ADVERTISEMENT

മരങ്ങളിൽ കയറി ഗ്രാമ്പൂ പറിച്ചെടുക്കുന്നതിനൊപ്പം ഗ്രാമ്പൂക്കർഷകർ നേരിടുന്ന വെല്ലുവിളിയാണ് പൂക്കൾ അടർത്തിയെടുക്കല്‍. പറിച്ചെടുത്ത പൂക്കൾ അടർത്തി മൊട്ടും തണ്ടും വേർപെടുത്തുന്നത് സ്ത്രീത്തൊഴിലാളികളാണ്. ഇതിനു ഭാരിച്ച കൂലിച്ചെലവ് വരും. മാത്രമല്ല, സീസണില്‍ തൊഴിലാളികളെ കിട്ടാനും പ്രയാസം. പറിച്ചെടുക്കുന്ന ഗ്രാമ്പൂക്കുലകൾ പിറ്റേന്നുതന്നെ അടർത്തിയെടുത്ത് ഉണക്കാനിടണം.  പിന്നീടാകട്ടെയെന്നുവച്ചാല്‍ ഗുണമേന്മ കുറയും. പൂവ് വിടർന്നു പോയാൽ വിലയും കുറയും. 

ഗ്രാമ്പൂക്കുലകൾ അടർത്തിയെടുക്കാൻ പ്രയാസപ്പെടുന്ന കർഷകർക്ക് അനുഗ്രഹമാവുകയാണ് ഒരു യുവ കർഷകൻ രൂപകൽപന ചെയ്ത ക്ലോവ് സെപ്പറേറ്റർ മെഷീൻ. കോഴിക്കോട് കാവിലുംപാറ പഞ്ചായത്തില്‍ വട്ടിപ്പനയിലെ ഇല്ലിക്കൽ ഷൈൻ ജോസഫ് 8 വർഷത്തെ നിരീക്ഷണ പരീക്ഷണങ്ങൾക്കു ശേഷമാണ്  യന്ത്രം നിർമിച്ച് വിപണിയിൽ ഇറക്കാൻ ഒരുങ്ങുന്നത്. ന്നേകാൽ മീറ്റർ നീളവും അര മീറ്റർ വീതിയും ഒന്നര മീറ്റർ ഉയരവുമുള്ള യന്ത്രം പ്രവർത്തിപ്പിക്കാൻ കുറച്ചു സ്ഥലം മാത്രം മതി. ഒരു എച്ച്പി മോട്ടറിൽ പ്രവർത്തിക്കുന്ന ഇതിന്റെ മുകൾഭാഗത്തെ സ്റ്റോറേജില്‍ പറിച്ചെടുക്കുന്ന പൂവുകൾ ഇലകൾ മാറ്റി ഇടണം. യന്ത്രം ഓൺ ചെയ്താൽ പൂക്കള്‍ റോട്ടറിലേക്ക് കൈകൊണ്ട് നീക്കിയിടണം. റോട്ടർ കറങ്ങുന്നതോടെ പൂക്കളും ഞെടുപ്പും വേർപെട്ട് കളക്‌ഷൻ ടാങ്കിലെ വെള്ളത്തിലേക്ക് വീഴും. ഇങ്ങനെ വേർപെട്ട് വരുന്ന പൂക്കൾ കോരിയെടുത്ത് ഉണക്കാം. മണിക്കൂറിൽ 200 കിലോ പൂക്കൾ അടർത്തിയെടുക്കാമെന്നു ഷൈന്‍. 

ഗുജറാത്ത് ആസ്ഥാനമായ നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ (എൻഐഎഫ്) കാർഷികരംഗത്തെ നൂതന കണ്ടുപിടിത്തത്തിന് ഏർപ്പെടുത്തിയ ഈ വർഷത്തെ അവാർഡ് നേടിയത് ഷൈൻ ജോസഫാണ്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്രസിങിൽനിന്ന് 50,000 രൂപയും സർട്ടിഫിക്കറ്റുമടങ്ങിയ പുരസ്കാരം ഷൈന്‍ ഏറ്റുവാങ്ങി. ഒപ്പം ഈ യന്ത്രം വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു കർഷകരിലെത്തിക്കുന്നതിന് 5 ലക്ഷം രൂപ സഹായമായും ലഭിച്ചു. പച്ചയും ഉണങ്ങിയതുമായ കുരുമുളകിൽനിന്ന് വെള്ളക്കുരുമുളക് വേർതിരിക്കുന്ന യന്ത്രവും ഷൈന്‍ നിർമിച്ചിട്ടുണ്ട്. ജാതിക്കർഷകർക്ക് ഉപകരിക്കുന്ന മറ്റൊരു യന്ത്രത്തിന്റെ കൂടി പണിപ്പുരയിലാണിപ്പോള്‍.

പിതാവ് ഇല്ലിക്കൽ ജോസഫിന്റെ പാത പിൻതുടർന്നാണ് കോളജ് പഠനത്തിനു ശേഷം ഷൈൻ ജോസഫ്   മുഴുവൻ സമയ കർഷകനായത്. വീടിനോട് ചേർന്ന് കുടുംബസ്വത്തായ 10 ഏക്കർ സ്ഥലത്ത് 5 മുതൽ 45 വർഷം വരെ പ്രായമായ 500 ഗ്രാമ്പൂമരങ്ങൾ ഉണ്ട്. നാഗർകോവിലിലെ ബ്ലാക്ക് റോക്ക് എസ്റ്റേറ്റിൽനിന്നാണ് 45 വർഷം മുൻപ് പിതാവ് ഇല്ലിക്കൽ ജോസഫ് തൈകൾ കൊണ്ടുവന്ന് കൃഷി ആരംഭിച്ചത്. ഗ്രാമ്പൂമരങ്ങളിൽനിന്ന് 120 വർഷംവരെ വിളവ് ലഭിക്കും. 

പെരുവണ്ണാമൂഴി ഭാരതീയസുഗന്ധവിള ഗവേഷണകേന്ദ്രത്തിൽനിന്നു നൽകിയ സാൻസിബാർ ഇനം തൈകളാണ് ഷൈൻ ഇപ്പോൾ കൂടുതലായും നടുന്നത്.  ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഗവേഷണനിരീക്ഷണങ്ങൾക്കായി ഈ തോട്ടം തിരഞ്ഞെടുത്തിട്ടുമുണ്ട്. മറ്റിനങ്ങളില്‍നിന്നു   വ്യത്യസ്തമായി സാൻസിബാർ ഇനം തൈകൾ രണ്ടാം വർഷം പൂവിട്ടു തുടങ്ങും. മറ്റു നാടൻ ഇനങ്ങൾ നാലാം വർഷമേ പൂവിടുകയുള്ളൂ.

സാൻസിബാർ ഇനത്തിന് രോഗപ്രതിരോധശേഷി കൂടും. മാത്രമല്ല, നിറയെ പൂവുകൾ ഉണ്ടാകും. ഈ ഇനത്തിന്റെ മൂത്ത പൂമൊട്ടുകൾക്കു  നല്ല ചുവപ്പ് നിറമായിരിക്കും. എല്ലാ വർഷവും മരം നിറയെ പൂക്കൾ ഉണ്ടാകും. മരത്തിന് പ്രായം കൂടുന്നതിനനുസരിച്ച് പൂക്കളുടെ എണ്ണവും കൂടും. 

ഒന്നു രണ്ടു വർഷം പ്രായമായ തൈകളാണ് നടുന്നതിന് നല്ലത്. രണ്ടര അടി വീതിയിലും ആഴത്തിലും കുഴികൾ എടുത്ത ശേഷം ചാണകപൊടിയും എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചേർത്ത് തയാറാക്കിയ വളം മണ്ണുമായിചേര്‍ത്തു ചെയ്ത് കുഴി നിറയ്ക്കും.  അതിനു ശേഷം ചെറിയ കുഴിയെടുത്ത് തൈകൾ നട്ടതിനുശേഷം നന്നായി പുതയിടും. 2 വർഷം വേനൽക്കാലത്ത് നന അത്യാവശ്യം. പിന്നീട് ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത വളം 10 കിലോവീതം വർഷത്തിൽ 2 തവണ വീതം ചുവട്ടിൽ ഇട്ടുകൊടുക്കണം. വർഷത്തിൽ ഒരു തവണ ബോര്‍ഡോമിശ്രിതം തളിക്കണം. 

ജൂൺ, ജൂലൈ മാസത്തിലാണ് ഗ്രാമ്പൂമരങ്ങൾ പൂവിട്ടു തുടങ്ങുക. ജനുവരി മുതൽ ഫെബ്രുവരി അവസാനം ആകുമ്പോഴേക്കും പൂക്കൾ പറിച്ചെടുക്കണം. കൃത്യസമയത്തു പറിച്ചെടുത്തില്ലെങ്കിൽ പൂക്കൾ വിടർന്നു പോകും. ഇത് ഗുണമേന്മ കുറയാനിടയാക്കും. ഉണക്ക ഗ്രാമ്പൂവിന് ഇപ്പോൾ 1000 രൂപ വിലയുണ്ട്. സീസണാകുമ്പോൾ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാവും. എന്നാൽ ഉണക്കി സൂക്ഷിച്ചാൽ വില കൂടുമ്പോൾ വിൽക്കാം. ഗ്രാമ്പൂകൃഷി ഒരിക്കലും നഷ്ടമാവില്ലെന്നാണ് ഷൈൻ ജോസഫിന്റെ അഭിപ്രായം. ഷൈന് പതിനായിരത്തിലേറെ ഗ്രാമ്പൂതൈകളുള്ള നഴ്സറിയുമുണ്ട്. മുളപ്പിച്ച വിത്തുകൾ വാങ്ങാനും ആളുകൾ വരുന്നുണ്ട്. 

shine-2
ഷൈനും കുടുംബവും

ജാതിയും കുരുമുളകും

അത്യുൽപാദനശേഷിയുള്ള 200 ജാതിമരങ്ങളാണുള്ളത്. ഉൽപാദനശേഷി കൂടിയ വിവിധ ഇനം ജാതി മരങ്ങൾ സ്വയം ബഡ്ഡ് ചെയ്ത് എടുക്കുകയാണ് ചെയ്തത്. ഓരോ കായയിൽനിന്നും 3–4 ഗ്രാം  ഉണക്ക ജാതിപത്രി ലഭിക്കും. ഒരു കിലോയ്ക്ക് 70–90 കായ്കൾ മതി. കുരുമുളകിന്റെ പന്നിയൂർ വൺ, കരിമുണ്ട, തേവം, കുമ്പുക്കൽ ഇനങ്ങള്‍ ഇടവിളയായി കൃഷിചെയ്യുന്നു. ഇരുമ്പുകാലുകൾ, അലുനിയം ഏണി, ഇഷ്ടിക തൂൺ എന്നിവയിലാണ് കുരുമുളക് വളർത്തുന്നത്. മരങ്ങളിൽ വളർത്തുന്നവയെക്കാൾ കൂടുതൽ വിളവ് മറ്റ് താങ്ങുകാലുകളിൽ വളർത്തുന്നവയിലാണെന്ന് ഷൈൻ ജോസഫ് പറയുന്നു. മരങ്ങളിൽ കുമിൾബാധ കൂടും.  

വെള്ളക്കുരുമുളക്: വില 2000 രൂപ

കുരുമുളകുകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഷൈൻ ജോസഫ്. കുരുമുളക് ഉണക്കി വിൽക്കുന്നതിനു പകരം വെള്ളക്കുരുമുളകാക്കി പൊടിച്ച് 100 ഗ്രാം പായ്ക്കറ്റുകളിലാക്കിയാണ് വിൽപന. ടേസ്റ്റി ഡേ എന്ന ബ്രാൻഡിൽ ഇറക്കുന്ന വെള്ളക്കുരുമുളക് കിലോയ്ക്ക് 2000 രൂപയ്ക്കാണ് വിൽക്കുന്നത്. ചൈനീസ് ഫുഡ് ഉണ്ടാക്കുന്ന ഹോട്ടലുകളിലാണ് കൂടുതലും വിൽപന. ഇപ്പോൾ മാസത്തിൽ 100 കിലോവരെ വിൽക്കാനാവുന്നുണ്ട്.

സ്ത്രീതൊഴിലാളികൾ ഉൾപ്പെടെ 10 പേർക്ക് കൃഷിയിടത്തിൽ സ്ഥിരമായി തൊഴിൽ നൽകുന്നു. പിതാ വ് ജോസഫ്, അമ്മ തങ്കം, ഭാര്യ അനിഷ എന്നിവര്‍ കൃഷിയില്‍ താങ്ങായി ഒപ്പമുണ്ട്. ഓസ്റ്റിൻ, ആരോൺ, റ്റിയ മരിയ, ഫ്ലറിൻ എന്നിവരാണ് മക്കൾ.

ഫോൺ: 9388591812

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com