2 നേരം ഇൻസുലിൻ എടുത്തിട്ടും പ്രമേഹം കുറയാത്തതെന്ത്, അരിയാഹാരം ഒഴിവാക്കണോ? ഡോക്ടറുടെ മറുപടി
Mail This Article
പ്രമേഹം ബാധിച്ചാൽ ഒരിക്കലും അതിൽ നിന്നു മോചനം ഇല്ലെന്നു കരുതുന്നുണ്ടോ നിങ്ങൾ? എങ്കിൽ ആ ധാരണ മാറ്റിവയ്ക്കൂ. വായനക്കാർക്കുവേണ്ടി മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പ്രോഗ്രമായ ‘സുഖമായിരിക്കട്ടെ’യിൽ ഡോ.ശ്രീജിത്ത് എൻ.കുമാർ സംശയങ്ങൾക്കു നൽകിയ മറുപടികൾ വായിക്കാം. ശരിയായ രീതിയിൽ ഭക്ഷണവും വ്യായാമവും ഉണ്ടെങ്കിൽ പലർക്കും മരുന്നില്ലാതെ പ്രമേഹം നിയന്ത്രിക്കാനാകുമെന്ന് ഉറപ്പു നൽകുകയായിരുന്നു അദ്ദേഹം.
∙ഡയബറ്റിക് ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി എന്നിവ എങ്ങനെ കണ്ടെത്താം, പ്രതിരോധിക്കാം?
ന്യൂറോപ്പതി ഉള്ളവർക്കു കാലിനു തരിപ്പ്, പെരുപ്പ്, മരവിപ്പ്, നീറ്റൽ എന്നിവ അനുഭവപ്പെടും. ലളിതമായ പരിശോധനകളിലൂടെ രോഗാവസ്ഥ തിരിച്ചറിയാം. സ്പർശനശേഷി കുറഞ്ഞുവരുന്നവർ ശരിയായ മുൻകരുതലുകൾ സ്വീകരിക്കണം. പെരുപ്പ്, തരിപ്പ്, നീറ്റൽ എന്നിവ മാറുന്നതിനു ലേപനങ്ങളും മരുന്നുകളും ഉണ്ട്. കാലുകൾ നിത്യേന നിരീക്ഷിച്ചു മുറിവുകൾ ഇല്ലെന്ന് ഉറപ്പാക്കണം. ചെറിയ മുറിവാണെങ്കിലും ഡോക്ടറെ കണ്ടു ചികിത്സിക്കുക. മുറിവുകൾ വേണ്ട സമയത്തു ചികിത്സിക്കാത്തവർക്കു മാത്രമേ വിരലും കാലും നീക്കം ചെയ്യേണ്ട അവസ്ഥകളെ നേരിടേണ്ടി വരികയുള്ളൂ.
പ്രമേഹം ഉള്ളവർ വർഷത്തിൽ ഒരിക്കലെങ്കിലും കണ്ണുകൾ പരിശോധിക്കണം. ഡയബറ്റിക് റെറ്റിനോപതി പ്രാരംഭത്തിൽ കണ്ടെത്തിയാൽ നിയന്ത്രണം എളുപ്പമാണ്. രൂക്ഷമായാൽ ലേസർ പോലുള്ള ചികിത്സകൾ വേണ്ടിവരും. കാഴ്ച നഷ്ടമാകാനും സാധ്യതയുണ്ട്. മൂത്രത്തിൽ ആൽബുമിനും രക്തത്തിൽ ക്രിയാറ്റിനും കൃത്യമായ അളവിലാണെന്ന് ഉറപ്പിച്ച് നെഫ്രോപ്പതിയിൽ നിന്ന് അകലംപാലിക്കുക.
∙വൈറ്റമിൻ ഗുളികകൾ കഴിക്കണോ?
സമീകൃതാഹാരം കഴിച്ചാൽ ധാതുലവണങ്ങളും വിറ്റാമിനുകളുമൊക്കെ ലഭിക്കും. ഡോക്ടറുടെ നിർദേശിച്ചാൽ മാത്രം വൈറ്റമിൻ ഗുളിക കഴിക്കാം. വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടെങ്കിൽ അളവിൽ മാത്രം മരുന്നു കഴിക്കുക.
∙2 നേരം ഇൻസുലിൻ എടുത്തിട്ടും പ്രമേഹം കുറയാത്തവരുണ്ടല്ലോ?
ഇൻസുലിനൊപ്പം അതിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും മൂത്രത്തിലൂടെ പഞ്ചസാര പുറത്തു കളയുന്നതിനുമുള്ള ഗുളികകൾ കഴിക്കുന്നതു പ്രയോജനം ചെയ്യും. ധാന്യം, കിഴങ്ങ്, മധുരം എന്നിവ പരിമിതപ്പെടുത്തുക.
∙മുട്ട കഴിക്കുമ്പോൾ മഞ്ഞക്കരു കളയണോ?
മുട്ട മികച്ച പ്രോട്ടീനാണ്. മുട്ടവെള്ള ഒന്നിലധികം ആകാമെങ്കിലും മഞ്ഞക്കരു ഒരെണ്ണമേ കഴിക്കാവൂ.
∙ആൻജിയോ പ്ലാസ്റ്റി, ബൈപാസ് ശസ്ത്രക്രിയ എന്നിവയ്ക്കു വിധേയമാകുന്നവർക്കു പ്രമേഹം വരുമോ?
ഈ ചികിത്സകൾക്കു വിധേയമായതുകൊണ്ടു മാത്രം പ്രമേഹം ബാധിക്കില്ല. കൊളസ്ട്രോൾ, ഫാറ്റി ലിവർ, രക്താതിമർദം എന്നിവ ഉള്ളവർക്കു പ്രമേഹത്തിനും സാധ്യത ഉണ്ട്.
∙പ്രമേഹ മരുന്നുകൾ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?
ഭക്ഷണവും വ്യായാമവും ശാസ്ത്രീമായി പിന്തുടരുന്നവരിൽ പലർക്കും മരുന്നുകൾ ഒഴിവാക്കാനാകും. എല്ലാപേർക്കും മരുന്നു കുറയ്ക്കാം എന്നുറപ്പ്. ആദ്യപടിയായി ശരീരഭാരം (കൊഴുപ്പ്) നിയന്ത്രിക്കുക. സ്ത്രീകളുടെ ശരീരത്തിൽ 32 ശതമാനത്തിലും പുരുഷന്മാരുടെ ശരീരത്തിൽ 25 ശതമാനത്തിലും താഴെയുമായിരിക്കണം കൊഴുപ്പ്. നാഭിക്കു മധ്യേ ടേപ്പ് പിടിച്ച് ഉദരത്തിന്റെ ചുറ്റളവ് എടുക്കുക. സ്ത്രീകൾക്ക് 80 സെന്റി മീറ്ററും പുരുഷന്മാർക്കു 90 സെന്റി മീറ്ററുമായിരിക്കണം പരമാവധി ചുറ്റളവ്.
ധാന്യം, കിഴങ്ങ്, മധുരം എന്നിവ നന്നേ കുറയ്ക്കുക. വേവിച്ചോ അല്ലാതെയോ പച്ചക്കറികൾ ആവശ്യം പോലെ കഴിക്കാം. പയർ, പരിപ്പ്, കടല, കപ്പലണ്ടി, വാൾനട്ട്, ബദാം, പാൽ, മുട്ട, ഇറച്ചി, മത്സ്യം തുടങ്ങിയ പ്രോട്ടീൻ വസ്തുക്കളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
∙നല്ല ഫുഡ് പ്ലേറ്റ് മാതൃക എന്താണ്?
പാത്രത്തിന്റെ അളവിന്റെ പകുതി പച്ചക്കറിയും കാൽ ഭാഗം പ്രോട്ടീൻ ഭക്ഷണങ്ങളുമായിരിക്കണം. ധാന്യം കാൽ ഭാഗത്തിൽ അധികം ആകരുത്. ഈ മാതൃക പിന്തുടർന്നാൽ നിലവിലെ പ്രമേഹത്തിന്റെ തോത് കുറയാം. അതിനാൽ കൃത്യമായ പരിശോധന നടത്തി മരുന്നിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കണം.
∙പ്രമേഹരോഗികൾ എത്ര സമയം നടക്കണം? ജിംനേഷ്യത്തിൽ പോകുന്നതു ഗുണകരമാണോ?
ആഴ്ചയിൽ 5 ദിവസമെങ്കിലും 30 മുതൽ 40 മിനിറ്റുവരെ നടക്കുക. ഒപ്പം ആഴ്ചയിൽ 3 ദിവസം മസിലുകൾ മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളും ചെയ്യുക. ജിമ്മിൽ പോകുന്നവർ അവിടെ പരിശീലനം നേടിയ ട്രെയിനർമാർ ഉണ്ടെന്ന് ഉറപ്പാക്കണം.
∙പ്രമേഹം പാരമ്പര്യ രോഗമാണല്ലോ? അതിന്റെ സാധ്യത എത്രത്തോളം?
അച്ഛൻ, അമ്മ എന്നിവരിൽ ഒരാൾക്കു പ്രമേഹം ഉണ്ടെങ്കിൽ മക്കൾക്കു രോഗം വരാനുള്ള സാധ്യത 50 ശതമാനവും ഇരുവർക്കും പ്രമേഹം ഉണ്ടെങ്കിൽ മക്കൾക്കു വരാനുള്ള സാധ്യത 100 ശതമാനവുമാണ്. നല്ല ഭക്ഷണവും വ്യായാമവും കൊണ്ടു പ്രമേഹത്തെ ഒഴിവാക്കാനോ ദീർഘകാലത്തേക്കു ചെറുത്തു നിർത്താനോ കഴിയും.
∙പ്രമേഹവും ഉറക്കവും തമ്മിലുള്ള ബന്ധം എന്ത്?
ദിവസം കുറഞ്ഞത് 5 മണിക്കൂർ മുതൽ 8 മണിക്കൂർ എങ്കിലും ഉറങ്ങണം. മാനസിക പിരിമുറുക്കവും ഒഴിവാക്കണം.
∙അരിയാഹാരം ഉപേക്ഷിച്ച് ഓട്സ് പോലുള്ളവ ഉപയോഗിക്കാമോ?
ധാന്യങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. അരിയുടെ സ്ഥാനത്തു ഗോതമ്പോ കുവരകോ കഴിച്ചാലും ഒരേ ഫലംതന്നെ. ഏതു ധാന്യവും കുറച്ചു കഴിക്കുക. ആപ്പിൾ, ഓറഞ്ച്, സബർജല്ലി, പേരയ്ക്ക എന്നിവയിൽ മധുരാംശം കുറവുള്ളതിനാൽ കഴിക്കാം. വാഴപ്പഴങ്ങൾ ഉൾപ്പെടെയുള്ളവ കൂടുതൽ പഴുക്കാത്തതും അളവു കുറച്ചും കഴിക്കാം. പ്രധാന ഭക്ഷണം കഴിച്ച ഉടൻ പഴം കഴിക്കരുത്. ജ്യൂസ് ഒഴിവാക്കണം.
∙പ്രമേഹം പരിശോധിക്കേണ്ടത് എപ്പോൾ?
അമിതമായ ദാഹം, വിശപ്പ്, ശരീരം മെലിയുക, അമിതമായി മൂത്രം പോകുക, മുറിവുകൾ ഉണങ്ങാതിരിക്കുക എന്നിവയാണു പ്രമേഹത്തിന്റെ ലക്ഷണങ്ങൾ. ഉടൻ രക്തം പരിശോധിക്കുക. 35 വയസ്സു കഴിഞ്ഞ എല്ലാവരും പ്രമേഹം പരിശോധിക്കുക.