ഒരു പാക്കറ്റ് വിത്തുകൊണ്ട് 2 ബെഡുകൾ; കൂൺ ബെഡ് തയാറാക്കുന്ന രീതി – വിഡിയോ
Mail This Article
കൂൺകൃഷി Part-3
കൂൺവിത്തുകൾ സാധാരണ ലഭിക്കുന്നത് 300 ഗ്രാം പാക്കറ്റിലാണ്. ഇതുപയോഗിച്ച് 2 ബെഡുകൾ നിർമിക്കാം. ഒരു ബെഡ് തയാറാക്കാൻ ഏകദേശം ഒന്നര–രണ്ടു കിലോയോളം അറക്കപ്പൊടി (അണുനശീകരണം നടത്തിയ, ആവശ്യത്തിന് ഈർപ്പമുള്ള അറക്കപ്പൊടി) വേണ്ടിവരും. ഇതിനായി 3 കിലോ അരി ഉൾക്കൊള്ളുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കവറാണ് ആവശ്യമെന്ന് അനിത ജലീൽ (ജെറീസ് മഷ്റൂം, പെരുമ്പാവൂർ) പറയുന്നു. വൈക്കോൽ ആണെങ്കിൽ 5 കിലോ അരി ഉൾക്കൊള്ളുന്ന കവറാണ് വേണ്ടിവരിക. വായൂ സഞ്ചാരത്തിനും കൂൺ മുളച്ചു പുറത്തേക്കു വരാനും വേണ്ടി കവറിൽ സുഷിരങ്ങൾ ഇടുകയും വേണം.
പ്ലാസ്റ്റിക് കവറിന്റെ അടിയിൽ കൂൺ വിത്ത് (സ്പോൺ) വിതറിയ ശേഷം അടുത്ത ലെയർ ആയി നേരത്തെ അണുനശീകരണം നടത്തിവച്ചിരിക്കുന്ന അറക്കപ്പൊടി നിരത്തണം. ഏകദേശം ഒരിഞ്ച് കനത്തിലാണ് അറക്കപ്പൊടി നിറയ്ക്കേണ്ടത്. ഇത് ചെറുതായി അമർത്തിയ ശേഷം വിത്ത് വിതറണം. പ്ലാസ്റ്റിക് കവറിനോട് ചേർത്തായിരിക്കണം വിത്ത് നിരത്തേക്കണ്ടത്. ശേഷം വീണ്ടും അറക്കപ്പൊടി നിറയ്ക്കാം. ഇത്തരത്തിൽ 5–6 ലെയർ ആയി അറക്കപ്പൊടി നിറച്ച് പ്ലാസ്റ്റിക് കവർ നന്നായി ചേർത്തു കെട്ടിയ ശേഷം 21 ദിവസം ഡാർക്ക് റൂമിൽ സൂക്ഷിക്കണം. അപ്പോഴേക്ക് കൂൺ ബെഡ് പൂർണമായും വെളുത്ത നിറത്തിലേക്ക് (മൈസീലിയം) മാറിയിരിക്കും. ഇത് ശരിയായ വളർച്ചയെ സൂചിപ്പിക്കുന്നു. അതിനുശേഷമാണ് ഹാർവെസ്റ്റിങ് റൂമിലേക്ക് മാറ്റേണ്ടത്.
ഹാർവെസ്റ്റിങ് റൂമിൽ മൈസീലിയത്തിന്റെ ശരിയായ വളർച്ചയ്ക്ക് ഈർപ്പം, വായുസഞ്ചാരം, കൃത്യമായ താപനില, വെളിച്ചം എന്നിവ ആവശ്യമാണ്. സാഹചര്യങ്ങൾ എല്ലാം അനുകൂലമായാൽ കൂൺ വളർന്നുതുടങ്ങുകയും ചെയ്യും. ഹാർവെസ്റ്റിങ് റൂമിലെത്തിയാൽ ഇനം അനുസരിച്ച് 21–30 ദിവസംകൊണ്ട് കൂൺ ഉണ്ടാകും.
നേരത്തെ സൂചിപ്പിച്ചതുപോലെ അറക്കപ്പൊടി ഉപയോഗിച്ച് ബെഡ് തയാറാക്കുമ്പോൾ ഒരു പാക്കറ്റ് വിത്തിൽനിന്ന് രണ്ടു ബെഡ് തയാറാക്കാൻ കഴിയും. അതുപോലെ വൈക്കോൽ ഉപയോഗിച്ച് തയാറാക്കുമ്പോൾ 2 പാക്കറ്റ് വിത്ത് ഉപയോഗിച്ച് 3 ബെഡുകളാണ് നിർമിക്കാൻ കഴിയുക. അതായത് അറക്കപ്പൊടി ബെഡിൽ 150 ഗ്രാം വിത്തും വൈക്കോൽ ബെഡിൽ 200 ഗ്രാം വിത്തും ആവശ്യമായി വരും.