ഉറക്കത്തിൽ ശരീരം മരവിക്കും, വിരല്‍ അനക്കാൻ പോലുമാകില്ല; സ്ലീപ് പാരലിസീസ് എന്താണ്?
Mail This Article
ഉറക്കത്തില്‍ നിങ്ങള്‍ അസ്വസ്ഥമാകുന്ന ഭീകരമായ ഒരു സ്വപ്നമോ ഒരു ദൃശ്യമോ കാണും. അത് സ്വപ്നമാണെന്നും കണ്ണ് തുറന്ന് എണീറ്റാല്‍ അത്യന്തം ഭയപ്പെടുത്തുന്നതും ബുദ്ധിമുട്ട് ഉളവാക്കുന്നതുമായ ആ രംഗത്ത് നിന്ന് രക്ഷപ്പെടാമെന്നും നിങ്ങളുടെ ബോധമനസ്സിന് അറിയാം. പക്ഷേ, കണ്ണ് തുറക്കാനോ എണീക്കാനോ സാധിക്കില്ല. എന്തിന് ഒരു ചെറുവിരല്‍ അനക്കാന്‍ കൂടി നിങ്ങള്‍ക്ക് സാധിക്കില്ല. എഴുന്നേക്കാന്‍ ശ്രമിച്ചാലും ഭാരമുള്ള എന്തോ നിങ്ങളുടെ നെഞ്ചത്ത് കയറിയിരുന്ന് നിങ്ങളെ അമര്‍ത്തി പിടിച്ചിരിക്കുന്നത് പോലെ തോന്നും. ചില സമയത്ത് ശ്വാസം തന്നെ ശരിക്കും എടുക്കാന്‍ സാധിക്കില്ലെന്ന് തോന്നാം. കണ്ണ് തുറന്ന് ഉറക്കത്തില്‍ നിന്ന് പുറത്ത് വന്നില്ലെങ്കില്‍ ശ്വാസം മുട്ടി മരിച്ചു പോകും എന്ന് നിങ്ങള്‍ക്ക് തോന്നും.
എപ്പോഴെങ്കിലും ഇത്തരമൊരു അവസ്ഥ നിങ്ങള്‍ നേരിട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഉറക്കത്തില്‍ ആരോ നിങ്ങളുടെ അടുത്ത് കിടക്കുന്നതായോ ഉപദ്രവിക്കാന്‍ വരുന്നതായോ തോന്നിയിട്ടും എഴുന്നേല്ക്കാന് ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ടോ? എങ്കില്‍ നിങ്ങള്‍ സ്ലീപ് പാരലിസീസ് എന്ന അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് മനസ്സിലാക്കാം. ഉറക്കത്തിനിടെ ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുകയും എന്നാല്‍ അതിനോട് പ്രതികരിക്കാന്‍ സാധിക്കാതെ വരുകയും ചെയുന്ന അവസ്ഥയാണ് സ്ലീപ് പാരലിസീസ്. ഉറക്കത്തിലേക്ക് വഴുതി വീഴും മുന്‍പോ ഉറക്കത്തില്‍ നിന്ന് ഉണരും മുന്‍പോ ഉള്ള സമയത്താണ് ഇത് സംഭവിക്കുക. ഉറക്കത്തിന്റെയും ജാഗ്രതാവസ്ഥയുടെയും ഘട്ടങ്ങള്‍ക്കിടയില്‍ ഏതാനും സെക്കന്‍ഡുകളോ ഒന്നോ രണ്ടോ മിനിട്ടോ മാത്രം നീളുന്ന താത്ക്കാലിക പ്രതിഭാസമാണ് ഇത്.
സ്ലീപ് പാരലിസീസില് നിന്ന് വല്ലാത്ത ഒരു മരണഭയത്തോടെയാണ് പുറത്ത് വന്നിട്ടുള്ളതെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈയവസ്ഥ വന്നവര്‍ക്ക് കുറച്ച് നേരത്തേക്ക് വീണ്ടും ഉറങ്ങാന്‍ കിടക്കാന്‍ പോലും ഭയം തോന്നിയേക്കാം. ഇത് ആവര്‍ത്തിക്കുമോ എന്ന ഭീതിയാകും മനസ്സില്‍. ലോകത്തിലെ 30 ശതമാനം പേര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ലീപ് പാരലിസീസ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഭയം, ഉത്കണ്ഠ, ഒരു തരം നിസ്സഹായാവസ്ഥ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാറുണ്ട്.
ലക്ഷണങ്ങള്‍
സ്ലീപ് പാരലിസീസിന്റെ സമയത്ത് നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്.
1. കാലോ കയ്യോ അനക്കാന്‍ സാധിക്കില്ല
2. സംസാരിക്കാന്‍ സാധിക്കില്ല
3. നെഞ്ചില്‍ അമിതമായ സമ്മര്‍ദ്ദം
4. നാം നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്ത് വരുന്നത് പോലുള്ള തോന്നല്‍
5. ഇല്ലാത്തത് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മിഥ്യാഭ്രമം.
എന്തു കൊണ്ട് സ്ലീപ് പാരലിസീസ് ഉണ്ടാകുന്നു ?
ഈ വിചിത്ര പ്രതിഭാസത്തിന്റെ കൃത്യമായ കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഉറങ്ങാനോ ഉണര്‍ന്നിരിക്കാനോ ഉള്ള ശേഷിയെ തലച്ചോറിന് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന നാര്‍കോലെപ്സി, ആവശ്യത്തിന് ഉറക്കമില്ലാത്ത അവസ്ഥ, ചിട്ടയായ ഉറക്കത്തിന്റെ അഭാവം, ഉറക്കത്തില്‍ ശ്വാസം നിലയ്ക്കുന്ന ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ, ഉത്കണ്ഠ, ബൈപോളാര്‍ ഡിസോഡര്‍, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോഡര്‍, പാനിക് ഡിസോഡര്‍ പോലുള്ള മാനസികരോഗങ്ങള്‍, എഡിഎച്ച്ഡിക്ക് ഉള്‍പ്പെടെ കഴിക്കുന്ന ചില മരുന്നുകള്‍, ലഹരിമരുന്ന് ഉപയോഗം എന്നിവയെല്ലാം സ്ലീപ് പാരലീസിസിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ് അഥവാ റെം സ്ലീപ് എന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴോ അതില്‍ നിന്ന് പുറത്ത് വരുമ്പോഴോ ആണ് സ്ലീപ് പാരലിസീസ് സംഭവിക്കാറുള്ളത്. ഉറങ്ങുമ്പോള്‍ തലച്ചോര്‍ കാലിലെയും കൈകളിലെയും പേശികള്‍ വിശ്രമിക്കാനുള്ള സന്ദേശം അയക്കും. മസില് അറ്റോണിയ എന്നാണ് ഇതിന് പേര്. ഇത് മൂലമാണ് റെം സ്ലീപ് ഘട്ടത്തില്‍ ശരീരം ചലനമില്ലാതെ കിടക്കുന്നത്. റെം സ്ലീപ് ഘട്ടത്തില്‍ സ്വപ്നങ്ങള്‍ ഉണ്ടായെന്ന് വരാം. ഈ സമയത്ത് കാലിലെയും കൈയിലെയും പേശികള്‍ അനങ്ങുന്നതില്‍ നിന്ന് തലച്ചോര്‍ തടയും. സ്വപ്നത്തോടുള്ള പ്രതികരണങ്ങളില്‍ നിന്ന് നിങ്ങളെയും അടുത്ത് കിടക്കുന്നവരെയുമെല്ലാം രക്ഷിക്കാനാണ് തലച്ചോര്‍ ഈ വിധം ചെയ്യുന്നത്. ആര്‍ക്കും ഏത് പ്രായത്തിലും സ്ലീപ് പാരലിസീസ് സംഭവിക്കാം. ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ ക്രമരഹിതമായി ഉറങ്ങുന്നവര്‍ക്ക് ഇത് വരാനുള്ള സാധ്യത അധികമാണ്. എന്നാല്‍ ഇത് അടിക്കടി ഉണ്ടാവുകയും ഉറക്കം തന്നെ നഷ്ടമാകുകയും ചെയ്യുന്ന അവസ്ഥയില്‍ ചികിത്സ തേടേണ്ടതാണ്.
നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരം, ദൈര്‍ഘ്യം, രോഗചരിത്രം, കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍, മാനസികാരോഗ്യം എന്നിവയെല്ലാം ചോദിച്ചറിഞ്ഞ ശേഷം പോളിസോംനോഗ്രാം, മള്‍ട്ടിപ്പിള്‍ സ്ലീപ് ലേറ്റന്‍സ് ടെസ്റ്റ്(എംഎസ്എല്ടി) പോലുള്ള പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാം. പോളിസോംനോഗ്രാം പരിശോധന ഉറക്ക സമയത്തെ നിങ്ങളുടെ ശ്വാസഗതി, നെഞ്ചിടിപ്പ്, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ നിരീക്ഷിക്കുന്നു. സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ ഇതിലൂടെ സാധിക്കും. നിങ്ങള്‍ എത്ര വേഗം ഉറങ്ങുന്നു എന്നും എന്ത് തരം ഉറക്കമാണ് ലഭിക്കുന്നതെന്നും നാര്‍കോലെപ്സി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടോ എന്നുമെല്ലാം എംഎസ്എല്ടി പരിശോധനയിലൂടെ അറിയാം. കാരണങ്ങള്‍ കണ്ടെത്തിയ ശേഷം ഇതിനുള്ള ചികിത്സ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും.
എങ്ങനെ പുറത്ത് വരാം ?
സ്ലീപ് പാരലിസീസ് സംഭവിക്കുമ്പോള്‍ അതിനെ തടയാന്‍ വഴിയൊന്നും ഇല്ല. ചെറിയ ശരീര ചലനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് പതിയെ ഇതില്‍ നിന്ന് പുറത്ത് വരാന്‍ ശ്രമിക്കാവുന്നതാണ്. ആദ്യം ഒരു വിരല്‍ അനക്കാന്‍ ശ്രമിക്കുക, പിന്നീട് രണ്ട് വിരല്‍ അങ്ങനെ ചെറുചലനങ്ങളിലൂടെ ശരീരം അനക്കി കൊണ്ട് പതിയെ ഉറക്കത്തില്‍ നിന്ന് പുറത്ത് വരാന്‍ ശ്രമിക്കേണ്ടതാണ്. ദിവസവും കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നതും ഇരുട്ടുള്ളതും നിശ്ശബ്ദമായതുമായ ഉറക്കറ സജ്ജീകരിക്കുന്നതും ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉറങ്ങും മുന്‍പ് മാറ്റി വയ്ക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും. ഉറക്കത്തിന് മുന്‍പ് കുളിക്കുന്നതും വായിക്കുന്നതും സംഗീതം കേള്‍ക്കുന്നതും നല്ലതാണ്.