വീട്ടിലുണ്ടോ ഈ ഔഷധസസ്യങ്ങള്? കാൻസർ സാധ്യത കുറയ്ക്കും
Mail This Article
പ്രകൃതിയിൽ ലഭ്യമായ ഔഷധസസ്യങ്ങൾ ഉപയോഗിച്ച് ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യമേകുന്ന ചികിത്സാരീതിയാണ് ആയുർവേദം. ഇന്ത്യയിലെ പ്രാചീന ചികിത്സാസമ്പ്രദായമായ ഇത്, ഏതെങ്കിലും രോഗത്തിന് പ്രത്യേകമായി ചികിത്സിക്കുന്നതിനു പകരം മൊത്തത്തിലുള്ള സൗഖ്യം പ്രദാനം ചെയ്യുന്നു. ആയുർവേദ ഔഷധസസ്യങ്ങൾ രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും രോഗങ്ങൾ സുഖപ്പെടുത്തുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
കാൻസർ ചികിത്സയിൽ ബഹുമുഖമായ സമീപനമാണ് ആയുർവേദം മുന്നോട്ടു വയ്ക്കുന്നത്. ഭക്ഷണം, ജീവിതശൈലിയിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം മരുന്നുകളോടൊപ്പം ചികിത്സയിൽ ഉൾപ്പെടും. കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഔഷധസസ്യങ്ങളെ അറിയാം.
∙വെളുത്തുള്ളി
വെളുത്തുള്ളിക്ക് ആന്റിഓക്സിഡന്റ്, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് കോശങ്ങളെ ക്ഷതങ്ങളിൽ നിന്ന് സംരക്ഷിച്ച് കാൻസർ സാധ്യത കുറയ്ക്കുന്നു. സ്തനാർബുദം, ഉദരത്തിലെ കാൻസർ, പാൻക്രിയാസ് – പ്രോസ്റ്റേറ്റ് കാൻസറുകൾ തടയാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്.
∙മഞ്ഞൾ
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് മഞ്ഞൾ. മഞ്ഞളിലടങ്ങിയ കുർക്കുമിൻ എന്ന സംയുക്തം കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ളതാണ്. കൂടാതെ നിരവധി രോഗങ്ങളെ തടയാനും മുറിവുണക്കാനും മഞ്ഞളിന് കഴിയും. കാൻസർ വീണ്ടും വരാതെ തടയാനും മഞ്ഞളിനു കഴിവുണ്ട്.
∙അമുക്കുരം
അമുക്കുരത്തിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ ട്യൂമറുകളുടെ വളർച്ച തടഞ്ഞ് കാൻസർ സാധ്യത തടയുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഇൻഫ്ലമേഷനെ പ്രതിരോധിക്കാനും കഴിവുള്ള അമുക്കുരം കാൻസർ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ്.
∙ചിറ്റമൃത്
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തി കാൻസറിനെ തടയുന്ന ഔഷധസസ്യമാണ് ചിറ്റമൃത്. ഇത് പ്രതിരോധപ്രതികരണം ശക്തിപ്പെടുത്തി കാൻസർ കോശങ്ങളോട് പൊരുതി ആരോഗ്യം മെച്ചപ്പെടുത്തുന്നു.
∙നെല്ലിക്ക
വൈറ്റമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുെടയും കലവറയാണ് നെല്ലിക്ക. ഇവ പ്രതിരോധശക്തി വർധിപ്പിക്കുകയും കോശങ്ങളെ നാശത്തിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. നെല്ലിക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ കാൻസർ തടഞ്ഞ് ആരോഗ്യമേകുന്നു. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി പ്രതിരോധശക്തി വർധിപ്പിക്കാനും കാൻസർ സാധ്യത കുറയ്ക്കാനുമാകും.
ആരോഗ്യത്തോടും സൗഖ്യത്തോടും ഒരു ഹോളിസ്റ്റിക് സമീപനം പുലർത്തുന്ന ഒന്നാണ് ആയുർവേദം. ആയുർവേദ ഔഷധങ്ങൾ നിരവധി രോഗങ്ങൾക്ക് പരിഹാരമേകും. കാൻസർ ചികിത്സയിൽ ആയുർവേദം ഏറെ ഫലപ്രദമാണ്.