ദിവസം എട്ടു പേരുടെ കൃഷിപ്പണി ചെയ്യും; യന്ത്രത്തൊഴിലാളിയെ നിര്‍മിച്ചു കർഷകൻ; പിന്നാലെ ഒരു ലക്ഷം രൂപ അവാർഡ്
Mail This Article
കൃഷിപ്പണിക്കു തൊഴിലാളികളെ കിട്ടാനില്ലാത്തത് എല്ലാവരെയുംപോലെ പാലക്കാട് ചിറ്റൂര്‍ കല്യാണപ്പേട്ടയിലെ കര്‍ഷകന്‍ സദാശിവന്റെയും പ്രശ്നമായിരുന്നു. പക്ഷേ, അതിന്റെ പേരില്‍ കൃഷി ഉപേക്ഷിക്കാനൊന്നും സദാശിവന്‍ തുനിഞ്ഞില്ല. പകരം സ്വന്തമായൊരു യന്ത്രത്തൊഴിലാളിയെത്തന്നെ നിര്‍മിച്ചു. മാത്രമല്ല, ഈ കണ്ടെത്തലിന് ഒരു ലക്ഷം രൂപയുടെ സര്‍ക്കാര്‍ പുരസ്കാരവും നേടി.
ഇന്ന്, സദാശിവന്റെ കൃഷിയിടത്തിൽ ദിവസം 7-8 തൊഴിലാളികള്‍ ചെയ്യുന്ന ജോലി ഈ യന്ത്രത്തൊഴിലാളി ചെയ്യുന്നു. യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സദാശിവനോ പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ മാധവോ മതി. ഒരു ദിവസം യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനച്ചെലവ് 1000 രൂപയില്‍ താഴെ മാത്രം. പ്രവര്‍ത്തിപ്പിക്കുന്ന ആളുടെ കൂലിക്കുകൂടി കണക്കിട്ടാലും 2,200-2,500 രൂപ മാത്രം. അതെ, സദാശിവന്റെ അഗ്രി നാനോ എക്സ്കവേറ്റര്‍ ചില്ലറക്കാരനല്ല.
രണ്ടു പൂവ് നെല്‍കൃഷിയും മികച്ച വിളവുള്ള 250 തെങ്ങുകളുമുള്ള കൃഷിയിടമുള്ള സദാശിവനു കൃഷിയെക്കാള്‍ ആവേശമുള്ള കാര്യമാണ് കൃഷിയന്ത്രങ്ങളുടെ രൂപകൽപനയും നിര്‍മാണവും. സാങ്കേതിക പരിശീലനങ്ങളുടെ പിൻബലമില്ലാതെ സദാശിവന്‍ കര്‍ഷകര്‍ക്കുവേണ്ടി വികസിപ്പിച്ച യന്ത്രങ്ങള്‍ പലതുണ്ട്. മകന്‍ മാധവിനുമുണ്ട് യന്ത്രങ്ങളോട് ആവേശം. സദാശിവന്‍ വികസിപ്പിച്ച ഒട്ടേറെ യന്ത്രങ്ങളില്‍ ഏറ്റവും ഗംഭീരം ഈ കുഞ്ഞന്‍ മണ്ണുമാന്തിയന്ത്രം തന്നെ.
നാനോ മണ്ണുമാന്തി
കൃഷിപ്പണിയില്‍ കൈക്കോട്ടുപണിക്കാർക്കാണ് ഏറ്റവും ക്ഷാമം. തെങ്ങിനും കമുകിനുമൊക്കെ തടമെടുക്കാനും വാഴയ്ക്കു ചാലു കീറാനും ഇഞ്ചിക്കും മഞ്ഞളിനും തടം തയാറാക്കാനും തൊഴിലാളികളെ കിട്ടാനില്ല. കിട്ടിയാല്‍ത്തന്നെ വൈദഗ്ധ്യവുമുള്ളവര്‍ കുറവ്. ഈ പണികളൊക്കെ വലിയ അധ്വാനമില്ലാതെയും സമയബന്ധിതമായും കര്‍ഷകനു സ്വയം ചെയ്യാന്‍ കഴിയുന്ന ചെറുയന്ത്രമാണ് സദാശിവന്റെ അഗ്രി നാനോ എക്സ്കവേറ്റര്‍. ചെറു ഹിറ്റാച്ചി പോലുള്ള മണ്ണുമാന്തിയോടാണ് നാനോ എസ്കവേറ്ററിനു സാമ്യം. എന്നാൽ വിപണിയിലെ മണ്ണുമാന്തിയുടെ നാലിലൊന്നു വിലയേ സദാശിവന്റെ ഈ യന്തിരനു വരൂ.
സാധാരണ ചെറു മണ്ണുമാന്തിക്ക് ഏതാണ്ട് 27എച്ച്പിയുള്ള മോട്ടറും 3 ടണ്‍ ഭാരവും വരും. ആ സ്ഥാനത്ത് 5 എച്ച്പി മോട്ടറില്‍ പ്രവര്‍ത്തിക്കുന്ന, 600 കിലോ ഭാരം മാത്രമുള്ള യന്ത്രമാണ് നാനോ ഏക്സ്കവേറ്റര്‍. ഹൈഡ്രോളിക് മോട്ടർ സംവിധാനം. ഏഴടി നീളം, മൂന്നേകാൽ അടി മാത്രം വീതി. അതുതന്നെയാണ് അതിന്റെ മെച്ചവും. വലുപ്പക്കൂടുതല്‍ മൂലം സാധാരണ മണ്ണുമാന്തികൾക്കു കടന്നുചെല്ലാന്‍ കഴിയാത്ത പുരയിടങ്ങളില്‍ ഈ കുഞ്ഞന്‍ അനായാസമെത്തും. മറ്റ് എസ്കവേറ്ററുകൾ ട്രാക്ക് ചെയിനില്‍ സഞ്ചരിക്കുമ്പോള്‍ പവര്‍ടില്ലറിന്റെയും പവര്‍ വീഡറിന്റെയും ടയറുകളാണ് സദാശിവന്റെ നാനോ യന്ത്രത്തിനുള്ളത്. അതിനാല്‍ വിളകള്‍ക്കിടയിലൂടെ എളുപ്പത്തിൽ ഓടിച്ച് പണി ചെയ്യാം. 9 ഇഞ്ച് ആണ് ബക്കറ്റ് വലുപ്പം. ഒരു മീറ്റര്‍ ആഴത്തില്‍ വരെ മണ്ണിളക്കാം, കുഴിയെടുക്കാം. മണ്ണു വടിച്ചു നീക്കിക്കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. 360 ഡിഗ്രി തിരിയില്ലെങ്കിലും എല്ലാ കൃഷിപ്പണികൾക്കും ഉതകുംവിധം യന്ത്രത്തിന്റെ കൈ ഇരുവശത്തേക്കും തിരിയും. മുന്നോട്ടു പിന്നോട്ടും ഓടിക്കാനുള്ള പെഡൽ പ്രവർത്തിപ്പിക്കാനും വളരെ എളപ്പം.
യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു ലീറ്ററില്‍ താഴെ മാത്രം ഡീസലേ വേണ്ടിവരൂ. നാലര ലക്ഷം രുപയോളം മുടക്കു വരുന്ന യന്ത്രം സ്വന്തമായി വാങ്ങിയാല്‍ മിക്ക കൃഷിപ്പണികളും നമുക്കു സ്വന്തമായി ചെയ്യാം. യന്ത്രം കണ്ട് താല്‍പര്യപ്പെട്ട് പലരും നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും 3 മാസത്തോളമെടുക്കും ഒരെണ്ണം നിര്‍മിക്കാനെന്നു സദാശിവന്‍ പറയുന്നു.
ഫോണ്‍: 8921825593