ADVERTISEMENT

കേരളത്തിലെ കെട്ടിടനിർമാണ മേഖലയിൽ, തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിടനിർമാണാനുമതി (Building permit), പൂർത്തീകരണ ശേഷം ഉപയോഗ സർട്ടിഫിക്കറ്റ് (Occupancy Certificate) എന്നിവ ലഭിക്കാനുള്ള തടസ്സത്തെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരാറുണ്ട്. പലപ്പോഴും ഉദ്യോഗസ്ഥർ പാരിതോഷികം ആവശ്യപ്പെട്ടതായ ആരോപണങ്ങളുമുണ്ട്. പരാതികൾ ശരിവയ്ക്കുംവിധത്തിൽ വിജിലൻസ് അടക്കമുള്ള വകുപ്പുകളുടെ നടപടി ഉണ്ടാകാറുമുണ്ട്.

'പെർമിറ്റ് അപേക്ഷകൾക്കായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു' എന്ന പരാതി ഗൗരവതരമാണ്. കെട്ടിടനിർമാണ ചട്ടങ്ങൾ പ്രകാരം സാധുവായ അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ സൈറ്റ് അംഗീകാരം നൽകി ചട്ടപ്രകാരമുള്ള ഫീ അടവാക്കി പെർമിറ്റ് അനുവദിക്കണം എന്നാണ് വ്യവസ്ഥ. പക്ഷേ പലപ്പോഴും ഈ പതിനഞ്ച് ദിവസ സമയക്രമം പാലിക്കാൻ കഴിയാറില്ല. ഫലമോ, ഒന്നോ രണ്ടോ ആഴ്ചത്തെ ലീവിന് വന്ന് വീടുപണിക്ക് ബാങ്ക് ലോൺ അടക്കമുള്ള നടപടികൾ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രവാസികൾ അടക്കമുള്ളവർ വലയും.

ഇതിനൊരു പരിഹാരം, സംസ്ഥാന സർക്കാർ നൽകിയിട്ടുള്ളത്, പൊതുജനങ്ങളിൽ ഭൂരിഭാഗത്തിനും അറിവില്ല എന്നതാണ് യാഥാർഥ്യം.

300 ചതുരശ്ര മീറ്റർ (3250 ചതുരശ്ര അടി) വരെ വലുപ്പമുള്ള വീടുകൾക്കും (അപ്പാർട്ട്മെൻ്റുകൾ ഉൾപ്പെടെ ) 200 ച.മീ വരെയുള്ള കച്ചവട ആവശ്യ കെട്ടിടങ്ങൾക്കും 2021 ജൂൺ 29 മുതൽ കെട്ടിട നിർമാണ പെർമിറ്റും പൂർത്തീകരിച്ച ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റും അനുവദിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളെ സമീപിക്കണമെന്നില്ല.

28/6/2021 ലെ Go (Ms) 120/2021 / LSGD വിജ്ഞാപനപ്രകാരം എംപാനൽഡ് ലൈസൻസികൾക്ക് പെർമിറ്റും ഒക്യുപൻസി സർട്ടിഫിക്കറ്റും അനുവദിക്കാൻ അധികാരം നൽകിയിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കാം. ചട്ടപ്രകാരമുള്ള ഫീസ് ഓൺലൈനായി തദ്ദേശസ്ഥാപനങ്ങളിൽ അടച്ചാൽമതി. പെർമിറ്റ് അനുവദിക്കുന്നതിന് മുമ്പായുള്ള ഉദ്യോഗസ്ഥതല പരിശോധനകളും, അതിന്റെ സമയം നീണ്ടുപോകുന്നതും തടസ്സവാദങ്ങളുമൊന്നും ഇത്തരം പെർമിറ്റിൽ ഇല്ല. പെർമിറ്റ് അനുവദിച്ചതിന്റെ പകർപ്പും മറ്റ് രേഖകളും തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് അറിവിലേക്കായി നൽകിയാൽ മതി. അഞ്ചു ദിവസത്തിനുള്ളിൽ സെക്രട്ടറി അതിൽ കൈപ്പറ്റു രശീതി നൽകും. എം പാനൽഡ് എൻജിനീയർ നൽകിയ പ്ലാനും പെർമിറ്റും സെക്രട്ടറിയുടെ കൈപ്പറ്റ് രസീതും കൂടി ആയാൽ നിങ്ങൾക്ക് കെട്ടിട നിർമാണ പെർമിറ്റ് ആയി. ധൈര്യമായി പണി തുടങ്ങാം.

പിന്നീട് കെട്ടിടത്തിന്റെ അടിത്തറ നിർമാണം പൂർത്തീകരിച്ച് പെർമിറ്റ് അനുവദിച്ച എം പാനൽഡ് എൻജിനീയർ പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കണം. അപ്പോൾ ഉദ്യോഗസ്ഥ തല പരിശോധന നടത്തി ചട്ടലംഘനമുണ്ടെങ്കിൽ മാത്രമേ തടസ്സം പറയാൻ വകുപ്പുള്ളൂ.

യോഗ്യതയും ചട്ടങ്ങളെ കുറിച്ച് കൃത്യമായ അറിവും ഉള്ള രജിസ്ട്രേഡ് സൂപ്പർവൈസർമാർക്കും എൻജിനീയർമാർക്കും അവർ പ്രാക്ടീസ് ചെയ്യുന്ന പ്രവൃത്തികൾ തടസമില്ലാതെ പെർമിറ്റെടുത്ത് ആരംഭിക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഈ സൗകര്യത്തെപറ്റി, പൊതുജനങ്ങളോട് പറയാൻ എൻജിനീയർമാർ തയ്യാറാകുന്നില്ല എന്നത് വിചിത്രമാണ്. വെറുതേ പറഞ്ഞതല്ല കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഇപ്പോഴും 300 ചതുരശ്ര മീറ്ററിന്  താഴെയുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് അപേക്ഷകൾ സമർപ്പിക്കപ്പെടുന്നു. 10% ൽ താഴെ മാത്രമാണ് എംപാനൽഡ് എൻജിനീയർമാർ അനുവദിക്കുന്ന  പെർമിറ്റുകൾ എന്നതാണ് കണക്കുകളിൽ നിന്നും മനസിലാക്കുന്നത്.

***

അതു കൊണ്ട് വീട് പണിയാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ ഇവ ശ്രദ്ധിക്കുക.

നിർമാണം ആരംഭിക്കുന്നതിന് മുമ്പായി സാധുവായ പെർമിറ്റ് ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. 

നിങ്ങൾ കെട്ടിടനിർമാണത്തിന് രൂപകൽപന /മേൽനോട്ടം ഏൽപിക്കുന്നയാൾ മതിയായ യോഗ്യതയുള്ള എംപാനൽമെന്റ് രജിസ്‌ട്രേഷൻ ഉള്ള ആളാണ് എന്ന് ഉറപ്പുവരുത്തുക.

അല്ലാതെ 3D യൂണിവേഴ്സിറ്റി എൻജിനീയർമാർ നൽകുന്ന "പണി നമുക്ക് തുടങ്ങാം, പെർമിറ്റൊന്നും വേണ്ട, പണിതീരുമ്പോൾ നമ്പറിട്ട് വാങ്ങിയാൽ മതി " എന്ന ആശ്വാസവാക്കിൽ വീഴാതിരിക്കുക.

പെർമിറ്റ് ഫീസിന്റെ ഇരട്ടിയാണ് അനധികൃതമായി നിർമാണം തുടങ്ങിയാലുള്ള പിഴതുക. പൂർത്തീകരണത്തിന് മുമ്പ് പെർമിറ്റ് ആവശ്യമായി വന്നാൽ ഈ പിഴത്തുകയ്ക്ക് പുറമേ പെർമിറ്റ് ഫീസും നൽകേണ്ടി വരും. ഫലം വൻ സാമ്പത്തിക നഷ്ടം...സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...

***

ലേഖകൻ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓവർസിയറാണ്

English Summary:

Get Building Permit, Occupancy Certificate in single Day- New Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com