ADVERTISEMENT

ഭാഗം 1: 8,500 ഉരുക്കൾ, 55 ലീറ്റർ പാൽ ചുരത്തുന്ന പശുക്കൾ, പരിചരിക്കാൻ 54 പേർ; വിദേശ ഫാമുകളും കേരളവും തമ്മിൽ!

ക്ഷീരോൽപാദന രംഗത്തെ ആദായപ്പുതുമകൾ- ഭാഗം 2

വ്യാവസായിക ഫാമുകളിലെ ആദായം നിർണയിക്കുന്നതിൽ യന്ത്രവൽക്കരണം വഴി മനുഷാധ്വാനം പരമാവധി കുറയ്ക്കുന്ന അടിസ്ഥാന തത്വം പ്രാവർത്തികമാക്കേണ്ടത് കേരളം പോലെ തൊഴിൽ ലഭ്യതയ്ക്ക് ചെലവേറിയ സംസ്ഥാനത്തിന്റെ സാഹചര്യത്തിൽ സുപ്രധാനമാണ്. വ്യാവസായിക ഫാമുകളിൽ മനുഷാധ്വാനം പരമാവധി കുറയ്ക്കാനുതകുംവിധം മൃഗങ്ങളുടെ പൊതു പരിപാലനമുറകൾ ഏതെല്ലാം വിധമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് നോക്കാം. എനിക്കു ജോലി ചെയ്യാൻ അവസരം ലഭിച്ച വ്യാവസായിക ഫാമിൽ മിക്കവാറും എല്ലാ പരിപാലന മുറകളും യന്ത്രവൽക്കരണം വഴി നടക്കുന്നതിനാൽ കറവയുള്ള പശുക്കളുടെ പൊതുവായ പരിചരണമുറകൾക്ക് അഥവാ നിരീക്ഷണത്തിന് നിയോഗിക്കുന്നതു വെറും 800 പശുക്കൾക്ക് ഒരാൾ വീതമാണെന്നു മുൻപ് സൂചിപ്പിച്ചല്ലോ. വാച്ച്‌മാൻ എന്നു വിളിക്കുന്ന ഇവരുടെ ജോലി ഏറെ സുഗമമാക്കും വിധമാണ് പശുക്കളെ പാർപ്പിക്കുന്നതിനൊപ്പം തീറ്റയും കുടിവെള്ളവും ലഭ്യമാക്കൽ, ശുചീകരണം, മദി നീരീക്ഷണം, പ്രജനനം, ആരോഗ്യ പരിരക്ഷ എന്നിവയെല്ലാം ചെയ്തു വരുന്നത്. 

തൊഴുത്ത് അഥവാ പാർപ്പിടം

നമ്മുടെ നാട്ടിൽ മുഴുവൻ സമയവും അല്ലെങ്കിൽ രാത്രിയിലെങ്കിലും പശുക്കളെ കയറോ ചങ്ങലയോ ഉപയോഗിച്ച് കെട്ടിയിട്ടാണല്ലോ വളർത്തുന്നത്. ഇത്തരം പരിപാലനത്തിനനുസരിച്ച് കെട്ടിയിട്ട് വളർത്താൻ അനുയോജ്യമായ ചെറിയ തൊഴുത്തുകളുടെ സ്ഥാനത്ത് യന്ത്രവൽകൃത ഫാമുകളിൽ മൃഗങ്ങളെ പൂർണമായും തുറന്നുവിട്ട് വളർത്തുന്നതിനാൽ ലളിതമായ പാർപ്പിടങ്ങളാണ് നിർമിച്ചിരിക്കുന്നത്. 200 മീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ള ഓരോ തൊഴുത്തും സമചതുരാകൃതിയിലുള്ള നാലു സെക്ഷനുകളായി തിരിച്ച് ഓരോന്നിലും 200 വീതം പശുക്കളെയാണ് പാർപ്പിക്കുന്നത്. തൊഴുത്തിന്റെ മധ്യ ഭാഗത്തായി 20 മീറ്റർ വീതിയും 200  മീറ്റർ നീളവുമുള്ള മേൽക്കൂരയോട് കൂടിയ ഭാഗവും ബാക്കി തുറസ്സായ സ്ഥലവുമാണ്. മേൽക്കൂരയ്ക്ക് കീഴിയിലുള്ള ഭാഗം കോൺക്രീറ്റ് പ്രതലത്തോടു കൂടിയതും തുറസായ സ്ഥലം മണൽ വിരിച്ചതുമാണ്. ഇരുവശങ്ങളിലേക്കു ചെരിവോടു കൂടിയ മേൽക്കൂരയ്ക്കു കീഴിൽ മധ്യഭാഗത്തായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ തീറ്റ നൽകാനുള്ള വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വിധം 6 മീറ്റർ വീതിയിൽ പുൽത്തൊട്ടിലും ബാക്കി ഭാഗം ഓരോ സെക്ഷനിലുമായി ആറു മീറ്റർ വീതിയിൽ നേരിയ ചെരിവോടു കൂടി പശുക്കൾക്ക് കയറി നിൽക്കാവുന്ന സ്ഥലവുമാണ്. 

ഓരോ സെക്ഷനും പുൽക്കൂട്ടിൽ നിന്ന് വേർതിരിക്കുന്ന ഭാഗത്ത് പ്രത്യേക രീതിയിലുള്ള വിടവുകളോടു കൂടിയ പൈപ്പ് വേലിയാണുള്ളത്. വേലിയിലെ അര മീറ്റർ അകലത്തിലുള്ള വിടവുകളിലൂടെ ഓരോ പശുവിനും തീറ്റ വസ്തുക്കൾ കഴിക്കാൻ തലയിടാവുന്നതും സ്വതന്ത്രമായി തിരിച്ച് പോകാവന്നതുമാണ്. എന്നാൽ ആവശ്യമാകുന്ന പക്ഷം പശുക്കളെ പിടിക്കാൻ പ്രത്യേകം സജ്ജീകരിച്ച ലോക്ക് സിസ്റ്റവും ഈ വേലികളിൽ നിർമിച്ചിട്ടുണ്ട്. ഓരോ സെക്ഷനുകളിലും വേലികളിൽ നിർമിച്ചിട്ടുള്ള പ്രത്യേക ലിവർ ഉപയോഗിച്ച് പുൽത്തൊട്ടിയിൽ തലയിടുന്ന മൊത്തം പശുക്കളെയും വേണ്ട സമയത്ത് തലയൂരാൻ സാധ്യമാകാത്ത വിധം അതാത് സ്ഥാനങ്ങളിൽ നിർത്താനും ആവശ്യമുള്ളവയെ മാത്രം നില നിർത്തി ബാക്കിയുള്ളവയെ തുറന്നു വിടാനും സാധ്യമാകുന്ന വിധമാണ് ലോക്ക് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്. ഇപ്രകാരം ദൈനംദിന പരിപാലനത്തിൽ സാധ്യമാക്കുന്ന സൗകര്യം ഊഹിക്കാവുന്നതേയുള്ളൂ.

പാർപ്പിടത്തിന്റെ വശങ്ങൾ ലളിതമായ വിധം എന്നാൽ വേണ്ടത്ര ബലത്തോടെയും ഉയരത്തിലും പൈപ്പ് വേലി കൊണ്ടാണ് തീർത്തിരിക്കുന്നത്. ഓരോ സെക്ഷനുകളുടെയും പുറത്തായി വീതിയുള്ള നടപ്പാതകൾ ഉള്ളതിനാൽ പശുക്കളെ ഒരു സെക്ഷനിൽ നിന്ന് മറ്റൊന്നിലേക്കും കറവ സ്ഥലത്തേക്കും കൊണ്ടുപോകാൻ എളുപ്പമാണ്. ഇത്തരം ആവശ്യങ്ങൾക്ക് അനുയോജ്യമാകും വിധം ആവശ്യമായ വലുപ്പത്തിലും എണ്ണത്തിലും ഇരുവശങ്ങളിലേക്കും തുറക്കാവുന്ന ഗേറ്റുകളും ഈ വേലികളിൽ നിർമിച്ചിട്ടുണ്ട്. ഓരോ സെക്ഷനുകളിലും വേലിക്കരികിലും മധ്യത്തിലുമെല്ലാം പശുക്കളുടെ ആവശ്യാനുസരണം വെള്ളം കുടിക്കാവുന്ന വിധം എന്നാൽ വെള്ളത്തിൽ കാലിടാൻ പറ്റാത്ത ഉയരത്തിലും വെള്ള ടാങ്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളത്തിന്റെ ലെവൽ സ്വയം ക്രമീകരിക്കപ്പെടുന്നതും ചില ടാങ്കുകളെങ്കിലും ചൂട് കാലത്തെ കൊടും വെയിലിൽ നിന്ന് ലളിതമായ മേൽക്കൂരയാൽ സംരക്ഷിച്ചവയുമാണ്. നമ്മുടെ നാട്ടിലെ താരതമ്യേന ചെറിയ ഫാമുകളിലും മാനുഷികാധ്വാനം പരമാവധി കുറയുന്ന  ഇത്തരം പാർപ്പിടങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. പക്ഷേ കെട്ടിയിട്ട് വളർത്തുന്ന രീതിയിൽനിന്ന് സ്വതന്ത്ര പരിപാലന രീതിയിലേക്ക് മാറണമെന്നത് അനിവാര്യമാണ്. മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും പരിഗണിച്ച് അന്താരാഷ്ട്ര തലത്തിൽ ഊർജ്ജിത പരിപാലന രീതി വളരെയധികം നിരുത്സാഹപ്പെടുത്തി വരുന്നതും ഈ അവസരത്തിൽ സഗൗരവം കണക്കിലെടുക്കേണ്ടതാണ്.

Image credit: Parilov/ShutterStock
Image credit: Parilov/ShutterStock

ശുചിത്വം

നമ്മുടെ നാട്ടിൽ ഡെയറി ഫാമുകളിൽ ഏറ്റവുമധികം മനുഷാധ്വാനവും ധാരാളം വെള്ളവും വേണ്ടിവരുന്നത് പശുക്കളെ കുളിപ്പിക്കാനും തൊഴുത്ത് വൃത്തിയാക്കാനുമാണല്ലോ. ഊർജ്ജിത പരിപാലനവും ആർദ്രത കൂടിയ അന്തരീക്ഷ സാഹചര്യങ്ങളും ഇത് അനിവാര്യവുമാക്കുന്നു. എന്നാൽ, സ്വതന്ത്ര പരിപാലനം നിലനിൽക്കുന്ന വിദേശത്തെ വൻകിട ഫാമുകളിലൊന്നും പശുക്കളെ കുളിപ്പിക്കാറില്ല എന്നതാണ് വസ്തുത. ചൂടുള്ള അന്തരീക്ഷവും സ്വതന്ത്ര പരിപാലനവും തുറസായ പാർപ്പിട ഭാഗത്തെ ഉണങ്ങിയ മണൽ വിരിച്ച പ്രതലവും പശുക്കളെ സ്വയം ശുചിത്വമുള്ളവയാക്കുന്നു. മരുഭൂ കാലാവസ്ഥ ഇതിന് ഏറെ അനുയോജ്യവുമാണെന്നത് പറയാതെ വയ്യ. മേൽക്കൂരയുള്ള പാർപ്പിട ഭാഗം നിത്യേന വലുതും ചെറുതുമായ യന്ത്രങ്ങൾ ഉപയോഗിച്ച് ചാണകം നീക്കി വൃത്തിയാക്കുകയും, തുറസ്സായ ഭാഗത്തെ മണൽ വിരി ചാണകത്തിന്റെ അനുപാതം കൂടുന്നതനുസരിച്ച് ഒന്നോ രണ്ടോ മാസങ്ങൾ തോറും പൂർണമായും നീക്കം ചെയ്ത് പുതിയ മണൽ വിരിക്കുകയും ചെയ്യുന്നു. മരുഭൂ പ്രദേശത്ത് ആവശ്യാനുസരണം മണൽ ലഭ്യമാണെന്നതും അനുഗ്രഹമാണ്. കൂടാതെ കറവയ്ക്ക് പോകുന്ന പശുക്കളെ മിൽക്കിങ് പാർലറിലേക്ക് പ്രവേശിക്കും മുൻപ് അടിഭാഗത്തുനിന്നും വശങ്ങളിൽനിന്നും വെള്ളം ചീറ്റുന്ന പ്രഷർ വാഷർ സംവിധാനം ഉപയോഗിച്ച് ഓരോ തവണയും കഴുകുന്നത് പതിവാണ്. ഇതും പശുക്കളുടെ ശരീര ശുചിത്വം വർധിപ്പിക്കുന്നു. പക്ഷേ ശുചിത്വം ഉറപ്പാക്കാൻ ഇത്തരമൊരു പരിപാലന രീതി നമ്മുടെ നാട്ടിൽ പ്രായോഗികമാവില്ല എന്നതിനാൽ ബദൽ സംവിധാനങ്ങൾ അലോചിക്കേണ്ടിയിരിക്കുന്നു.

Image credit: Corepics VOF/ShutterStock
Image credit: Corepics VOF/ShutterStock

വാച്ച്മാൻ ചുമതലകൾ     

നമ്മുടെ നാട്ടിൽ ഡെയറി ഫാമുകളിൽ തൊഴിലാളികൾ നിർവഹിക്കുന്ന മിക്കവാറും ജോലികളെല്ലാം വ്യവസായിക ഫാമിൽ യന്ത്രവൽകൃതമായതിനാൽ 800 പശുക്കൾക്ക് ഒരാൾ വീതം 10-12 മണിക്കൂർ നിയോഗിക്കപ്പെടുന്ന വാച്ച്മാന്റെ സുപ്രധാന ജോലികൾ എന്തൊക്കെയാണെന്ന് നോക്കാം. 

  1. പശുക്കൾക്ക് ഭക്ഷിക്കാൻ എത്താത്ത വിധം അകലത്തിലുള്ള തീറ്റ വസ്തുക്കൾ അടുത്തേക്ക് നീക്കി കൊടുക്കുക
  2. ആവശ്യമായ ഇടവേളകളിൽ കുടിവെള്ള ടാങ്കുകൾ വൃത്തിയാക്കുക
  3. രോഗ ലക്ഷണങ്ങൾ കാണിക്കുന്നവയെ തിരിച്ചറിഞ്ഞ് വിവരമറിയിക്കുക, സെക്ഷനകത്ത് ചെയ്യുന്ന ചികിത്സയ്ക്ക് സഹായിക്കുക
  4. ആവശ്യമാകുന്ന പക്ഷം രോഗമുള്ളവയെ ചികിത്സാ സ്ഥലത്തേക്കു മറ്റുള്ളവരുടെ സഹായത്തോടെ എത്തിക്കുക
  5. മദി ലക്ഷണങ്ങൾ നിരീക്ഷിച്ച് ബീജാധാനത്തിനായി റിപ്പോർട്ട് ചെയ്യുക
  6. പുൽക്കൂട്ടിലെ ലോക്ക് ഉപയോഗിച്ച് ആവശ്യമുള്ള പശുക്കളെ പിടിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ചെയ്യുക  
  7. ആവശ്യാനുസരണം ധാതുലവണ ബ്ലോക്കുകൾ സെക്ഷനുകളിൽ സ്ഥാപിക്കുക 
  8. പശുക്കളെ തിരിച്ചറിയാൻ ചെവിയിൽ അടിച്ച നമ്പർ ടാഗുകൾ നഷ്ടപ്പെടുന്നവ പുനഃസ്ഥാപിക്കുക 
  9. ആവശ്യമാകുന്ന ഇടവേളകളിൽ പശുക്കളെ തരംതിരിക്കാൻ സഹായിക്കുക 
  10. അസാധാരണ കാര്യങ്ങൾ നിരീക്ഷിച്ച് സാധ്യമായവ സ്വയം പരിഹരിക്കുകയോ വേണ്ടവരെ അറിയിക്കുകയോ ചെയ്യുക  

മേൽപറഞ്ഞ പല പ്രവൃത്തികളും ഇടവേളകളിൽ മാത്രം ആവശ്യമായവയും ലളിതവും ആണല്ലോ. താരതമ്യേന പ്രയാസമേറിയ ജോലി ഇടവേളകളിൽ പശുക്കളെ തരം തിരിക്കുന്നതും സെക്ഷനുകൾ മാറ്റുന്നതുമാണ്. പരിപാലന സൗകര്യങ്ങൾക്കായി പശുക്കളെ പ്രത്യേകിച്ചും ഉൽപാദനത്തിനനുസരിച്ച് ഇടയ്ക്കിടയ്ക്ക് സെക്ഷനുകൾ മാറ്റേണ്ടതായി വരും. ഇതിനായി പുൽക്കൂട്ടിൽ ലോക്ക് ചെയ്ത പശുക്കളെ താൽക്കാലിക അടയാളം നൽകി മിൽക്കിങ് പാർലറിൽ നിന്ന് മടങ്ങി വരുമ്പോൾ വിവിധ സെക്ഷനുകളിലേക്ക് തിരിച്ചു വിടുകയാണ് ചെയ്യാറുള്ളത്. എന്നാൽ വരിവരിയായി നടന്നു വരുന്ന പശുക്കളുടെ കൂട്ടായ്‌മ വേർതിരിക്കുക എന്നത് മിക്കപ്പോഴും എളുപ്പമായിരിക്കില്ല. ഏറ്റവും ആധുനിക ഡെയറി ഫാമുകളിൽ സെൻസറുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകൾ വരെ ഇതിനായി ഉപയോഗിച്ചു വരുന്നു. 

നമ്മുടെ നാട്ടിൽ നിലവിലുള്ള ഡെയറി ഫാമുകൾ  ചെറുതും പാർപ്പിട സജ്ജീകരണവും പൊതുപരിപാലന രീതികളും വ്യത്യസ്തവുമായതിനാൽ മേൽ പറഞ്ഞ വിധം യന്ത്രവൽക്കരണം വഴി പൊതുപരിപാലനം ലളിതമാക്കുന്നതിന് പരിമിതികൾ ഏറെയാണ്. അതേസമയം തൊഴിലാളി ക്ഷാമവും കൂടിയ തൊഴിൽവേതനവും നിലവിലുള്ള നമ്മുടെ സംസ്ഥാനത്ത് പരമാവധി യന്ത്രവൽക്കരണവും അതിനായി പരിപാലന രീതികളിലെ മാറ്റവും സുപ്രധാനമാണ്. അതിനായി വ്യവസായിക ഫാമുകളിലെ മാതൃക ഉൾക്കൊണ്ടും ലഭ്യമായ സാഹചര്യം വിലയിരുത്തിയും പരമാവധി യന്ത്രവൽക്കരണം സാധ്യമാക്കുന്ന വിധം പരിപാലനം ക്രമീകരിക്കേണ്ടത് ക്ഷീരമേഖലയുടെ ഉന്നമനത്തിന് അനിവാര്യമാണ്.   

വിലാസം

ഡോ. സി.ഇബ്രാഹിം കുട്ടി

മൃഗ പ്രത്യുൽപാദന ശാസ്ത്ര വിദഗ്ധൻ, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം.

കേരള കാർഷിക സർവകലാശാല, കെസിഎഇടി ക്യാംപസ്, തവനൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com