ADVERTISEMENT

കൊക്കോ ആയിരത്തിന്റെ നിറവിനെ മുത്തമിടുന്ന ചരിത്ര മുഹൂർത്തിനായി കാതോർക്കുകയാണ്‌ നമ്മുടെ കർഷകർ. ഹൈറേഞ്ച്‌ കൊക്കോ കിലോ 980 രൂപ വരെ ഉയർന്ന്‌ തിങ്കളാഴ്‌ച രാവിലെ ഇടപാടുകൾ നടന്നു. ഈ ചരക്ക്‌ 1000 രൂപയ്‌ക്കു വ്യാപാരികൾ വ്യവസായികൾക്ക്‌ കൈമാറിയെങ്കിലും ഈ വില ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.

നാലു ദശാബ്‌ദം മുൻപ്‌ കിലോ രണ്ട്‌ രൂപയ്‌ക്കും നാലു രൂപയ്‌ക്കും കൊക്കോ വിൽപ്പന നടത്തിയ നമ്മുടെ പഴയ തലമുറ സ്വപ്‌നങ്ങളിൽ പോലും കാണാത്ത തലത്തിലേക്ക്‌ ഉൽപന്നത്തെ കൈപിടിച്ച്‌ ഉയർത്തിയത്‌ ചോക്ലറ്റ്‌ പ്രേമികളാണ്‌. ആഗോള തലത്തിൽ ചോക്ലറ്റിന്‌ ഡിമാൻഡ് ഓരോ വർഷവും അടിവച്ച്‌ കയറി. ഇതിനിടെ നിരക്ക്‌ ഉയർന്നെങ്കിലും വാങ്ങൽ താൽപര്യം അതിശക്തമെന്ന തിരിച്ചറിവ്‌ ഫണ്ടുകളെ കൊക്കോ അവധി വ്യാപാരത്തിൽ സജീവമാക്കി.

ഡിമാൻഡും സപ്ലെയും ഏതാണ്ട്‌ കൃത്യമായി മുന്നേറവേ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കാലാവസ്ഥയിൽ പൊടുന്നനെ മാറ്റം സംഭവിച്ചതാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന്റെ മൂലകാരണം. മാസങ്ങൾ നീണ്ടുനിന്ന മഴ കൊക്കോ കൃഷിയും കർഷകരുടെ കണക്കുകൂട്ടലും തകിടം മറിച്ചു. കൊക്കോ തോട്ടങ്ങളിൽ ബ്ലാക്ക്‌പോട്‌ രോഗം വ്യാപിച്ചത്‌ ഉൽപാദനം കുത്തനെ കുറച്ചു. 

അമേരിക്കയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഓരോ മാസവും കൃത്യമായി എത്തിയ ഓർഡറുകൾ യഥാസമയം ഷിപ്മെന്റ് നടത്താൻ ഉൽപാദനത്തിൽ മുൻനിരയിലുള്ള ഐവറി കോസ്റ്റിനും ഘാനയ്‌ക്കും കഴിയാതെ വന്നു. ഇതോടെ ഉൽപാദകരിൽ നിന്നും വിപണി നിയന്ത്രണം കഴിഞ്ഞ ഒക്‌ടോബറിൽ ഫണ്ടുകളുടെ കരങ്ങളിലേക്ക്‌ തിരിഞ്ഞു. ടണ്ണിന്‌ 3400 ഡോളറിൽ രാജ്യാന്തര വില നീങ്ങിയഘട്ടത്തിൽ ഉൽപ്പന്നത്തിൽ സംഘടിതരായി വാങ്ങലുകാർ ലോങ്‌ ബയ്യിങിന്‌ തുടക്കം കുറിച്ചത്‌.

cocoa-chempotty-4

‌കൊക്കോ ഉൽപാദനത്തിലെ മാന്ദ്യം നീണ്ടു നിൽക്കുമെന്ന വിലയിരുത്തലുകൾ ആഫ്രിക്കൻ തോട്ടങ്ങളിൽ നടത്തിയ പഠനങ്ങളിൽ  വ്യക്തമായതോടെ ബഹുരാഷ്‌ട്ര ചോക്ലേറ്റ്‌ വ്യവസായികൾ മുൻകൂർ കച്ചവടങ്ങൾ ഉറപ്പിക്കാൻ ഉൽപാദകരാജ്യങ്ങളിൽ മത്സരിച്ച്‌ ഇറങ്ങി. കൊക്കോയ്‌ക്ക്‌ ക്ഷാമം നിലനിൽക്കുമെന്ന്‌ വ്യവസായികൾക്ക്‌ ബോധ്യമായതോടെ ചോക്ലേറ്റ്‌ വില ഉയർത്തി അവർ ആദ്യവെടിമുഴക്കി. ആടുത്ത സീസണിലും ഒന്നര ലക്ഷം ടണ്ണിന്റെ ഉൽപാദനക്കുറവ്‌ കണക്കാക്കുന്നത്‌ വ്യവസായികളെ അസ്വസ്ഥരാക്കി. 

വിപണിയിൽ ഉയർന്ന വിലയ്‌ക്കും ചോക്ലേറ്റിന്‌ പ്രീയം കുറയുന്നില്ലെന്ന്‌ മനസിലാക്കി ബഹുരാഷ്‌ട്ര കമ്പനികളും വൻകിട ചെറുകിട വ്യവസായികളും ആഗോള തലത്തിൽ വില ഉയർത്തി നിശ്‌ചയിക്കാൻ ഉത്സാഹിക്കുന്നത്‌ കണ്ട്‌ ഫണ്ടുകൾ ഫ്യൂചർ മാർക്കറ്റിലെ ലോങ്‌ പൊസിഷനുകളിൽ പിടിമുറുക്കി. 

ലോക കൊക്കോ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി മേയ്‌ അവധിവില ടണ്ണിന്‌ 12,261 ഡോളറിൽ എത്തി. ലഭ്യത കുറവും ഡിമാൻഡും മുന്നിലുള്ള മാസങ്ങളിലും ഉൽപ്പന്നത്തിന്‌ കരുത്ത്‌ സമ്മാനിക്കുമെന്ന നിഗമനത്തിലാണു നിക്ഷേപകർ. അതേസമയം അടുത്ത വർഷം മേയ്‌ അവധി വില 8300 ഡോളറിന്‌ മുകളിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടില്ല. അതായത്‌ അടുത്ത മാസം സെറ്റിൽമെന്റ് നടക്കുന്ന മേയ്‌ അവധി വിലയെക്കാൾ ടണ്ണിന്‌ 4000 ഡോളർ താഴ്‌ന്നാണ്‌ 2025ലെ ഇടപാടുകൾ നടക്കുന്നത്‌. ദീർഘകാലയളവിലേക്ക്‌ നിലവിലെ റെക്കോർഡ്‌ നിലനിർത്താൻ പറ്റുമോയെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. 

ആഫ്രിക്കൻ രാജ്യങ്ങളിൽ ഏപ്രിലിൽ രണ്ടാം വിളവെടുപ്പ്‌ നടന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത്‌ വിളവ്‌ ഉയർന്നില്ലെന്നത്‌ ഹൃസ്വകാലയളവിൽ വിപണിയുടെ അടിയോഴുക്ക്‌ ശക്തമാക്കും. ആഗോള കൊക്കോ ഉൽപാദനത്തിൽ 70 ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളുടെ സംഭാവനയാണ്‌.  

image credit: dimarik/iStockPhoto
image credit: dimarik/iStockPhoto

ആഫ്രിക്കൻ കർഷകരിൽ വലിയപങ്കും വനപ്രദേശത്താണ്‌ കൃഷി ഇറക്കിയത്‌. ഐവറി കോസ്റ്റിൽ ഏതാണ്ട്‌ 80 ശതമാനം മഴക്കാടുകൾ കൈയേറി അവിടെ കൊക്കോ കൃഷിഭൂമിയാക്കി. ഘാനയിലെ കർഷകർ ഏതാണ്ട്‌ 65 ശതമാനം മഴക്കാടുകൾ വെട്ടി നിരത്തി കൊക്കോയിൽ ഭാഗ്യപരീക്ഷത്തിനു പതിറ്റാണ്ടിന്‌ മുന്നേ നീക്കം നടത്തി. 

കൊക്കോയുടെ ചരിത്രത്തിലേക്ക്‌ ഈ അവസരത്തിൽ ഒരു എത്തിനോട്ടത്തിന്‌ പ്രസക്‌തിയേറും. ദൈവങ്ങളുടെ ഭക്ഷണം എന്നറിയപ്പെടുന്ന, തിയോബ്രോമ, അതായത്‌ കൊക്കോ മരത്തിൽ നിന്നുള്ള കായ, അപ്പർ ആമസോൺ മേഖലയിൽ ഏകദേശം 5300 വർഷങ്ങൾക്ക് മുന്നേ വളർത്തിയിരുന്നു. ആമസോൺ മേഖലയിൽ മയോ ചിഞ്ചിപ്പ് സംസ്കാര അവശിഷ്‌ടങ്ങളിൽ നിന്നും കണ്ടെത്തി. അക്കാലത്ത്‌ കൊക്കോ ബീനിൽ നിന്നും പാനിയും തയാറാക്കിയിരുന്നു. 1520 കാലയളവിൽ സ്പാനിഷ് പര്യവേക്ഷകർ കൊക്കോ ബീൻസ് ആമസോണിയിൽ നിന്നും യൂറോപിലേക്കു പറിച്ചു നട്ടു. കാലം പിന്നിടും തോറും യൂറോപ്യൻ രാജ്യങ്ങളിൽ കൊക്കോ ഒഴിച്ചുകുടാനാവാത്ത വിഭവമായി. 

1700-1800 നൂറ്റാണ്ടിൽ യൂറോപ്യൻ കൊളോണിയൽ ശക്തികൾ ബ്രസീൽ, കരീബിയൻ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് അടിമകളായ ആഫ്രിക്കക്കാരുടെ അധ്വാനത്തിൽ കൊക്കോ കൃഷി വ്യാപിപ്പിച്ചു. യൂറോപ്യൻ ജനതയിൽ ചോക്ലേറ്റിന്റെ ആവശ്യം അന്നും ഉയർന്നുനിന്നത്‌ കൊക്കോയുടെ പെരുമ ആഗോള തലത്തിൽ വ്യാപിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ അടിമത്ത നിർമാർജനത്തിനുള്ള നീക്കം കണ്ട്‌ യൂറോപ്യൻ ചോക്ലേറ്റ്‌ കമ്പനികൾ കൃഷിക്ക്‌ അനുയോജ്യമായ കാലാവസ്ഥയും യൂറോപ്യൻ കൊളോണിയൽ ഭരണാധികാരികളുടെ കൈകളിൽ അധികാരത്തിന്റെ ചെങ്കോലുമുള്ള പശ്ചിമ ആഫ്രിക്കയെ ഇതിനായി അവർ ദേവഭൂമിയാക്കി. 

Representational image. Image credit: 3000RISK/iStockPhoto
Representational image. Image credit: 3000RISK/iStockPhoto

രാജ്യാന്തര മാർക്കറ്റിലെ ഉണർവ്‌ ഇന്ത്യൻ കൊക്കോയ്‌ക്കും കരുത്ത്‌ പകരും. ആന്ധ്രയിലെ ഗോദാവരി മേഖലയിൽ വ്യാപകമായി കൊക്കോ കൃഷിയുണ്ട്‌. ഏകദേശം 12,000 ടൺ കൊക്കോ ആന്ധ്ര ഉൽപാദിപ്പിക്കുന്നു. കഴിഞ്ഞ വർഷം കിലോ 150-250 രൂപയിൽ വിപണനം നടന്ന ഉണക്ക കൊക്കോ നിലവിൽ 800 രൂപയായത്‌ കാർഷിക മേഖലയ്‌ക്ക്‌ കൊക്കോയിലെ വിശ്വാസം ഇരട്ടിപ്പിച്ചു. കൃഷി വ്യാപിപ്പിക്കാൻ ആവശ്യത്തിനു ഭൂമിയുള്ളതിനാൽ പടിഞ്ഞാറൻ ഗോദാവരിയിലെ കർഷകർ പുതിയ തൈകൾ നട്ടു പിടിപ്പിക്കുന്ന തിരക്കിലാണ്‌. 

ഇതിനിടെ ബഹുരാഷ്‌ട്ര കമ്പനിക്ക്‌ ചരക്ക്‌ കൈമാറാമെന്ന വ്യവസ്ഥയിൽ ഒരു അർധസർക്കാർ സ്ഥാപനം കഴിഞ്ഞ വർഷം ഉറപ്പിച്ച കരാർ പ്രകാരമുള്ള കൊക്കോയിൽ വലിയ പങ്ക്‌ ഇനിയും നൽകിയിട്ടില്ലെന്നാണ്‌ അരമന രഹസ്യം. കിലോ 300 രൂപയിലാണ്‌ അന്ന്‌ അവർ കരാർ ഉറപ്പിച്ചത്‌. കൊക്കോ വിലയിൽ ഇത്തരം ഒരു സുനാമി അലയടിക്കുമെന്ന്‌ ഉദ്യോഗസ്ഥർ അന്ന്‌ സ്വപ്‌നത്തിൽ പോലും വിചാരിച്ചിരുന്നില്ല. 

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ചരക്ക്‌ തമിഴ്‌നാട്‌, കർണാടക, ആന്ധ്രയിലും വിളയുന്ന കൊക്കോയിലും ഉയർന്ന നിലവാരം പുലർത്തുന്നത്‌ ഡിമാൻഡ് വർധിപ്പിച്ചു. കേരളം അടുത്ത മാസം പുതിയ കൊക്കോ കൂടുതലായി വിൽപ്പനയ്‌ക്ക്‌ ഇറക്കും. മികച്ച കാലാവസ്ഥ ഉൽപാദനം ഉയർത്തുമെന്ന വിശ്വാസത്തിലാണ്‌ കാർഷിക മേഖലയും. ആറു മാസമായുള്ള വിലക്കയറ്റം മുൻനിർത്തി കർഷകർ തോട്ടങ്ങൾക്ക്‌ കൂടുതൽ പരിചരണം നൽകിയത്‌  വിളവ്‌ മെച്ചപ്പെടുത്തും.  

കിലോ 980 വരെ ഉയർന്ന്‌ ഹൈറേഞ്ച്‌ ചരക്ക്‌ ശേഖരിച്ച വ്യവസായികൾ സീസൺ മുന്നിൽക്കണ്ട്‌ നിരക്ക്‌ ചെറിയതോതിൽ താഴ്‌ത്താൻ ശ്രമം നടത്തുന്നുണ്ട്‌. 900-840 രൂപ റേഞ്ചിൽ കൊക്കോയ്‌ക്ക്‌ ആദ്യ താങ്ങ്‌ പ്രതീക്ഷിക്കാം. വിൽപ്പന സമ്മർദ്ദം സൃഷ്‌ടിക്കാതെ ചരക്ക്‌ ഇറക്കാൻ കാർഷിക മേഖല നീക്കം നടത്തിയാൽ ആഗോള വിപണിയിലെ ഉണർവ്‌ നമുക്ക്‌ വരും മാസങ്ങളിലും കൈപ്പിടിയിൽ ഒതുക്കാനാവും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com