ADVERTISEMENT

മഴക്കാലം വന്നുകഴിഞ്ഞു. എന്നാൽ ഈ മഴകൊണ്ടു മറക്കാവുന്നതല്ല പോയ വേനലിന്റെ കാഠിന്യം. രൂക്ഷമായ വേനൽച്ചൂട് കൃഷിക്കേൽപിച്ച ആഘാതം ചെറുതായിരുന്നില്ല. ഈ കൊടിയ ചൂടിനിടയിലും പക്ഷേ, പച്ചപ്പിന്റെ കുളിർമ കൈവിടാത്ത കൃഷിയിടങ്ങളുണ്ടായിരുന്നു. അത്തരമൊന്നിന്റെ ഉടമയാണ് എറണാകുളം ജില്ലയിൽ മുവാറ്റുപുഴയ്ക്കടുത്ത് പായിപ്രയിലുള്ള മനയ്ക്കക്കുടി വീട്ടിൽ മൃദുല. രണ്ടരയേക്കർ പുരയിടത്തിലും ടെറസിലുമായി മൃദുല പരിപാലിക്കുന്ന വൈവിധ്യമാർന്ന പഴവർഗച്ചെടികളെല്ലാം കടുത്ത വേനലിനെ കൂസാതെ പൂക്കുകയും കായ്ക്കുകയും ചെയ്തു. വേനലെത്തുന്നതിനു വളരെ മുൻപേ അതിനെ നേരിടാൻ വേണ്ടതൊക്കെ ചെയ്തതുതന്ന കാരണം. ‘‘വേനലും വെള്ളക്ഷാമവും തൊട്ടുമുന്നിലെത്തുമ്പോഴാണ് പലരും അതിനെക്കുറിച്ചു ചിന്തിക്കുക. വേൽക്കാല പരിചരണത്തിനായി വളരെ മുൻപേ തയാറെടുക്കുക എന്നതാണ് പ്രധാനം’’, മൃദുല പറയുന്നു.

mrudula-fruit-trees-2

നനയും പുതയും

കൃഷിക്കിറങ്ങും മുൻപുതന്നെ ജലലഭ്യത ഉറപ്പാക്കണമെന്ന് മൃദുല. കൊടിയ വേനലിലും വറ്റാത്ത കിണറാണ് മൃദുലയുടെ ജലസ്രോതസ്സ്. കാലാവസ്ഥമാറ്റത്തിന്റെ കാലമാണിത്. വേനൽ എത്ര നീണ്ടു നിൽക്കുമെന്നോ ചൂട് എത്ര വർധിക്കുമെന്നോ അറിയാനാവില്ല. പ്രതീക്ഷിക്കുന്ന സമയത്തൊന്നും മഴ കിട്ടണമെന്നുമില്ല. അതുകൊണ്ടുതന്നെ ജലവിനിയോഗത്തിൽ സൂക്ഷ്മത വേണം. 

വീടിനു ചുറ്റുമുള്ള അരയേക്കറോളം സ്ഥലത്തും ടെറസിലും മൃദുല പരിപാലിക്കുന്ന മാവും പേരയും ഉൾപ്പെടെ പഴവർഗങ്ങളെല്ലാം വളരുന്നത് വലിയ ഡ്രമ്മുകളിലാണ്. അവയ്ക്കെല്ലാം തുള്ളിനന സൗകര്യമൊരുക്കി. നനവ് നിലനിൽക്കാനും വേരുവളർച്ച സുഗമമാക്കാനും നടീൽമിശ്രിതത്തിൽ സാധാരണ ചേർക്കുന്നതു ചകിരിച്ചോറാണ്. എന്നാൽ, വൃക്ഷങ്ങളായി വളരുന്ന പഴവർഗങ്ങളുടെ കാര്യത്തിൽ ചകിരിച്ചോറിനെക്കാൾ ഉമിയാണ് നല്ലതെന്നു മൃദുല. ചകിരിച്ചോറ് ചിലപ്പോൾ വേരുചീയലിനു വഴിവയ്ക്കും. ഉമിക്ക് ആ പ്രശ്നമില്ല. വേരുകൾ സുഗമമായി വളരും, ആവശ്യത്തിന് ഈർപ്പം നിലനിർത്തുകയും ചെയ്യും. ടെറസിലൊക്കെ വയ്ക്കുമ്പോൾ നടീൽമിശ്രിതത്തിന്റെ ഭാരം കുറയുന്നതും നല്ലതാണല്ലോ. അടുത്ത പ്രദേശങ്ങളിൽ റൈസ് മില്ലുകൾ ഒട്ടേറെയുള്ളതിനാൽ ഉമി സൗജന്യമായി ലഭിക്കും. 

തുള്ളിനനകൊണ്ടും പോയ വേനലിൽ മതിയായില്ലെന്നു മൃദുല. കടുത്ത ചൂടിൽ ഡ്രമ്മുകളിൽ വളരുന്ന മാവും പേരയും ചാമ്പയുമൊന്നും വാടാതിരിക്കാൻ ഇലച്ചാർത്ത് ഉൾപ്പെടെ നനച്ചു. തായ്ത്തടിയും ശിഖരങ്ങളും ഇലകളുമുൾപ്പെടെ നനയുംവിധം ദിവസവും ഹോസ് ഉപയോഗിച്ചാണു നനച്ചത്. ഇങ്ങനെ നന യ്ക്കുമ്പോൾ ടെറസിൽ പ്രശ്നമില്ലെങ്കിലും പുരയിടത്തിൽ കളവളർച്ച കൂടും. വീഡ് മാറ്റ് അഥവാ പുതയാണ് അതിനു പരിഹാരം. പുരയിടത്തിൽ അരയേക്കറോളം ഭാഗം പൂർണമായും പുതയിട്ടിരിക്കുന്നു. 

mrudula-fruit-trees-1
എക്സോട്ടിക് പൈനാപ്പിളിനു സമീപം മൃദുല

പുതയുടെ മേന്മകൾ പലതാണ്. കടുത്ത വേനലിലും മണ്ണിൽ ഈർപ്പം നിലനിൽക്കുമെന്നത് ഒന്നാമത്തെ കാര്യം. വിളകൾക്കു  ചൂടിന്റെ കാഠിന്യം നന്നേ കുറയും. കള വളരില്ലെന്നത് അടുത്ത നേട്ടം. കൃഷിയിടം വൃത്തിയായി കിടക്കുകയും ചെയ്യും. ഉപഭോക്താക്കാൾക്ക് ഒരോ പഴച്ചെടിയുടെയും അടുത്തു പോയി വിളവെടുക്കാൻ അവസരം നൽകുന്നുണ്ട് ഈ കർഷക. ചെറുതോട്ടി കൊണ്ട് വിളവെടുക്കാവുന്ന രീതിയിൽ കമ്പു കോതി നിർത്തിയിരിക്കുകയാണ് പേരയും മാവുമെല്ലാം. പുതയിട്ടു വൃത്തിയാക്കിയ പുരയിടത്തിലൂടെ സുഗമമായി നടന്ന് അവർക്കു വിളവെടുക്കാം. ഡ്രമ്മിലല്ലാതെ നിലത്തു വളരുന്ന വിളകളുടെ കാര്യത്തിൽ, ചുവട്ടിലെ വളക്കൂറുള്ള മണ്ണ് മഴക്കാലത്തു കത്തിയൊലിച്ചു പോകുന്നതു തടയാനും പുതയ്ക്കാവും.

ഇത്രയും സ്ഥലത്തു പുത വിരിക്കുന്നതിനു ചെലവേറുമെന്നതു ശരിതന്നെ. എന്നാൽ 2–3 തവണ കള നീക്കാനുള്ള  ചെലവേ പുതയിടീലിനു വരൂ എന്ന് മൃദുല. നിലത്തു വളരുന്നവയുടെ കാര്യത്തിൽ ഈർപ്പം നിലനിൽക്കാനായി പുതയ്ക്കു പുറമേ, ചുവട്ടിൽ ചകിരിത്തൊണ്ട് അടുക്കിയിട്ടുണ്ട്. ഇത്തരം വേനൽ പ്രതിരോധങ്ങളെല്ലാം വിളയുടെ ആരോഗ്യത്തിലും ഉൽപാദനത്തിലും മികച്ച ഫലമാണു നല്‍കിയത്. സമീപത്തു ള്ള മിക്ക കൃഷിയിടങ്ങളും വേനൽച്ചൂടിൽ വാടിയപ്പോൾ മൃദുലയുടെ തോട്ടം മികച്ച ഉൽപാദനവും വരുമാനവും നൽകി. സംസ്ഥാന കൃഷിവകുപ്പിന്റെ മികച്ച കർഷകയ്ക്കുള്ള ജില്ലാതല പുരസ്കാരം മൃദുലയെ തേടിയെത്തിയതും ഈ പരിപാലനമികവുകൊണ്ടു തന്നെ. 

mrudula-fruit-trees-3
ഡ്രമ്മിലും നിലത്തും വളരുന്ന മാവുകൾ

ഫാം ഷോപ്പിങ്

മൃദുല 5 വർഷം മുൻപാണ് കൃഷിയില്‍ സജീവമാകുന്നത്. റബറും കാര്യമായ ആദായമില്ലാത്ത കുറെ ഫലവൃക്ഷങ്ങളും മാത്രമുണ്ടായിരുന്ന പുരയിടം കുറഞ്ഞ കാലം കൊണ്ട് മികച്ച വരുമാനം നൽകുന്ന പഴത്തോട്ടമായി മാറ്റിയതിൽ മൃദുലയുടെ അധ്വാനവും ബിസിനസുകാരനായ ഭർത്താവ് ഹരികൃഷ്ണന്റെയും മക്കളുടെയും പിന്തുണയുമുണ്ട്. രണ്ടരയേക്കർ മുഴുവൻ ഒറ്റയടിക്ക് പഴത്തോട്ടമാക്കുകയല്ല മൃദുല ചെയ്യുന്നത്. പുതയിട്ടു വൃത്തിയാക്കിയ പുരയിടത്തിലും ടെറസിലുമായി ഡ്രമ്മിലാണ് നല്ല പങ്ക് പഴവൃക്ഷങ്ങളും വളരുന്നത്. ബാക്കി സ്ഥലത്ത് റംബുട്ടാനും മാങ്കോസ്റ്റിനും പ്ലാവും ജാതിയും മറ്റും നട്ടുവരുന്നു. 

ടെറസിൽ മാത്രം ഇരുപതിലേറെ വലിയ ഡ്രമ്മുകളിൽ വിവിധയിനം മാവുകളും പേരയും വളരുന്നു. 200 ലീറ്റർ ശേഷിയുള്ള ഡ്രം വാങ്ങി നടുവെ മുറിച്ചെടുത്താൽ 2 തടങ്ങൾ തയാർ. 25 വലിയ പ്ലാസ്റ്റിക് ചട്ടികളിൽ ഡ്രാഗൺ ഫ്രൂട്ടുമുണ്ട്. എല്ലാം വിളവെടുപ്പെത്തിയവ. 5 വർഷം പ്രായമെത്തിയ മാവുകളെല്ലാം 6 അടിയിൽ താഴെ ഉയരത്തിൽ കമ്പുകോതി വളർച്ച നിയന്ത്രിച്ചു പരിപാലിക്കുന്നു. നാൽപതോളം വരും മാവിനങ്ങൾ. ഒരു മാവിൽത്തന്നെ ഒട്ടേറെയിനങ്ങൾ ഗ്രാഫ്റ്റ് ചെയ്യുന്ന രീതിയുമുണ്ട്. ചാമ്പയുടെ ഒട്ടേറെ വൈവിധ്യങ്ങളും പരിപാലിക്കുന്നുണ്ട്. ചെറുവൃക്ഷങ്ങളായി നിലനിർത്തുന്നതുകാണ്ടു തന്നെ, വിപുലമായ ഉൽപാദനം പ്രതീക്ഷിക്കുന്നില്ല. എന്നാൽ വീട്ടാവശ്യം കഴിഞ്ഞു വിൽക്കാനുണ്ട്, വരുമാനവുമുണ്ട്. 

mrudula-fruit-trees-5
ടെറസിലെ ഡ്രാഗൺഫ്രൂട്ട്

ഡ്രമ്മിൽ പരിപാലിക്കുന്ന പഴച്ചെടികളുടെ വിൽപനയാണ് മൃദുലയുടെ മുഖ്യ വരുമാനം. നല്ല ആരോഗ്യത്തോടെ വളർന്നു വിളഞ്ഞു നിൽക്കുന്ന ഈ പഴച്ചെടികൾ മോഹവില നൽകി വാങ്ങാൻ ആളുണ്ട്. ആവശ്യക്കാർക്ക് തൈകൾ ഡ്രമ്മിൽ സെറ്റ് ചെയ്തു നൽകും. ടെറസിലും പുരയിടത്തിലും പഴത്തോട്ടം നിർമിച്ചു കൊടുക്കുന്നതും വരുമാന മാർഗം. നിറയെ കായ്ച്ചു കിടക്കുന്ന കുറ്റിക്കുരുമുളകുകളും വളരുന്നത് ഡ്രമ്മിൽത്തന്നെ. ചോലയിലും കായ്ക്കുന്ന കുരുമുളകിനമായ കൈരളിയാണ് ഇവയിലേറെയും. സ്ഥല പരിമിതി മറികടക്കാമെന്നതാണ് ഡ്രമ്മിന്റെ ഗുണമെന്നു മൃദുല. പുതിയ പഴവർഗങ്ങൾ എവിടെക്കണ്ടാലും തേടിപ്പിടിച്ച് തോട്ടത്തിലെത്തിക്കും. മെഡൂസ, വേരിഗേറ്റഡ് ഇനങ്ങളിലുള്ള എക്സോട്ടിക് പൈനാപ്പിളുകൾ ഉൾപ്പെടെയുണ്ട് ഇക്കൂട്ടത്തിൽ.

സമ്പൂർണമായും ജൈവകൃഷിയാണ് മൃദുലയുടേത്. തൊഴുത്തിൽ 3 വെച്ചൂർ പശുക്കൾ. ഇവയുടെ ചാണകവും മൂത്രവും ഉപയോഗിച്ചു തയാറാക്കുന്ന ജീവാമൃതവും പഞ്ചഗവ്യവുംതന്നെ വിളകൾക്കു  പോഷകങ്ങൾ. നാടൻപശുവിന്റെ മൂത്രം വിൽക്കുന്നുമുണ്ട്. നാടൻപശുവിന്റെ പാലിൽനിന്നുള്ള നെയ്യ് കിലോയ്ക്ക് 2000 രൂപയ്ക്കു വിൽക്കുന്നു. കൃഷിയിടത്തിലേക്ക് ഉപഭോക്താക്കളെ നേരിട്ടെത്തിച്ച് അവർക്കു ഫാം ഫ്രഷ് ഉൽപന്നങ്ങളും തൈകളും ലഭ്യമാക്കുന്നതാണ് മൃദുലയുടെ കൃഷിയെ ലാഭകരമാക്കുന്നത്. മത്സ്യക്കൃഷി ഉൾപ്പെടെ കൂടുതൽ വൈവിധ്യങ്ങൾ ഒരുക്കി മികച്ച വരുമാനത്തിലേക്കു കുതിക്കുകയാണ് ഈ യുവകർഷക.

ഫോൺ: 9495159269, 9447291764

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com