‘ഇംഗ്ലണ്ട് ക്യാപ്റ്റനും ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ക്യാപ്റ്റനും’; വൈറലായി സഞ്ജു സാംസൺ – ജോസ് ബട്‍ലർ ചിരിച്ചിത്രം!

Mail This Article
കൊൽക്കത്ത∙ ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ട്വന്റി20 മത്സരത്തിനിടെ, സമൂഹമാധ്യമങ്ങളിൽ വൈറലായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലറും ഇന്ത്യൻ താരം സഞ്ജു സാംസണുമൊത്തുള്ള ചിത്രങ്ങൾ. മത്സരത്തിനിടെ ഇരുവരും സ്നേഹം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായിരുന്ന ഇരുവരും വഴിപിരിഞ്ഞെങ്കിലും, ബന്ധം ഇപ്പോഴും പഴയ പടിയുണ്ടെന്ന വാചകങ്ങളോടെ ഒട്ടേറെപ്പേരാണ് സഞ്ജുവും ബട്‍ലറുമൊത്തുമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മത്സരത്തിൽ ഇരുവരും മികച്ച പ്രകടനവുമായി കയ്യടി നേടിയിരുന്നു. സഹതാരങ്ങൾ കൂട്ടത്തോടെ നിരാശപ്പെടുത്തിയിട്ടും അർധസെഞ്ചറിയുമായി പടനയിച്ച ബട്‍ലറാണ് കൊൽക്കത്തയിലെ ഒന്നാം ട്വന്റി20യിൽ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 44 പന്തുകൾ നേരിട്ട ബട്‍ലർ എട്ടു ഫോറും രണ്ടു സിക്സും സഹിതം നേടിയത് 68 റൺസ്.
വിക്കറ്റിനു മുന്നിലും പിന്നിലും ഒരുപോലെ തിളങ്ങിയ സഞ്ജുവാകട്ടെ, 20 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 26 റൺസ്. അഭിഷേക് ശർമയ്‌ക്കൊപ്പം സഞ്ജു നൽകിയ മികച്ച തുടക്കം ടീമിന്റെ വിജയത്തിൽ നിർണായകമായിരുന്നു. വിക്കറ്റിനു പിന്നിൽ ഒരു ക്യാച്ചും സ്റ്റംപിങ്ങുമായും സഞ്ജു തിളങ്ങി.
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിൽ ദീർഘകാലം ഇരുവരും സഹതാരങ്ങളായിരുന്നു. ഇത്തവണ താരലേലത്തിനു മുന്നോടിയായി ജോസ് ബട്‍ലറിനെ രാജസ്ഥാൻ നിലനിർത്തിയിരുന്നില്ല. ഇതോടെ താരലേലത്തിന് എത്തിയ ബട്‍ലറിനെ, ഗുജറാത്ത് ടൈറ്റൻസ് 15.75 കോടി രൂപയ്ക്ക് സ്വന്തമാക്കി. ക്യാപ്റ്റൻ സഞ്ജു സാംസണിനു പുറമേ യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ എന്നിവരെ നിലനിർത്തിയ രാജസ്ഥാൻ, ജോസ് ബട്‍ലറിനെ നിലനിർത്താതിരുന്നത് ഐപിഎൽ വൃത്തങ്ങളിൽ ചർച്ചയായിരുന്നു.
ഐപിഎലിൽ 2022 സീസണിൽ ഏറ്റവും മൂല്യമുള്ള താരം ബട്‍ലറായിരുന്നു. നാലു സെഞ്ചറികൾ ഉൾപ്പെടെ 863 റൺസാണ് ആ സീസണിൽ ബട്‍ലർ അടിച്ചുകൂട്ടിയത്. 2024ൽ പതിവു ഫോമിലേക്ക് എത്തിയില്ലെങ്കിലും താരം രണ്ടു സെഞ്ചറി നേടി കരുത്തുകാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ബട്‍ലറിനെ രാജസ്ഥാൻ താരലേലത്തിന് വിട്ടത്.