ADVERTISEMENT

ആരെയും വശ്യസൗന്ദര്യംകൊണ്ട് മോഹിപ്പിക്കുന്നവളാണ് ഇടുക്കി. നാടുവിട്ടാലും തിരികെ വിളിക്കുന്ന ഇടുക്കി. സഹോദരങ്ങളായ ബിജു വി. നായരും ബിനു വി. നായരും 2002 വരെ വളര്‍ന്നതും ജീവിച്ചതും ഇടുക്കിയിലെ കൊന്നത്തടിയിലായിരുന്നു. പിതാവിന്റെ മരണത്തോടെ അമ്മയുടെ നാടായ കോട്ടയം ഏറ്റു മാനൂരേക്കു മാറി. പിന്നീട് കുടുംബസമേതം മുംബൈയില്‍ സ്ഥിരതാമസമാക്കി. എങ്കിലും ഇടുക്കിയോടും കൃഷിയോടും അടങ്ങാത്ത സ്നേഹം ഇരുവരുടെയും മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് ഇടുക്കി വാത്തിക്കുടി പടമുഖത്ത് 6 വർഷം മുൻപ് 15 ഏക്കര്‍ റബര്‍ത്തോട്ടം വാങ്ങുന്നത്. ചെറിയൊരു വീടും അതി നോടു ചേര്‍ന്നുള്ള തൊഴുത്തും കൂടി കണ്ടുകൊണ്ടാണ് സ്ഥലം വാങ്ങിയതുതന്നെ.

ആ തൊഴുത്തിലേക്ക് ഏതാനും പശുക്കളെ കൊണ്ടുവന്ന് പാര്‍പ്പിച്ചാണ് പുറമറ്റം ഡെയറി ഫാമിന്റെ തുട ക്കം. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ 56 പശുക്കളെ കെട്ടാവുന്ന വലിയ തൊഴുത്തും അതു നിറയെ പശുക്കളും ഒപ്പം റബര്‍ വെട്ടിമാറ്റിയ 15 ഏക്കറില്‍ പുൽകൃഷിയുമായി ഇരുവരും ഉഷാര്‍. 

puramattom-airy-farm-4
ഫാം ഉടമകളായ ബിജുവും ബിനുവും

വൃത്തിയുള്ള തൊഴുത്ത്

നാലു നിരയായി 56 പശുക്കള്‍ക്ക് ‘ടെയില്‍ ടു ടെയില്‍’ എന്ന രീതിയില്‍ നില്‍ക്കാവുന്ന വിധത്തിലാണ് തൊഴുത്ത്. ആവശ്യാനുസരണം വെള്ളം കുടിക്കുന്നതിന് ഓരോ പശുവിനും ബൗളുകള്‍, അനായാസം തീറ്റയെടുക്കാവുന്ന വിധത്തില്‍ ഉയരത്തില്‍ ക്രമീകരിച്ച പുല്‍ത്തൊട്ടി, പശുക്കള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കുന്നതിനായി സെപ്പറേറ്ററുകള്‍. ചൂട് നിയന്ത്രിക്കാൻ മേൽക്കൂരയ്ക്കു മുകളില്‍ സ്പ്രിങ്ഗ്ലര്‍.

90 ഉരുക്കള്‍

തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവന്ന പത്തോളം പശുക്കളുമായാണ് ഫാം ആരംഭിച്ചത്. പിന്നാലെ കേരളത്തില്‍ നിന്നും പശുക്കളെ വാങ്ങി. ഇന്നു 45 പശുക്കൾ ഫാമിലുണ്ട്. എപ്പോഴും 30–35 പശുക്കള്‍ കറവയിലുണ്ടാകും. ദിവസം ശരാശരി 360 ലീറ്റര്‍ പാലുല്‍പാദനം. 17 കന്നുകുട്ടികളും 50 കിടാരികളും ഫാമിന്റെ ഭാഗമായിട്ടുണ്ട്.

puramattom-airy-farm-2
കിടാരി പാർക്ക്

കിടാരി പാർക്ക്

കേരളത്തിലെ കർഷകർക്കു മികച്ച കിടാരികളെ ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കിടാരി പാർക്കുകൾ ആരംഭിച്ചത്. 2022ൽ സ്വകാര്യമേഖലയ്ക്കും കിടാരി പാർക്ക് സർക്കാർ അനുവദിച്ചു. അത്തരത്തിൽ ഇടുക്കി ജില്ലയിൽ അനുമതി ലഭിച്ചത് പുറമറ്റം ഫാമിനാണ്. 50 കിടാരികളുടെ പദ്ധതിയാണിത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിധത്തിൽ മികച്ച കിടാരികളെ കർഷകർക്കു നൽകുകയാണ് ഉദ്ദേശ്യം. എന്നാൽ, പദ്ധതി നടത്തിപ്പിലെ കാലതാമസം കാരണം ഇതുവരെ കര്‍ഷകര്‍ക്കു കൈമാറാൻ കഴിഞ്ഞത് 7 കിടാരികളെ മാത്രം. പല കിടാരി പാർക്കുകളുടെയും പ്രവർത്തനം നിലച്ചെങ്കിലും മികച്ച കിടാരികളെ തങ്ങൾ സംരക്ഷിക്കുന്നത് ഈ മേഖലയോടുള്ള താൽപര്യംകൊണ്ടു മാത്രമാണെന്നു ബിജു.   

ഫാമിൽ 20–27 ലീറ്റർ പാലുള്ള പശുക്കളെയാണ് സംരക്ഷിച്ചുപോരുന്നത്. അവയ്ക്ക് എൻഡിഡിബിയുടെ ഡയമണ്ട് കാറ്റഗറി കാളകളുടെ ബീജം ആധാനം ചെയ്ത് ജനിക്കുന്ന കുട്ടികളെ മികച്ച പരിചരണം നൽകി വളർത്തി 6 മാസം പ്രായമാകുമ്പോഴാണ് കിടാരി പാർക്കിലേക്കു ചേർക്കുകയെന്ന് ഫാം മാനേജർ രതീഷ് രാജൻ. ഈ കുട്ടികൾക്ക് കന്നിപ്രസവത്തിൽത്തന്നെ ദിവസം 18 ലീറ്റർ പാൽ ലഭിക്കുന്നുണ്ട്. 

കന്നുകുട്ടി ജനിച്ച് 5–ാം ദിവസം മുതൽ മിൽക്ക് റീപ്ലേസർ നൽകും. 45 ദിവസം വരെ മാത്രം മിൽക്ക് റീപ്ലേസർ. അപ്പോഴേക്കും പരുഷാഹാരം കഴിക്കാൻ പ്രാപ്തരാകും. തുടര്‍ന്ന് 3 മാസം വരെയും അതു കഴിഞ്ഞ് ബീജാധാനം  വരെയും ഫാമില്‍ ‘ഗോവത്സ ഭുവനം’ എന്നു പേരു നല്‍കിയിരിക്കുന്ന ഭാഗത്ത് പ്രത്യേകം അഴിച്ചുവിട്ട് വളര്‍ത്തും. വെയിലും മഴയും ഏല്‍ക്കാതെ കയറി നില്‍ക്കാന്‍ ഷെഡും ഇവിടെയുണ്ട്. കന്നുകുട്ടികൾക്കും കിടാരികൾക്കും മേഞ്ഞു നടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

puramattom-airy-farm-3
സ്വന്തമായി തീറ്റ നിർമാണം

പശുക്കൾക്കു സ്വന്തം തീറ്റ

പശുക്കൾക്കു തീറ്റക്കൂട്ട് സ്വന്തമായി തയാറാക്കി നൽകുന്നു. ചോളം നുറുക്ക്, തേങ്ങാപ്പിണ്ണാക്ക്, ചെറുപയർതൊലി, ഗോതമ്പുതവിട്, ശർക്കരപ്പൊടി, വേപ്പിൻപിണ്ണാക്ക്, പരുത്തിക്കുരു, ബിസ്കറ്റ് പൊടി, ധാതുലവണ മിശ്രിതം, കല്ലുപ്പ് എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്താണ് തീറ്റ നിർമാണം. ഒരു മാസത്തേക്കുള്ള തീറ്റ ഒന്നിച്ചു തയാറാക്കുന്നു. ഓരോ പശുവിനും നിശ്ചിത അളവിലുള്ള  സാന്ദ്രിത തീറ്റയും തീറ്റപ്പു ല്ലും കൈതപ്പോളയും ചേർത്ത് ടിഎംആർ രീതിയിൽ രണ്ടു നേരം കറവയ്ക്കു മുൻപു നൽകും.

മാലിന്യ സംസ്‌കരണം

ഫാമിലെ പശുക്കളുടെ ചാണകം കോരി മാറ്റി ഉണക്കി ചാക്കുകളിലാക്കി വില്‍ക്കാറുണ്ട്. ഫാമിന് അല്‍പം അകലെയായുള്ള മഴമറയിലാണ് ചാണകം ഉണക്കല്‍. പശുക്കളുടെ മൂത്രം ബയോഗ്യാസ് പ്ലാന്റിലും ഫാം കഴുകുന്ന വെള്ളവും അവശിഷ്ടങ്ങളും ട്രീറ്റ്‌മെന്റ് ടാങ്കിലുമാണ് എത്തുക. ട്രീറ്റ്‌മെന്റ് ടാങ്കില്‍ എത്തുന്ന ചാണകം കലര്‍ന്ന വെള്ളത്തില്‍ ആവശ്യമായ വളക്കൂട്ടുകളും ചേര്‍ത്ത് പുല്‍തോട്ടത്തിലേക്കു പമ്പ് ചെയ്യും.

ഫോണ്‍: 9833883877 (ബിജു), 9892200141 (ബിനു), 9745229870 (രതീഷ്‌)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com