ഉറക്കത്തിന് മുന്‍പ് വായില്‍ ടേപ്പ് ഒട്ടിക്കും ; ഫലപ്രദമോ ഈ സാമൂഹിക മാധ്യമ ട്രെന്‍ഡ് ?
Mail This Article
ഇനി മിണ്ടിപ്പോയാല്‍ നിന്റെ വായില്‍ ഞാന്‍ ടേപ്പ് ഒട്ടിക്കുമെന്നൊക്കെ ചില അധ്യാപകര്‍ നമ്മളോട് ക്ലാസില്‍ പറഞ്ഞിട്ടില്ലേ. ഈ പറച്ചിലിപ്പോ യാഥാര്‍ത്ഥ്യമാക്കുകയാണ് സാമൂഹിക മാധ്യമങ്ങളിലെ ഒരു കൂട്ടം പേര്‍. മിണ്ടുമ്പോഴല്ല മറിച്ച് ഉറങ്ങാന്‍ പോകുന്നതിന് മുന്‍പാണെന്ന് മാത്രം. ഉറക്കത്തിന് മുന്‍പ് വായ ടേപ്പ് വച്ച് മൂടിക്കെട്ടുന്ന മൗത്ത് ടേപ്പിങ്ങാണ് സാമൂഹിക മാധ്യമങ്ങളിലെ പുതു ട്രെന്‍ഡ്.
വായ ടേപ്പ് കൊണ്ട് ഒട്ടിക്കുന്നതിനാല്‍ മൂക്കിലൂടെ മാത്രം ഉറങ്ങുമ്പോള്‍ ശ്വസിക്കാന്‍ സാധിക്കുമെന്നും ഇത് ഉറക്കത്തിനും ആരോഗ്യത്തിനും നല്ലതാണെന്നുമാണ് വാദം. ഏഴ് മുതല്‍ എട്ട് മണിക്കൂറത്തേക്കാണ് ഈ മൗത്ത് ടേപ്പിങ് ചെയ്യുന്നത്. ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാക്കാത്ത തരത്തിലുള്ള പോറസ് ടേപ്പ് വേണം വായ ഒട്ടിക്കാന്‍ ഉപയോഗിക്കാന്‍.
ഇത് ശാസ്‌ത്രീയമായി പരിശോധിച്ച് തെളിയിക്കപ്പെട്ടതല്ലെങ്കിലും മൂക്കിലൂടെ ശ്വസിക്കുന്നത് വായിലൂടെ ശ്വാസമെടുക്കുന്നതിനേക്കാല്‍ ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. കൂര്‍ക്കംവലി കുറയ്‌ക്കാനും ക്ഷീണം അകറ്റാനും ശ്രദ്ധ വര്‍ധിപ്പിക്കാനും വായ്‌നാറ്റം കുറയ്‌ക്കാനും മെച്ചപ്പെട്ട ഉറക്കം നല്‍കാനും വായുടെ ശുചിത്വം വര്‍ധിപ്പിക്കാനും ദാഹം കുറയ്‌ക്കാനുമൊക്കെ ഈ ശീലം സഹായകമാകുമെന്നും കരുതപ്പെടുന്നു. രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും അലര്‍ജനുകളെ അരിച്ചു മാറ്റാനും മൗത്ത് ടേപ്പിങ് നല്ലതാണെന്നും ഏഷ്യന്‍ ഹോസ്‌പിറ്റലിലെ റെസ്‌പിറേറ്റി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ് സ്ലീപ് മെഡിസിന്‍ ഡയറക്ടര്‍ ഡോ. മാനവ് മന്‍ചന്ദ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
എന്നാല്‍ ഈ ശീലം തുടങ്ങുന്നതിന് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്; പ്രത്യേകിച്ച് ശ്വസനപ്രശ്‌നങ്ങളും സ്ലീപ് അപ്‌നിയ പോലുള്ള ഉറക്കപ്രശ്‌നങ്ങളും ഉള്ളവര്‍. തുടക്കത്തില്‍ പകല്‍ ഉറക്കത്തിന് പരീക്ഷിച്ച് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടാല്‍ മാത്രം രാത്രിയില്‍ ടേപ്പ് ഒട്ടിച്ചാല്‍ മതിയെന്നും ഡോ. മാനവ് കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ സൈനസ് അണുബാധ, ചെവിയിലെ അണുബാധ, ജലദോഷം, വായ്‌ക്ക് ചുറ്റും നീര് വച്ച ചര്‍മ്മമുള്ളവര്‍ തുടങ്ങിയവര്‍ മൗത്ത് ടേപ്പിങ്ങിന് ശ്രമിക്കരുത്. നോസ് പോളിപ്പ് പോലുള്ള മൂക്കിന്റെ പ്രശ്‌ങ്ങള്‍ ഉള്ളവര്‍, അമിതവണ്ണത്തെ സൂചിപ്പിക്കുന്ന 35ന് മുകളില്‍ ബോഡി മാസ് ഇന്‍ഡെക്‌സ് ഉള്ളവര്‍, ശ്വാസകോശ, ഹൃദ്രോഗ പ്രശ്‌നങ്ങളുള്ളവര്‍ തുടങ്ങിയവരും ഈ ട്രെന്‍ഡ് പരീക്ഷിക്കരുതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മദ്യപിച്ച ശേഷവും മരുന്നുകള്‍ കഴിച്ച ശേഷവും വായ മൂടിക്കെട്ടാന്‍ ശ്രമിക്കരുത്.
ചില സെലിബ്രിട്ടികള്‍ അടക്കം പലരും ഈ മൗത്ത് ടേപ്പിങ് തങ്ങള്‍ക്ക് ഉപകാരപ്രദമാണെന്ന മട്ടില്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും പോസ്‌റ്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ വായിലൂടെ ശ്വാസം പുറത്തേക്ക് വിടുന്ന മൗത്ത് പഫിങ്, ശ്വാസംമുട്ടല്‍, ഉത്‌കണ്‌ഠ, ടേപ്പിന്റെ ചൊറിച്ചില്‍ മൂലം ഉറക്കത്തിലെ തടസ്സങ്ങള്‍ എന്നിവ മൗത്ത് ടേപ്പിങ് മൂലം ഉണ്ടാകാമെന്ന് ഗുരുഗ്രാം ഷാല്‍ബി സനാര്‍ ഇന്റര്‍നാഷണല്‍ ഹോസ്‌പിറ്റലിലെ പള്‍മനോളജി വിഭാഗം തലവന്‍ ഡോ. ബന്ദാന മിശ്രയും ചൂണ്ടിക്കാട്ടുന്നു.