അറിഞ്ഞില്ല, ആരും പറഞ്ഞില്ല...! വെളുത്തുള്ളിയിൽ വൻ രാസായുധ ശേഖരം!
Mail This Article
മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും മറ്റു ചലനശേഷിയുള്ള ജീവജാലങ്ങള്‍ക്കും ശത്രുക്കളില്‍നിന്നു രക്ഷപ്പെടാം. എന്നാല്‍ ഒരിടത്തുറച്ചു വളരുന്ന സസ്യങ്ങള്ക്കതാവില്ലല്ലോ. അതിനാല്‍, പ്രകൃതി അവയ്ക്ക് കൊടുത്ത പ്രതിരോധായുധമാണ് അവയിലെ രാസഘടകങ്ങള്‍. സസ്യങ്ങള്‍, വിശേഷിച്ച് മണ്ണിനടിയില്‍ ഫലമുണ്ടാകുന്ന വിളകള്‍ ബാക്ടീരിയയും ഫംഗസും മുതല്‍ ഒച്ചിന്റെയും എലിയുടെയുംവരെ ആക്രമണം നേരിടേണ്ടിവരും. ഉള്ളിവര്‍ഗങ്ങളുടെ കിഴങ്ങുകളിലെ വിപുലമായ രാസവസ്തുശേഖരത്തിന്റെ രഹസ്യം ഇതുതന്നെ.
വെളുത്തുള്ളിയില്‍ 2300ല്‍പരം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നാലായിരത്തോളം വര്‍ഷം മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന വിഭവങ്ങളില്‍പോലും മനുഷ്യന് വെളുത്തുള്ളി ചേര്‍ത്തിരുന്നത്രെ. ചുമ, ആസ്മ, ജലദോഷം, രക്തസമ്മര്‍ദം, ദഹനക്കേട് എന്നിവയകറ്റാനും പൊതു ആരോഗ്യസംരക്ഷണത്തിനും വെളുത്തുള്ളി പ്രയോജനപ്പെടുന്നതിനു പിന്നിലും ഇതിലുള്ള രാസവസ്തുക്കള്തന്നെ. വെളുത്തുള്ളിക്കു പ്രത്യേക രുചി നല്‍കുന്നത് സര്‍ഫര്‍ അടങ്ങിയ രാസഘടകമാണെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.