ADVERTISEMENT

മലയാളികളെ ചിരിപ്പിച്ച കലാകാരൻ കൊല്ലം സുധി കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ വിടവാങ്ങിയത്. തണൽ നഷ്ടമായ സുധിയുടെ കുടുംബത്തിന് ഒരുകൂട്ടം മനുഷ്യസ്നേഹികൾ ചേർന്ന് വീടൊരുക്കി. സുധിയുടെ ഭാര്യ രേണു വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.

സുധിച്ചേട്ടന്റെ സ്വപ്നം...

ഏട്ടന്റെ ശരീരം ഇല്ല എന്നേയുള്ളൂ. ആളുടെ ആത്മാവ് ഇവിടെത്തന്നെയുണ്ട്.  വീടിന്റെ കാര്യം പറഞ്ഞപ്പോൾ KHDEC എന്ന ഫെയ്സ്ബുക് ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് ഇക്ക ഞങ്ങൾക്ക് വീട് നിർമിച്ചു നൽകാം എന്നറിയിച്ചു. ബിഷപ്പ് നോബിൾ ഫിലിപ്പ്, ഏഴു സെന്റ് സ്ഥലം ഫ്രീയായി തന്നു. കൂടാതെ MAA  സംഘടനയുടെ പിന്തുണയും ലഭിച്ചു. ഇവർ ഇത്രയും പേരുടെ ഒത്തൊരുമയോടു കൂടി സുധിച്ചേട്ടന്റെ മക്കളുടെ പേരില്‍ സുധിലയം എന്ന മനോഹരമായ വീട് യാഥാർഥ്യമായി.

കേരളാ ഹോം ഡിസൈൻ എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനായ ഫിറോസ് ഈ വീടിന്റെ നിർമാണത്തിലേക്കുള്ള യാത്രയെക്കുറിച്ച് പറയുന്നു. ഈ ഗ്രൂപ്പിൽ കൺസ്ട്രക്ഷൻ റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് പേരുണ്ട്. നമ്മൾ അഡ്വർടൈസ്മെന്റിനായി മേടിക്കുന്ന പൈസ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഇത് ഞങ്ങൾ നിർമിച്ച ആറാമത്തെ വീടാണ്. 

വീടിന്റെ എലിവേഷനിൽ രണ്ടു തട്ടുകളായി ട്രസ് ചെയ്ത് സെറാമിക് ഓടുകൾ വിരിച്ചിരിക്കുന്നു. വീടിന്റെ മുൻവശത്തെ ഭിത്തിയിൽ ടെക്സ്ചർ വർക് ചെയ്ത് യുപിവിസി സ്ലൈഡിങ് വിൻഡോസും കൊടുത്തിരിക്കുന്നു.  സിറ്റൗട്ടിൽ മഴവെള്ളം വീഴാത്ത രീതിയില്‍ പ്രൊജക്ഷൻസ് കൊടുത്തിരിക്കുന്നു.

 അകത്തേക്ക് പ്രവേശിക്കുന്നത് മനോഹരമായ ലിവിങ് ഏരിയയിലേക്കാണ്. ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. കോർണർ സോഫ, ടിവി യൂണിറ്റ് എന്നിവ ഇവിടെ കൊടുത്തിരിക്കുന്നു. വൈറ്റ് കളർ തീമിലാണ് വീടിന്റെ അകത്തളങ്ങൾ.   ലിവിങ്ങിൽ നിന്ന് ഡൈനിങ്ങിലേക്കാണ് പ്രവേശിക്കുന്നത്. ഇവിടെ ഭിത്തിയിൽ കേരള ഫ്ലോറിങ് തൊഴിലാളി യൂണിയന്റെ സ്നേഹോപഹാരമായ സുധിയുടെ ഗ്രാനൈറ്റിൽ തീർത്ത ഒരു രൂപം വച്ചിരിക്കുന്നു.   

ഈ വീട്ടിലെ ഓരോ സാധനങ്ങളും സുധിയോടുള്ള സ്നേഹത്തിന്റെ പേരിൽ ഓരോ ആളുകൾ സമ്മാനമായി കൊടുത്തിട്ടുള്ളവയാണ്. മൊത്തം മൂന്ന് ബെഡ്റൂമുകളാണ്  വീട്ടില്‍ ഒരുക്കിയിരിക്കുന്നത്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്ന രീതിയില്‍ വളരെ മനോഹരമായി ഫിക്സഡ് വാർഡ്രോബുകളും നൽകിയാണ് കിടപ്പുമുറികൾ. ധാരാളം സ്റ്റോറേജ് സ്പേസ് നൽകി എല്ലാ സൗകര്യങ്ങളോടു കൂടി വളരെ മനോഹരമായാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. 

ഒരുകൂട്ടം സാധാരണക്കാരുടെ കൂട്ടായ്മയിലാണ് വീട് നിർമിച്ചത്. ഫ്ലോറിങ് കേരള ഫ്ലോറിങ് തൊഴിലാളി യൂണിയൻ (KFTA) ആണ് ചെയ്തിരിക്കുന്നത്. കേരളത്തിലെ പല ജില്ലകളില്‍ നിന്നുള്ള ആളുകളാണ് ഇതിലുള്ളത്.കൂലിപ്പണിക്കു പോകുന്ന ആളുകളാണ്. അവര് രാവും പകലും നിന്ന് ഫ്രീയായാണ് ഫ്ലോറിങ് ചെയ്തിരിക്കുന്നത്. അതേപോലെ സ്ട്രക്ചർ വർക്കുകൾ, പെയിൻ്റിങ് എല്ലാം ഇപ്രകാരമാണ് പൂർത്തിയാക്കിയത്. അവരെയൊക്കെയാണ് നമ്മൾ ശരിക്കും അഭിനന്ദിക്കേണ്ടത്. 

1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ പ്രധാന ഇടങ്ങൾ സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൻ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്കു പുറമേ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു.

കുറേ ആൾക്കാർ പഴ്സണലായി വന്ന് ജോലി ചെയ്തിട്ടുള്ളതിനാൽ ഇതിന്റെ ബജറ്റ് കൃത്യമായി പറയാൻ സാധിക്കില്ല. എങ്കിലും ഏകദേശം 20 ലക്ഷം രൂപയാണ് സുധിലയത്തിനായി ചെലവായിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com