ഒന്നു ചെയ്താൽ മൂന്നു വർഷം ചെയ്തമാതിരി! ഇതുപോലെ ലാഭമുള്ള മറ്റൊരു വാഴയില്ല; 3000 പൂജക്കദളി വാഴ കൃഷി ചെയ്ത് ദമ്പതികൾ
Mail This Article
തൃശൂർ, മലപ്പുറം ജില്ലകളില്‍ വർഷങ്ങളായി പൂജക്കദളി കൃഷി ചെയ്യുന്നവരുണ്ട്. പൊതുവേ കിലോയ്ക്ക് 80 രൂപയില്‍ താഴ്ത്തി കദളിക്കുല വില്‍ക്കേണ്ടി വരാറില്ല. ഇപ്പോഴത് 130–140 രൂപയിൽ എത്തിനിൽക്കുന്നു. ക്ഷേത്രങ്ങളിലേക്ക്, പ്രധാനമായും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു നിവേദ്യത്തിനെടുക്കുന്ന ഇനമാണ് പൂജക്കദളി. പഴുക്കുമ്പോള്‍ മഞ്ഞനിറം, നെയ്യുടെ നറുമണം. എത്രയുണ്ടെങ്കിലും വിറ്റുപോകും. ഇക്കാലത്തിനിടെ കദളി ചെയ്തു കൈപൊള്ളിയത് ക്ഷേത്രങ്ങൾ അടഞ്ഞുകിടന്ന കോവിഡ് കാലത്തു മാത്രമെന്ന് തൃശൂർ മറ്റത്തൂരിലെ കർഷക ദമ്പതികളായ ജോഷിയും മറിയവും പറയുന്നു. കോവിഡിനു ശേഷം കദളിവിപണി പഴയ പോലെ തിരിച്ചു കയറി.
സമീപ പഞ്ചായത്തായ പറപ്പൂക്കരയിലെ പന്തല്ലൂരിലാണ് ദമ്പതികളുടെ കദളിക്കൃഷിയിടം. 3 ഏക്കറിൽ 3000 വാഴ. പാടത്തേക്കാള്‍ കരപ്പറമ്പിലാണ് കദളി നന്നാവുക. പാടത്ത് 8–9 കിലോ തൂക്കം ലഭിക്കുമെങ്കില്‍ പറമ്പിലത് 15 കിലോവരെ എത്തും. 8–ാം മാസം കുലയ്ക്കും. പൊക്കം കുറവായതിനാല്‍ താങ്ങുകാൽ ആവശ്യമില്ല. വാഴയൊന്നിന് ശരാശരി 150 രൂപയിലൊതുങ്ങും കൃഷിച്ചെലവ്. കദളിക്കന്നിനും മികച്ച വില. ഒന്നിനു കുറഞ്ഞത് 40 രൂപ കിട്ടും. ഒറ്റത്തവണ കൃഷിയിറക്കിയാൽ മൂന്നു വർഷം നീളുന്ന കൃഷിയാണ് കദളിയുടേത്. ആദ്യ കുല വെട്ടിയ ശേഷം 2 കന്ന് നിലനിർത്തി ബാക്കി 5–6 കന്നുകൾ വിൽക്കും. അടുത്ത വർഷവും ഇതേ രീതി തുടരും. കാലാവസ്ഥ അനുകൂലമായ കദളിപോലെ ലാഭം നൽകുന്ന മറ്റൊരു വാഴയിനമില്ലെന്നും മറിയം പറയുന്നു.
ഫോൺ: 7559825836