില്ലെങ്കിൽ അയൺ ബോക്‌സോ ഡ്രയറോ ഉപയോഗിച്ച് വസ്ത്രങ്ങൾ ഉണക്കിയെടുക്കുക. നനഞ്ഞ പാടെ എയർകണ്ടിഷൻ ചെയ്ത മുറിയിലേക്ക് പ്രവേശിക്കുന്നത് അസുഖം പിടിപെടാൻ കാരണമാകും. ശരീരം നന്നായി ഡ്രൈ ആയതിന് ശേഷം മാത്രം എസി റൂമുകളിലേക്ക് പ്രവേശിക്കുക.
(വിവരങ്ങൾക്ക് കടപ്പാട്: ഡോ. വി.അതുൽ വ്യാസ്സ് പെഷലിസ്റ്റ് ആൻഡ് അസോഷ്യേറ്റ്കോ ഓർഡിനേറ്റർ, ജെറിയാട്രിക്‌സ്, കിംസ്‌ഹെൽത്ത്, തിരുവനന്തപുരം)