ADVERTISEMENT

ആയുര്‍വേദത്തിന്റെ സങ്കല്‍പമനുസരിച്ച് വര്‍ഷകാലം പ്രകൃതിയുടെ പുനരുജ്ജീവനത്തിന്റെ കാലമാണ്. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ആരോഗ്യപരമായി അല്‍പം സൂക്ഷിക്കേണ്ട കാലം കൂടിയാണിത്.
പ്രായമായവര്‍ക്ക് പൊതുവെ പ്രതിരോധശക്തി കുറവായിരിക്കും. ഈര്‍പ്പം കൂടുതലുള്ള ഈ കാലാവസ്ഥയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, സന്ധിവേദന, ദഹനപ്രശ്‌നങ്ങള്‍, ത്വക് രോഗങ്ങള്‍ തുടങ്ങിയവ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വര്‍ഷകാലത്ത് ശരീരത്തിലെ ദൂഷ്യങ്ങളെ പുറന്തള്ളാനായി ശോധനം, ശരീരത്തിനും മനസ്സിനും പുനരുജ്ജീവനം നല്‍കാനായി പഞ്ചകര്‍മ ചികിത്സ, രസായന ചികിത്സ തുടങ്ങിയവ ആയുര്‍വേദം നിര്‍ദേശിക്കുന്നു.

അനുവര്‍ത്തിക്കാവുന്ന മറ്റു കാര്യങ്ങള്‍
∙ ചായ, കാപ്പി തുടങ്ങിയവയ്ക്കു പകരം തുളസി, ഇഞ്ചി (ചുക്കു കാപ്പി), മഞ്ഞള്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള പാനീയങ്ങള്‍ ശീലമാക്കുക. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ കഴിവുള്ളവയാണ് ഇവയെല്ലാം. മഴക്കാലത്തെ അണുബാധകള്‍ തടയാന്‍ ഇവയ്ക്കു കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു. അസിഡിറ്റി പ്രശ്‌നമുള്ളവര്‍ക്ക് ഇതിനു പകരം മല്ലി കാപ്പി ഉപയോഗിക്കാം.
∙ തൈലങ്ങള്‍ പുരട്ടുന്നതും തിരുമ്മുന്നതും പതിവായി ചെയ്യാം. മഴക്കാലത്തെ വാതപ്രശ്‌നങ്ങള്‍ തടയാന്‍ ഇതു സഹായിക്കും. എല്ലാ വേദനകള്‍ക്കും ഓയില്‍ മസാജ് പരിഹാരമല്ല എന്നുകൂടി ഓര്‍ക്കുക. ഒരു ആയുര്‍വേദ ഡോക്ടറുടെ നിര്‍ദേശം തേടിയ ശേഷം ഇതു ചെയ്യുന്നതാവും ഉത്തമം.

Photo Credit : Santhosh Varghese / Shutterstock.com
Photo Credit : Santhosh Varghese / Shutterstock.com

∙ പെട്ടെന്നു ദഹിക്കുന്നതും ദഹനാഗ്നിയെ ജ്വലിപ്പിക്കുന്നതുമായ ആഹാരമാണ് മഴക്കാലത്ത് ഉത്തമം. കഞ്ഞിക്കൊപ്പം കുരുമുളക്, ചുക്ക്, തിപ്പലി തുടങ്ങിയവ ഉള്‍പ്പെടുത്തിയാല്‍ ദഹനം എളുപ്പമാക്കും. ജീരകം, പെരുംജീരകം, മല്ലി, തുടങ്ങിയവ ചേര്‍ത്ത് തയാറാക്കിയ സൂപ്പ്, സ്റ്റ്യൂ തുടങ്ങിയവ ദഹനത്തിനു നല്ലതാണ്. സൂര്യാസ്തമയത്തിനു ശേഷമുള്ള ആഹാരം, ഹോട്ടല്‍ ഭക്ഷണം,  പ്രോസസ് ചെയ്ത ഭക്ഷണം, തണുത്തതും കട്ടിയുള്ളതുമായ ഭക്ഷണം തുടങ്ങിയവ മഴക്കാലത്ത് പ്രായമായവര്‍ ഒഴിവാക്കുക. ഗുരുതര രോഗങ്ങളുള്ളവര്‍ ഭക്ഷണക്രമം മാറ്റുന്നതിനു മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

∙ യൂക്കാലിപ്റ്റ്‌സ് തൈലം ചേര്‍ത്ത് ആവി പിടിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഭക്ഷണത്തില്‍ കുരുമുളക് കൂടുതലായി ഉള്‍പ്പെടുത്തുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
∙ കുടിക്കാനുള്ള വെള്ളം ഇഞ്ചി, മല്ലി, ജീരകം തുടങ്ങിയവ ചേര്‍ത്തു തിളപ്പിക്കുന്നത് വെള്ളത്തെ ശുദ്ധീകരിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. മഴക്കാലത്ത് ജലജന്യരോഗങ്ങള്‍ തടയാനും ഇതു സഹായിക്കും.
(വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. അരുണ്‍ തുളസി, ജില്ലാ ആയുര്‍വേദ ആശുപത്രി, പത്തനംതിട്ട)

English Summary:

Monsoon Health Guide for Seniors: Ayurveda's Secrets to Strong Immunity and Digestive Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com