ADVERTISEMENT

കാസർകോട്  ഭീമനടി പാലമറ്റം സെബാസ്റ്റൻ പി. അഗസ്റ്റിനു കൃഷിയിൽ പുതിയ കാര്യങ്ങൾ നടപ്പാക്കാൻ ഏറെ ഉത്സാഹമാണ്. 10 വർഷം മുൻപ് മറ്റാരും ധൈര്യപ്പെടാത്ത കാലത്താണ് ഡ്രാഗൺഫ്രൂട്ട് കൃഷിയിൽ അദ്ദേഹം മുതൽമുടക്കിയത്. ഇപ്പോഴിതാ തുറസ്സായ സ്ഥലത്തെ ഡ്രാഗൺകൃഷിക്ക് രാത്രിയിൽ എൽഇഡി ലൈറ്റുകളിട്ടു പ്രകാശം നൽകി വിളവ് വർധിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചിരിക്കുന്നു. 10 വർഷമായി ആദായകരമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്ന അദ്ദേഹത്തിന് ഈ വിളയെയെക്കുറിച്ചു നല്ലതേ പറയാനുള്ളൂ. എന്നാൽ അടുത്ത കാലത്തുണ്ടായ ചില തിരിച്ചടികളുടെ അടിസ്ഥാനത്തിൽ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുമുണ്ട് അദ്ദേഹം.  

മറ്റ് വിദേശവിളകളിൽനിന്നു വ്യത്യസ്തമായ ഡ്രാഗൺ കേരളത്തിന്റെ കുത്തകയാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗുജറാത്ത്പോലുള്ള സംസ്ഥാനങ്ങളിൽ വ്യവസായികാടിസ്ഥാനത്തിൽ ഈ കൃഷി വരുന്നു. അത് നമുക്കു ഭീഷണിയാണ്. ഉൽപന്നം കുറഞ്ഞ വിലയ്ക്കു വിപണിയിൽ എത്തിക്കാൻ അവർക്കു കഴിഞ്ഞേക്കും. അതു നേരിടാൻ കേരളത്തിലെ ഡ്രാഗൺകൃഷി ജൈവരീതിയിലേക്കു മാറണമെന്ന് അദ്ദേഹം നിർദേശിക്കുന്നു.   രാസകൃഷിരീതിയിൽ ഉല്‍പാദിപ്പിക്കുന്ന ഡ്രാഗൺപഴങ്ങൾക്ക് തീരെ രുചിയുണ്ടാവില്ല. പോഷകഗുണത്തിന്റെ പേരിൽ മാത്രമാണ് അവ വിറ്റുപോകുന്നത്. ഈ പഴത്തിനെതിരെ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വിമർശനത്തിനു കാരണവും അതുതന്നെ. ഈ പഴത്തെക്കുറിച്ച് തെറ്റായ ധാരണ പൊതുസമൂഹത്തിൽ സൃഷ്ടിക്കുന്നതും ഇത്തരം കമന്റുകളാണ്. പുറമേനിന്നുള്ള ഇത്തരം ഡ്രാഗൺപഴങ്ങളുടെ വില കിലോയ്ക്ക് 80 രൂപ വരെ താഴാറുണ്ട്. അതേ സമയം 160 രൂപ മൊത്തവിലയ്ക്കാണ് സെബാസ്റ്റൻ വിൽക്കുന്നത്. ജൈവരീതിയിൽ ഉൽപാദിപ്പിച്ച നാടൻ ഡ്രാഗൺ പഴങ്ങൾക്കു രുചി കൂടുതലായതാണ്. കൂടുതൽ വില കിട്ടാൻ കാരണമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല, രോഗബാധ മൂലം ഇത്തവണ ഉൽപാദനത്തിൽ കുറവുണ്ടായിട്ടുമുണ്ട്. 

മൂല്യവർധന  സാധ്യതയും പ്രയോജനപ്പെടുത്തണം. സ്വന്തമായി പേറ്റന്റ് നേടിയ ഇളനീർ വൈൻ നിർമാണത്തിൽ ഡ്രാഗൺ പഴങ്ങൾ കൂടി ചേർക്കാനുള്ള ശ്രമം സെബാസ്റ്റ്യൻ നടത്തിവരികയാണ്. ഒരു വർഷം 60 ടണ്ണിലേറെ ഡ്രാഗൺ പഴങ്ങളാണ് ഇദ്ദേഹം ഉൽപാദിപ്പിക്കുന്നത്. 10 വർഷത്തിനിടയിൽ ഒരിക്കൽപോലും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വില 100 രൂപയിൽ താഴ്ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

രോഗബാധകളാണ് തിരിച്ചടിയുണ്ടാക്കാനിടയുള്ള മറ്റൊരു കാര്യം. 10 വർഷമായി കാര്യമായ രോഗബാധയില്ലാതെ തുടര്‍ന്ന തന്റെ കൃഷിയിൽ ഈ വർഷം വലിയ തോതിൽ ഫംഗസ് ആക്രമണമുണ്ടായി. ചെടിയുടെ പൂവും കായും തണ്ടുമൊക്കെ പൂപ്പൽ വന്നു നശിച്ചു. മുൻകാലങ്ങളിൽ വനിലയ്ക്ക് വ്യാപകമായുണ്ടായ ഫംഗസ് ബാധയ്ക്കു സമാനമാണിതെന്ന് സെബാസ്റ്റ്യൻ. കേരളമെമ്പാടും ഇതിനകം എത്തിക്കഴിഞ്ഞ ഈ രോഗത്തിനു പിന്നിൽ അടുത്ത കാലത്ത് ഇവിടെയെത്തിച്ച ചില വിദേശ ഡ്രാഗൺ ഇനങ്ങളാണെന്നാണ് അദ്ദഹം പറയുന്നത്. വിദേശ ഇനങ്ങളെന്ന പേരിൽ നഴ്സറിക്കാരും നടീൽവസ്തു വിതരണക്കാരുമൊക്കെ എത്തിക്കുന്ന ഡ്രാഗൺതൈകളിലേറെയും വാണിജ്യക്കൃഷിക്ക് യോഗ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ ഇനങ്ങളെയാണ് രോഗം രൂക്ഷമായി ബാധിച്ചതെന്ന് അദ്ദഹം പറഞ്ഞു. അവ നട്ട തോട്ടങ്ങൾ പൂർണമായി നശിച്ചു. അതേസമയം ദീർഘനാളായി ഇവിടെ വാണിജ്യ ഉൽപാദനം നടന്നവരുന്ന മലേഷ്യൻ റെഡ്, തായ് റെഡ്, മൊറോക്കൻ റെഡ്, അമേരിക്കൻ ബ്യൂട്ടി എന്നീ ഇനങ്ങൾക്ക് മറ്റുള്ളവയില്‍നിന്നു രോഗം പകർന്നെങ്കിലും അവയ്ക്ക് ഫംഗസിനെ അതിജീവിക്കാൻ സാധിച്ചു. അവ നട്ട തോട്ടങ്ങളിൽ ബോർഡോ മിശ്രിതം പോലുള്ള സാധാരണ കുമിൾനാശിനകൾ മാത്രമേ വേണ്ടിവന്നുള്ളൂ. വരും വർഷങ്ങളിൽ രോഗം വ്യാപകമായാൽ കൃഷി  പ്രയാസത്തിലാകും. 

എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ സെബാസ്റ്റ്യൻ
എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ സെബാസ്റ്റ്യൻ

ലൈറ്റിടൽ

വാണിജ്യാടിസ്ഥാനത്തിൽ ഡ്രാഗൺ കൃഷി ചെയ്യുന്നവർ രാത്രിയിൽ ചെടികൾക്ക് കൃത്രിമപ്രകാശം നൽകുന്നത് ആദായം വർധിപ്പിക്കുമെന്നാണ് സെബാസ്റ്റ്യന്റെ അനുഭവം. ഓഫ് സീസണായ നവംബർ മുതൽ ഏപ്രിൽ വരെ ഉൽപാദനം നേടാൻ ഇതു സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാലത്ത് ഒരു കിലോ പഴത്തിന് 250 രൂപ വരെ വില കിട്ടും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com