പരുക്ക് നിയന്ത്രിക്കാനും പേശികള്‍ അഴിച്ചു പണിയാനും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
Mail This Article
ഭാരം കുറയ്‌ക്കാനും ഫിറ്റ് ആയി ഇരിക്കാനും തീവ്രമായ വര്‍ക്ഔട്ടുകളും കര്‍ശനമായ ഡയറ്റ് പ്ലാനുകളുമൊക്കെ വേണ്ടി വരും. എന്നാല്‍ ഇതിനിടയ്‌ക്ക് ശരീരത്തിന് വിശ്രമിക്കാനും പേശികള്‍ അഴിച്ചു പണിയാനുമൊക്കെയുള്ള റിക്കവറി സമയവും ആവശ്യമാണ്. പരുക്ക് നിയന്ത്രിക്കാനും മികച്ച പ്രകടനത്തിനും ഊര്‍ജ്ജത്തിന്റെ തോത് നിലനിര്‍ത്താനും ഈ വിശ്രമം അത്യാവശ്യമാണ്. വര്‍ക്ഔട്ട് മൂലം ഉടയുന്ന ശരീരത്തിലെ പേശികള്‍ അറ്റകുറ്റപണി നടത്തി, പുനര്‍നിര്‍മ്മിച്ച് കരുത്തുറ്റതാക്കാന്‍ വിശ്രമ വേളകള്‍ സഹായിക്കും.
ഇതിനായി ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. ഉറക്കം
പേശികളുടെ പുനര്‍നിര്‍മ്മാണത്തില്‍ അടിസ്ഥാനപരമായി ചെയ്യാനുള്ള കാര്യമാണ് നല്ല ഉറക്കം. ഉറങ്ങുന്ന സമയത്ത് പേശികള്‍ അഴിച്ചു പണിയാനും പുനര്‍നിര്‍മ്മിക്കാനുമുള്ള ഹോര്‍മോണുകളെ ശരീരം ഉത്‌പാദിപ്പിക്കും. ശരിയായി ഉറങ്ങാതിരുന്നാല്‍ ഈ പ്രക്രിയ നടക്കാതിരിക്കുകയും ക്ഷീണം തോന്നുകയും ചെയ്യും. പരുക്ക് ഉണ്ടാകാനുള്ള സാധ്യതയും ഉറക്കമില്ലായ്‌മ വര്‍ധിപ്പിക്കും. ദിവസം കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കേണ്ടതാണ്.
2. പ്രീവര്‍ക്ഔട്ട് പരിശീലനം
വര്‍ക്ഔട്ടുകള്‍ക്ക് മുന്‍പ് പ്രീവര്‍ക്ഔട്ട് പരിശീലനം അഥവാ വാംഅപ്പ് നിര്‍ബന്ധമായും ചെയ്യണം. സന്ധികളുടെ ചലനം മെച്ചപ്പെടുത്താനും പേശികളെ വര്‍ക്ഔട്ടിനായി തയ്യാറെടുപ്പിക്കാനും പരുക്കിന്റെ സാധ്യത കുറയ്‌ക്കാനും വാംഅപ്പ് ആവശ്യമാണ്.
3. പോസ്‌റ്റ് വര്‍ക്ഔട്ട് സ്‌ട്രെച്ച്
വര്‍ക്ഔട്ട് പൂര്‍ത്തീകരിച്ച ശേഷം ശരീരത്തിന് ആവശ്യമായ വലിഞ്ഞു നിവരല്‍ നല്‍കാനും ശ്രദ്ധിക്കണം. ഇത് പേശികളിലെ സമ്മര്‍ദം ലഘൂകരിച്ച് മെയ്‌വഴക്കം വര്‍ധിപ്പിക്കും.
4. സ്‌മാര്‍ട്ടായ വര്‍ക്ഔട്ട് പ്ലാനുകള്‍
ശരീരത്തിനും ഓരോ വിഭാഗം പേശികള്‍ക്കും ശരിയായ വിശ്രമം ഉറപ്പാക്കുന്ന രീതിയില്‍ സ്‌മാര്‍ട്ടായി വേണം വര്‍ക്ഔട്ട് പ്ലാനുകള്‍ ക്രമീകരിക്കാന്‍. ഇതിനായി ഒരു ഫിറ്റ്‌നസ് കോച്ചിന്റെയോ പ്രഫഷണല്‍ ഫിറ്റ്‌നസ് വിദഗ്‌ധന്റെയോ മേല്‍നോട്ടത്തില്‍ വര്‍ക്ഔട്ട് ചെയ്യേണ്ടതാണ്.
5. അമിതമാകരുത് വര്‍ക്ഔട്ട്
നമ്മുടെ ശരീരത്തിന് താങ്ങാവുന്നതിനും അപ്പുറത്തേക്ക് വര്‍ക്ഔട്ട് ചെയ്യുന്നത് പരുക്കിന് കാരണമാകും. ശരീരം നല്‍കുന്ന സൂചനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുക. നിരന്തരമായ ക്ഷീണവും പേശികളുടെ വേദനയുമൊക്കെ ഉണ്ടാവുകയാണെങ്കില്‍ അമിതമായി ചെയ്യുന്നെന്നും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നില്ലെന്നും മനസ്സിലാക്കാം.