ദുബായ് രണ്ടാംവീടാക്കി മലയാളികൾ; പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ 4 കാര്യങ്ങൾ
Mail This Article
പുറംരാജ്യങ്ങളിൽ വീടോ പ്രോപ്പർട്ടികളോ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരുന്നു. പ്രത്യേകിച്ചും ഇന്ത്യയിലെ അതിസമ്പന്നന്മാരിൽ ഭൂരിഭാഗവും അറബ് രാഷ്ട്രങ്ങളിലെ റിയൽഎസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ തൽപരരാണ്. ഈ കൂട്ടത്തിൽ ഏറ്റവും കൂടുതൽ വിദേശനിക്ഷേപകരെ ആകർഷിക്കുന്നത് ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയാണ്. കുറഞ്ഞ നികുതി, ഉയർന്ന വരുമാനം, സുരക്ഷ, രാജ്യാന്തര ട്രാൻസിറ്റ് ഹബ്ബ് എന്ന നിലയിൽ ദുബായിയുടെ വളർച്ച, വമ്പൻ കെട്ടിടങ്ങൾ എന്നിങ്ങനെ നിക്ഷേപകരെ മാടി വിളിക്കുന്ന പലതും ദുബായിലുണ്ട്. 2021 മുതൽ ഇങ്ങോട്ട് അപ്പാർട്ട്മെന്റുകളും വില്ലകളും അടക്കമുള്ളവയുടെ വിൽപനയിലൂടെ ദുബായുടെ പ്രോപ്പർട്ടി വിപണി കുതിച്ചുയരുകയാണ്.
ഉയർന്ന വിലയുള്ള വീടുകൾ പോലും എളുപ്പത്തിൽ വിറ്റഴിഞ്ഞു പോകുന്നു. വിലവർധനവുണ്ടാകുമ്പോഴും ആഗോളതലത്തിൽ ഏറ്റവും താങ്ങാനാവുന്ന ആഡംബര റിയൽ എസ്റ്റേറ്റ് വിപണികളിലൊന്നായി ദുബായ് തുടരുന്നുണ്ട്. പ്രോപ്പർട്ടി വാങ്ങാനുള്ള എളുപ്പം, അനുകൂലമായ വിസ, പണയവുമായി ബന്ധപ്പെട്ട നയങ്ങൾ, നികുതി ആനുകൂല്യങ്ങൾ, ഉയർന്ന വാടക വരുമാനം എന്നിങ്ങനെ ദുബായിലെ നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ പലതാണ്. ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്നതിന്റെ പ്രത്യേകതകൾ നോക്കാം.
വാങ്ങലും രജിസ്ട്രേഷനും
ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്നതിന് താരതമ്യേന ലളിതമായ നടപടിക്രമങ്ങളാണുള്ളത്. പാസ്‌പോർട്ട്, വീസ, വരുമാനത്തിൻ്റെ തെളിവ്, സമീപകാല ബാങ്ക് സ്റ്റേറ്റ്‌മെൻ്റുകൾ, ഡെവലപ്പറിൽ നിന്നുള്ള നോ- ഒബ്ജക്‌ഷൻ സർട്ടിഫിക്കറ്റ്, പർച്ചേസ് എഗ്രിമെന്റ്, പേയ്‌മെന്റ് വിവരങ്ങൾ, വിൽപനക്കാരൻ്റെ ഐഡന്റിറ്റി പ്രൂഫ് എന്നിവയാണ് പ്രധാനമായി വേണ്ട രേഖകൾ. റസിഡൻസ് വീസ ഇല്ലാതെതന്നെ വിദേശികൾക്ക് നിയുക്ത സ്ഥലങ്ങളിൽ ഫ്രീഹോൾഡ് പ്രോപ്പർട്ടികൾ വാങ്ങാം. പ്രാദേശിക സ്പോൺസറുടെ ആവശ്യവുമില്ല. നാല് ശതമാനം വരുന്ന ദുബായ് ലാൻഡ് രജിസ്ട്രേഷൻ ഫീസ് ബാധകമാണ്. വിദേശികൾക്ക് പണയത്തിലൂടെ ഫണ്ട് സ്വരൂപിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ വാങ്ങുന്ന ആളുടെ റസിഡൻസ് സ്റ്റാറ്റസ്, ക്രെഡിറ്റിന്റെ ചരിത്രം എന്നിവയും കണക്കിലെടുക്കും.
തിരഞ്ഞെടുക്കുന്ന സ്ഥലവും വില നിർണയവും
ഡൗൺടൗൺ ദുബായും പാം ജുമൈറയുമാണ് ഏറ്റവും മികച്ച ആഡംബര പാർപ്പിടമേഖലകൾ. അതേസമയം പ്രൊഫഷണലുകൾക്കും പ്രവാസികൾക്കും ഇടയിൽ കൂടുതൽ പ്രചാരം ദുബായ് മറീനയ്ക്കും ജുമൈറ ബീച്ചിനുമാണ്. ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഭാവി വികസനങ്ങളും കണക്കിലെടുത്ത് ദുബായ് ഹിൽസ് എസ്റ്റേറ്റ്, ദുബായ് ക്രീക്ക് ഹാർബർ എന്നിവിടങ്ങളും പ്രാധാന്യം നേടിവരുന്നുണ്ട്. അതിസമ്പന്നർ പ്രധാനമായും പാം ജുമൈറ, ബിസിനസ് ബേ, എമിറേറ്റ് ഹിൽസ് എന്നിവിടങ്ങളിലാണ് പ്രോപ്പർട്ടികൾ വാങ്ങാൻ ആഗ്രഹിക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളറുകൾ വില വരുന്ന പെന്റ്ഹൗസുകളും വില്ലകളുമാണ് ഇവർ തിരഞ്ഞെടുക്കുന്നതും.
ഇടത്തരം വരുമാനമുള്ള ആളുകളും നിക്ഷേപകരും താങ്ങാവുന്ന വിലയിൽ പ്രോപ്പർട്ടികൾ ലഭിക്കുന്ന, എന്നാൽ വികസനം കാര്യക്ഷമമായി നടക്കുന്ന ജുമൈറ വില്ലേജ് സർക്കിൾ, ജെ വി ടി , ദുബായ് മാരിടൈം സിറ്റി എന്നിവിടങ്ങളോട് കൂടുതൽ താൽപര്യം കാണിക്കുന്നു. ഉയർന്ന വാടക വരുമാനം ലഭിക്കുന്ന ഗുണനിലവാരമുള്ള വീടുകളും ടൗൺഹൗസുകളുമാണ് ഇവിടങ്ങളിലെ പ്രത്യേകത.
ആദ്യമായി ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്നവരിൽ കൂടുതലും പ്രൊഫഷണലുകളും താങ്ങാവുന്ന വിലയിൽ വീടുകൾ നോക്കുന്ന പ്രവാസികളുമാണ്. അൽ ഫർജാൻ, ദുബായ് സിലിക്കൻ ഒയാസിസ്, അർജാൻ എന്നീ സ്ഥലങ്ങളാണ് ഈ വിഭാഗത്തിൽപ്പെട്ട ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. താങ്ങാവുന്ന വിലയും എന്നാൽ ജീവിതത്തിനു വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.
വിലവർധനവും വാടക വരുമാനവും
നൈറ്റ് ഫ്രാങ്കിന്റെ റിപ്പോർട്ട് പ്രകാരം ദുബായിൽ ഉടനീളം റസിഡൻഷ്യൽ പ്രോപ്പർട്ടി വില കഴിഞ്ഞവർഷത്തെക്കാൾ 21.3 ശതമാനം ഉയർന്നിട്ടുണ്ട്. പാം ജുമൈറ, എമിറേറ്റ്സ് ഹിൽസ്, ജുമൈറ ബേ ഐലൻഡ് തുടങ്ങിയ നെയ്ബർഹുഡുകളിൽ ഈ വർഷത്തിന്റെ ആദ്യപകുതിയിൽത്തന്നെ റസിഡൻഷ്യൽ പ്രോപ്പർട്ടികളുടെ മൂല്യം ഏഴു ശതമാനം ഉയർന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ രണ്ടാംപകുതിയെ അപേക്ഷിച്ച് അപ്പാർട്ട്മെന്റുകളുടെ വില 20.7 ശതമാനമാണ് ഉയർന്നത്.
വാടക വരുമാനത്തിന്റെ കാര്യമെടുത്താലും അഞ്ചു മുതൽ എട്ട് ശതമാനം വരെ ഉയർച്ചയുണ്ട്. ഇന്ത്യയിലെ മുൻനിര മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഇരട്ടി വരുമാനമാണ് ഇവിടെ വാടകയിൽ നിന്ന് ലഭിക്കുന്നത്.
നികുതി, വീസ പ്രോഗ്രാമുകൾ
വ്യക്തിഗത വരുമാനത്തിനും മൂലധന നേട്ടത്തിനും നികുതി രഹിത പരിതസ്ഥിതികൾ ദുബായ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നു. ഇതിനുപുറമേ നഗരപ്രദേശങ്ങളിൽ സ്വത്തുള്ളവർക്ക് ഗോൾഡൻ വീസ ആനുകൂല്യം ലഭിക്കുകയും ചെയ്യും. എന്നാൽ ഗോൾഡൻ വീസയ്ക്ക് അർഹത നേടുന്നതിന് റിയൽ എസ്റ്റേറ്റിലോ അംഗീകൃത നിക്ഷേപങ്ങളിലോ കുറഞ്ഞത് രണ്ട് മില്യൻ ദിർഹം (ഏകദേശം 5 കോടി രൂപ) നിക്ഷേപിക്കണം.