തൈറോയ്‌ഡ് ഹോര്‍മോണിന്റെ അഭാവമോ? ഈ ഭക്ഷണക്രമം സഹായിക്കും
Mail This Article
കഴുത്തില്‍ സ്ഥിതി ചെയ്യുന്ന തൈറോയ്‌ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപോതൈറോയ്‌ഡിസം. ചയാപചയവും ഊര്‍ജ്ജത്തിന്റെ തോതും ശാരീരിക പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതില്‍ തൈറോയ്‌ഡ് ഹോര്‍മോണുകള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഇതിനാല്‍ തന്നെ ഹൈപോതൈറോയ്‌ഡിസം ക്ഷീണം, ഭാരവര്‍ദ്ധന, വരണ്ട ചര്‍മ്മം, മുടികൊഴിച്ചില്‍, തണുപ്പിനോട് സംവേദനത്വം എന്നിവ സൃഷ്ടിക്കും.
ഈ രോഗത്തെ നേരിടാന്‍ മരുന്നുകള്‍ ആവശ്യമാണെങ്കിലും ചിലതരം മാറ്റങ്ങള്‍ ഭക്ഷണക്രമത്തില്‍ വരുത്തുന്നത് ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായകമായേക്കും. തൈറോയ്‌ഡ് പ്രവര്‍ത്തനത്തെ പിന്തുണയ്‌ക്കുന്ന പോഷണങ്ങളായ അയഡിന്‍, സെലീനിയം, സിങ്ക് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇവയെ പറ്റിയ വിശദാംശങ്ങള്‍ ചുവടെ.
1. അയഡിന്‍ തോത് വര്‍ദ്ധിപ്പിക്കണം
കടല്‍പായല്‍, അയഡൈസ്‌ഡ് ഉപ്പ്, പാലുത്‌പന്നങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൈപോതൈറോയ്‌ഡിസം രോഗികള്‍ക്ക് നല്ലതാണ്. എന്നാല്‍ അയഡിന്റെ അളവ് ക്രമാതീതമായി ഉയരാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
2. സെലീനിയം ഭക്ഷണങ്ങള്‍
തൈറോയ്‌ഡ് ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ ഉത്തേജിപ്പിക്കുന്ന ധാതുവാണ് സെലീനിയം. ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും ഇത് തൈറോയ്‌ഡിനെ രക്ഷിക്കുന്നു. ബ്രസീല്‍ നട്‌സ്, സൂര്യകാന്തി വിത്ത്, ചൂര, കൂണ്‍ എന്നിവയെല്ലാം സെലീനിയം സമ്പന്നമായ ഭക്ഷണവിഭവങ്ങളാണ്.
3. സിങ്ക്
തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉത്‌പാദനത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു പോഷണമാണ് സിങ്ക്. ഓയ്‌സ്‌റ്റര്‍, ചിക്‌പീസ്, മത്തങ്ങ വിത്തുകള്‍, ലീന്‍ മീറ്റ് എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉത്‌പാദനം വര്‍ദ്ധിപ്പിക്കുകയും പ്രതിരോധശക്തി കൂട്ടുകയും ചെയ്യും.
4. ഒമേഗ-3 ഫാറ്റി ആസിഡ്
ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്‌ക്കാനും തൈറോയ്‌ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കും. സാല്‍മണ്‍ മീന്‍, ചിയ വിത്തുകള്‍, ഫ്‌ളാക്‌സ് സീഡുകള്‍ എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്. ഹൈപോതൈറോയ്‌ഡിസം ലക്ഷണങ്ങളായ ക്ഷീണം, സന്ധിവേദന എന്നിവയെല്ലാം ലഘൂകരിക്കാനും ഈ പോഷണങ്ങള്‍ സഹായിക്കും.
5. ഫൈബര്‍ ഭക്ഷണങ്ങള്‍
ഹൈപോതൈറോയ്‌ഡിസം രോഗികള്‍ പലപ്പോഴും അനുഭവിക്കുന്ന പ്രശ്‌നമാണ് മലബന്ധം. ഇത് പരിഹരിക്കാന്‍ ഓട്‌സ്, ക്വിനോവ, തവിട്ട് അരി , പഴങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെ ഫൈബര്‍ അധികമായി ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോത് നിലനിര്‍ത്തി തൈറോയ്‌ഡിന്റെ ആരോഗ്യവും ഫൈബര്‍ കാക്കുന്നു.
6. പ്രോബയോട്ടിക് ഭക്ഷണം
വയറും തൈറോയ്‌ഡും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ഇതിനാല്‍ പ്രോബയോട്ടിക് ഭക്ഷണങ്ങളായ യോഗര്‍ട്ട്, കെഫിര്‍, കിംചി എന്നിവയെല്ലാം ദഹനസംവിധാനത്തെ മാത്രമല്ല തൈറോയ്‌ഡ് ഹോര്‍മോണ്‍ തോതിനെയും സഹായിക്കും.
7. ജലാംശം നിലനിര്‍ത്താം
ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടതും ശരിയായ തൈറോയ്‌ഡ് പ്രവര്‍ത്തനത്തിന് ആവശ്യമാണ്. നിര്‍ജലീകരണം ചയാപചയ പ്രക്രിയയുടെ വേഗം കുറയ്‌ക്കും. വെള്ളം, ഹെര്‍ബല്‍ ചായ എന്നിവ യഥേഷ്ടം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും ഹൈപോതൈറോയ്‌ഡിസം മൂലമുള്ള ക്ഷീണം കുറയ്‌ക്കുകയും ചെയ്യും.
8. ഒഴിവാക്കേണ്ട ഭക്ഷണം ഇവ
തൈറോയ്‌ഡ് ഹോര്‍മോണ്‍ ഉത്‌പാദനത്തിന് തുരങ്കം വയ്‌ക്കുന്ന സംയുക്തങ്ങളാണ് ഗോയിട്രോജനുകള്‍. ഇവ അടങ്ങിയ ബ്രോക്കളി, കോളിഫ്‌ളവര്‍, കെയ്‌ല്‍, സോയ ഉത്‌പന്നങ്ങള്‍, ചിലതരം പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഹൈപോതൈറോയ്‌ഡിസം രോഗികള്‍ ഒഴിവാക്കേണ്ടതാണ്. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്‌ത പഞ്ചസാര എന്നിവ ഭാരവര്‍ദ്ധന, നീര്‍ക്കെട്ട്, താളം തെറ്റിയ രക്തത്തിലെ പഞ്ചസാര യുടെ തോത് എന്നിവയ്‌ക്ക് കാരണമാകാം. ഇവ ഹൈപോതൈറോയ്‌ഡിസം ലക്ഷണങ്ങളെ രൂക്ഷമാക്കുമെന്നതിനാല്‍ ഇവയും ഒഴിവാക്കേണ്ടതാണ്.