ADVERTISEMENT

പ്രതീക്ഷിച്ചതു സംഭവിച്ചു. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ ഉത്തരവിന് ഒരാഴ്ച പോലും ആയുസുണ്ടായില്ല. A1, A2 ലേബൽ ചെയ്ത് പാൽ വിൽപ്പന നടത്തുന്നത് വിലക്കിയുള്ള ഉത്തരവ് ഇന്നലെ പിൻവലിച്ചു.  ഭക്ഷ്യസുരക്ഷയും വിപണനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ദേശീയ ഏജൻസിയായ എഫ്എസ്എസ്എഐ ഇക്കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവാണ് ഇന്നലെ പിൻവലിച്ചത്. പാലിന്റെയും പാലുൽപന്നങ്ങളുടെയും പാക്കറ്റിൽ A1, A2 എന്നു ലേബൽ ചെയ്യുന്നതിനെയാണ് ഓഗസ്റ്റ് 21നു പുറത്തിറക്കിയ ഉത്തരവിലൂടെ എഫ്എസ്എസ്എഐ നിരോധിച്ചത്. ഉത്തരവ് പിൻവലിച്ചതോടെ കമ്പനികൾക്ക് ഇനി A1, A2 ലേബൽ ചെയ്ത് പാൽ വിൽക്കാൻ കഴിയും. 

ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പിൻവലിക്കാൻ സാധ്യതയുണ്ടെന്ന് ‘മനോരമ ഓൺലൈൻ കർഷകശ്രീ’ നേരത്തെ സൂചിപ്പിച്ചിരുന്നു. കാരണം, രാജ്യത്തെ A2 പാൽ ലോബി നിസ്സാരക്കാരല്ല, ഉത്തരേന്ത്യയിലും എന്തിന് കേരളത്തിൽ വരെ A2 പാൽ വിപണന കമ്പനികളുടെ ശക്തമായ മാർക്കറ്റ് സാന്നിധ്യമുണ്ട്. രാജ്യത്തെ, എന്നല്ല ലോകത്തെ തന്നെ പാൽവിപണനശക്തിയായ അമൂൽ അടക്കം A2 പാൽ ലേബൽ ചെയ്ത് മാർക്കറ്റിൽ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുന്നുണ്ട്.

എന്തുകൊണ്ട് നിരോധനം വന്നു?

പാലിലെ പ്രോട്ടീൻ വ്യത്യാസമാണ് A1, A2 എന്ന വ്യത്യാസത്തിന് അടിസ്ഥാനമെന്നിരിക്കെ കൊഴുപ്പ് പ്രധാന ഘടകമായ വെണ്ണ, നെയ്യ്, തൈര് തുടങ്ങിയ ഉൽപന്നങ്ങളിൽ A2 എന്ന് ലേബൽ ചെയ്ത് വിപണിയിൽ എത്തിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന വിപണന രീതിയാണെന്നാണ് കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. അതോറിറ്റി 2011ൽ പുറത്തിറക്കിയ ഭക്ഷ്യോൽപന്നങ്ങളുടെ സ്റ്റാർഡേർഡുമായി ബന്ധപ്പെട്ട നിയന്ത്രണ നിർദ്ദേശങ്ങളിൽ A1 എന്നോ A2 എന്നോ ഉള്ള വ്യത്യാസം പാലിന്റെ കാര്യത്തിൽ നിർണയിച്ചിട്ടില്ല, മറിച്ച് പാലിൽ പൊതുവായുള്ള കൊഴുപ്പ്, കൊഴിപ്പിതര ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പാലിന്റെ ഗുണനിലവാരം നിർണയിച്ചിട്ടുള്ളത്. പാലിൽ ചേർക്കുന്ന മായത്തെ തടയാനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഇത് ലഘിച്ച് വിപണനം നടത്തുന്നവർക്ക് എതിരെ ശക്തമായ പിഴയും മറ്റ് നടപടികളും സ്വീകരിക്കാനും വകുപ്പുണ്ട്.

A1, A2 എന്നൊരു മാനദണ്ഡം എഫ്എസ്എസ്എഐ നിശ്ചയിക്കുകയോ നിർണയിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ പാലും പാലുൽപന്നങ്ങളും A1, A2 ലേബൽ ചെയ്ത് വിപണനം നടത്തുന്നതിൽനിന്ന് രാജ്യത്തെ ഫുഡ് ബിസിനസ് സ്ഥാപനങ്ങൾ ഉടനടി പിന്മാറണമെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷ സ്റ്റാൻഡേർഡ് അതോറിറ്റി പുതിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഓൺലൈൻ വ്യാപാരം നടത്തുന്ന ഇ-കോമേഴ്സ് സ്ഥാപനങ്ങൾ തങ്ങളുടെ വ്യാപാര വെബ്സൈറ്റുകളിൽ നിന്ന് A1, A2 ക്ലെയ്മുകൾ ഉടനടി നീക്കണമെന്നും പുതിയ ഉത്തരവിലുണ്ടായിരുന്നു. ഓഗസ്റ്റ്  21 മുതൽ രാജ്യമെങ്ങും ഈ നിർദ്ദേശങ്ങൾ പ്രാബല്യത്തിലാവുകയും ചെയ്തു. 

A1 പാലും A2 പാലും വ്യത്യാസമെന്ത് ?

പാലിലെ ഏറ്റവും പ്രധാന മാംസ്യമാത്രയായ ബീറ്റാ കേസീൻ എന്ന പ്രോട്ടീന്റെ ഘടനയിൽ വരുന്ന ചെറിയ മാറ്റങ്ങൾ മാത്രമാണ് A1, A2 വ്യത്യാസത്തിന്റെ ശാസ്ത്രീയാടിസ്ഥാനം. പാലിലെ മൊത്തം പ്രോട്ടീന്റെ 30 ശതമാനവും ബീറ്റാ കേസീനാണ്. പശുവിന്റെ സ്വഭാവം അനുസരിച്ച് ബീറ്റാ കേസീനുകള്‍ പ്രധാനമായി A2 ബീറ്റാ കേസീന്‍, A1 ബീറ്റാ കേസീന്‍ എന്നിങ്ങനെ രണ്ടുതരമുണ്ട്. ബീറ്റാ കേസീൻ എന്ന പ്രോട്ടീൻ നിർമിച്ചിരിക്കുന്നത് ചെറു യൂണിറ്റുകളായ അമിനോ ആസിഡുകൾ ചേർത്താണ്. ബീറ്റാ കേസീൻ നിർമിച്ചിരിക്കുന്ന അമിനോ ആസിഡ് ചങ്ങലയിൽ, 207 അമിനോ ആസിഡ് കണ്ണികൾ ഉള്ളതിൽ, 67-ാം സ്ഥാനത്തു A2 വിൽ പ്രോലിൻ എന്ന അമിനോ ആസിഡ് ആണ്. A1ൽ അതേ സ്ഥാനത്തു  ഹിസ്റ്റിഡിനും. അല്ലാതെ പാലിന്റെ ഗുണത്തിലോ മേന്മയിലോ A1 പാലും A2 പാലും തമ്മിൽ ശാസ്ത്രീയമായി പരിശോധിച്ചാൽ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല എന്നതാണ് വസ്തുത. A1 ബീറ്റ കേസീൻ ഉള്ള പാൽ കുടിച്ചാൽ,  ടൈപ്പ്-1 പ്രമേഹം, ഹൃദ്രോഗം, ഓട്ടിസം തുടങ്ങിയവ വരാൻ സാധ്യത കൂടുതലാണന്ന് പ്രചരിപ്പിക്കുന്നവരുണ്ട്, എന്നാൽ ഇതിനൊന്നും ലവലേശം ശാസ്ത്രീയ അടിത്തറയില്ല എന്നതാണ് സത്യം. അതുപോലെ A2 പാലിന് രോഗപ്രതിരോധശേഷിയുണ്ടെന്നും അർബുദത്തെ തടയുമെന്നുമെല്ലാം പ്രചരിപ്പിക്കുന്നതിന് പിന്നിലും ശാസ്ത്രീയ തെളിവുകൾ ഒരുതുള്ളി പോലുമില്ലന്നതാണ് സത്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com