ADVERTISEMENT

വനില കൃഷി ഇപ്പോഴത്തെ സാഹചര്യത്തിൽ ലാഭകരമാണോ എന്ന് കണ്ണൂർ ചന്ദനക്കാംപാറ ജോർജ് കാളിയാനിലിനോടു ചോദിച്ചാൽ വനില ബീൻസ് ഉയർത്തിപ്പിടിച്ച് അദ്ദേഹം പറയും– ‘‘അധ്വാനം കുറവും ഇത്രയും വരുമാനവും കിട്ടുന്ന കൃഷി വേറെയില്ല’’. നഷ്ടമാണെന്ന കാരണത്താൽ ഒരുകാലത്ത് മലയാളികൾ കയ്യൊഴിഞ്ഞ വനിലകൃഷി ലാഭത്തിലാണെന്ന് സമ്മിശ്രകൃഷിക്കാരനായ ജോർജ് പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാണ്.   കേരളത്തിൽ വനിലകൃഷിയുടെ ആദ്യകാലകൃഷിക്കാരൻ എന്ന നിലയിൽ നാലു പതിറ്റാണ്ടിന്റെ അനുഭവത്തിൽ ഇദ്ദേഹം പറയുമ്പോൾ അവിശ്വസിക്കേണ്ടതില്ല.

‘‘ഇപ്പോൾ വനില പച്ചബീൻസിന് കിലോയ്ക്ക് 850 രൂപ വിലയുണ്ട്. ഇതിന്റെ പകുതി കിട്ടിയാലും ലാഭമാണ്. ഉണങ്ങിയതിന് 2500 രൂപയും. ജൈവരീതിയിൽ കൃഷി ചെയ്ത വനിലയ്ക്ക് യൂറോപ്യൻ രാജ്യങ്ങളിലൊക്കെ ആവശ്യം കൂടിവരികയാണ്. അതുകൊണ്ടുതന്നെ ഉറപ്പിച്ചു പറയാം, വരാനിരിക്കുന്നത് വനിലയുടെ സുവർണകാലമാണ്.

സ്വന്തം പേരിലൊരു കശുവണ്ടി

കോട്ടയം മണിമലയിൽനിന്നു ചന്ദനക്കാംപാറയിലേക്കു കുടിയേറിയ കാളിയാനിൽ ഫിലിപ്–ഏലിക്കുട്ടി ദമ്പതികളുടെ മകനായ ജോർജ്(64) കുട്ടിക്കാലം മുതൽ കൃഷിയിലേക്കിറങ്ങിയതാണ്. പിതാവായിരുന്നു ഗുരു. വീതം കിട്ടിയ 3 ഏക്കറിൽ പകുതിയോളം കരിങ്കല്ലുനിറഞ്ഞതായിരുന്നു. അതെല്ലാം പൊട്ടിച്ചെടുത്ത് കൃഷിയിടമാക്കിയ ജോർജ് മണ്ണിൽ പൊന്നുവിളയിക്കുകയായിരുന്നു. തെങ്ങ്, കമുക്, കുരുമുളക്, കശുമാവ്, വനില, വാഴ എന്നിവയാണു പ്രധാന കൃഷി. വരുമാനം കൂടുതൽ ലഭിക്കുന്നത് കശുമാവ്, കുരുമുളക്, വനില എന്നിവയിൽനിന്ന്.

കെ.ജി. ഗോൾഡ് എന്നൊരു കശുമാവാണ് ഒന്നരയേക്കറിൽ കൃഷി ചെയ്തിരിക്കുന്നത്. കെജി എന്നാൽ കാളിയാനിൽ ജോർജ് എന്ന പേരിലെ ആദ്യ ഇംഗ്ലിഷ് അക്ഷരങ്ങൾ. സ്വന്തം പേരിലൊരു കശുമാവ് കൃഷി ചെയ്യുന്ന അപൂർവം കൃഷിക്കാരനായിരിക്കും ഇദ്ദേഹം.

65 എണ്ണം കശുവണ്ടിയുണ്ടെങ്കിൽ ഒരു കിലോഗ്രാം ഉണ്ടാകുമെന്നതാണ് കെ.ജി.ഗോൾഡിന്റെ പ്രത്യകത. കശുമാങ്ങയ്ക്ക് ആപ്പിളിന്റെ നിറമാണ്. രോഗപ്രതിരോധശേഷി കൂടുതലും. സ്വന്തം പറമ്പിൽനിന്നു തന്നെയാണ് ഈ ഇനം കിട്ടിയത്. കെ.ജി. ഗോൾഡിന്റെ തൈ 60 രൂപ തോതിൽ വിൽക്കുന്നുമുണ്ട്. നന്നായി പരിചരിച്ചാൽ മൂന്നു കൊല്ലം കൊണ്ട് ഈ ഇനം ഫലം തരുമെന്ന് ഇദ്ദേഹം പറഞ്ഞു.

കുരുമുളക്

12 ഇനം കുരുമുളക് ചെടികളാണ് പറമ്പിലുള്ളത്. കുരുമുളക് വള്ളി പിടിപ്പിക്കാൻ സ്വന്തമായൊരു രീതിയുണ്ട് ജോർജിന്. ശീമക്കൊന്ന കമ്പിലാണ് കുരുമുളക് പിടിപ്പിക്കുക. അരികിൽതന്നെ പ്ലാവിൻതൈ നടും. പ്ലാവ് വലുതാകുമ്പോൾ ശീമക്കൊന്നയിൽനിന്നു വള്ളി പ്ലാവിലേക്കു മാറ്റും. ദീർഘകാലം ഇതിൽ കുരുമുളക് കായ്ക്കും. അതുപോലെ റബറിലും കുരുമുളക് പടർത്തിയിട്ടുണ്ട്. പന്നിയൂർ ഇനമാണ് കൂടുതലുള്ളത്. 4 ക്വിന്റലാണ് ഈ വർഷം കുരുമുളക് വിറ്റത്. കോഴിവളം, ചാണകപ്പൊടി, രാസവളം എന്നിവയാണു കുരുമുളകിനു നൽകുക. 400 വള്ളികളിൽനിന്നും നല്ല വിളവു ലഭിക്കുന്നുണ്ട്.

‘‘ഇപ്പോൾ വനില പച്ച ബീൻസിന്  കിലോഗ്രാമിന് 850 രൂപ വിലയുണ്ട്. കുരുമുളകിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വനിലയ്ക്ക് 100 രൂപ കിട്ടിയാലും നഷ്ടമല്ല’’

വനിലകൃഷി

അധ്വാനം കുറവായ വനിലയ്ക്ക് ശ്രദ്ധയാണു കൂടുതൽ വേണ്ടതെന്ന് ജോർജ്. 1 മീറ്റർ നീളമുള്ള വള്ളിയാണു നടേണ്ടത്. 3 കൊല്ലം കൊണ്ട് വള്ളി പൂവിടാൻ തുടങ്ങും. സ്വയം പരാഗണം നടക്കുന്ന ചെടിയല്ല വനില. കൃത്രിമപരാഗണം ചെയ്യുമ്പോൾ ശ്രദ്ധ നന്നായി വേണം. രാവിലെ 6 മുതൽ 11 വരെയുള്ള സമയത്തിനുള്ളിൽ വേണം പരാഗണം.

വനിലയ്ക്ക് രാസവളം ഉപയോഗിക്കാറില്ല. കരിയില, പെട്ടെന്നു ദ്രവിക്കുന്ന മുരിക്ക്, മുരിങ്ങ മരങ്ങളുടെ കമ്പുകൾ എന്നിവ ചുവട്ടിൽ പുതയായി നൽകും. ഇത് ക്രമേണ പൊടിഞ്ഞ് മണ്ണിലെ ജൈവാംശം ഉയർത്തും. കൊല്ലത്തിൽ രണ്ടുതവണ കുമ്മായം ഇടാറുണ്ട്. ചാണകപ്പൊടിയും വളമായി നൽകുന്നു. മഴ കഴിയുമ്പോൾ ഉണങ്ങിയ ചപ്പ് പുതയിടും.

vannila-george-2

വനില വള്ളി പടർത്താൻ സ്വന്തമായൊരു രീതിയുണ്ട് ജോർജിന്. 1.5 മീറ്റർ ഉയരമുള്ള തേക്ക്, ഇരുൾ മരങ്ങളുടെ ഉണങ്ങിയ കമ്പ് 1.5 മീറ്റർ അകലത്തിൽ മണ്ണിൽ കുഴിച്ചിടും. ഇതിനു മുകളിൽ ഇരുമ്പുകമ്പി കെട്ടും. അതിലേക്കാണു വനില പടർത്തുക. താഴോട്ടു തൂങ്ങിനിൽക്കുന്ന വള്ളിയിലാണു പൂവിടുന്നത്.

താങ്ങുകാൽ ഉണങ്ങിയ മരമായതിനാൽ ചെടിയുടെ വളം വലിച്ചെടുക്കില്ല. 15 വർഷമെങ്കിലും വേലി കേടുവരാതെ നിൽക്കും. ചെടിയുടെ ചീയൽ ഉണ്ടാകാതിരിക്കൻ മണ്ണിന്റെ പിഎച്ച് മൂല്യം നിയന്ത്രിച്ചുനിർത്തണം. പൂവിടുന്നതിനു മുൻപു നനയ്ക്കരുത്. പൂവിട്ടു തുടങ്ങുന്നതോടെ ആവശ്യത്തിനു വെള്ളം കൊടുക്കാം.

‘‘ഇപ്പോൾ വനില പച്ച ബീൻസിന്  കിലോഗ്രാമിന് 850 രൂപ വിലയുണ്ട്.  കുരുമുളകിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വനിലയ്ക്ക് 100 രൂപ കിട്ടിയാലും നഷ്ടമല്ല’’ –ജോർജ് പറഞ്ഞു.

∙ കേരളത്തിലെ കാലാവസ്ഥ വനില കൃഷിക്ക് ഏറെ അനുയോജ്യമാണ്.

∙ ശക്തമായ മഴയും വേനലും ഇല്ലാത്ത സമയത്തു പുതിയ ചെടികൾ നടാം. താങ്ങുകാൽ നല്ല ഉറപ്പുവേണം. ഒരു മീറ്റർ നീളമുള്ള വള്ളിയാണു കൃഷിക്ക് ഉത്തമം.

∙ ചെടിയുടെ ചുവട്ടിൽ കരിയിലകൊണ്ടു പുതയിടണം.  തെങ്ങ്, കമുക് തോട്ടങ്ങളിൽ ഇടവിളയായി കൃഷി ചെയ്യാം. പെട്ടെന്നു ജീർണിക്കുന്ന ജൈവവസ്‌തുക്കൾ ചെടിച്ചുവട്ടിൽ ഇട്ടുകൊടുക്കണം. ചാണകപ്പൊടി,  അറക്കപ്പൊടി, കംപോസ്റ്റ് എന്നിയെല്ലാം നൽകാം. ചെടിച്ചുവട്ടിൽ കളകൾ വളരരുത്.

∙ ചെടി വളരുന്നതോടെ താങ്ങിനോടു ചേർത്തുകെട്ടണം. ഒന്നര മീറ്റർ ഉയരത്തിലെത്തിയാൽ വള്ളി തൂക്കിയിടണം. തൂങ്ങിക്കിടക്കുന്ന വള്ളിയിലാണു പൂവിടുക. കൂടുതൽ ഉയരത്തിൽ വളരാൻ വിടരുത്. കൃത്രിമ പരാഗണമാണു വേണ്ടത്.

വനില വള്ളിക്ക് ആവശ്യക്കാർ ധാരാളമുണ്ട്. മീറ്ററിന് 100 രൂപ തോതിൽ കുറിയർ ചെയ്തുകൊടുക്കുമെന്ന് കൃഷിയിൽ കൂടെയുള്ള മകൻ ജിനേഷ് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കാണു വനിലവള്ളി ഇപ്പോൾ കൂടുതൽ കൊണ്ടുപോകുന്നത്. അസം സ്വദേശിയായ കോഴിക്കോട്ടെ കംസ്റ്റസ് ഓഫിസർ  സ്വതന്ത്രയും ഭാര്യ ആയുനും കഴിഞ്ഞദിവസം തോട്ടം സന്ദർശിച്ചിരുന്നു. ആയുൻ അസമിൽ തുടങ്ങുന്ന ബയോ പാർക്കിലേക്കുള്ള വനില വള്ളി ഇവിടെനിന്നാണു കൊണ്ടുപോയത്. കുരുമുളക്, കശുമാവ് തൈകളും വിൽപനയുണ്ട്. ഭാര്യ വത്സമ്മയും ജോർജിനൊപ്പം കൃഷിയിടത്തിൽ സജീവമാണ്.

വാഴ

വാഴക്കൃഷിക്കും ജോർജിനൊരു രീതിയുണ്ട്. ഒരു കുഴിയിൽ 4 നേന്ത്രവാഴയാണു നടുക. 6 അടി നീളവും 3 അടി വീതിയുമുള്ളതാണു കുഴി. വാഴ ഒന്നാണെങ്കിലും നാലാണെങ്കിലും അധ്വാനം ഒരുപോലെയാണ്. വളവും വെള്ളവും കൂടുതൽ വേണ്ട. 15 കിലോഗ്രാം തൂക്കമുള്ള കുലയൊന്നിൽനിന്നു കിട്ടിയാൽതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ല ലാഭമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൈകളെല്ലാം തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണു കൊണ്ടുവരിക.

ഫോൺ- 9745985279

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com