ADVERTISEMENT

കേരളം പുതിയ കുരുമുളക്‌ സീസണിന്‌ ഒരുങ്ങുകയാണ്‌. തെക്കൻ ജില്ലകളിൽനിന്നുള്ള ചരക്കാണ്‌ ആദ്യ രംഗത്ത്‌ എത്തുക. ഒലിയോറെസിൻ നിർമാതാക്കൾക്ക്‌ ആവശ്യമായ ലൈറ്റ്‌ പെപ്പറും അച്ചാർ വ്യവസായികൾക്ക്‌ വേണ്ടിയുള്ള മൂപ്പു കുറഞ്ഞ മുളകിനുമായി വാങ്ങലുകാർ ഉൽപാദകകേന്ദ്രങ്ങളിലെ ചെറുകിട വിപണികളെ ഉറ്റുനോക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങൾ മൂലം നവംബറിൽ സജ്ജമാവേണ്ട ചരക്ക്‌ ഇനിയും കാർഷികമേഖലകളിൽ കാര്യമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല. കാലാവസ്ഥ മാറ്റം തന്നെയാണ്‌ ഇവിടെയും വിളവെടുപ്പിനു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്‌.    

സാധാരണ ഓക്‌ടോബർ അവസാനമോ നവംബർ ആദ്യമോ തെക്കൻ കേരളത്തിലെ തോട്ടങ്ങളിൽ ലൈറ്റ്‌ പെപ്പർ വിളവെടുപ്പ്‌ തുടങ്ങാറുണ്ട്‌. എന്നാൽ, ഇക്കുറി മൂപ്പ്‌ കുറഞ്ഞ കുരുമുളകിന്റെ ലഭ്യത ഗണ്യമായി ചുരുങ്ങി, പ്രതീക്ഷിച്ച പോലൊരു ചരക്കുവരവ്‌ ഇനിയും തുടങ്ങിയിട്ടില്ലെന്നാണ്‌ ഉൽപാദകകേന്ദ്രങ്ങളിൽനിന്നുള്ള വിവരം. ഇതിനിടെ വിളവെടുപ്പ്‌ സമയം വൈകിയതോടെ മുളകിന്റെ മൂപ്പ്‌ കൂടിത്തുടങ്ങിയതിനാൽ വ്യവസായികൾക്ക്‌ ആവശ്യാനുസരണം ചരക്ക്‌ കണ്ടെത്താൻ ഇനി ക്ലേശിക്കേണ്ടതായും വരാം. എണ്ണയുടെ അംശം ഉയർന്ന മുളകാണ്‌ സത്ത്‌ നിർമാതാകൾക്ക്‌ ആവശ്യം. അതേസമയം അച്ചാർ വ്യവസായികൾക്ക്‌ അൽപംകൂടി മൂപ്പുളള ചരക്ക്‌ വേണം. എന്തായാലും രണ്ടു കൂട്ടരും ഹാപ്പി അല്ല. പ്രതീക്ഷയ്‌ക്കൊത്ത്‌ ചരക്ക്‌ സംഭരിക്കാൻ വ്യവസായികൾക്കായില്ലെങ്കിലും അവർ പ്രതീക്ഷ കൈവിടുന്നില്ല. 

തെക്കൻ ജില്ലകളിലെ കാർഷിക വിപണികളിൽ മൂപ്പ്‌ കുറഞ്ഞ മുളകിന്റെ ലഭ്യത കുറഞ്ഞതായി വ്യാപാരികളും വ്യക്തമാക്കുന്നു. പത്തു ടൺ വരെ ചരക്ക്‌ എത്തേണ്ട സ്ഥാനത്ത്‌ രണ്ടു ടൺ പോലും വരുന്നില്ലെന്ന്‌ ചില ഇടപാടുകാർ പറയുന്നു. യഥാസമയം വേണ്ടത്ര മഴ ലഭിക്കാഞ്ഞതും അസമയത്ത്‌ കനത്ത ചൂട്‌ അനുഭവപ്പെട്ടതെല്ലാം വിളയെ ബാധിച്ചതായി കർഷകർ. കുരുമുളകുകൃഷി പരമ്പര്യമായി നിലനിർത്തുന്ന കുടുംബങ്ങളുടെ വിലയിരുത്തലിൽ പിന്നിട്ട അര നൂറ്റാണ്ടിനിടയിൽ ഇത്തരത്തിൽ കാലാവസ്ഥ മാറ്റം കുരുമുളകിനെ ബാധിക്കുന്നത്‌ ആദ്യമെന്നാണ്‌. 40 വർഷം മുമ്പ്‌ കേരളം കൊടും വരൾച്ചയെ അഭിമുഖീകരിച്ച സന്ദർഭത്തിലും കുരുമുളകുതോട്ടങ്ങൾ ഇതുപോലോരു പ്രതിസന്ധിയെ നേരിടേണ്ടതായി വന്നില്ലെന്നാണ്‌ പഴയ തലമുറയിലെ കർഷകർ പറയുന്നത്. 

മൂപ്പ്‌ കുറഞ്ഞ കുരുമുളകിന്റെ ലഭ്യത കുറവാണെങ്കിലും അതിന്‌ അനുസൃതമായി വില ഉയർന്നിട്ടില്ല. കിലോ 165 - 170 രൂപയിലാണ്‌ ഇടപാടുകൾ നടക്കുന്നത്‌. ഉണക്ക മുളക്‌ വിലയുടെ മൂന്നിലൊന്ന്‌ ലഭ്യമായില്ലെങ്കിൽ കാര്യമായ പ്രയോജനമില്ലെന്ന്‌ കർഷകർ. യൂറോപ്യൻ വിപണികളിൽ കുരുമുളക്‌ അച്ചാറിന്‌ വൻ വിപണി തന്നെ വളർത്തിയെടുക്കാൻ തെക്കൻ മുളകിനായെങ്കിലും നിലവിൽ അവിടെ നമ്മുടെ സ്ഥാനം പിന്തള്ളി വിയറ്റ്‌നാമും ഇന്തോനീഷ്യയും ശ്രീലങ്കയുമെല്ലാം വ്യക്തമായ ഒരു ഇരിപ്പിടം കണ്ടെത്തിക്കഴിഞ്ഞു. ഒലിയോറെസിൻ നിർമാതാക്കൾ പണ്ട്‌ കേരളത്തെ മാത്രം ആശ്രയിച്ചാണ്‌ ലൈറ്റ്‌ പെപ്പർ സംഘടിപ്പിച്ചിരുന്നത്‌. എന്നാൽ നിലവിൽ ശ്രീലങ്കയും വിയറ്റ്‌നാമും ഇന്തോനീഷ്യയും പൊള്ള മുളക്‌ ഉൽപാദിപ്പിക്കുന്നുണ്ട്‌. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ സത്ത്‌ നിർമാതാക്കൾ പ്രവർത്തിക്കുന്നത്‌ കേരളത്തിലാണ്‌.  

യഥാസമയം വിളവെടുപ്പിനു തൊഴിലാളികളെ കിട്ടുന്നില്ലെന്നാണ്‌ തെക്കൻ കേരളത്തിലെ പല കർഷകരും വ്യക്തമാക്കുന്നത്‌. അഥവാ തൊഴിലാളികളെ ലഭിച്ചാൽ ഉയർന്ന കൂലി ചോദിക്കുന്നതിനാൽ പൊള്ള മുളക്‌ കൃഷി നഷ്ടക്കച്ചവടമായി മാറുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഏർപ്പെടുത്തിയാൽ വിജയിക്കില്ല, മൂപ്പ്‌ കുറഞ്ഞ കുരുമുളക്‌ വിളവെടുക്കുന്നതിന്‌ വിദഗ്ധർ തന്നെ വേണമെന്നതും കാർഷികച്ചെലവുകൾ ഉയർത്തുന്നു. എണ്ണ അംശം ഉയർന്ന കുരുമുളക്‌ ഉൽപാദനം ഉയർത്താൻ ഇതുമൂലം വലിയ പങ്ക്‌ കർഷകരും ഉത്സാഹം കാണിക്കുന്നില്ല. 

കുരുമുളക്‌ കൃഷി വ്യാപിപ്പിക്കാൻ കേരളം ഉത്സാഹിക്കുന്നില്ലെങ്കിലും വിളവ്‌ ഉയർത്തുകയെന്ന ലക്ഷ്യത്തിലാണ്‌ കർണാടകത്തിലെ യുവകർഷകർ. എന്നാൽ എണ്ണ അംശം ഉയർന്ന ചരക്ക്‌ വൻതോതിൽ കൃഷി ഇറക്കി വിജയിപ്പിക്കുക അൽപം കഠിനെമെന്ന്‌ ചെറുകിടക്കാർ. എന്നാൽ ഭാഗ്യം കുരുമുളകിൽ മാത്രം ഒതുക്കാതെ കാപ്പിയുമായി ഇടകലർത്തി കൃഷി ചെയ്യാനുള്ള അവരുടെ ഉത്സാഹം മണ്ണിൽനിന്നും ഇരട്ടി ലാഭത്തിന്‌ അവസരം ഒരുക്കുന്നു. കുരുമുളക്‌ മാത്രമല്ല, കാപ്പിയും വെച്ചടി വെച്ചടി കയറ്റം കാണിക്കുന്നത്‌ ഉൽപാദകർക്ക്‌ കൂടുതൽ പ്രചോദനം പകരുന്നു. ഇതിനിടയിൽ കാലാവസ്ഥയിലെ മാറ്റം കുരുമുളക്‌ ഉൽപാദനം കുറയാൻ ഇടയാക്കുമെന്ന നിലപാടിൽ തന്നെയാണ്‌ ദക്ഷിണേന്ത്യൻ കർഷകർ. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ ഹൈറേഞ്ച്‌ കുരുമുളക്‌ വിളവെടുപ്പ്‌ പതിവിലും അൽപം വൈകുമെന്ന സൂചനകളും പുറത്ത്‌ വരുന്നുണ്ട്‌.   

English Summary:

Climate Change Casts Shadow on Kerala's Pepper Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com