ADVERTISEMENT

കാലാവസ്ഥയും സീസണിലെ വിലയും മുൻകൂട്ടി കണ്ടു മണ്ണിലിറങ്ങിയാൽ കൃഷിയി‍ൽ നേട്ടം കൊയ്യാമെന്നാണ് ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പുളിക്കൽ വീട്ടിൽ റെജീന ജോസഫും ജോർജ് ഫ്രാൻസിസും തെളിയിക്കുന്നത്. 12 വർഷമായി കാലുകൾ തളർന്ന് കിടപ്പിലായ ജോർജ് ഫ്രാൻസിന്റെ ഭാര്യ റെജീന ജോസഫാണ് കൃഷികൊണ്ട് അതിജീവിക്കുന്ന ഈ കഥയിലെ നായിക. കൃഷിയുടെ മാർക്കറ്റ് അനുസരിച്ച് എന്ത് എപ്പോൾ മണ്ണി‍ൽ ചെയ്യണമെന്ന കാർഷിക കലണ്ടർ ജോർജ് തയാറാക്കും; റെജീന കടുകിട മാറാതെ അത് നടപ്പിലാക്കും. ഇതാണ് പ്രവർത്തനശൈലി.

സമ്മിശ്ര കൃഷിയിലുടെ നേട്ടം

സമ്മിശ്ര കൃഷിയുടെ പൂർണരൂപമാണ് ഫാർമസിസ്റ്റ് കൂടിയായ റെജീനയുടെ വീട്. പൈനാപ്പിളാണ് പ്രധാന കൃഷി. കൃഷി വിവരങ്ങൾ പത്രം മുതൽ യൂട്യൂബ് വരെ നോക്കി റെജീന പഠിക്കും. കാർഷികോൽപന്നങ്ങൾ എപ്പോൾ വിറ്റാൽ ലാഭം കിട്ടുമെന്നതിലാണ് കൂടുതൽ ശ്രദ്ധ. ആ സമയത്തേക്കു വിളയെ പാകപ്പെടുത്തുന്ന രീതിയിലാണ് പൈനാപ്പിൾ കൃഷി. 

റെജീന പറയുന്നു...

∙ കൃഷി നഷ്ടമെന്ന പേരിൽ പൂർണമായി നിർത്തരുത്. സീസൺ മാറുമ്പോൾ വിളകൾക്കു വില കയറും. തുടങ്ങി വച്ചതു ചെറിയ രീതിയിലെങ്കിലും തുടരണം.

∙ കർഷകർക്കുള്ള സഹായങ്ങളും സബ്‌സിഡിയും പരമാവധി ഉപയോഗിക്കണം.

∙ വിളകൾ ഇൻഷുർ ചെയ്യണം. ലഭിക്കുന്നതു ചെറിയ സഹായമാണെങ്കിലും ആശ്വാസമാണ്.

∙ വിപണി കൃത്യമായി നിരീക്ഷിക്കണം. കൃഷി കലണ്ടർ സ്വന്തമായി രൂപപ്പെടുത്തണം.

∙ കൂലിച്ചെലവു കുറയ്ക്കാനുള്ള പ്രാദേശികമായ വഴികൾ തേടണം. യന്ത്രവൽക്കരണം മുതൽ കരാർ ജോലി വരെ പരീക്ഷിക്കണം.

12 വർഷമായി കിടപ്പുരോഗിയായ ഭർത്താവിനെയും തന്റെ അഞ്ചു പെൺ മക്കളെയും നയിക്കുന്നത് റെജീനയാണ്. 12 വർഷം മുൻപുണ്ടായിരുന്നതിൽ നിന്ന് കൃഷി ഭൂമിയുടെ വലുപ്പം കൂട്ടാനും കൃഷി വ്യാപിപ്പിക്കാനും റെജീനയ്ക്കായി. കോവിഡ് കാലം തളർത്തിയിട്ടും 12 ലക്ഷം കാർഷിക വായ്പയെടുത്ത് റെജീന തിരിച്ചു വന്നു. എല്ലാ ബാധ്യതയും കൃഷി ചെയ്ത് തന്നെ വീട്ടി. കൃഷിയിൽ നഷ്ടമുണ്ടായാൽ മുടങ്ങാതെ അധ്വാനിച്ചാൽ ലാഭത്തിലേക്ക് എത്തുമെന്നാണ് റെജീന പറയുന്നത്. കന്നുകാലികൾ, മത്സ്യക്കൃഷി (പടുതാ കുളത്തിൽ തിലാപ്പിയ), തേൻ, പച്ചക്കറി, കപ്പ, വാഴ, ചേന, റംബുട്ടാൻ, തെങ്ങ്, റബർ, കാപ്പി, കൊക്കോ എന്നിവ കൃഷി ചെയ്യുന്നു. പച്ചപ്പില്ലാത്തൊരു ഇടവും സ്വന്തംഭൂമിയിൽ ഉണ്ടാകരുതെന്നാണ് റെജീനയുടെ നയം. 

പാട്ടത്തിനെടുത്ത 20 ഏക്കറിൽ പൈനാപ്പിൾ കൃഷി ചെയ്യുന്നു. 5 ഏക്കർ ഭൂമി പുതിയതായി വാങ്ങിച്ചു. സ്വന്തമായി ജീപ്പ് ഓടിച്ച് പണിക്കാരെ കൂട്ടി തോട്ടങ്ങളിൽ പോയി അവർക്കൊപ്പം റെജീനയും പണിയെടുക്കും. ഉൽപാദിപ്പിക്കുന്ന പൈനാപ്പിൾ കമ്പനികൾക്ക് നേരിട്ടു മാത്രമാണ് വിൽപന. മക്കളായ ലിയയും ലിസയും ലിൻസിയും ലിറ്റിയും ലിന്റയുമാണ് കൃഷിയിൽ ഏറ്റവും വലിയ പിന്തുണ.

ഫോൺ: 7907947312

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com