പഴയ വീട് കണ്ണുമടച്ച് പൊളിച്ചുകളയല്ലേ: ഇത് 25 വയസ്സുള്ള വീടിന്റെ അവിശ്വസനീയ മാറ്റം
Mail This Article
പുതിയ വീട് നിർമിക്കുന്നതിനേക്കാൾ വെല്ലുവിളികളുണ്ട്, പലപ്പോഴും പഴയ വീട് പുതുക്കിപ്പണിയാൻ. മലപ്പുറം തിരൂരങ്ങാടിയിലുള്ള 25 വർഷത്തോളം പഴക്കമുള്ള ഇരുനില വാർക്കവീട്ടിൽ പരിമിതികൾ ഏറെയുണ്ടായിരുന്നു. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ചോർച്ച അങ്ങനെയങ്ങനെ. എന്നാൽ വീടിനോടുള്ള വൈകാരിക അടുപ്പം മൂലം പൊളിച്ചുകളയാനും മനസ്സനുവദിച്ചില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
പൊളിച്ചുപണി പരമാവധി കുറച്ച് പുനരുപയോഗത്തിലൂന്നിയാണ് നവീകരണം സാധ്യമാക്കിയത്. അകത്തളങ്ങളുടെ പുനഃക്രമീകരണത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. അതിനാൽ പുതിയതായി അധികം ഇടങ്ങൾ കൂട്ടിച്ചേർക്കേണ്ടി വന്നിട്ടില്ല.
കേരളത്തിലെ കാലാവസ്ഥയ്ക്ക് ആവശ്യമായ റെയിൻ ഷെയ്ഡുകൾ പഴയ വാർക്കവീട്ടിൽ ഉണ്ടായിരുന്നില്ല. കാറ്റത്തും മഴയത്തും അകത്തേക്ക് വെള്ളം അടിച്ചുകയറുന്നത് പതിവായിരുന്നു. ആദ്യം പുറംകാഴ്ച കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കിയെടുത്തു. മേൽക്കൂര പലതട്ടുകളായി ട്രസ് ചെയ്ത് ഓടുവിരിച്ചു. ഇതിനോട് ചേർന്ന് കാർ പോർച്ചും പുതിയതായി കൂട്ടിയെടുത്തു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ് പുതിയ വീട്ടിലുള്ളത്. 3300 ചതുരശ്രയടിയാണ് വിസ്തീർണം.
വലുപ്പം കുറഞ്ഞ ധാരാളം മുറികൾ പഴയ വീട്ടിലുണ്ടായിരുന്നു. വളരെ ശ്രദ്ധയോടെ ഇടഭിത്തികൾ പൊളിച്ചുകളഞ്ഞു അകത്തളം വിശാലമാക്കി, പുനർവിന്യസിക്കുകയാണ് ചെയ്തത്.
പഴയ അടുക്കളയ്ക്കുപകരം മോഡുലാർ കിച്ചൻ വേണമെന്ന് വീട്ടുകാർക്ക് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ധാരാളം സ്റ്റോറേജും പുതിയകാല സൗകര്യങ്ങളും ഉൾപ്പെടുത്തി കിച്ചൻ നവീകരിച്ചു.
നവീകരണം ഒറ്റനോട്ടത്തിൽ
- പുറംകാഴ്ച ട്രോപ്പിക്കൽ ശൈലിയിലേക്ക് മാറ്റിയെടുത്തു.
- അകത്തളങ്ങൾ സെമി-ഓപ്പൺ നയത്തിലേക്ക് മാറിയതോടെ വിശാലമായി.
- കൂടുതൽ ജാലകങ്ങൾ നൽകിയതോടെ കാറ്റും വെളിച്ചവും ഉള്ളിലെത്തി.
- അകത്തളത്തിൽ ഫർണിഷിങ് നവീകരിച്ചു.
- പൊളിച്ചുപണി, കൂട്ടിച്ചേർക്കൽ പരമാവധി കുറച്ചു.
Project facts
Location- Tirurangadi, Malappuram
Area- 3300 Sq.ft
Owner- Sakkir
Design- CiArc Architecture, Kondotty