ADVERTISEMENT

കത്തുന്ന വേനൽ കഴിയുമ്പോൾ ആകാശത്ത് കറുത്ത കൊമ്പനാനകൾ പോലെ കാർമുകിലുകൾ നിരക്കും. നീലമലകൾക്കു മുകളിൽ മിന്നൽപ്പിണരുകൾ പൊട്ടിവിടർന്നു പുളയ്ക്കും. ഉഗ്രമായി ഇടിപൊട്ടും. ആ ഇടിനാദം മുഴങ്ങുമ്പോൾ പാമ്പിന്‍മുട്ടകൾ വിരിയും. പാവക്കൂണുകൾ മുളയ്ക്കും. മണ്ണിലുറങ്ങിയ വിത്തുകൾ ഞെട്ടിയുണരും.

മാനത്തെ തിരുവരങ്ങില്‍ നടക്കുന്ന ഈ പീലിത്തിരുമുടിയാട്ടം ഒരു പടപ്പുറപ്പാടിന്റെ ആരംഭമാണ്. ഇടവപ്പാതിമഴയുടെ ഇലഞ്ഞിത്തറമേളത്തിനുള്ള കേളികൊട്ടാണ്.  ഒന്നുരണ്ടു ദിവസത്തിനുള്ളിൽ പേമാരി തകർത്തു പെയ്തുതുടങ്ങും. കേണും ചിരിച്ചും വിതുമ്പിയും നിര്‍ത്താതെ പിറുപിറുത്തും പാറുന്ന മുടിയിട്ടുലച്ചും മഴ പെയ്യുകയായി. മുറ്റത്തും പറമ്പിലും വയലിലും ആയിരം നീർപ്പോളകൾ വിരിയുകയായി. മണ്ണുകലർന്ന ചുവന്ന വെള്ളം ഇടവഴികളിലും തോട്ടിലും പുഴയിലും നിറയുകയായി. മഴയുടെ താളം കേട്ടുമയങ്ങിയ ചെറുമീനുകളുടെ തീർഥയാത്ര തുടങ്ങുകയായി. ഓരോ മഴയ്ക്കും ഓരോ താളവും ശ്രുതിയും ലയവു‌മുണ്ട്. കുട്ടനാട്ടിലെ മഴയുടെ താളത്തെക്കുറിച്ച് കാവാലം എഴുതിപ്പാടിയതു കേൾക്കുമ്പോൾ അതാ, മുറ്റത്തു മഴയുടെ മോഹിനിയാട്ടം തുടങ്ങിക്കഴിഞ്ഞു: ‘ജികിതി തക്കം തെയ്തൈ! ജികിതികി തക്കം തൈ! ജികിതികി തക്കം തെയ്തൈ! ജികിതികി തക്കം തൈ!’

ഞാറ്റുവേലയും കാക്കക്കാലും 

ഞാറ്റുവേലകൾക്കൊപ്പമായിരുന്നു നമ്മുടെ കൃഷിയും ജീവിതവും. അശ്വതി, ആയില്യം, കാർത്തിക, തിരു വാതിര, പുണർതം, പൂയം, ഭരണി, മകയിരം, രോഹിണി എന്നിങ്ങനെയുള്ള ഞാറ്റുവേലകളിൽ  തിരുവാതി‌രയാണ് താരം. മിഥുനം ഏഴു മുതൽ 21 വരെയുള്ള ഈ ഞാറ്റുവേലയിൽ ‘നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും’ എന്നാണു പറയുക. നടുതലകൾ നടാൻ പറ്റിയ സമയം. വിരലൊടിച്ചു കുത്തിയാലും പൊടി‌ക്കും! കരുമുളകിനു ബഹുവിശേഷം. വേനൽമഴയുടെ സമയത്താണ് അശ്വതി, ആയില്യം ഞാറ്റുവേലകൾ. പുണർതം വെള്ളപ്പൊക്കക്കാലമാണ്. പൂയം ഞാറ്റുവേലയിലെ മഴ ‘പോത്തിന്റെ പുറത്തും പുല്ലു മുളപ്പിക്കും’ എന്നാണ് ചൊല്ല്. ഭരണി വരുമ്പോൾ നെൽവിത്തു പാകാം. മകയിരത്തിൽ കനത്ത മഴയാണ്. രോഹിണിയിൽ പയർ നടാം. 

കാർത്തിക കാൽഭാഗമാകുമ്പോൾ മഴ വീണ്ടും തൂളിയാൽ ഇടവപ്പാതി പൊടിപൊടിക്കുമെന്ന് ഉറപ്പാക്കാം. ‘കാർത്തികക്കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും’- എന്നാണ് അനുഭവം. കാർത്തിക ഞാറ്റുവേലയുടെ കാൽഭാഗമാകുമ്പോൾ ചെറിയ മഴ പെയ്ത് കാക്കയുടെ കാൽ നനഞ്ഞാലും പിന്നീട് മഴ ശക്തമാകും എന്നു  ധ്വനി. ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ലെന്നും മുതിരയ്ക്ക് മൂന്നു മഴ വേണ്ട തുണ്ടെന്നും കുംഭത്തിൽ പെയ്താൽ കുപ്പയിലും മാണിക്യം വിരിയുമെന്നും  പഴമയുടെ പാഠങ്ങള്‍.

ചുട്ട പപ്പടവും തേങ്ങാക്കൊത്തും

മഴ വന്നു വീഴുന്നതിനു മുന്‍പേ വീടും തൊടിയും ഒരുങ്ങും. പനിയും ചുമയും മാറ്റാൻ ദശപുഷ്പങ്ങളും പനിക്കൂർക്കയിലയും തയാര്‍. ഈച്ച-പൂച്ച-പുഴു-കീടങ്ങളെയകറ്റാൻ പൂമുഖങ്ങളിൽ അഷ്ടഗന്ധവും കച്ചോലവും ചകിരിയും നിറഞ്ഞ നെരിപ്പോടുകൾ പുകയും.

ഇതിനിടെ, നിലവറയിലുറങ്ങിയിരുന്ന ആഹാരസാധനങ്ങൾ ഓരോന്നായി അടുക്കളയിലേക്കു പുറപ്പെടും. ചിതലിന്റെ പുറ്റുമണ്ണു പുരട്ടി കലത്തിലാക്കി സൂക്ഷിച്ചിരുന്ന ചക്കക്കുരുവും ഭരണികളിലെ മാമ്പഴത്തിരയും ചക്ക വരട്ടിയതും ഉപ്പുമാങ്ങയും ചമ്മന്തിപ്പൊടികളും ഉപ്പേരികളും ചെറുതേനും വറുത്ത ചക്കക്കുരുവും ചക്കരയും തേങ്ങയും തേനും ചേര്‍ത്തിടിച്ചുണ്ടാക്കിയ പലഹാരവും ചൂടു കട്ടൻകാപ്പിയും ചുട്ടപപ്പടവു മൊക്ക മാറി മാറി നനഞ്ഞ സായാഹ്നങ്ങളിൽ വിശിഷ്ടവിഭവങ്ങളായി മുന്നിലെത്തും. തോട്ടിലൂടെ ഒഴുകിയെത്തുന്ന പഴുത്ത കുടമ്പുളിയും ആഞ്ഞിലിച്ചക്കയും തോട്ടരുകിലെ കറുത്തു പഴുത്ത കാരകാരപ്പഴങ്ങളും തൊടിയിലെ തെച്ചിപ്പഴങ്ങളും മഴയുടെ സവിശേഷ സമ്മാനങ്ങള്‍. ചാക്കുകളിൽ തട്ടുമ്പുറത്ത് കെട്ടിവച്ചിരുന്ന ഉണക്കുകപ്പയും ഈന്തങ്ങയും പുട്ടും പുഴുക്കും പിടിയുമായി മാറുന്നതും മഴക്കാലത്താണ്.

കുടശ്ശീലയുടെ കാലാവസ്ഥാ പ്രവചനം

കാറ്റും മേഘവും ഭാര്യാഭർത്താക്കന്മാരത്രേ! കാറ്റുമൂലം മേഘം ഗർഭം ധരിച്ച് മഴയുണ്ടാകുന്നു എന്നാണ് സങ്കല്‍പം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ നെല്ലറയായിരുന്ന നാഞ്ചിനാടിന്റെ ഐശ്വര്യം രണ്ടു കാറ്റുകളായിരുന്നു. വടക്കൻ കാറ്റും തെക്കൻ കാറ്റും. തിരുവിതാംകൂറിൽ വലിയൊരു ജനവിഭാഗത്തിന്റെ പട്ടിണി മാറ്റിയതും ഈ മഴകളും കാറ്റുകളും തരുന്ന സമൃദ്ധിയായിരുന്നു. എന്നാൽ, പാലക്കാടന്‍ കാറ്റ് കിഴക്കനാണ്. കശുമാവ്, വാഴ, നെല്ല് തുടങ്ങിയ വിളകള്‍ക്ക് ഈ കാറ്റ് ദോഷം ചെയ്യും. കാറ്റിന്റെ ദിശയും മഴയുടെ സ്വഭാവവുമറിയാൻ പശുക്കൂടിനടുത്തുള്ള വൈക്കോൽത്തുറുവിന്റെ മുകളിൽ പഴയ കുടശ്ശീലകൊണ്ട് കൊടികെട്ടുന്ന രീതിയുണ്ടായിരുന്നു. കുടശ്ശീല പാറുന്ന ദിശ നോക്കി മഴയുടെ വരവും സ്വഭാവവും പ്രവചിക്കുമായിരുന്നത്രെ പഴമക്കാര്‍. 

ആശങ്കയുടെ ചക്രവാതച്ചുഴികൾ

പണ്ട് ഇടവപ്പാതിയെന്നാൽ അമൃതമഴയും തുലാവർഷമെന്നാൽ പുണ്യമഴയുമായിരുന്നു. അന്നൊക്കെ മഴയുടെ കാരുണ്യം തൊടിയിലും വയലേലകളിലും അനുഗ്രഹവർഷമായി പെയ്തിറങ്ങി. അമ്മമഴക്കാറുകൾ മണ്ണിൽ സ്നേഹത്തിന്റെ ഉറവുകൾ ഒരുക്കിത്തന്നു. മഴയുടെ തങ്കവളയിട്ട  കൈകളിൽ തലവച്ചു നമ്മൾ സസുഖമുറങ്ങി.   

ഇന്നു  മേഘങ്ങളുടെ മട്ടുമാറിയിരിക്കുന്നു. മലകളിൽ ഇടി മുഴങ്ങുമ്പോൾ അജ്ഞാതമായ ഭയം നമ്മളെ വേട്ടയാടുന്നു. കത്തുന്ന വേനൽച്ചൂടിന്റെ കനൽ കെടുന്നതിനു മുന്‍പേ കലിതുള്ളിയെന്നുന്ന പേമാരി നാടിന്റെ നെഞ്ചകം കലക്കുന്നു. ഇടവ മഴക്കാറുകളുടെ കലിയടങ്ങട്ടെ! ഇടവപ്പാതിപ്പാതിരകൾ പണ്ടേപോലെ ആർദ്രവും  സുഖകരവുമാകട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com