ADVERTISEMENT

തെങ്ങിൻതോപ്പിലൂടെ പിച്ചവയ്ക്കുന്ന പശുക്കൾ! കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും നമ്മുടെ നാട്ടിലെ ഡെയറി ഫാമുകളിലെ പശുക്കൾക്ക് സത്യത്തിൽ നടക്കാൻ പോലും അറിയില്ലെന്നത് എത്ര പേർക്കറിയാം? വർഷങ്ങളോളം അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഒരു തൊഴുത്തിൽ നിൽക്കുന്ന പശുവിന് നടക്കാൻ അറിയില്ലെന്നു മാത്രമല്ല നടക്കാൻ ബുദ്ധിമുട്ടും ആയിരിക്കും. വിദേശ രാജ്യങ്ങളിലെ ഫ്രീ റേഞ്ച് അല്ലെങ്കിൽ ലൂസ് ഫാമിങ് രീതി പശുക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നു. എന്നാൽ നമ്മുടെ നാട്ടിലെ സ്ഥല പരിമിതി ലൂസ് ഫാമിങ് രീതിക്ക് തടസമാകുന്നുമുണ്ട്. എന്നാൽ സ്ഥലസൗകര്യമുള്ളവർക്ക് പശുക്കളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയുന്നതിനൊപ്പം പാലുൽപാദനം ഉയർത്താനുള്ള എളുപ്പവഴികൂടിയാണ് ഈ ലൂസ് ഫാമിങ് രീതി.

പശുക്കൾ തെങ്ങിൻതോപ്പിൽ
പശുക്കൾ തെങ്ങിൻതോപ്പിൽ

കൗ കംഫർട്ടിനു പ്രാധാന്യം നൽകി തൊഴുത്തിൽ പശുക്കൾക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കിയ യുവകർഷകൻ മോനു വർഗീസ് മാമ്മൻ (വക്കച്ചൻ) തന്റെ ഫാമിൽ പശുക്കൾക്കായി ഒരുക്കിയ മറ്റൊരു സംവിധാനംകൂടി പരിചയപ്പെടേണ്ടതാണ്. തൊഴുത്തിനു മുൻപിലെ മികച്ച വിളവേകുന്ന തെങ്ങിൻതോപ്പിലേക്ക് കിടാരികളെയും വറ്റുകറവയിലുള്ള പശുക്കളെയും വക്കച്ചൻ ഇറക്കിവിട്ടിരിക്കുകയാണ്. തോപ്പിനു ചുറ്റും കമ്പിവേലി തീർത്ത് പശുക്കളെ പൂർണമായും സ്വൈര്യവിഹാരത്തിന് അനുവദിച്ചിരിക്കുകയാണ്. ഇതുവഴി നേട്ടങ്ങൾ പലതെന്ന് വക്കച്ചൻ പറയും. കാരണം 20 പശുക്കളെ കെട്ടുന്ന തൊഴുത്തിൽ എപ്പോഴും 4-5 പശുക്കളെങ്കിലും വറ്റുകറവയിൽ ഉണ്ടാകും. അതുകൊണ്ടുതന്നെ 15 പശുക്കളിൽനിന്നു മാത്രമേ പാൽ ലഭിക്കൂ. വറ്റു കറവയിലുള്ള പശുക്കളെ പുറത്തേക്കു മാറ്റിയപ്പോൽ പകരം ഷെഡ്ഡിൽ മികച്ച പാലുൽപാദനമുള്ള പശുക്കളെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ പ്രതിദിന ഉൽപാദനം 270 ലീറ്ററീൽനിന്ന് 400ൽ എത്തിക്കാനും തനിക്കു കഴിഞ്ഞെന്നു വക്കച്ചന്റെ സാക്ഷ്യം.

ഫാമിലെ പാലുൽപാദനം ഉയർന്നതു മാത്രമല്ല പശുക്കൾക്ക് മികച്ച വ്യായാമമാണ് ഇതിലൂടെ ലഭിക്കുന്നത്. കൂടാതെ പ്രസവത്തോടനുബന്ധിച്ചുള്ള അകിടുവീക്കവും കുറഞ്ഞിട്ടുണ്ട്.

dairy-farming-loose-farming-2

പശുക്കൾക്ക് ആവശ്യാനുസരണം വെള്ളം കുടിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. 200 ലീറ്ററിന്റെ വീപ്പ മുറിച്ച് സാറ്റാൻഡിൽ ഉറപ്പിച്ചാണ് വച്ചിരിക്കുക. അതുപോലെ പുല്ല് നൽകാനും സമാന രീതിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് പശുക്കൾക്ക് കയറി നിൽക്കുന്നതിനുവേണ്ടിയുള്ള ഷെഡ്ഡ് നിർമിക്കുന്നുണ്ട്. 

ഇനി പശുക്കൾ നടക്കട്ടെ

തെങ്ങിൻതോപ്പിൽ സ്വൈര്യവിഹാരം നടത്തുന്ന പശുക്കൾക്ക് ഷെഡ്ഡിൽ നിൽക്കുന്ന പശുക്കളേക്കാൾ താപസമ്മർദ്ദം കുറവാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.) ഡോ. ഈപ്പൻ ജോൺ. പശുക്കൾ നിശ്വസിക്കുന കാർബൺ ഡയോക്സൈഡും ആമാശയ അറയായ റൂമനിൽനിന്നുള്ള മീഥെയ്നും തുറസായ സ്ഥലത്തേക്കു പോകുന്നതിനാൽ പശുക്കൾക്ക് നല്ലൊരു അന്തരീക്ഷം ലഭിക്കുന്നു. അതുകൊണ്ടുതന്നെ തൊഴുത്തിനുള്ളിലെ ബുദ്ധിമുട്ടും ചൂടും പുറത്തെ സാഹചര്യത്തിൽ ഉണ്ടാവില്ല. തൊഴുത്തിൽനിൽക്കുന്ന പശുക്കൾക്ക് ചെറിയ വെയിൽ ഏറ്റാൽ പോലും വായിലൂടെ ഉമീനീർ ഒലിക്കും. എന്നാൽ പുറത്ത് വെയിലിൽ നടന്ന്, മരച്ചുവട്ടിൽ വിശ്രമിക്കുന്ന പശുക്കളിൽ ആ ബുദ്ധിമുട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതൊരു പരീക്ഷണമാണ്. നലിവിലെ സാഹചര്യത്തിൽ ഇത് വിജയമാണ്. ഇനി മഴക്കാലത്ത് വെള്ളത്തിന്റെ ഒഴുക്ക്, കെട്ടിക്കിടക്കുന്ന സാഹചര്യം തുടങ്ങിയവയൊക്കെ പരിശോധിക്കേണ്ടതുണ്ടെന്നും ഡോ. ഈപ്പൻ ജോൺ പറഞ്ഞു.

ഫോൺ: 95629 83198

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com