മധുരിക്കും ഓർമകൾ മടങ്ങിവരട്ടെ; മറക്കാനാവില്ല കോടി സ്വപ്നം കണ്ട ആ ഓണക്കാലം
Mail This Article
ഓര്‍മകളുടെ വേരുകൂടിയാണ് ഓണം. ഒന്നു കണ്ണുചിമ്മിയാല്‍ തെളിഞ്ഞുവരുന്നത്ര അടുത്താണ് കഴിഞ്ഞുപോയ കാലങ്ങളെല്ലാം. ഇല്ലായ്മകളുടെ പുതപ്പിനുള്ളില്‍ സ്വരുക്കൂട്ടിവച്ച സ്വപ്നങ്ങളെല്ലാം വാരിയെടുക്കുന്ന കാലം കൂടിയായിരുന്നു പണ്ട് ഓണം. സൗകര്യങ്ങളേറിയപ്പോള്‍ പലതും മനസ്സിന്റെ കോണിലേക്കൊതുങ്ങി. ഓരോ ദിവസവും ഓണമായ ഇന്നത്തെ സന്തോഷമാണോ ഓണമെന്ന സന്തോഷത്തിനായി കണ്ണുനട്ടു കാത്തിരുന്ന അന്നത്തെ ദിവസങ്ങളാണോ കൂടുതല്‍ പ്രിയങ്കരം?
മുറ്റം ചെത്തിയൊരുക്കി ഓണമെത്തിച്ച കാലം ‘ഓണമെത്തുവല്ല, ഓണമെത്തിക്കുവായിരുന്നു ഞങ്ങളുടെയൊക്കെ ചെറുപ്പത്തില്‍. അന്നിതുപോലെ ഇന്റര്‍ലോക്കിട്ട മുറ്റമോ റോഡോ ഒന്നുമില്ലല്ലോ. അപ്പോ ഓണക്കാലത്ത് വഴിയും മുറ്റവുമൊക്കെ ചെത്തിയൊരുക്കി വൃത്തിയാക്കും.' - ഓണത്തിന്റെ ഓര്‍മകളില്‍ മുങ്ങിനിവര്‍ന്നു, രാമചന്ദ്രന് നായര്‍. അധ്യാപനജീവിതത്തില് നിന്നു വിരമിച്ചെങ്കിലും എഴുപത്തിയേഴിലും ഓര്‍മകള്‍ക്കു മങ്ങലേയില്ല.
' അന്നൊന്നും ഇതുപോലെ ആഘോഷങ്ങളില്ല. വിവാഹങ്ങളും മറ്റു ചടങ്ങുകളുമൊക്കെ വളരെ ലളിതം. സമ്പന്നര്‍ക്കു മാത്രമായിരുന്നു ആഘോഷങ്ങള്‍. അതുകൊണ്ടുതന്നെ ഓണവും വിഷുവുമൊക്കെയായിരുന്നു സാധാരണക്കാരുടെ സന്തോഷസമയങ്ങള്‍. ഓണത്തിനുള്ള ഒരുക്കം കര്‍ക്കടകത്തിലേ തുടങ്ങണം. കിട്ടാനുള്ള സാമ്പത്തികങ്ങള്‍ നേരത്തെ തന്നെ ചോദിച്ചുവയ്ക്കണം. കിട്ടാക്കടങ്ങള്‍ തീര്‍ക്കുന്ന കാലംകൂടിയായിരുന്നു ഓണം. വാഴക്കുല അടുപ്പക്കാരോടു പറഞ്ഞുവയ്ക്കണം. ഒന്നോ രണ്ടോ വീട്ടുകാര്‍ ചേര്‍ന്നാണു പലപ്പോഴും വാഴക്കുലയും മറ്റും വാങ്ങുന്നത്. തെങ്ങുള്ളവരോടു നേരത്തെ പറഞ്ഞുവയ്ക്കും, ആട്ടിയ വെളിച്ചെണ്ണയില്‍ നാഴി ഞങ്ങക്കു കൂടി തരണേയെന്ന്. അല്ലെങ്കില്‍ ചക്കുകാരോരും മില്ലുകാരോടും പറയും. ഓണച്ചിട്ടിപിടിച്ചും പാലും കോഴിമുട്ടയുമൊക്കെ വിറ്റും പിടിയരി മാറ്റിയുമൊക്കെ വീട്ടമ്മമാര്‍ ഇത്തിരി സ്വരുക്കൂട്ടിയെടുക്കും. അതുകൂടി ചേര്‍ന്നാലേ ഓണമൊരുങ്ങൂ.'
സാമ്പാറും സവാളയുമില്ല;കുറുക്കുകാളനും പച്ചടിയും ഓണത്തിന് സദ്യയെന്നല്ല, ഊണെന്നുതന്നെയാണു പണ്ടു സാധാരണക്കാരുടെ പറച്ചിലെന്ന് ഓര്‍ത്തെടുക്കുന്നു വീട്ടമ്മയായ തുളസീഭായി. കര്‍ക്കടകത്തില്‍ ചേട്ടയെ ഒഴിപ്പിച്ച് കഴുകിത്തിളക്കിയെടുക്കും അടുക്കളയും വീടിനകവും പാത്രങ്ങളും. കൃഷിയുള്ളവരോടു ചേനയും ചേമ്പുമൊക്കെ പറഞ്ഞേല്പിക്കും. എല്ലാവരുടെയും മുറ്റത്തും തൊടിയിലും കാണും എന്തെങ്കിലുമൊക്കെ.കാരറ്റോ ബീറ്റ്റൂട്ടോ കാബേജോ സവാളയോ ഇല്ലാത്ത, സാമ്പാര്‍പോലും പതിവല്ലാത്ത സദ്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതായിരുന്നു പണ്ടത്തെ പതിവ്.ഒഴിച്ചാല്‍ ഒഴിച്ചേടത്തു നില്ക്കുന്ന കുറുക്കു കാളന്, മത്തങ്ങയും പയറും അല്ലെങ്കില്‍ ഏത്തയ്ക്കായും പയറും ചേര്‍ത്ത് എരിശേരി. തൊടിയിലെ പാവയ്ക്കയോ അച്ചിങ്ങയോ വാഴയ്ക്കയോ ഒക്കെയാണു മെഴുക്കുപുരട്ടി. തോരനു ചീരയോ മത്തയിലയോ കുമ്പളത്തിലയോ തരംപോലെ. ചേനയും ചേമ്പും ഏത്തയ്ക്കയും ചീരത്തണ്ടും മുരിങ്ങയ്ക്കയുമൊക്കെ മത്സരിച്ചു നിറയുന്നതായിരുന്നു അവിയല്‍. അച്ചാറിടാനുള്ള മാങ്ങ പണ്ടേ ഭരണിയില്‍ കയറിക്കഴിഞ്ഞിരിക്കും. ഇഞ്ചിക്കറിയും പുളിയിഞ്ചിയും തരംപോലെ മാറിയെത്തും. അതിനൊപ്പം നല്ല കട്ടത്തൈരുടച്ച്, പഴുത്ത നേന്ത്രക്കായോ തൊടിയിറമ്പിലെ കൈതച്ചക്കയോ അരിഞ്ഞുചേര്‍ത്ത് പച്ചടിയുണ്ടാകും. എന്തിന്, പരിപ്പിനുള്ള ചെറുപയര്‍പോലും പാടത്തു വിളയുന്ന കാലമായിരുന്നു അത്. കശുവണ്ടിയുള്ള കാലത്തു സൂക്ഷിച്ചുവയ്ക്കും. ഓണത്തിനു വറുത്തരച്ച കറി അതാണ്. ചെറിയ ഉള്ളിയല്ലാതെ സവാളയെന്ന സംഗതിയേ അന്ന് അടുക്കളകളില്‍ ഇല്ലായിരുന്നു.'എന്നും രാവിലെ ചീനിയും ചേനയും പുഴുക്കും ഒക്കെയല്ലേ. ഓണത്തിനു ചിലപ്പോള്‍ രാവിലെ നെയ്യപ്പമുണ്ടാക്കും.'- സീതമ്മ ഓര്‍മകളുടെ മധുരം ഒന്നുകൂടി ചേര്‍ത്തെടുത്തു. ഓണക്കാലത്തു തിരുവാതിരകളിയും തുമ്പിതുള്ളലുമൊക്കെയായിരുന്നു സ്ത്രീകളുടെ വിനോദമെന്ന് തിരുവാതിര പരിശീലക കൂടിയായ സീതമ്മ.
കോടി സ്വപ്നങ്ങള്‍കണ്ട ചെറുപ്പം
പുത്തനുടുപ്പ് സ്വപ്നങ്ങളിലായിരുന്നു കൂടുതലും. തുണിക്കടകള്‍ പോലും വിരളമായിരുന്ന നാട്ടിന്പുറങ്ങളാണ് അന്ന്. 'കൊളമ്പിലും ബോംബെയിലും മദ്രാസിലു'മൊക്കെയുള്ള ബന്ധുക്കളായിരുന്നു പുത്തന്‍തുണികളുടെ ഹോള്സെയിലുകാര്. ടൗണില്‍പ്പോയി തുണിവാങ്ങുന്നത് ഏറെ സമ്പന്നര്‍ അല്ലെങ്കില്‍ ശമ്പളക്കാര്‍ മാത്രമായിരുന്നുവെന്ന് ഓര്‍ത്തെടുക്കുന്നു ആദ്യകാല പ്രവാസിയായിരുന്ന ദാമോദരനും പത്നി ശാന്തയും.മറ്റുള്ളവര്‍ക്ക് ആശ്രയം ആഴ്ചയിലെത്തുന്ന തമിഴ് കച്ചവടക്കാരാണ്. വീട്ടിലെ കുട്ടിപ്പട്ടാളത്തിനു മുഴുവന്‍ ഒരേ നിറത്തിലും തരത്തിലും നീളത്തില്‍ മുറിച്ചുവാങ്ങുന്ന തുണി. കോറയോ മല്ലോ ആണു പതിവ്. കൂടിവന്നാല്‍ മല്മല്. അതു തയ്യല്‍ക്കാരെ ഏല്പിച്ച്, കാത്തിരിപ്പാണ്. പിന്നെ ഗള്‍ഫ് കാലങ്ങളിലേക്കെത്തിയപ്പോള്‍ തൊട്ടാല്‍ ഒഴുകുന്നപോലത്തെ ജോര്‍ജറ്റുസാരികളും ഷിഫോണ്‍ ഉടുപ്പുകളും പാവാടകളുമായി. പിന്നീടെപ്പോഴോ പട്ടുപാവാടകളും സെറ്റുസാരികളും ഡിസൈനര്‍ ഡ്രസുകളുമെത്തി. പക്ഷേ, ഇന്നും മനസ്സിന്റെ കോണിലെവിടെയോ ഒരു പാവം കുട്ടി കാത്തിരിക്കുന്നുണ്ടാവും. അച്ഛനും അമ്മയ്ക്കും കൂലികിട്ടി, തയ്ച്ചുകിട്ടുന്ന നിക്കറിനും ഷര്‍ട്ടിനും വേണ്ടി. അനിയത്തിക്കോ ചേച്ചിക്കോ ഉള്ള ഒറ്റയുടുപ്പിനുവേണ്ടി...