അംപയർ ഔട്ട് വിളിച്ചിട്ടും ഗ്രൗണ്ട് വിട്ടില്ല, 15 മിനിറ്റ് പ്രതിഷേധം; മുൻ ഐപിഎല്‍ താരത്തിനു വിലക്ക്

Mail This Article
നാസിക്∙ രഞ്ജി ട്രോഫി മത്സരത്തിനിടെ അംപയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഗ്രൗണ്ട് വിടാതിരുന്ന മഹാരാഷ്ട്ര ക്രിക്കറ്റ് താരത്തിന് ഒരു മത്സരത്തിൽ വിലക്ക്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന രഞ്ജി മത്സരത്തിൽ അംപയർ ഔട്ട് വിളിച്ചിട്ടും ഗ്രൗണ്ട് വിടാത്തതിനാൽ മുൻ ഡൽഹി ഡെയര്‍ഡെവിൾസ് താരം കൂടിയായ അങ്കിത് ഭാവ്‍നെയ്ക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്.
ബറോഡയ്ക്കെതിരെ നാസിക്കിൽ നടക്കുന്ന മത്സരത്തിൽ 32 വയസ്സുകാരനായ താരം കളിക്കുന്നില്ല. കഴിഞ്ഞ വർഷം സർവീസസിനെതിരായ മത്സരത്തിൽ പുറത്തായപ്പോഴായിരുന്നു അങ്കിത് ഗ്രൗണ്ട് വിടാതിരുന്നത്. 15 മിനിറ്റോളമാണു താരം ഗ്രൗണ്ടിൽ തുടർന്നത്. ഡിആർഎസ് സൗകര്യം ഇല്ലാത്ത മത്സരമായതിനാൽ അംപയറുടെ തീരുമാനം പരിശോധിക്കണമെന്ന താരത്തിന്റെ വാദവും അംഗീകരിക്കപ്പെട്ടില്ല.
തുടർന്ന് മാച്ച് റഫറിയും മഹാരാഷ്ട്രയുടെ പരിശീലകനും ഇടപെട്ടാണു താരത്തെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. ബിസിസിഐയുടെ ശിക്ഷാനടപടി നേരിടുന്ന താരം അടുത്ത മത്സരം കളിക്കുമെന്നു മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. അങ്കിത് നോട്ട്ഔട്ട് ആണെന്നു തെളിയിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.