ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കുറുവ സംഘങ്ങൾ ചർച്ചയായ ഈ ദിവസങ്ങളിൽ സംഭവിച്ച ഒരു വിഷയത്തെക്കുറിച്ച് പറയാം. കുറുവ സംഘങ്ങളുടെ കവർച്ച വാർത്തയായ അതേ ദിവസമാണിതും സംഭവിക്കുന്നത്. പെരുമ്പാവൂരിനും ആലുവയ്ക്കുമിടയിൽ ചെമ്പറക്കി എന്ന സ്ഥലം. ഏതാണ്ട് അർദ്ധരാത്രിയോടെ എന്റെ സുഹൃത്തും കുടുംബവും ഉറങ്ങാൻ കിടന്നു. ഉറക്കത്തിനിടയിൽ കോളിങ് ബെൽ അടിക്കുന്ന പോലെ തോന്നി സുഹൃത്ത് എഴുന്നേറ്റു. സംഗതി ശരിയാണ്. തുടർച്ചയായല്ലാതെ ഇടയ്ക്കിടെയാണ് ബെൽ മുഴങ്ങുന്നത്.

ഇതത്ര പന്തിയല്ലല്ലോ എന്ന് മനസിൽ തോന്നിയതിനാൽ സുഹൃത്ത് നേരേ വാതിൽ തുറക്കാനൊന്നും പോയില്ല. പക്ഷേ പീപ്പ് ഹോളിലൂടെ കണ്ട കാഴ്ച ഞെട്ടിച്ചു. ഏതാണ്ട് അഞ്ചുവയസിൽ താഴെയുള്ള ഒരു കുട്ടിയാണ് ബെല്ലടിക്കുന്നത്. ക്ലോക്കിൽ സമയം നോക്കിയപ്പോൾ അതിലേറെ ഞെട്ടൽ സമയം അർദ്ധരാത്രി പന്ത്രണ്ടര.

കാര്യമത്ര പന്തിയല്ല എന്നുകണ്ട സുഹൃത്ത് മുറിക്കുള്ളിൽ കയറി മുറി ഭദ്രമായി പൂട്ടി, ഏറെ പാടുപെട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഞെട്ടൽ ഇരട്ടിച്ചു. സിറ്റൗട്ടിൽ ഒരാൾ കിടക്കുന്നു. സമീപത്ത് നിൽക്കുന്ന കുഞ്ഞ് ഇടയ്ക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും കോളിങ് ബെൽ അടിക്കുകയും ചെയ്യുന്നുണ്ട്.

അവർ പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനത്തിലേക്ക് (CRV) സന്ദേശം കൈമാറി.  പൊലീസ് ടീം ഏതാണ്ട് പത്ത് കിലോമീറ്റർ ദൂരെയാണ്, ഭയപ്പെടേണ്ട കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരും എന്ന മറുപടി സന്ദേശം ലഭിച്ചപ്പോഴാണ് അൽപമെങ്കിലും ശ്വാസം നേരേ വീണത്. വളരെ പെട്ടെന്ന് തന്നെ പൊലീസ് ടീം സ്ഥലത്തെത്തി. വീടിന് ചുറ്റും ടോർച്ചടിച്ച് സാന്നിദ്ധ്യമറിയിച്ച് പൊലീസ് വീട്ടുകാരോട് വാതിൽ തുറക്കാനാവശ്യപ്പെട്ടു, വാതിൽ തുറന്നപ്പോഴാണ് ഇത് വരെയില്ലാത്ത ട്വിസ്റ്റ്.

സിറ്റൗട്ടിൽ കിടക്കുന്നത് ഒരു സ്ത്രീയാണ്. ഏതാണ്ട് 25 വയസ്സ് പ്രായം. സമീപത്തുതന്നെ കുട്ടിയും കിടന്നുറങ്ങുന്നു. വിളിച്ചിട്ടും ഉണരാത്ത സ്ത്രീ മുഖത്ത് വെള്ളമൊഴിച്ചതോടെ കണ്ണു തുറന്നു. ചോദിച്ചപ്പോൾ സമീപത്തെ കോൺക്രീറ്റ് ഇഷ്ടികകമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളിയാണ്, ഭർത്താവിനോട് പിണങ്ങി വീടുവിട്ടതാണ്.

നന്നായി മദ്യപിച്ച നിലയിലുള്ള അവർ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടതാണത്രേ. ഒടുവിൽ ഇഷ്ടിക കമ്പനി ഉടമയെ വിളിച്ചു വരുത്തി സ്ത്രീയെയും കുട്ടിയെയും ഭർത്താവിനൊപ്പം പറഞ്ഞയച്ചപ്പോഴേക്കും സമയം പുലർച്ചേ രണ്ടേമുക്കാൽ മണി. പിറ്റേന്ന് രാവിലെ പത്രത്തിലെ വാർത്ത ആലപ്പുഴ  മണ്ണഞ്ചേരിയിൽ കുറുവാ സംഘം മാലപൊട്ടിച്ച വാർത്ത. അതിന്റെ പിറ്റേന്ന് എറണാകുളം പറവൂരിൽ. ചെമ്പറക്കിയിൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല, ഭാഗ്യം. പക്ഷേ വീട്ടുകാരുടെ ഇടപെടൽ കൃത്യം.

രാത്രികളിൽ വീടിന് പുറത്ത് പതിവില്ലാത്ത താഴെ പറയുന്ന സംഭവങ്ങൾ ഉണ്ടാകുന്നോ എന്ന് ശ്രദ്ധിക്കുക. 

  • കുട്ടികളുടെ കരച്ചിൽ 
  • ടാപ്പിൽ നിന്നും വെള്ളം ഒഴുകിപ്പോകുന്നത് 
  • വീടിന് ചുറ്റും നടക്കുന്ന ശബ്ദം 

അങ്ങനെ ഉണ്ടായാൽ ഒരുകാരണവശാലും നേരേ പോയി വീടിന് പുറത്തേക്കുള്ള വാതിലുകൾ തുറക്കരുത് (മുകൾ നിലയിലെ വാതിൽ പോലും). 

ചെയ്യേണ്ടത്...

  • വീടിന് പുറത്തെ വിളക്കുകൾ എല്ലാം തെളിക്കുക. 
  • അയൽവാസികളെ വിളിച്ച് വീടിന് ചുറ്റും ശ്രദ്ധിക്കാൻ പറയുക. 
  • പൊലീസിന്റെ ടോൾഫ്രീ നമ്പറായ 112 ൽ വിളിക്കുക , വിളിക്കുമ്പോൾ വീടിന്റെ കൃത്യമായ ലൊക്കേഷൻ പറഞ്ഞു കൊടുക്കുക. 
  • നിങ്ങളുടെ വീടിന്റെ പരിധി പൊലീസ് സ്റ്റേഷൻ ഏതാണ് എന്നത് ഓർത്തിരിക്കുക. 

ഏതാണ്ട് 20 വർഷം മുമ്പ് പൊലീസ് ജീവിതത്തിൽ പഠിച്ച ഒരു കാര്യം കൂടി കുറിച്ച് ഈ എഴുത്ത് അവസാനിപ്പിക്കാം.

മോഷണം കവർച്ചയാകുന്നതെപ്പോൾ ? 

അന്യന്റെ വസ്തുക്കൾ അയാളുടെ അനുവാദമില്ലാതെ എടുക്കുന്നതാണ് മോഷണമെങ്കിൽ, അന്യന്റെ വസ്തുക്കൾ ഭീഷണിപ്പെടുത്തിയോ ജീവന് ഭീഷണിയുണ്ടാക്കിയോ ബലപ്രയോഗത്തിലൂടെ ഒരാൾ കൈവശപ്പെടുത്തുന്നതാണ് കവർച്ച. അതുകൊണ്ട് കവർച്ചകളെ കരുതിയിരിക്കുക. ഭയം വേണ്ട, ജാഗ്രത മതി. അത്യാവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പർ മറക്കണ്ട-112.

***

ലേഖകൻ മുൻ പൊലീസ് ഉദ്യോഗസ്ഥനാണ്.

English Summary:

Need to cautious about robbers- House security Experience

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com