ADVERTISEMENT

നമ്മുടെ നാട്ടില്‍ നിരവധി ചര്‍ച്ചകളും സംവാദങ്ങളുമൊക്കെ നടക്കുന്ന വിഷയമാണ്‌ അവയവദാനം. മരിച്ച്‌ കഴിഞ്ഞാല്‍ തീയും മണ്ണുമെടുക്കുന്ന നമ്മുടെ ശരീരത്തില്‍ നിന്ന്‌ കണ്ണടക്കം നിരവധി പേര്‍ക്ക്‌ പുതുജീവന്‍ നല്‍കുന്ന അവയവങ്ങള്‍ ദാനം ചെയ്യാനാകും. എന്നാല്‍ ഈ വിഷയത്തില്‍ ഉള്ള അറിവില്ലായ്‌മയും മറ്റ്‌ പല കാരണങ്ങളാലും പലരും അവയവദാനത്തിന്‌ സന്നദ്ധത അറിയിക്കാന്‍ മടിക്കാറുണ്ട്‌.

അവയവ ദാനത്തെ കുറിച്ച്‌ സാധാരണയുണ്ടാകുന്ന ചില സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കുകയാണ്‌ എന്‍ഡിടിവിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പി.ഡി. ഹിന്ദുജ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ നെഫ്രോളജിസ്‌റ്റും ട്രാന്‍സ്‌പ്ലാന്റ്‌ ഫിസിഷ്യനുമായ ഡോ. അലന്‍ അല്‍മൈഡ.

1. ആര്‍ക്കൊക്കെ നല്‍കാം
18 വയസ്സിന്‌ മുകളിലുള്ള ആര്‍ക്കും അവയവമോ കോശസംയുക്തങ്ങളോ ദാനം ചെയ്യുന്നതിന്‌ സന്നദ്ധത കൊടുക്കാവുന്നതാണ്‌.

Representative image. Photo Credit: Natali_Mis/istockphoto.com
Representative image. Photo Credit: Natali_Mis/istockphoto.com

2. എന്തൊക്കെ അവയവങ്ങള്‍ ദാനം ചെയ്യാം
ജീവിച്ചിരിക്കുമ്പോള്‍ സാധാരണ ദാനം ചെയ്യാന്‍ കഴിയുന്ന അവയവം വൃക്കയാണ്‌. രണ്ട്‌ വൃക്കകള്‍ ഉള്ളതിനാലാണ്‌ ഇത്‌. ഹൃദയം, ശ്വാസകോശം, കണ്ണുകള്‍ എന്നിവ ദാതാവ്‌ മരിച്ച ശേഷം എടുക്കാറുണ്ട്‌. പേര്‌ അവയവദാനമെന്നാണെങ്കിലും എപ്പോഴും അവയവം തന്നെ ദാതാവില്‍ നിന്ന്‌ എടുക്കണമെന്നില്ല. കോശസംയുക്തങ്ങളോ പേശികളോ ആകാം ചിലപ്പോള്‍ അപകടത്തില്‍പ്പെട്ടോ പൊള്ളലേറ്റോ ഒക്കെ മരിക്കുന്ന ദാതാവില്‍ നിന്ന്‌ എടുക്കാറുള്ളത്‌.

3. ദാതാവ്‌ അനുയോജ്യനാണോ എന്ന്‌ കണ്ടെത്തുന്ന്‌ എങ്ങനെ
അവയവം എടുക്കും മുന്‍പ്‌ നിരവധിയായ മെഡിക്കല്‍ പരിശോധനകള്‍ ദാതാവില്‍ നടത്തുന്നതാണ്‌. ജീവിച്ചിരിക്കുന്ന ദാതാവാണെങ്കില്‍ അവയവദാനം മൂലം ദാതാവിന്‌ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന്‌ ഉറപ്പ്‌ വരുത്തും. ഉദാഹരണത്തിന്‌ വൃക്ക കൊടുക്കുന്ന അവസരത്തില്‍ കിഡ്‌നി ഫങ്‌ഷന്‍ ടെസ്റ്റ്‌ നടത്തി എടുക്കാന്‍ പോകുന്ന വൃക്കയുടെ ആരോഗ്യവും ഒരെണ്ണം എടുത്താല്‍ ശേഷിക്കുന്ന വൃക്കയുടെ ആരോഗ്യവുമെല്ലാം വിലയിരുത്തും.


Representative image. Photo Credit: New Africa/Shutterstock.com
Representative image. Photo Credit: New Africa/Shutterstock.com

4. അവയവം ദാനം ചെയ്യാന്‍ അനുമതി നല്‍കാതിരിക്കുന്ന സാഹചര്യങ്ങള്‍ എന്തെല്ലാം
ദാതാവിന്‌ പ്രമേഹം, ഹൃദ്രോഗം, ഹെപ്പറ്റൈറ്റിസ്‌ പോലുള്ള രോഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയാല്‍ അവയവദാനത്തിന്‌ അനുമതി നല്‍കാറില്ല. അവയവദാനം ദാതാവിന്റെ ആരോഗ്യകരമായ ജീവിതശൈലിയെ ബാധിക്കുമെന്ന്‌ കണ്ടെത്തിയാലും അവയവദാനത്തിന്‌ അനുമതി നല്‍കില്ല.

5. എന്താണ്‌ ഓര്‍ഗന്‍ മാച്ചിങ്‌
അവയവദാനത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയയാണ്‌ അവയവങ്ങളുടെ പൊരുത്തം നോക്കുന്ന ഓര്‍ഗന്‍ മാച്ചിങ്‌. എടുക്കാന്‍ പോകുന്ന അവയവത്തിന്റെ ആരോഗ്യവും, അവയവം സ്വീകരിക്കുന്ന രോഗിയുടെ ശരീരം അതിനെ അംഗീകരിക്കാനുള്ള സാധ്യതയും മെഡിക്കല്‍ പരിശോധനകളിലൂടെ കണ്ടെത്തും. മാച്ചിങ്ങിലെ ഉയര്‍ന്ന സ്‌കോറും ചില മരുന്നുകളും അവയവമാറ്റ ശസ്‌ത്രക്രിയ യു ടെ വിജയസാധ്യത ഉയര്‍ത്തും.

6. അവയവം ലഭിച്ചവര്‍ ചെയ്യേണ്ടത്‌ എന്തെല്ലാം
മറ്റൊരാളുടെ അവയവം സ്വന്തം ശരീരത്തിലേക്ക്‌ മാറ്റി വച്ചു കഴിഞ്ഞാല്‍ അതീവ ശ്രദ്ധ സ്വീകരിക്കുന്ന രോഗിയും പുലര്‍ത്തേണ്ടതുണ്ട്‌. അവയവം ആരോഗ്യത്തോടെ തുടരുന്നതിന്‌ സജീവവും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതശൈലി പിന്തുടരേണ്ടതാണ്‌. . തുടര്‍ച്ചയായ ആരോഗ്യപരിശോധനകളും നിര്‍ബന്ധമാണ്‌.

English Summary:

Organ Donation: What You Need to Know to Save a Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com