1600 മണിക്കൂറെടുത്ത് നെയ്ത മനോഹരമായ സാരി; ട്രംപിന്റെ വിരുന്നിൽ തിളങ്ങി നിത അംബാനി

Mail This Article
ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ തിളങ്ങി നിത അംബാനി. ഇന്ത്യൻ പാരമ്പര്യവും സംസ്കാരവും ഒത്തിണങ്ങുന്ന രീതിയിലുള്ള മനോഹരമായ സാരിയിലാണ് നിത അംബാനി ഭർത്താവും വ്യവസായിയുമായ മുകേഷ് അംബാനിക്കൊപ്പം ചടങ്ങിനെത്തിയത്. കൺടെംപററി സ്റ്റൈലിലുള്ള പ്രശസ്തമായ ജാമേവാർ സാരിയായിരുന്നു നിതയുടെ ഔട്ട്ഫിറ്റ്.
പ്രശസ്ത ഇന്ത്യൻ ഡിസൈനർ തരുൺ തെഹ്‌ലാനിയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 1900 മണിക്കൂറുകളെടുത്ത് ഡിസൈൻ ചെയ്തതാണ് മനോഹരമായ ഈ സാരി. ട്രഡീഷനൽ–മോഡേൺ വർക്കുകള്‍ ചേർത്താണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ഡിസൈൻ പെയിന്റ് ചെയ്ത ശേഷം സൂക്ഷ്മമായ രീതിയിൽ നെയ്തെടുക്കുകയായിരുന്നു എന്ന് തെഹ്‌ലാനി വിശദീകരിച്ചു. ക്ലാസിക് ആരി വർക്കുകളും ഫ്രഞ്ച് നോട്ട്സും ഉൾപ്പെടുന്ന മനോഹരമായ പാറ്റേണാണ് സാരിയുടേത്.
മോഡേൺ രീതിയിലുള്ള കോളർ ബ്ലൗസാണ് സാരിക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ‘എപ്പോഴും ഇന്ത്യൻ വസ്ത്രങ്ങളില്‍ പൊതുയിടങ്ങളിൽ എത്താനാണ് നിതയ്ക്ക് താത്പര്യം. ജാമേവാർ അടക്കമുള്ള പരമ്പരാഗത തുണിത്തരങ്ങളുടെ വിപുലമായ ശേഖരം നിതയുടെ കൈവശമുണ്ട്. ഈ പരിപാടിക്ക് ജമേവാറിന്റെ ഒരു മോഡേൺ ലുക്ക് ആണ് അവർ തിരഞ്ഞെടുത്തത്. അതോടൊപ്പം തന്നെ ഇന്ത്യയുടെ പാരമ്പര്യത്തനിമയും അതിൽ ഉൾപ്പെടണമെന്ന നിബന്ധന നിതയ്ക്കുണ്ടായിരുന്നു. ഇന്ത്യയുടെ വസ്ത്രവൈവിധ്യം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതിനു വേണ്ടിയാണ് അവർ ഈ ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തത്.’– തരുൺ തെഹ്‌ലാനി കൂട്ടിച്ചേർത്തു.

വജ്ര നെക്‌ലസും മുത്തുകൾ പതിച്ച കമ്മലുമായിരുന്നു നിതയുടെ ആക്സസറീസ്. ഫ്ലോറൽ മോട്ടിഫ്സുള്ള ഡയമണ്ട് ബ്രേസ്‌ലറ്റും സ്റ്റൈൽ ചെയ്തിരുന്നു. നടുവകഞ്ഞ രീതിയില്‍ വേവി ഹെയർസ്റ്റൈലാണ്. ഗ്ലോസിലിപ് ഷെയ്ഡ്. ഐലൈനറും ഉപയോഗിച്ചിരിക്കുന്നു. നെറ്റിയിൽ ചുവന്ന പൊട്ടും അണിഞ്ഞതോടെ നിതയുടെ ട്രഡീഷനൽ ലുക്ക് പൂർണമായി.