താങ്ങുകാൽ വേണ്ട, നല്ല രുചിയും രൂപഭംഗിയും, ഏത്തനിൽ സൂപ്പർഹിറ്റായി മഞ്ചേരിക്കുള്ളൻ
Mail This Article
സംസ്ഥാനത്ത് അടുത്ത കാലത്തു പ്രചാരം നേടിയ നേന്ത്രൻ ഇനമാണ് മഞ്ചേരിക്കുള്ളൻ. കുലയുടെ തൂക്കം 10–12 കിലോയിൽ ഒതുങ്ങുമെന്നതിനാൽ വമ്പൻ കുലകൾ വിളയിക്കുന്ന വാണിജ്യക്കർഷകർക്കു താൽപര്യമുള്ള ഇനമല്ല മഞ്ചേരിക്കുള്ളൻ. അതേസമയം ചെറിയ നേന്ത്രക്കുല ഇഷ്ടപ്പെടുന്നവരുണ്ട്. വീട്ടാവശ്യത്തിനു മാത്രമായി നേന്ത്രൻ നടുമ്പോൾ 25–30 കിലോ തൂക്കമുള്ള കുലയുണ്ടായാൽ പഴുത്തു നശിക്കും മുൻപ് കഴിച്ചുതീർക്കുക എളുപ്പമല്ലല്ലോ. അവർക്കിഷ്ടപ്പെടും മഞ്ചേരിക്കുള്ളൻ. ഒപ്പം, നല്ല രുചിയും രൂപഭംഗിയും. വീടുകളിൽ നേരിട്ടു വിൽക്കാമെന്ന സാധ്യത കണ്ട് മഞ്ചേരിക്കുള്ളന്റെ വാണിജ്യക്കൃഷിയിലേക്കു തിരിയുന്നവരുടെ എണ്ണം വർധിക്കുന്നുമുണ്ട്.
കുലവലുപ്പം മാത്രമല്ല, വേറെയുമുണ്ട് നേട്ടങ്ങൾ. 5–ാം മാസം കുലച്ച് 8 മാസമാകുമ്പോഴേക്കും കുല വെട്ടാം. ഉയരം കുറവായതിനാൽ താങ്ങുകാൽ വേണ്ട. ഓർക്കാപ്പുറത്തുള്ള കാറ്റും മഴയും വെള്ളക്കെട്ടുമെല്ലാം കൃഷിക്കു ഭീഷണി സൃഷ്ടിക്കുന്ന ഇക്കാലത്ത് കുറഞ്ഞ കാലത്തിൽ കൃഷിയും വിളവെടുപ്പും തീരുന്ന ഇനമാണ് സുരക്ഷിതമെന്ന് ചിലരെങ്കിലും കണക്കുകൂട്ടുന്നു. കർഷകപ്രിയം കണക്കിലെടുത്ത് കേരള കാർഷിക സർവകലാശാലയുടെ കണ്ണാറ വാഴഗവേഷണ കേന്ദ്രം ഈയിനത്തിന്റെ പരീക്ഷണക്കൃഷി നടത്തിയിരുന്നു. നല്ല പങ്കു വാഴകളും 5–ാം മാസം കുലച്ചു. 8 മാസമെത്തിയതോടെ വിളവെടുപ്പിനു പാകമായി. കുലയ്ക്കു ശരാശരി 10 കിലോ തൂക്കം. 4–5 പടലകൾ. വാഴയ്ക്ക് 7 അടിയോളം മാത്രം ഉയരം. ഭൂപ്രകൃതി മാറുമ്പോള്‍ ഇതിന്റെ കുള്ളൻ പ്രകൃതത്തിലും കുലയുടെ തൂക്കത്തിലും വ്യത്യാസം കാണുന്നുണ്ട്.
എറണാകുളം ജില്ലയിലെ ഊരമനയിലുള്ള കർഷകൻ കെ.പി.എൽദോസ് 80 സെന്റിൽ 400 മഞ്ചേരിക്കുള്ളനാണ് ഓണവിപണി നോക്കി കൃഷിയിറക്കിയത്. വയനാട് മുട്ടിൽ പരിയാരത്തുള്ള അജിത്തിൽനിന്നാണു കന്നു വാങ്ങിയതെന്ന് എൽദോസ്. പുഴയോടു ചേർന്ന ഫലപുഷ്ടിയുള്ള മണ്ണായ തിനാലാവാം 90% വാഴയും നാലര മാസത്തിൽ കുലച്ചു. ശരാശരി 4 പടല. 10–12 കിലോ തൂക്കം. ഒരു കുഴിയിൽ 2 വാഴ പരീക്ഷണം നടത്തിയതും നല്ല ഫലം നൽകി. ഒരു കുഴിയിൽ രണ്ടടി അകലത്തിൽ 2 വാഴ നട്ടപ്പോൾ രണ്ടിനും ലഭിച്ചത് ഏതാണ്ട് തുല്യ തൂക്കം. സാധാരണ നേന്ത്രനു നൽകുന്ന അതേ വളപ്രയോഗം തന്നെ മഞ്ചേരിക്കുള്ളനും. താങ്ങുകാൽ ആവശ്യം വരാത്തതിനാൽ ചെലവു ഗണ്യമായിക്കുറഞ്ഞു. വരും വർഷങ്ങളിലും ഇതിന്റെ കൃഷി തുടരാൻ തന്നെയാണു തീരുമാനമെന്ന് എൽദോസ് പറയുന്നു.
ഫോൺ: 9496097120