ഐടിക്കാരില് മുപ്പത് വയസ്സിൽ തന്നെ ഹൃദയാഘാതം വ്യാപകം; കാരണങ്ങള്‍ ഇവ
Mail This Article
ദിവസം 12 മണിക്കൂറും അതിലധികവും നീളുന്ന ജോലി സമയവും സമ്മര്‍ദ്ദവും വ്യായാമത്തിന്റെ അഭാവവും ഐടി ജീവനക്കാരിലെ ഹൃദയാഘാത നിരക്ക് ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. മുപ്പതുകളിൽ തന്നെ ഹൃദ്രോഗസംബന്ധമായ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തുന്ന ഐടി ജീവക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
നിരന്തരമായ തൊഴില്‍ സമ്മര്‍ദ്ദം ഇവരിലെ അഡ്രിനാലിന്‍ തോത് ഉയര്‍ത്തി നിര്‍ത്തുമെന്ന് ബംഗലൂരു മണിപ്പാല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ് ഡോ. റോക്കി കത്തേരിയ ഇന്ത്യന്‍ എക്‌സ്‌പ്രസില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. അമിതമായ തോതിലെ ഈ അഡ്രിനാലിന്‍ ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളെ ചുരുക്കും. രക്തയോട്ടം കുറയുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് നീര്‍ക്കെട്ടിലേക്കും ബ്ലോക്കിലേക്കും നയിക്കും.
അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ പോലുള്ള സമ്മര്‍ദ്ദ ഹോര്‍മോണുകള്‍ ഹൃദയം വേഗത്തില്‍ മിടിച്ച് രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും കാരണമാകുമെന്ന് ഡോ. കത്തേരിയ ചൂണ്ടിക്കാട്ടി. ഇത് കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ തോതുയരാനും കാരണമാകാം. നിരന്തരമായ സമ്മര്‍ദ്ദം താളം തെറ്റിയ ഹൃദയമിടിപ്പിനും ക്ലോട്ട് രൂപീകരണത്തിനും കാരണമാകും. ക്ലോട്ട് ചിലപ്പോഴൊക്കെ ഹൃദയത്തില്‍ നിന്ന് തലച്ചോറിലേക്ക് എത്തി പക്ഷാഘാതത്തിലേക്ക് നയിക്കാം.
ആഴ്‌ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്ന വ്യക്തികളില്‍ ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 13 ശതമാനം അധികമാണെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനവും ചൂണ്ടിക്കാണിക്കുന്നു. പുകവലി, മദ്യപാനം എന്നിവയും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. നല്ല ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നിവയിലൂടെ ഹൃദായാഘാത സാധ്യത കുറയ്‌ക്കാമെന്നും ഡോ. കത്തേരിയ കൂട്ടിച്ചേര്‍ത്തു.