ADVERTISEMENT

? ഞാൻ താമസിക്കുന്ന 40 സെന്റ് പുരയിടത്തിലേക്കുള്ള വഴി, ബന്ധുവിന്റെ പുരയിടത്തിൽ കൂടിയും അതിരിൽ കൂടിയുമാണു വന്നിരിക്കുന്നത്. നിലവിൽ ഈ വഴിക്ക് നാല് ലിങ്ക് (2.6 അടി) വീതി മാത്രമാണുള്ളത്. തീരെ നിരപ്പല്ലാതെ ചരിഞ്ഞും കുന്നും കുഴിയുമായി കിടക്കുന്ന ഈ വഴിയിൽ വശങ്ങളിലായി മരങ്ങളുമുണ്ട്. മരങ്ങളിൽ തട്ടി നിൽക്കുന്ന വൈദ്യുതി ലൈൻ അപകടകരമായ നിലയിലാണ്. കാൽനടയാത്രപോലും ക്ലേശകരവുമാണ്. ബന്ധുവായ ഉടമസ്ഥൻ വഴിയിൽ ഒരു അറ്റകുറ്റപ്പണിക്കും തയാറാകുന്നില്ല. 26 വർഷമായി ഉപയോഗിച്ചു വരുന്ന ഈ വഴിക്കു വീതി കൂട്ടലും സമനിരപ്പാക്കലും നിയമപ്രകാരം നടപ്പാക്കാൻ സാധിക്കുമോ.
അരുൺനാഥ്, കോതമംഗലം.

നിങ്ങളുടെ വസ്തുവിലേക്കു ബന്ധുവിന്റെ വസ്തുവിൽ കൂടെയാണു പോകുന്നതെങ്കിൽ ആ വഴി ഉപയോഗിക്കുന്നതിനുള്ള അവകാശത്തിന് ഈസ്മെന്റ് അവകാശം എന്നാണു പറയുന്നത്. ആ അവകാശം 1882ലെ ഈസ്മെന്റ് നിയമത്തിനു വിധേയമാണ്. ഈ അവകാശം പൂർണമാകണമെങ്കിൽ ഒരനുവാദം എന്ന നിലയിലല്ലാതെ പരസ്യമായും തുടർച്ചയായും കുറഞ്ഞത് ഇരുപതു വർഷത്തേക്കെങ്കിലും നിർബാധമായി വഴി ഉപയോഗിച്ചിരിക്കണം. നിങ്ങൾ 26 വർഷമായി ഉപയോഗിക്കുന്നുണ്ടെന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു നിങ്ങൾക്ക് ഈ വഴി നടക്കുന്നതിനുള്ള അവകാശം  ഈസ്മെന്റ് അവകാശമായി സിദ്ധിച്ചുകഴിഞ്ഞുവെന്നു പറയാം. എന്നാൽ വഴിയായി നടക്കുന്ന ഭാഗം വസ്തുവിന്റെ ഉടമസ്ഥത ബന്ധുവിൽതന്നെ നിക്ഷിപ്തമാണ്. വഴി ഉപയോഗിക്കുന്നതിനുള്ള അവകാശം തടസ്സപ്പെടുത്താതെയും നിങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാക്കാതെയും ആ വസ്തുവിൽ എന്തു ചെയ്യുന്നതിനും ഉടമയ്ക്ക് അവകാശമുണ്ട്. എന്നാൽ വഴിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് അദ്ദേഹത്തിനു ബാധ്യതയില്ല. നിങ്ങളുടെ വഴിയവകാശത്തെ സാരമായി ബാധിക്കുന്ന വിധം തടസ്സങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന്  അവകാശവുമില്ല. നിങ്ങളുടെ വഴിയവകാശം പൂർണമായി ഉപയോഗിക്കുന്നതിനുള്ള പ്രവൃത്തികൾ നിങ്ങൾക്കു ചെയ്യാം. മരങ്ങളിൽ തട്ടി നിൽക്കുന്ന വൈദ്യുതി ലൈൻ അപകടകരമായ നിലയിലാണെങ്കിൽ കെഎസ്ഇബിയിൽ പരാതിപ്പെടണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com