ഗർഭനിരോധന ഉറയും നിരന്തര പരിശോധനയും നിർബന്ധം; എച്ച്ഐവിക്കെതിരെ ഒരുമിച്ച് പൊരുതാം
Mail This Article
എച്ച്ഐവി വൈറസിനെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ഇന്ന് ഡിസംബര്‍ 1 ലോകമെങ്ങും എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സ് മൂലം ജീവന് നഷ്ടപ്പെട്ടവരെ ഓര്‍മ്മിക്കാനും എച്ച്ഐവിയുമായി ജീവിക്കുന്ന വ്യക്തികള്‍ക്ക് പിന്തുണ നല്‍കാനും കൂടിയുള്ളതാണ് ഈ ദിനം. എയ്ഡ്സ് രോഗികളോട് സമൂഹം പുലര്‍ത്തുന്ന മനോഭാവത്തില്‍ മാറ്റം വരുത്തിയാല്‍ രോഗനിയന്ത്രണത്തിനും ചികിത്സയ്ക്കും പരിചരണത്തിനും ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കാം എന്നതാണ് ഇത്തവണത്തെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം. എച്ച്ഐവിക്കും എയ്ഡ്സിനും എതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ നിര്‍ണ്ണായക പങ്കിനെ അടിവരയിടുന്നതാണ് ഈ പ്രമേയം.
അവബോധം മുഖ്യം
എച്ച്ഐവി പകരുന്ന വിധം, നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, ലഭ്യമായ ചികിത്സകള്‍ എന്നിവയെ കുറിച്ചെല്ലാം കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവും എയ്ഡ്സ് ദിനാചരണത്തിനുണ്ട്. ശരിയായ ചികിത്സയും മരുന്നുകളും ജീവിതശൈലി വ്യതിയാനങ്ങളും ഉണ്ടെങ്കില്‍ ഇന്ന് എയ്ഡ്സ് രോഗം ഒരു മരണ വാറണ്ട് അല്ല എന്ന് ഈ എയ്ഡ്സ് ദിനം അടിവരയിടുന്നു.
ആഗോള ഐക്യം
ഈ മഹാരോഗത്തെ നേരിടാന്‍ ഗവണ്മെന്റുകളെയും സന്നദ്ധ സംഘടനകളെയും ആരോഗ്യ പ്രദായകരെയും വ്യക്തികളെയുമെല്ലാം ഒരുമിച്ച് കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്. എച്ച്ഐവിയുമായി ജീവിക്കുന്നവര്‍ക്ക് അവര്‍ ഒറ്റയ്ക്കായെന്ന തോന്നലുണ്ടാകാന്‍ പാടില്ല. ഇതിന് അവര്‍ക്ക് സമൂഹത്തിന്റെ പിന്തുണ ആവശ്യമാണ്.
പരിശോധന
നിരന്തരമായ എച്ച്ഐവി പരിശോധനയുടെയും ഗര്‍ഭനിരോധന ഉറ, ആന്റിറെട്രോവൈറല്‍ തെറാപ്പി, പ്രീ എക്സ്പോഷര്‍ പ്രോഫിലാസിസ് പോലുള്ള നിയന്ത്രണ മാര്‍ഗ്ഗങ്ങളുടെയും ആവശ്യകതയും എയ്ഡ്സ് ദിനാചരണം ഓര്‍മ്മിപ്പിക്കുന്നു.
മനോഭാവത്തില്‍ മാറ്റം
എയ്ഡ്സിനും എച്ച്ഐവി രോഗികള്‍ക്കും എതിരായ സമൂഹത്തിന്റെ മനോഭാവത്തെയും മിഥ്യാധാരണകളെയും മാറ്റിയെടുത്ത് ഇതുമായി ബന്ധപ്പെട്ട വാര്‍പ്പ്മാതൃകകളെയും വിവേചനത്തെയും ഇല്ലാതാക്കി കൂടുതല്‍ ഉള്‍ചേര്‍ന്ന സമൂഹനിര്‍മ്മിതിയും എയ്ഡ്സ് ദിനാചരണം ലക്ഷ്യമിടുന്നു. എച്ച്ഐവിയുള്ളവര്ക്കും ആരോഗ്യകരവും സംതൃപ്തകരവുമായ ജീവിതം സാധ്യമാണ് എന്ന സന്ദേശം ഈ ദിനാചരണം നല്കാന് ആഗ്രഹിക്കുന്നു.
നയപരമായ മാറ്റങ്ങള്‍
എച്ച്ഐവിയും എയ്ഡ്സുമായി ബന്ധപ്പെട്ട ആഗോള, ദേശീയ നയങ്ങള്‍ പുനപരിശോധിച്ച് എല്ലാവര്ക്കും ആരോഗ്യപരിരക്ഷയ്ക്ക് തുല്യ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യവും എയ്ഡ്സ് ദിനാചരണത്തിനുണ്ട്.