ADVERTISEMENT

നല്ല നാടൻ ഇളനീരിൽനിന്ന് ജൂസുകൾ. കാമ്പില്‍നിന്നു ചിപ്സ്, ബർഫി, കാൻഡി, ഹൽവ, പുഡ്ഡിങ്, അച്ചാർ... അങ്ങനെ ഒട്ടേറെ വിഭവങ്ങളുമായി ഉപഭോക്താക്കള്‍ക്കു കുളിരു പകരുകയാണ് മലപ്പുറത്ത് ഷമീറിന്റെ ‘മരുപ്പച്ച’കള്‍. 

ഇപ്പോള്‍ തിരൂരിൽ താമസിക്കുന്ന അരീക്കോട് പട്ടാക്കൽ ഷമീര്‍ 14 വർഷം മുൻപ് അരീക്കോടാണ് ‘മരുപ്പച്ച’ എന്ന പേരില്‍ ആദ്യ ഷോപ്പ് തുടങ്ങിയത്. ഇന്നു തിരൂർ, കോട്ടയ്ക്കൽ, വേങ്ങര, പെരി ന്തൽമണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെല്ലാമായി ഇരുപതിലേറെ ‘മരുപ്പച്ച’ കടകള്‍. എല്ലാറ്റിന്റെയും നടത്തിപ്പുകാർ ഷമീറിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും തന്നെ. എല്ലായിടത്തും തോട്ടങ്ങളിൽ നിന്ന് ഇളനീര്‍ എത്തിക്കുന്നത് ഷമീര്‍. പങ്കാളിയായി തിരൂർ സ്വദേശി അലിയുമുണ്ട്. 

maruppacha-3

സർക്കാർഫാമുകളിൽനിന്ന് തെങ്ങുകള്‍ ലേലം ചെയ്തെടുത്താണ് പ്രധാനമായും ഇളനീർ സംഭരണം. ഏറ്റെടുത്ത തോട്ടങ്ങളിൽനിന്ന് ഷമീറിന്റെ തൊഴിലാളികൾ കരിക്ക് കെട്ടിയിറക്കും. കർഷകരിൽനിന്നു വാങ്ങാറുമുണ്ട്. ഒരു ഇളനീരിന് 13 രൂപ കൃഷിക്കാർക്കു നൽകും. വിളവെടുപ്പ് ഷമീര്‍ നടത്തുന്നതിനാൽ ഈ നിരക്ക് കൃഷിക്കാർക്ക് ആദായകരംതന്നെ. നല്ല വില സ്ഥിരമായി കിട്ടുന്നതിനാൽ ഒട്ടേറെ കർഷകർ തങ്ങൾക്കു മാത്രമായി ഇളനീർ നൽകുന്നുണ്ടെന്ന് ഷമീർ പറഞ്ഞു. ഒരു ഇളനീരിന് 5 രൂപ തൊഴിലാളിക്കു നല്‍കും. വാഹനച്ചെലവ് വേറെ. ഒരു ഇളനീർ വിളവെടുത്ത് കടയിലെത്തിക്കുമ്പോൾ 22–23 രൂപ ചെലവ് വരുമെന്നു ഷമീർ. കൃഷിക്കാർ കടയില്‍ നേരിട്ട് എത്തിക്കുന്ന കരിക്കിന് ഇതേ തുക നൽകും. 25 രൂപയ്ക്കാണ് ‘മരുപ്പച്ച’യിൽ വിൽപന. അത് ജൂസും ഷേക്കുമാകുമ്പോൾ വില കൂടും. ‌ഇളനീരായി വാങ്ങുന്നവരാണ് ഏറെയും.  

കരിക്ക് വെട്ടി സ്ട്രോയും ഇട്ട് ആവശ്യക്കാരനു നീട്ടുന്നതിനപ്പുറം 2 തരം ഹൽവ, 4 തരം മിഠായി, ചിപ്സിന്റെ 4 ഫ്ലേവറുകള്‍ എന്നിങ്ങനെ ഒട്ടേറെ ഇളനീര്‍വിഭവങ്ങളും മൂല്യവർധിത ഉൽപന്നങ്ങളുമാണ് ‘മരുപ്പച്ച’യില്‍ ഉപഭോക്താവിനെ കാത്തിരിക്കുന്നത്. വിവിധ രുചിക്കൂട്ടുകളില്‍ 15 തരം ഇളനീര്‍ ജൂസുകളും 25 ഇനം ഫലൂദയും 16 തരം അവിൽ മിൽക്കും ഇവിടെ ലഭ്യമാണ്. ഇളനീർ മാത്രമായി കുപ്പിയിൽ നിറച്ചും നൽകുന്നുണ്ട്. ഇളനീർ കച്ചവടം തുടങ്ങിയ താൻ കേട്ടറിഞ്ഞ വിവരങ്ങൾ പരീക്ഷിച്ചാണ് ഇത്രയും ഉൽപന്നങ്ങളിലെത്തിയതെന്ന് ഷമീർ. ഒരു ഷോപ്പിൽ ദിവസവും ശരാശരി 2000 കരിക്ക് ഉൽപന്നങ്ങളായും ജൂസ് ആയും വില്‍ക്കുന്നുണ്ടെന്ന് ഷമീർ. 

maruppacha-2

മലപ്പുറത്തെ മരുപ്പച്ചയുടെ പെരുമ മെട്രോ നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പരക്കുകയാണ്. സംഭരിക്കുന്ന ഇളനീരിൽ ഗുണനിലവാരം കൂടിയതു തിരഞ്ഞെടുത്ത് വിദേശരാജ്യങ്ങളിലേക്ക് അയച്ചു തുടങ്ങി. ഷാർജയിൽ ബിസിനസ് പങ്കാളിയായ യാസറുമായി ചേർന്ന്  ഷോപ്പ് തുറന്നുകഴിഞ്ഞു. സഫ്‍വത്ത് നിസയാണ് ഷമീറിന്റെ ഭാര്യ. മകൻ സമാസ്. 

ഫോൺ: 8136925001 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com