ADVERTISEMENT

അതിര്‍ത്തി കടന്നാല്‍ അവസരങ്ങളേറെയെന്നു വർക്കി ജോർജ് പൊട്ടൻകുളം. പത്തിനം പഴവർഗങ്ങൾ 10 ഏക്കറില്‍ വീതം, 15 ഏക്കറിൽ പച്ചക്കറിയും, അൽഫോൺസോ, ഹിമപസന്ത് എന്നീ മാവിനങ്ങൾ മുതൽ ലോങ്ങനും ഗ്രേപ് ഫ്രൂട്ടും സീഡ് ലെസ് മുന്തിരിയും മാതളവും മേയർ ലെമണും സപ്പോട്ടയും അവ്ക്കാഡോയുമൊക്കെ വൻതോതിൽ ഉൽപാദിക്കുന്ന മെഗാ ഫ്രൂട്ട് പാർക്ക് ആണ് കമ്പം ഉത്തമപാളയത്തെ സൺബ്ലൂം ഫാം– പേരുപോലെതന്നെ സമൃദ്ധമായ സൂര്യപ്രകാശവും സർക്കാർ എത്തിക്കുന്ന വെള്ളവും കൃഷിക്കാരന്റെ കഠിനാധ്വാനവും കൂടിച്ചേർന്ന് ടൺകണക്കിനു മധുരഫലങ്ങൾ വിളയുന്ന തോട്ടം.

വിദേശജോലി മതിയാക്കി നാട്ടിലെ കൃഷിയിൽ മുതൽമുടക്കുന്ന യുവസംരംഭകൻ വർക്കി ജോർജ് പൊട്ടൻ കുളമാണ് തോട്ടക്കാരൻ– മുൻ എംഎൽഎ ജോർജ് ജെ. മാത്യുവിന്റെ മകൻ. അമേരിക്കയിലെ പ്രശസ്തമായ ടെക്സസ് ഇൻസ്ട്രമെന്റ്സിലെ ജോലി മതിയാക്കി കോട്ടയത്തെ വീട്ടില്‍ തിരിച്ചെത്തിയ വർക്കി തമിഴ്നാട്ടിലെ കുടുംബസ്വത്ത് ഏറ്റെടുത്ത് പഴവർഗക്കൃഷി ചെയ്യുകയായിരുന്നു. ഇവിടെനിന്നുള്ള പഴങ്ങൾ ഗ്രേഡ് ചെയ്തു പാക്കറ്റുകളിലാക്കി കൊച്ചിയിലെയും ബെംഗളൂരുവിലെയും സൂപ്പർ മാർക്കറ്റുകളില്‍ എത്തിക്കുന്നു. 

varkey-3

പാട്ടക്കൃഷിക്ക് അനുകൂലം

വിദേശിയും സ്വദേശിയുമായ ഒട്ടേറെ പഴവർഗങ്ങൾക്ക് ഏറ്റവും യോജിച്ച മണ്ണും കാലാവസ്ഥയുമാണ് വർക്കിയുടെ സ്വന്തം നാടായ കാഞ്ഞിരപ്പള്ളിയിലും സമീപദേശങ്ങളിലും: എങ്കിലും ചൂടു കൂടുതലും മഴ കുറവുമുള്ള തമിഴ്നാട്ടിൽ പഴവർഗക്കൃഷി നടത്താൻ പല കാരണങ്ങളുമുണ്ട്. വാണിജ്യക്കൃഷിക്കു കേരളത്തിൽ സാഹചര്യം  പൊതുവെ അനുകൂലമല്ലെന്നതുതന്നെ പ്രധാന കാരണം. കാഞ്ഞിരപ്പള്ളിയിൽ നിന്നു കമ്പത്ത് എത്താൻ 3 മണിക്കൂർ യാത്രയേ വേണ്ടൂ. പക്ഷേ, ആ യാത്ര പാതി പിന്നിട്ട് അതിർത്തി കടക്കുമ്പോൾത്തന്നെ കൃഷിക്കാരനോടുള്ള സമീപനത്തിലെ മാറ്റം പ്രകടം. കാഞ്ഞിരപ്പള്ളിയിൽ ഒരു കർഷകനു സ്വന്തമാക്കാവുന്നത് പരമാവധി 15 ഏക്കർ. അതിലേറെ കൃഷി ചെയ്യാവുന്നതു തോട്ടവിളകളുടെ പട്ടികയിലുള്ളവ മാത്രം. അതിര്‍ത്തിക്കപ്പുറത്ത് ഇത്തരം നിയന്ത്രണമില്ല. അവിടെ കൃഷിഭൂമിയായി റജിസ്റ്റർ ചെയ്ത സ്ഥലത്ത് ഏതു വിളയും കൃഷി ചെയ്യാം. കൃഷിഭൂമി വാണിജ്യാവശ്യത്തിനായി മാറ്റണമെങ്കിൽ നിശ്ചിത ഫീസ് അ‍ടയ്ക്കുകയേ വേണ്ടൂ. തമിഴ്നാട്ടിൽ സ്ഥലം പാട്ടത്തിനെടുത്താൽ റജിസ്ട്രാർ ഓഫിസിൽ കരാർ റജിസ്റ്റർ ചെയ്യാം. പാട്ടക്കാലാവധി കഴിയുമ്പോൾ ഒഴിഞ്ഞു കൊടുക്കണമെന്നു മാത്രം. നിയമ സംരക്ഷണമുള്ളതിനാൽ ദീർഘകാലത്തക്കു പാട്ടവ്യവസ്ഥയിൽ ഭൂമി കിട്ടും. 

varkey-5

കൃഷിക്കാരനു സ്വയം വളരാനും സ്വത്താർജിക്കാനും അവസരം നിഷേധിക്കാത്തതിനാൽ കൃഷിയും വ്യവസായവും ഇവിടെ പരസ്പര പൂരകമായി വളരുന്നു. ‘‘വിവിധ കാർഷികോൽപാദനമേഖലകളോടു ചേർന്ന് അനുബന്ധ വ്യവസായങ്ങൾ വളരുന്നതു കാണാൻ തമിഴ്നാട്ടിലേക്കു പോയാൽ മതി. പൊള്ളാച്ചിയിലെ നാളികേര ക്ലസ്റ്റർ മികച്ച ഉദാഹരണം’’– വർക്കി പറ‍‍‍ഞ്ഞു.

കൂടുതൽ ഭൂമി വാങ്ങാൻ സാധിക്കുമെന്നതു മാത്രമല്ല തമിഴ്നാടിനെ കർഷകസൗഹൃദമാക്കുന്നത്. വേണ്ടത്ര വെള്ളം ലഭ്യമല്ലെന്നതായിരുന്നു മുന്‍പ് അവിടെ കൃഷിക്കു തടസ്സം. അതു മാറ്റാന്‍ കുഴൽക്കിണറുകളിൽ യഥേഷ്ടം ജലം ഉറപ്പാക്കുന്നതിനു വാട്ടർ റീചാർജിങ്ങിനായി അവര്‍ അടിസ്ഥാനസൗകര്യവികസനം നടത്തി. ജലസേചനത്തിനാവശ്യമായ സൗജന്യ വൈദ്യുതിയും മറ്റ് പ്രോത്സാഹനങ്ങളും നല്‍കുന്നു. കൃഷിയിടങ്ങളോടു ചേർന്ന് അണക്കെട്ടുകളിൽനിന്നു വെള്ളം സംഭരിക്കുന്നതിന് വലിയ കുളങ്ങളുടെ ശൃംഖലതന്നെ തമിഴ്നാട് സർക്കാർ ഒരുക്കി. സൺബ്ലൂം ഫാമിനോടു ചേർന്നും ഏക്കറുകൾ വിസ്തൃതിയുള്ള കുളമുണ്ട്. തന്റെ കൃഷിയിടത്തിലെ കിണറുകളിൽ ഇന്നു വെള്ളം വേണ്ടുവോളമുണ്ടെന്നു വർക്കി ചൂണ്ടിക്കാട്ടി.

varkey-4
ജലസേചനത്തിന് വലിയ കുളം

ഇവിടെ നിയമം കൃഷിക്കു പാര

ഭൂപരിഷ്കരണ നിയമം നിലനിർത്തിക്കൊണ്ടുതന്നെ തോട്ടഭൂമികളിൽ കൂടുതൽ വിളകൾ കൃഷി ചെയ്യാൻ അനുവദിക്കണമെന്നു കേരളത്തില്‍ കൃഷിക്കാർ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് ഒരു ദശകമാകുന്നു. ഒന്നാം പി ണറായിസർക്കാരിന്റെ ആദ്യ ബജറ്റ് മുതൽ ഇതു സംബന്ധിച്ച പരാമർശങ്ങളും ചർച്ചകളുമുണ്ടെങ്കിലും ഇതുവരെ നിയമമായിട്ടില്ല. തോട്ടവിളപ്പട്ടികയിലെ 5 വിളകൾക്കു പകരം റംബുട്ടാനോ അവ്ക്കാഡോയോ കൃഷി ചെയ്താൽ നാടിന് എന്തു ദോഷമുണ്ടാകുമെന്നാണെന്നു വർക്കി ചോദിക്കുന്നു. 11 വർഷം മുന്‍പ്  താരതമ്യേന കുറഞ്ഞ വിലയ്ക്കു വാങ്ങിയ തമിഴ്നാട്ടിലെ കൃഷിയിടത്തിന് ഇപ്പോൾ പത്തിരട്ടിയിലേറെ വിലയുണ്ട്. അതേസമയം മഴയും വെള്ളവും ഫലഭൂയിഷ്ഠിയും വേണ്ടുവോളമുള്ള കേരളത്തിലെ കൃഷിയിടം പകുതി വിലയ്ക്കുപോലും വാങ്ങാനാളില്ല. ഈ നാട്ടിൽ ആദായകരമായ കൃഷി അനുവദിക്കാത്തതു മാത്രമാണ് ഇതിനു കാരണം. കൃഷിഭൂമിയിൽ ഇഷ്ടമുള്ള വിള കൃഷി ചെയ്യാൻ അനുവദിച്ചിരുന്നെങ്കിൽ നമ്മുടെ തോട്ടങ്ങളുടെ സ്ഥിതി മറിച്ചാകുമായിരുന്നു. റംബുട്ടാൻ, അവ്ക്കാഡോ, ദുരിയൻ, ലോങ്ങൻ തുടങ്ങി കേരളത്തിനു മാത്രം കുത്തകയാക്കാമായിരുന്ന പഴവർഗങ്ങൾ ഇവിടേക്കു വലിയ വരുമാനം എത്തിക്കുമായിരുന്നു.  

എഴുപതുകളിൽ കൃഷിഭൂമി നിലനിർത്താൻ വേണ്ടി തോട്ടമായി റജിസ്റ്റർ ചെയ്തവയുടെവിസ്തൃതി രണ്ടു തലമുറ കടന്നതോടെ തീരെക്കുറഞ്ഞിട്ടുണ്ട്. എങ്കിലും അവിടെ തോട്ടവിളകളില്ലാതെ മറ്റൊന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. മാത്രമോ, കൃഷിയാവശ്യത്തിന് ഒരു ഷെഡോ ഗോഡൗണോ നിർമിക്കണമെങ്കിൽപോലും കോടതിയിൽ പോയി കേസ് നടത്തി അനുവാദം വാങ്ങണം. 5 ഏക്കറിലേറെ ഭൂമി സ്വന്തമായുള്ള കർഷകർക്കുവേണ്ടി ചെറുവിരലനക്കുന്നതുപോലും മോശമാണെന്ന ചിന്തയാണ് ഭരിക്കുന്നവർക്ക്. വാസ്തവത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വൻകിട കർഷകരല്ലേ കൂടുതൽ പിന്തുണ അർഹിക്കുന്നത്? അദ്ദേഹം ചോദിച്ചു.

varkey-6

വലിയ തോതിൽ ഉൽപാദനം നടത്തുന്നവർക്കു മാത്രമേ സുഗമമായി വിപണനം നടത്താനാവൂ. കൂടുതൽ ഉൽപാദനമുണ്ടെങ്കിൽ വിളയുമായി അലയേണ്ടതില്ല, കച്ചവടക്കാർ കർഷകനെ തേടിയെത്തും. കാർഷി കോപാധികൾ മൊത്തവിലയ്ക്കു വാങ്ങാമെന്നതിനാൽ വിപുലമായ കൃഷിയില്‍ ഉൽപാദനച്ചെലവ് കുറയ്ക്കാനുമാകും. സ്ഥിരം തൊഴിലാളികളെ ഫാമിൽ പാർപ്പിച്ച് കാര്യക്ഷമമായി കൃഷിപ്പണികൾ ചെയ്യാനാകും. ‘‘ശരിയായ നയരൂപീകരണമുണ്ടായാൽ മാത്രമേ കേരളത്തിൽ തരിശുകിടക്കുന്ന നൂറുകണക്കിന് ഏക്കർ ഭൂമിയിൽ പുതിയ നിക്ഷേപം വരികയുള്ളൂ. സംസ്ഥാനത്തിന്റെ ഭക്ഷ്യ– പോഷക– വരുമാനസുരക്ഷ മെച്ചപ്പെടുകയുള്ളൂ’’– വർക്കി ജോർജ് പറഞ്ഞു. 

കേരളത്തിൽ പഴവർഗങ്ങളുടെ സംസ്കരണസംരംഭങ്ങൾക്കു വലിയ സാധ്യതയുണ്ട്. എന്നാൽ ഉൽപാദന മില്ലാതെ എങ്ങനെയാണ് സംസ്കരണവ്യവസായം വളരുമെന്നു വർക്കിയുടെ ചോദ്യം. ‘‘ആദ്യം ഉൽപാദനം വർധിപ്പിക്കണം. വലിയ തോതിൽ ഉൽപാദനമുണ്ടാവുമ്പോൾ അനുബന്ധമായി സംസ്കരണ സംരംഭങ്ങൾ താനേ വരും’’ – അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com