പ്രമേഹമല്ല, അറിവില്ലായ്മയാണ് വലിയ രോഗം; ഈ തെറ്റിദ്ധാരണകൾ മാറ്റാതെ രക്ഷയില്ല
Mail This Article
ലോകത്ത് പത്തിൽ ഒരാൾക്കു പ്രമേഹം ഉണ്ടാകുമെന്നാണു കണക്ക്. എന്നാൽ, ഇതിൽ പകുതിയോളം പേരും രോഗമുണ്ടെന്ന് അറിയുന്നില്ല. ചിലരാകട്ടെ വേണ്ടരീതിയിൽ ചികിത്സിക്കുന്നില്ല. പ്രമേഹം വരാതെ സൂക്ഷിക്കുകയും വന്നാൽ ശാസ്ത്രീയമാർഗങ്ങളിലൂടെ അതിനെ നിയന്ത്രണത്തിൽ നിർത്തുകയുമാണു പ്രധാനം. പ്രമേഹത്തിന്റെ കാര്യത്തിൽ സമൂഹമാധ്യമങ്ങളിലെ ‘സർവവിജ്ഞാന കോശങ്ങളും’ അഭ്യുദയകാംക്ഷികളും വിളമ്പുന്ന വിവരങ്ങൾ ശരിയാണെന്നു പലരും വിചാരിക്കുന്നു. ശരിയായ അറിവു തന്നെയാണ് ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ ഏറ്റവും നല്ല മരുന്ന്. രോഗത്തെക്കുറിച്ച് അറിയുക, ഒപ്പം പ്രമേഹമുണ്ടോയെന്നു കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. പ്രമേഹത്തെക്കുറിച്ചുള്ള ചില മിഥ്യാധാരണകളും യാഥാർഥ്യവും ഇങ്ങനെ:
∙ എന്റെ അച്ഛനും അമ്മയ്ക്കും പ്രമേഹം ഇല്ല, അതുകൊണ്ട് എനിക്കു വരില്ല.
പ്രമേഹത്തിനു പാരമ്പര്യം ഒരു പ്രധാന ഘടകം ആണെങ്കിലും, പാരമ്പര്യം മാത്രമല്ല രോഗസാധ്യത നിർണയിക്കുന്നത്. അമിതവണ്ണവും തെറ്റായ ഭക്ഷണരീതിയും വ്യായാമത്തിന്റെ കുറവും കാരണങ്ങളാണ്. പ്രമേഹരോഗസാധ്യത അറിയാനുള്ള റിസ്ക് കാൽക്കുലേറ്റർ ഇന്റർനെറ്റിൽ ലഭ്യമാണ്.
∙ ഞാൻ പഞ്ചസാര കഴിക്കാറില്ല. അതുകൊണ്ട് എനിക്കു പ്രമേഹം വരില്ല.
പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം വരില്ലെന്നതും തെറ്റിദ്ധാരണയാണ്. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന അന്നജം വിഘടിച്ചുണ്ടാവുന്ന ഗ്ലൂക്കോസിനെ ശരീരത്തിന് ആവശ്യമായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുക എന്നതാണ് ഇൻസുലിൻ എന്ന ഹോർമോണിന്റെ ജോലി. ഇൻസുലിന്റെ ഉൽപാദനത്തിലോ പ്രവർത്തനത്തിലോ ഉള്ള പ്രശ്നങ്ങളാണു പ്രമേഹത്തിലേക്കു നയിക്കുന്നത്. പഞ്ചസാര ഒഴിവാക്കിയതു കൊണ്ടു മാത്രം ഈ പ്രശ്നങ്ങൾ വരാതിരിക്കില്ല. പക്ഷേ, പ്രമേഹബാധിതർ പഞ്ചസാര ഒഴിവാക്കുന്നതു പ്രമേഹം നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കും.
∙ ഇത്രയും മെലിഞ്ഞ എനിക്ക് എനിക്ക് ഒരിക്കലും പ്രമേഹം വരില്ല.
അമിതവണ്ണം പ്രമേഹത്തിന് ഒരു കാരണമാണെങ്കിലും മെലിഞ്ഞവർക്കു പ്രമേഹം വരില്ല എന്ന് അർഥമില്ല. ജനിതകമായ ഘടകങ്ങൾ കാരണം ഇൻസുലിൻ ഉൽപാദനം തടസ്സപ്പെട്ടാൽ അതു പ്രമേഹത്തിലേക്കു നയിക്കാം. ഏഷ്യക്കാർ പൊതുവേയും ഇന്ത്യക്കാർ പ്രത്യേകിച്ചും ഇത്തരം പ്രമേഹം വരാൻ സാധ്യതയുള്ളവരാണ്. എന്നാണു പഠനങ്ങൾ കാണിക്കുന്നത്.
∙ എനിക്കു പ്രമേഹമുണ്ട്. പക്ഷേ, മരുന്നു കഴിക്കാൻ തുടങ്ങുന്നതു പരമാവധി വൈകിപ്പിക്കുന്നതല്ലേ നല്ലത്. മരുന്നിനു പാർശ്വഫലങ്ങൾ ഇല്ലേ ?
തീർത്തും തെറ്റായ ഒരു ചിന്താഗതിയാണിത്. പ്രമേഹത്തിന്റെ ചികിത്സയിൽ ആദ്യം വേണ്ടതു ജീവിതശൈലി ക്രമീകരണമാണ്. അതുവഴി പ്രമേഹം നിയന്ത്രിക്കാനാകാതെ വരുമ്പോഴോ അല്ലെങ്കിൽ തുടക്കത്തിൽത്തന്നെ വളരെ കൂടിയ അളവിൽ ഉണ്ടെങ്കിലോ ആണു മരുന്നുകൾ തുടങ്ങുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാ മരുന്നുകളും ഒരുപാടു കാലത്തെ പഠനങ്ങൾക്കു ശേഷം വിപണിയിൽ വരുന്നവയാണ്. അവയെക്കുറിച്ചെല്ലാം കൃത്യവുമായ വിവരങ്ങൾ ലഭ്യമാണ്. മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ചു തല പുകയ്ക്കുന്നവർ പ്രമേഹത്തിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആലോചിക്കുക.
∙ പ്രമേഹത്തിനു ഡോക്ടർ മരുന്നു നിർദേശിച്ചു. പക്ഷേ, ഞാൻ കഴിക്കുന്നതു ചില ഇലകൾ തിളപ്പിച്ച വെള്ളമാണ്. അതുകൊണ്ടു മാറ്റമുണ്ട്. പിന്നെയെന്തിനു മരുന്നു കഴിക്കണം?
ശാസ്ത്രീയ അടിത്തറയുള്ള ചികിത്സകളാണു തേടേണ്ടത്. ചില ചികിത്സകൾ താൽക്കാലികമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം. പക്ഷേ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കാം.
∙ ഞാൻ പ്രമേഹമരുന്നുകൾ കഴിക്കുന്നുണ്ട്. ഷുഗർ ടെസ്റ്റ് ചെയ്യാൻ പോകുന്ന ദിവസം മരുന്നു കഴിച്ചാൽ കൃത്യമായ റിസൽറ്റ് കിട്ടില്ല എന്നു പറയുന്നു.
പ്രമേഹത്തിനു ചികിത്സ എടുക്കുന്നയാൾ പരിശോധനയ്ക്കു പോകുന്ന ദിവസം സാധാരണ രീതിയിലുള്ള എല്ലാ മരുന്നുകളും കഴിക്കണം. മരുന്നു കഴിക്കുമ്പോൾ പ്രമേഹം എത്രത്തോളം നിയന്ത്രണത്തിൽ ഉണ്ട് എന്നറിയാനാണു പരിശോധിക്കുന്നത്. വെറുംവയറ്റിൽ ഷുഗർ നോക്കുമ്പോൾ ഭക്ഷണമോ മരുന്നോ കഴിക്കേണ്ടതില്ല. എന്നാൽ, ഭക്ഷണത്തിനു ശേഷമുള്ള ഷുഗർ നോക്കുമ്പോൾ ഗുളികകളോ ഇൻസുലിനോ കൃത്യമായി എടുക്കണം.
∙ ഞാൻ പ്രമേഹത്തിന് ഇൻസുലിൻ എടുക്കുന്ന ആളാണ്. എന്റെ ഷുഗർ പരിശോധിച്ചപ്പോൾ വെറുംവയറ്റിൽ കൂടുതലും ഭക്ഷണത്തിനു ശേഷമുള്ളതു കുറവുമായി കാണുന്നു. ഈ റിപ്പോർട്ട് തെറ്റായിരിക്കും എന്ന് എന്റെ സുഹൃത്ത് പറഞ്ഞു.
റിപ്പോർട്ട് തെറ്റാവണം എന്നില്ല. മരുന്നുകളുടെ ഡോസ് വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഇത്തരം റിപ്പോർട്ടുകൾ കാണാറുണ്ട്. ഉദാഹരണത്തിന്, നിങ്ങൾക്ക് ആവശ്യമുള്ളതിലും കുറവ് ഇൻസുലിൻ ആണ് രാത്രി എടുക്കുന്നതെങ്കിൽ വെറുംവയറ്റിൽ നടത്തുന്ന പരിശോധനയിൽ ഷുഗർ കൂടുതലായി കാണാം. എന്നാൽ, രാവിലെ എടുക്കുന്ന ഇൻസുലിൻ അളവു കൂടുതലാണെങ്കിൽ ഭക്ഷണത്തിനുശേഷം ഷുഗർ കുറഞ്ഞും കാണാം. അതുകൊണ്ട് ഇത്തരം റിപ്പോർട്ടുകൾ കാണുമ്പോൾ ഒന്നുകൂടി പരിശോധിക്കാം.
∙ ഒരിക്കൽ ഇൻസുലിൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല.
ഇൻസുലിൻ എന്തിനുവേണ്ടി, എപ്പോൾ തുടങ്ങുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. പ്രമേഹരോഗിയായ ഒരാൾ ഒരു അനുബന്ധ അസുഖത്തിന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുകയോ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയോ ചെയ്യുമ്പോൾ ഗുളികകൾ മാറ്റി ഇൻസുലിൻ ആക്കാറുണ്ട്. ഇത്തരം രോഗികൾക്ക് ആ ചികിത്സ പൂർണമായിക്കഴിഞ്ഞാൽ ഇൻസുലിൻ നിർത്തി ഗുളികകൾ ആക്കാവുന്നതാണ്. എന്നാൽ, ഗുളികകളുടെ പരമാവധി ഡോസ് എത്തിയതിനുശേഷം പ്രമേഹം നിയന്ത്രണത്തിലാകാത്തതു കാരണം ഇൻസുലിൻ തുടങ്ങുന്ന ഒരു രോഗിക്ക് പിന്നീട് ഇൻസുലിൻ തുടരേണ്ടി വരാം.
∙ പ്രമേഹത്തിനു ചികിത്സ എടുക്കുന്ന ഞാൻ പനിവന്നാൽ ഗുളിക നിർത്താറുണ്ട്.
ഇതു ശരിയായ പ്രവണതയല്ല. പ്രമേഹരോഗികൾക്കു മറ്റ് അസുഖങ്ങൾ പിടിപെടുമ്പോൾ രണ്ടു രീതിയിലാണ് അതു പ്രമേഹത്തെ ബാധിക്കുക. ഒന്ന് അസുഖം മൂലമുള്ള സമ്മർദം കൊണ്ടു ഷുഗർ കൂടാം. രണ്ടാമത്, ഭക്ഷണം കഴിക്കാത്തതു കൊണ്ടു ഷുഗർ കുറഞ്ഞു പോകാം. ആയതിനാൽ, പ്രമേഹരോഗികൾ മറ്റസുഖങ്ങൾക്കു ചികിത്സയിൽ ഇരിക്കുമ്പോൾ പറ്റുമെങ്കിൽ ദിവസവും പ്രമേഹം പരിശോധിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളിൽ മാറ്റം വരുത്താവൂ.
(വിവരങ്ങൾക്കു കടപ്പാട്: ഡോ.ഷിബിൻ സുദേവൻ, ഡയബറ്റോളജിസ്റ്റ്)