രണ്ടു കാറുള്ള നിരവധി വീടുകൾ: കേരളത്തിൽ പ്രചാരമേറി ന്യൂജെൻ കാർപോർച്ചുകൾ
Mail This Article
എത്ര കുറഞ്ഞ വിസ്തീർണത്തിലാണ് വീട് നിർമിക്കുന്നതെങ്കിലും കാർപോർച്ച് ഇന്ന് ഒരവിഭാജ്യഘടകമാണ്. കുറഞ്ഞ ചെലവിൽ നിർമിക്കുന്ന ചെറിയ ഷെഡുകൾ മുതൽ ലക്ഷങ്ങൾ ചെലവിട്ട് അത്യാഡംബരത്തിൽ നിർമിക്കുന്നവ വരെ ഇക്കൂട്ടത്തിൽപ്പെടും. വീടിന്റെ പുറംപകിട്ട് വർധിപ്പിക്കുന്ന തരത്തിലുള്ള കാർപോർച്ചുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. കാർപോർച്ച് കാലത്തിനനുസരിച്ച് മനോഹരമാക്കാൻ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.
കാർപോർച്ച് നിർമ്മിച്ചു വാങ്ങാം
സാങ്കേതികവിദ്യകൾ വികസിച്ചതോടെ ഫാക്ടറിയിൽ നിർമിച്ചുകൊണ്ടുവന്നു കൂട്ടിയോജിപ്പിക്കുന്ന തരം വീടുകൾവരെ ഇപ്പോൾ ലഭ്യമാണ്. അപ്പോൾ കാർപോർച്ചുകളുടെ കാര്യം പറയാനുണ്ടോ. സമാനമായ രീതിയിൽ മറ്റൊരിടത്ത് നിർമ്മിച്ച് ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിച്ചു സ്ഥാപിക്കാവുന്ന കാർ പോർച്ചുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ആവശ്യാനുസരണം ഇഷ്ടമുള്ള വലുപ്പത്തിൽ കാർപോർച്ചുകൾ റെഡിമെയ്ഡായി വാങ്ങാൻ ലഭിക്കും. വ്യത്യസ്ത വലുപ്പത്തിൽ ലഭിക്കുന്ന ഇവ ഒരിടത്ത് ഉറപ്പിച്ചശേഷം സൗകര്യാനുസരണം മറ്റൊരിടത്തേക്ക് വേണമെങ്കിൽ മാറ്റി സ്ഥാപിക്കാനുമാകും. കാർപോർച്ചുകൾ സ്ഥാപിച്ചാൽ രണ്ടോ മുന്നോ ദിവസങ്ങൾക്കുള്ളിൽ വണ്ടികയറ്റി ഇടാനും സാധിക്കും.
ഡിറ്റാച്ച്ഡ് കാർപോർച്ച്
വീട്ടിൽനിന്നും അല്പം അകലെയായി കാർപോർച്ചുകൾ നിർമ്മിക്കുന്ന രീതിയും ഇപ്പോഴുണ്ട്. വീടിന് നവീകരണം ആവശ്യമായി വന്നാൽ കാർപോർച്ചുകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും. ഇത്തരത്തിലുള്ള കാർപോർച്ചാണ് നിർമ്മിക്കുന്നതെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി അടച്ചുറപ്പുള്ള വാതിലുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
ഇടുങ്ങിയ കാർപോർച്ച് വേണ്ട
കാർപോർച്ചിന് അധികസ്ഥലത്തിന്റെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരാണ് ഏറെയും. എന്നാൽ വാഹനം പാർക്ക് ചെയ്ത ശേഷവും അതിനുചുറ്റും ചുരുങ്ങിയത് രണ്ടടിയെങ്കിലും സ്ഥലം ഉണ്ടാവുന്നതാണ് ഉചിതം. ഒരു ടൂവീലർകൂടി ഉൾപ്പെടുത്തേണ്ടി വരികയോ വലിയ കാർ വാങ്ങിക്കുകയോ ചെയ്യുമ്പോൾ വേണ്ടുന്ന സ്ഥലസൗകര്യം മുൻകൂട്ടി കണ്ടുവേണം കാർപോർച്ച് നിർമിക്കുവാൻ.
തറയുടെയും മേൽക്കൂരയുടെയും ഉയരം
മുറ്റത്തിന്റെ അതേ നിരപ്പിൽ നിന്നും അല്പം ഉയരത്തിൽ കാർപോർച്ചിന്റെ തറ നിർമിക്കുന്നതാണ് ഉചിതം. മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായാൽ കാർപോർച്ചിനുള്ളിൽ ചെളി അടിഞ്ഞുകൂടാതിരിക്കാൻ ഇത് ഉപകരിക്കും. വാഹനം കാർപോർച്ചിൽ പാർക്ക് ചെയ്ത നിലയിലാണ് വെള്ളം കയറുന്നത് എങ്കിൽ വാഹനത്തിന് കേടുപാടുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും ഇത് സഹായകരമാണ്.
വീടിന്റെ ആകൃതിക്ക് ചേർന്ന് പോകുന്നതിനു വേണ്ടി കാർപോർച്ചിന് ഉയർന്ന മേൽക്കൂരകൾ നൽകുന്നവരാണ് ഏറെയും. എന്നാൽ വെയിലും മഴയും അമിതമായി പോർച്ചിലേക്ക് കടന്ന് വാഹനത്തിന് ദോഷമുണ്ടാക്കുന്നതിന് ഇത് കാരണമായേക്കാം. അതിനാൽ പോർച്ചിന് മിതമായ ഉയരത്തിൽ മാത്രം മേൽക്കൂരകൾ നിർമ്മിക്കുന്നതാണ് ഉചിതം. വീടിന്റെ ഭംഗി നഷ്ടപ്പെടാതിരിക്കാൻ പോർച്ചിന്റെ ഒരുഭാഗം പൂർണ്ണമായും മറയ്ക്കുന്ന രീതിയിൽ ചെറിയ ഭിത്തി നിർമിച്ച് അതിൽ ഇൻഡോർപ്ലാന്റുകളും ഹാങ്ങിങ്ങ് പ്ലാന്റുകളും ഉൾപ്പെടുത്താനുള്ള സൗകര്യമൊരുക്കി ഒരു ഗാർഡൻ ഏരിയ ഒരുക്കാം.
അകത്തളം പോലെ പോർച്ചും പ്രകാശമാനമാക്കാം
കാർപോർച്ചിലെ പ്രകാശ സംവിധാനങ്ങൾ പലപ്പോഴും മുറ്റത്തു കൂടുതലായി വെളിച്ചം ലഭിക്കുന്ന തരത്തിൽ സെറ്റ് ചെയ്യുന്ന പ്രവണതയുണ്ട്. എന്നാൽ ഇതുകൊണ്ടായില്ല. തുറസ്സായ ഇടമായതുകൊണ്ടുതന്നെ ഇഴജന്തുക്കളും പ്രാണികളും പോർച്ചിനുള്ളിൽ കയറിക്കൂടാൻ സാധ്യതയേറെയാണ്. അതിനാൽ രാത്രികാലങ്ങളിൽ പോർച്ച് ഉപയോഗിക്കുമ്പോൾ കൃത്യമായ പ്രകാശസംവിധാനം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
ഈ സൗകര്യങ്ങൾ കൂടി ഒരുക്കാൻ ശ്രമിക്കാം
കാർ പാർക്ക് ചെയ്യാനുള്ളതിനു പുറമേ മറ്റു ചില സൗകര്യങ്ങൾ കൂടി കാർപോർച്ചിനുള്ളിൽ ഒരുക്കുന്നത് ഏറെ ഗുണം ചെയ്യും. ഇലക്ട്രിക് കാറുകളും സ്കൂട്ടറുകളും വാങ്ങുന്ന സാഹചര്യം മുന്നിൽ കണ്ട് ഒരു ചാർജിങ് പോയിന്റ് ഒരുക്കുന്നതാണ് അതിൽ പ്രധാനം. മുന്നേകൂട്ടി ഈ സൗകര്യം ഒരുക്കിയാൽ പിന്നീട് ഭിത്തിതുളച്ച് പ്ലഗ് പോയിന്റ് സ്ഥാപിക്കുന്നതിനുള്ള ബുദ്ധിമുട്ടൊഴിവാക്കാം. കാർ കഴുകുന്നതിനുള്ള വസ്തുക്കളും ടൂളുകളും സൂക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഷെൽഫും ഒരുക്കാം. ഇത്തരം വസ്തുക്കൾ നിരന്നു കിടക്കാതെ കാർപോർച്ച് വൃത്തിയായി സൂക്ഷിക്കുന്നതിന് ഇത് സഹായിക്കും.