ഒരു ബെഡിന് വിത്തുൾപ്പെടെ ചെലവ് 40 രൂപ; നടീൽ മാധ്യമം ഒരുക്കേണ്ടത് ഇങ്ങനെയാണ്
Mail This Article
കൂൺകൃഷി Part-2
കൂൺകൃഷി ചെയ്യാൻ മാധ്യമമായി മുൻപ് വൈക്കോലായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ വാണിജ്യക്കൃഷിയിൽ കൂടുതലായി ഉപയോഗിക്കുന്നത് റബറിന്റെ അറക്കപ്പൊടിയാണ്. മില്ലിൽനിന്ന് കാലതാമസമില്ലാതെ അറക്കപ്പൊടി ശേഖരിക്കുകയും അത് വൈകാതെതന്നെ അണുനശീകരണം നടത്തണം. അല്ലാത്തപക്ഷം പൊടിയിൽ ഫംഗസ് വളർന്ന് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിലാകുമെന്ന് അനിത ജലീൽ. 40 കിലോ പൊടിയടങ്ങിയ ഒരു ചാക്ക് വീട്ടിലെത്തുമ്പോൾ 250 രൂപയോളം ചെലവ് വരും. ഇത്രയും പൊടി ഉപയോഗിച്ച് 30 കൂൺബെഡുകളെങ്കിലും നിർമിക്കാൻ കഴിയും. വിത്തിന് 25 രൂപ, കവറിന് 2 രൂപ എന്നിങ്ങനെ ഒരു ബെഡ് ഒരുക്കാൻ 40 രൂപയിൽ താഴെ മാത്രമാണ് ചെലവെന്നും അനിത പറയുന്നു. എന്നാൽ, ബെഡ് തയാറാക്കുന്നതിനു മുൻപ് നടീൽ മാധ്യമം നല്ല രീതിയിൽ സംസ്കരിച്ചെടുക്കേണ്ടതുണ്ട്. ലളിതമായ രണ്ടു രീതി ഇവിടെ പരിചയപ്പെടാം.
മുൻപൊക്കെ കൂൺകർഷകർ നടീൽ മാധ്യമം ആവിയിൽ പുഴുങ്ങിയാണ് സംസ്കരിച്ചിരുന്നതെങ്കിൽ ഇന്ന് ആ രീതിയല്ല ഉപയോഗിക്കുക. കുമിൾനാശിനിയായ ബാവിസ്റ്റിൻ, ബ്ലീച്ചിങ് പൗഡർ, കാത്സ്യം കാർബണേറ്റ് എന്നിവ ഉപയോഗിച്ചാണ് പൊടി അണുവിമുക്തമാക്കിയെടുക്കുക. കാത്സ്യം കാർബണേറ്റിന് വളത്തിന്റെ റോളുമുണ്ട്.
2 ഗ്രാം ബാവിസ്റ്റിനും 7 ഗ്രാം ബ്ലീച്ചിങ് പൗഡറും 250 ഗ്രാം കാത്സ്യം കാർബണേറ്റും കൂടി 4 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് പത്തു കിലോ അറക്കപ്പൊടിയിൽ ഒഴിച്ച് നന്നായി ഇളക്കിച്ചേർക്കണം. 10 കിലോ പൊടിക്ക് 4 ലീറ്റർ വെള്ളം മാത്രമാണ് ചേർക്കുന്നതിനാൽ ആവശ്യമായ നനവ് മാത്രമേ പൊടിയിൽ ഉണ്ടാവുകയുള്ളൂ. വെള്ളത്തിന്റെ അളവ് കൂടിയാൽ പച്ച നിറത്തിലുള്ള കുമിൾ (ഫംഗസ്) ഈ മാധ്യമത്തിൽ വളരുകയും കൂൺ വളരാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യും. 24 മണിക്കൂറിനു ശേഷം ഇതുപയോഗിച്ച് ബെഡ് നിർമിക്കാം.
പൂർണമായും ജൈവം എന്ന രീതിയിൽ വേണമെങ്കിലും മാധ്യമം തയാറാക്കാം. ഇതിനായി 4 ലീറ്റർ വെള്ളത്തിൽ 250 ഗ്രാം കാത്സ്യം കാർബണേറ്റ് ചേർത്താൽ മതി. ഇതിനു ശേഷം ആവി കയറ്റി അണുനശീകരണം നടത്തുകയും വേണം. എന്നാൽ, പിന്നീട് വൃത്തിയുള്ള അന്തരീക്ഷത്തിൽ ബെഡ് തയാറാക്കിയില്ലെങ്കിലും നല്ല സാഹചര്യത്തിലല്ല വയ്ക്കുന്നതെങ്കിലും അതിവേഗം ബെഡ് നശിക്കാൻ കാരണമാകും.
അണുനശീകരണത്തിന് മറ്റൊരു രീതി
100 ലീറ്റർ വെള്ളത്തിൽ 8 ഗ്രാം ബാവിസ്റ്റിനും 10 ഗ്രാം ബ്ലീച്ചിങ് പൗഡറും ലയിപ്പിച്ചശേഷം അറക്കപ്പൊടി നിറച്ചും അണു നശീകരണം നടത്താം. 100 ലീറ്റർ വെള്ളത്തിൽ ഏകദേശം 30 കിലോ അറക്കപ്പൊടി ഇടാൻ കഴിയും. നന്നായി തിക്കിയൊതുക്കി വെള്ളം മുകളിൽ വരുന്ന രീതിയിൽ വേണം പൊടി വീപ്പയിൽ നിറയ്ക്കാം. 24 മണിക്കൂറിനു ശേഷം വെള്ളം നീക്കി പുട്ടിന്റെ നനവിലുള്ള പൊടി ബെഡ് നിർമാണത്തിനായി എടുക്കാം.
വൈക്കോലിനേക്കാൾ മികച്ചത് റബർത്തടിപ്പൊടി
വൈക്കോലിനെ അപേക്ഷിച്ച് റബർത്തടിപ്പൊടിയിൽനിന്നാണ് കൂടുതൽ വിളവ് ലഭിക്കുന്നതെന്ന് അനിത പറയുന്നു. വൈക്കോൽ ഉപയോഗിച്ചുള്ള ബെഡിൽനിന്ന് 3 തവണ വിളവ് എടുക്കാൻ കഴിയുമ്പോൾ റബർപ്പൊടി ഉപയോഗിക്കുന്ന ബെഡിൽ 5 തവണ വരെ വിളവെടുക്കാൻ കഴിയും. ആദ്യ വിളവിൽത്തന്നെ മുടക്കുമുതൽ ലഭിക്കുന്നതിനാൽ തുടർന്നുള്ളതെല്ലാം ലാഭമാണെന്നും അനിത അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.
ഫോൺ: 62383 05388
നാളെ: കൂൺ ബെഡ് നിർമാണം