പ്രമേഹത്തെ പിടിച്ചുകെട്ടാൻ സിംപിൾ ഡയറ്റ്, നാലുനേരം സുഖമായി രുചിയോടെ കഴിക്കാം!
Mail This Article
പ്രമേഹം വന്നു എന്നു കരുതി ഇനി ഭക്ഷണമൊന്നും പഴയതുപോലെ പറ്റില്ലല്ലോ എന്നു ചിന്തിച്ചു വിഷമിച്ചിരിക്കുകയാണോ? ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണരീതികൾ തന്നെ ക്രമീകരിച്ചാൽ മതിയാകും. ഒട്ടേറെ മുതിർന്ന പൗരന്മാരെ വലയ്ക്കുന്ന രോഗമാണ് പ്രമേഹം. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന വിധത്തിലുള്ള ഭക്ഷണക്രമം നോക്കാം.
∙പ്രാതൽ
(താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്)
പുട്ട് + കടല/ചെറുപയർ
(1:1 അനുപാതത്തിൽ)
ഇഡ്ഡലി (2–4 എണ്ണം) + സാമ്പാർ /ചട്‌ണി
ദോശ (1–3 എണ്ണം) + സാമ്പാർ /ചട്ണി
വെള്ളയപ്പം (1–2 എണ്ണം) + കടലക്കറി / ചെറുപയർ കറി
ഉപ്പുമാവ് (പച്ചക്കറി ധാരാളം ചേർത്തത്): 1–1.5 കപ്പ്
പൂരി (1–2 എണ്ണം)+ മിക്സഡ് വെജിറ്റബിൾ കറി (ഉരുളക്കിഴങ്ങുകറി ഒഴിവാക്കണം)
ചായ ഒരു ദിവസത്തിൽ പരമാവധി 1–2 എണ്ണം കുടിക്കാം–പഞ്ചസാര ഇല്ലാതെ.
പ്രാതലിനും ഉച്ചഭക്ഷണത്തിനും ഇടയ്ക്ക് എന്തെങ്കിലും ചെറിയ സ്നാക് ആവാം. താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്–
കക്കിരി സാലഡ്– ഒരു ബൗൾ
റസ്ക്– 1–2 എണ്ണം
ഓട്സ് ബിസ്കറ്റ്– 1–3 എണ്ണം
∙ഉച്ചയ്ക്ക് ഭക്ഷണത്തിന് അര മണിക്കൂർ മുൻപ്
ഇഞ്ചി– ചെറിയ ഒരു കഷണം, കറിവേപ്പില– 7–8 എണ്ണം, കാന്താരി മുളക് – 1–2 എണ്ണം എന്നിവയെല്ലാം കൂടി അരച്ചെടുത്തതും വെണ്ണ നീക്കിയ മോരിൽ നാലിരട്ടി വെള്ളം ചേർത്തതും ചേർത്ത് കഴിക്കുക. ഇത് ചോറിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം രക്തത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിനും ശരീരത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും.
∙ഉച്ചഭക്ഷണം
വെള്ള അരി ഒഴിവാക്കുക, പകരം തവിടു നീക്കാത്ത അരി/മട്ട അരി ഉപയോഗിക്കുക. ചോറ് 1–1.5 കപ്പ് മാത്രമാക്കുക. കറിയുടെ അളവ് കൂട്ടാം.
പയർവർഗങ്ങൾ, ചെറിയ മീൻകറി വച്ചത് (പൊരിച്ചത് ഒഴിവാക്കണം), നാരുകൾ ധാരാളം അടങ്ങിയ പച്ചക്കറികൾ ഉൾപ്പെടുത്തുക.
∙നാലു മണിക്ക് ചെറുഭക്ഷണം
വറുത്തതും പൊരിച്ചതും ഒഴിവാക്കി ഒരു ഗ്രീൻടീയോ കുമ്പളങ്ങ ജ്യൂസോ കുടിക്കാം. അതിനൊപ്പം ഒരു ബ്രൗൺ ബ്രെഡ് /ഓട്സ് ബിസ്കറ്റ് കഴിക്കാം.
∙അത്താഴം
ഒന്നോ രണ്ടോ ചപ്പാത്തി/ റാഗി ദോശ/ ഗോതമ്പു ദോശ/ ഓട്സ് ദോശ + മിക്സഡ് വെജിറ്റബിൾ കറി/ പകുതി വേവിച്ച പച്ചക്കറി. മിതമായ അളവിൽ പഴങ്ങൾ കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഫ്രൂട്ട് ജൂസ് നല്ലതല്ല.
ഇതിനെല്ലാം ഒപ്പം കൃത്യമായ സമയനിഷ്ഠയും വ്യായാമമുറകളും ശീലിച്ചാൽ പ്രമേഹത്തെ വരുതിയിലാക്കാം.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. നയന രാജ്, ചീഫ് ആയുർവേദ ഫിസിഷ്യൻ ആൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)