ഒരു കുറ്റവും ചെയ്യാത്ത എന്നെ ഒരു പ്രതിയെപ്പോലെ വിചാരണ ചെയ്തു; ഞാൻ ഒരു ആത്മഹത്യാ മുനമ്പിലെത്തിയിരുന്നു
Mail This Article
ജയശ്രീ എന്ന വെറ്ററിനറിഡോക്ടറുടെ ജീവിതം...
നവീൻ ബാബു സാറിന്റെ മരണം എന്റെ ഗതകാല സ്മരണകളെ ഉണർത്തിവിട്ടു. 2021ൽ ഞാനും ഇതേപോലെ ആത്മഹത്യാ മുനമ്പിൽ നിന്നതാണല്ലോ. എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗ്യം. അല്ലായിരുന്നെങ്കിൽ ഇതെഴുതാൻ ഞാനുണ്ടാകുമായിരുന്നില്ല. അപ്പോൾ ഇതൊന്ന് ഇവിടെ എഴുതണമെന്നു തോന്നി.
ഞാൻ ഡോ. എസ്.ജയശ്രീ. 24 വർഷമായി മൃഗസംരക്ഷണ മേഖലയിൽ ജോലി ചെയ്യുന്ന ഒരു സർക്കാർ വെറ്ററിനറി സർജനാണ്.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലെ അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് എന്നാണ് എന്റെ വിശ്വാസം. അങ്ങനെയുള്ള ഒട്ടേറെ അനുഭവങ്ങളിലൂടെ ഞാൻ കടന്നു പോയിട്ടുണ്ട്. വ്യക്തിജീവിതത്തെ പറ്റി കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും എന്റെ വഴികൾ പൂമെത്ത വിരിച്ചതായിരുന്നില്ല. മറിച്ച് കല്ലും മുള്ളും നിറഞ്ഞതുതന്നെയായിരുന്നു.
ഔദ്യോഗിക ജീവിതത്തിലും വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പോകെ പോകെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മറികടത്താൻ ഞാൻ കണ്ടെത്തിയ മാർഗം ഔദ്യോഗിക ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു.
മൂന്നു മക്കളും ഭർത്താവും അമ്മായിയമ്മയും അടങ്ങുന്ന ഒരു കുടുംബം. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ എല്ലാം നിറവേറ്റുന്നതിനൊപ്പം ഔദ്യോഗിക ജീവിതത്തിലും അങ്ങേയറ്റം ആത്മാർഥതയോടു കൂടി പ്രവർത്തിക്കണം എന്ന് കരുതുന്ന ഞാൻ, എന്റെ മക്കളെ അല്ലാതെ എന്നെ തോൽപ്പിക്കാൻ മറ്റാരെയും ഞാൻ അനുവദിക്കില്ല എന്ന് ഇടയ്ക്കിടയ്ക്ക് ഞാൻ മനസ്സിലും ഉറക്കെയും പറഞ്ഞുകൊണ്ടിരുന്നു.
മക്കളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാം ശ്രദ്ധിക്കുന്നതിനോടൊപ്പം അവർക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതിനും യാത്രകൾ പോകുന്നതിനുംഒക്കെ ഞാൻ സമയം കണ്ടെത്തി. ഒരുമിച്ചുള്ള യാത്രകൾ ചിലപ്പോൾ ഫീൽഡിലെ സന്ദര്‍ശന വേളകളിൽ ആയിരിക്കും. ഭർത്താവോ മക്കളോ ആരെങ്കിലും മിക്കവാറും അവധി ദിവസങ്ങളിലെ ഭവന സന്ദർശനത്തിന് കൂട്ടായി ഉണ്ടാകും. ആ സമയങ്ങളിലാണ് ഞങ്ങൾ ഏറ്റവുമധികം മനസ്സ് തുറന്നു സംസാരിച്ചിട്ടുള്ളത്. അങ്ങനെ കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഴയടുപ്പം കൂടുതൽ ദൃഢമായി.
ജോലിയോടുള്ള അഭിനിവേശം കൂടിക്കൂടി വന്നപ്പോൾ ഞാൻ വീട്ടിലും പക്ഷിമൃഗാദികളെ വളർത്താൻ തുടങ്ങി. പശു, കോഴി, താറാവ്, ഗിനിക്കോഴി, നായകൾ എന്നു മാത്രമല്ല പച്ചക്കറി കൃഷിയും ചെയ്യാൻ തുടങ്ങി. 6 പശുക്കൾ വരെ ഉണ്ടായിരുന്നു. പക്ഷിമൃഗാദികളുടെ പരിപാലനം എന്റെ വെറ്ററിനറി ജീവിതത്തിലും വളരെ പുരോഗതി ഉണ്ടാക്കി. പക്ഷിമൃഗാദികളെ വളർത്തുന്ന ഒരു ഡോക്ടർക്ക് കർഷകന്റെ അല്ലെങ്കിൽ മൃഗപരിപാലകരുടെ മാനസികാവസ്ഥ ശരിക്കും മനസ്സിലാകും എന്നത് ഞാൻ അനുഭവിച്ചു തന്നെ അറിഞ്ഞു. അതെന്റെ ഔദ്യോഗിക ജീവിതത്തിൽ വിപ്ലവാത്മകമായ മാറ്റമുണ്ടാക്കി.
ഇവയെ എല്ലാത്തിനെയും ഞങ്ങൾ അഞ്ചു പേരും കൂടിയാണ് പരിപാലിച്ചിരുന്നത്. കറവയും തീറ്റ കൊടുപ്പും കുളിപ്പിക്കലും എന്നു വേണ്ട ജീവിതം കൂടുതൽ തിരക്കുള്ളതും ആനന്ദകരവും ആയി മാറുകയായിരുന്നു. ഓഫീസിലെ ജോലികൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ പച്ചക്കറിത്തോട്ടത്തിലും പശുക്കളുടെ അടുത്തും ഒക്കെ പോകാതെ ഒരു സമാധാനവും ഇല്ലായിരുന്നു. പക്ഷേ ഞങ്ങൾ എല്ലാവരും ആ ജീവിതം ആസ്വദിക്കുകയും ചെയ്തിരുന്നു.
എനിക്ക് ടെൻഷനുകളെ പറ്റി ആലോചിക്കാൻ തന്നെ സമയമില്ലാതെയായി. രാവിലെ നാലരയ്ക്ക് തുടങ്ങുന്ന ദിനചര്യ രാത്രി പത്തോടുകൂടി തീരും. ഇടതടവില്ലാതെ ഫോൺ വിളികളും പ്രവർത്തിദിനം എന്നോ അവധി എന്നോ ഇല്ലാതെയുള്ള ജോലിയും എന്റെ ജീവിതത്തിന്റെ ഭാഗമാകുകയായിരുന്നു.
അതിനിടെ സംഘടനാ പ്രവർത്തനത്തിനും ക്ലാസുകൾ എടുക്കുന്നതിനും സമയം കണ്ടെത്തി. പിന്നീട് തോന്നി ക്ലാസുകൾകൊണ്ട് മാത്രം എന്റെ ആശയങ്ങൾ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാൻ പറ്റുന്നില്ല എന്ന്. അപ്പോൾ പിന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 65ൽപ്പരം വീഡിയോകൾ അതിൽ അപ്‌ലോഡ് ചെയ്തു. ലക്ഷക്കണക്കിന് ആൾക്കാർ അത് കണ്ടു അഭിപ്രായങ്ങൾ പറഞ്ഞു.
എന്റെ ആത്മവിശ്വാസം വർധിക്കുകയായിരുന്നു. എല്ലാ മേഖലകളിലും തിളങ്ങുന്ന ഒരാൾ എന്ന നിലയിൽ കർഷകർക്കുള്ള സ്ഥിരം ക്ലാസുകൾക്കു പുറമേ പുതിയതായി സർവീസിൽ കയറുന്ന വെറ്ററിനറി സർജൻമാർക്ക് ഉത്തേജനം പകരാനുള്ള ക്ലാസ് എടുക്കാനും എന്നെ ഡിപ്പാർട്ട്മെന്റ് നിയോഗിക്കാൻ തുടങ്ങി. ഏകദേശം എട്ടോളം ബാച്ചുകൾക്ക് ക്ലാസ് എടുത്തു ഒട്ടേറെ ജൂനിയർ ഡോക്ടർമാരെ ബോധവൽക്കരിക്കാൻ കഴിഞ്ഞു. ഒപ്പം നല്ലൊരു സുഹൃത്ത് വലയവും സൃഷ്ടിക്കാൻ കഴിഞ്ഞു. ഡിപ്പാർട്ട്മെന്റിന്റെ ആലപ്പുഴ ജില്ലയുടെ പബ്ലിക് റിലേഷൻ ഓഫീസറായി.
ഇതൊന്നും കൂടാതെ സ്വന്തം സാഹിത്യസപര്യയുംതുടർന്നു. കഥയെഴുത്തും കവിത എഴുത്തും എന്റെ ഒഴിവു വേളകളെ സമ്പന്നമാക്കി. പുസ്തകങ്ങൾ വാങ്ങിക്കൂട്ടലും വായനയും ഒരു ഭാഗത്ത് നിർബാധം നടന്നു.
മനസ്സിൽ അധിക സമയവും മൃഗസംരക്ഷണ മേഖലയ്ക്കു വേണ്ടി എന്തൊക്കെ പുതിയ പുതിയ കാര്യങ്ങൾ ചെയ്യാമെന്ന ചിന്ത ആയിരുന്നു. പുതിയ പുതിയ പദ്ധതികൾ എന്റെ ഭാവനയിൽ വിരിഞ്ഞു. ചിലതെല്ലാം നടപ്പാക്കി, ചില ആശയങ്ങൾ പല മീറ്റിങ്ങുകളിലും പങ്കുവച്ചു.
ഇങ്ങനെയൊക്കെ കാലങ്ങൾ കടന്നു പോകുന്നതിനിടെ കർഷകർ കൂടുതൽ demanded ആവാൻ തുടങ്ങി. എനിക്ക് എന്ത് അത്യാവശ്യം വന്നാലും ഒരു ലീവ് പോലും എടുക്കാൻ പറ്റാത്ത അവസ്ഥയായി. ഒരു ദിവസം ഞാൻ ഭവന സന്ദർശനം നടത്തിയില്ലെങ്കിൽ... പകരത്തിന് ആരെയെങ്കിലും പറഞ്ഞു വിട്ടാൽ... അപ്പോൾ പിന്നെ പരാതിയായി ആരോപണങ്ങൾ ആയി.
ഒരിക്കൽ ഒരു ഞായറാഴ്ച ഉച്ചയ്ക്കുശേഷം എന്റെ പേഴ്സണൽ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു എന്നതുകൊണ്ട് ഒരു പശുവിനു വേണ്ട ചികിത്സ കിട്ടിയില്ല എന്ന് പറഞ്ഞ് ഒരു കർഷകൻ പരാതിപ്പെട്ടു. ആ പരാതിയുടെ രീതിയല്ല, അതിനു പിന്നിലെ ചേതോവികാരമാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്. പിന്നെ ആ പരാതി വന്ന പ്രദേശം. ഞാനെന്റെ സ്വന്തം പോലെ സ്നേഹിക്കുകയും സേവനം കൊടുക്കുകയും ചെയ്ത പഞ്ചായത്തിലെ കർഷകർ എന്നെ മനസ്സിലാക്കുന്നില്ല എന്ന ചിന്തയാണ് എനിക്കപ്പോൾ തോന്നിയത്.
ആ ഒരു കർഷകനെ ഞാൻ ആ സമൂഹത്തിന്റെ പ്രതിനിധിയായി കണ്ടു. ഞാൻ എന്ന വ്യക്തിക്ക് ഒരു ഞായറാഴ്ച ഉച്ചയ്ക്കു ശേഷമുള്ള ഒഴിവുസമയം പോലും സ്വന്തമായിട്ടില്ലേ എന്ന് ഒരു ചിന്ത എന്നെ വല്ലാതെ വേട്ടയാടി.
പിന്നീട് ആ പരാതിക്കു മേൽ എൻക്വയറി നടപടികൾ വന്നു. ഒരു കുറ്റവും ചെയ്യാത്ത എന്നെ ഒരു പ്രതിയെ എന്നപോലെ വിചാരണ ചെയ്തപ്പോൾ അവിടെ തകർന്നടിഞ്ഞു വീണത് എന്റെ ആത്മവീര്യമായിരുന്നു. സർക്കാർ നടപടിക്രമം അനുസരിച്ച് അത് അങ്ങനെ ചെയ്യാനേ കഴിയൂ. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അന്ന് 15 വർഷത്തിന് മേൽ സർക്കാർസേവന പാരമ്പര്യം ഉണ്ടായിരുന്നെങ്കിലും എൻക്വയറി ആദ്യത്തെ അനുഭവമായിരുന്നു. വിചാരണയുടെ നടപടിക്രമങ്ങൾ എല്ലാം ചട്ടപ്പടി പാലിക്കപ്പെട്ടപ്പോൾ കുറ്റാരോപിതയായ എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി.
ഞാൻ കണ്ടിട്ടുപോലുമില്ലാത്ത ആൾക്കാർ എനിക്കെതിരെ സാക്ഷി പറയുന്നതു കണ്ടപ്പോൾ എനിക്ക് അതിശയം തോന്നി. എനിക്കു വേണ്ടി സാക്ഷി പറയാൻ ഞാൻ ആരെയും ചട്ടം കെട്ടിയിട്ടില്ലായിരുന്നു. എന്റെ ഓഫീസിലെ ജീവനക്കാർ മാത്രമേ അതിനുവേണ്ടി ഉണ്ടായിരുന്നുള്ളൂ. എനിക്ക് അറിയില്ലായിരുന്നു അങ്ങനെയൊക്കെ വേണമെന്ന്. എന്റെ മേൽ യാതൊരു നടപടിയുമുണ്ടായില്ലെങ്കിലും ആ സംഭവത്തോടെ എന്റെ ജീവിതത്തിന്റെ ഗതി മാറുകയായിരുന്നു.
ആ വിചാരണയുടെ അന്തിമ വിധിയേക്കാൾ ഉപരി എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് ആ കാലയളവിലെ എന്റെ മനോ വ്യാപാരങ്ങൾ ആയിരുന്നു. അത് ചിലപ്പോൾ എന്റെ മാത്രം തെറ്റായിരിക്കാം, എന്തോ എനിക്കത് സഹിക്കാനായില്ല. കാരണം ഒരു പഞ്ചായത്തിനു വേണ്ടി, കർഷകർക്കു വേണ്ടി ഒരു വെറ്ററിനറി സർജന് ചെയ്യാൻ പറ്റുന്ന മാക്സിമം ഞാൻ ചെയ്തിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കർഷക ക്ഷേമത്തിനായി എടുത്താൽ പൊങ്ങാത്തത്ര പഞ്ചായത്തുതല പദ്ധതികളും ഡിപ്പാർട്ട്മെന്റ് തല പദ്ധതികളും ആത്മ പദ്ധതികളും കെഎൽഡിബി പദ്ധതികളും എല്ലാം നടത്തി.
എല്ലാവർക്കും എന്തെങ്കിലുമൊക്കെ ആനുകൂല്യങ്ങൾ കിട്ടാൻ എന്നാൽ ആവുംവിധം ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. വൈകുന്നേരം 7 മണി വരെയും ചികിത്സാ സേവനങ്ങൾ നൽകിക്കൊണ്ടേയിരുന്നു. മൃഗസംരക്ഷണ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ അവിടെ നടത്തിയെടുത്തു.
അതിന്റെയൊക്കെ ഫലമായി 2015 സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനുള്ള അവാർഡും അതിനെ തുടർന്ന് മറ്റ് പല അംഗീകാരങ്ങളും എന്നെ തേടിയെത്തി. എട്ടു വർഷത്തെ സേവനത്തിനുശേഷം അവിടുന്ന് സ്ഥലം മാറിപ്പോയ ഞാൻ വീണ്ടും അവിടേക്കു തിരിച്ചെത്തിയത് അവിടെ ജോലി ചെയ്യാൻ അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാണ്. അവിടുത്തെ ജനങ്ങളെയും ഭരണാധികാരികളെയും അത്രയ്ക്ക് ഇഷ്ടമായതു കൊണ്ടായിരുന്നു.
ഒരു ചെറിയ തിരിച്ചടി പോലും എന്നെക്കൊണ്ട് താങ്ങാവുന്നതിനപ്പുറം ആയിരുന്നു. ഒരുവശത്ത് എന്റെ അമ്മയുടെ കാൻസർ രോഗബാധയും അതിനെ തുടർന്നുള്ള മരണവും മറ്റ് ഒട്ടനവധി പ്രതിസന്ധികളും കൂടാതെ എന്റെ ആരോഗ്യപ്രശ്നങ്ങളും.
മറുവശത്ത് ഔദ്യോഗികജീവിതത്തിലെ പ്രശ്നങ്ങൾ. എല്ലാം കൂടി എന്നെ വിഷാദത്തിലേക്കു തള്ളിയിടുന്നത് ഞാൻ പോലും അറിഞ്ഞില്ല. വിഷാദത്തിന്റെ മൂർധന്യാവസ്ഥയിൽ എനിക്ക് ജോലി ചെയ്യാൻ കഴിയാതെയായി. പൊതുജനത്തെ അഭിമുഖീകരിക്കാൻ കഴിയാതെയായി. ഞാൻ ഒരു ആത്മഹത്യാ മുനമ്പിലെത്തിയിരുന്നു. അതറിഞ്ഞതോടെ വീട്ടുകാർ ആകെ പരിഭ്രാന്തിയിലായി. അവർ കണ്ണിലെണ്ണയൊഴിച്ചെന്ന പോലെ പിന്നീട് എന്നെ കാത്തു സൂക്ഷിച്ചു. ഞാൻ വിഷാദചികിത്സയ്ക്കു വിധേയയായി.
പിന്നീട് അവധികളുടെ കാലമായിരുന്നു. വർഷങ്ങൾക്കു ശേഷം ഞാൻ ജീവിതത്തിൽ വിശ്രമം എന്തെന്നറിയാൻ തുടങ്ങി. പശു -പക്ഷി പരിപാലനവും പച്ചക്കറിക്കൃഷിയുമൊക്കെ അവസാനിപ്പിച്ചു. അവധികളുടെയും ചികിത്സകളുടെയും ഒടുവിൽ മൃഗസംരക്ഷണവകുപ്പ് എനിക്ക് ചികിത്സേതര വിഭാഗത്തിലേക്ക് സ്ഥലംമാറ്റം തന്നു. അവിടെ ജോലി ചെയ്യാൻ തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോഴേക്കും ദാ വരുന്നു അർബുദം എന്ന വില്ലൻ. അതു കൂടിയായപ്പോൾ എനിക്ക് വിഷമമല്ല തോന്നിയത് മറിച്ച് ഒരു നിഗൂഢമായ സന്തോഷമാണ്. ആത്മപീഡനത്തിലുള്ള ആനന്ദം.
ചികിത്സയുടെ പെരുമഴക്കാലം തുടങ്ങിയതോടെ അവശേ ഷിച്ചിരുന്ന രണ്ടു നായകളേയും കൊടുത്തു. ശരീരത്തിന്റെ വേദനയും മനസ്സിന്റെ വേദനയും പരസ്പരം മത്സരിച്ചുവെങ്കിലും വിശ്രമത്തിന്റെ സുഖം എനിക്ക് നവ്യാനുഭവം പകർന്നു.
ഉള്ളിന്റെയുള്ളിൽ ഞാൻ അങ്ങനെ തോറ്റു കൊടുക്കാൻ തയാറല്ലായിരുന്നു. വീണു പോകുമെന്ന് തോന്നിയ സമയങ്ങളിൽ എല്ലാം കൈപിടിച്ച് കുടുംബവും സുഹൃത്തുക്കളും കൂടെനിന്നു.
മുൻപ് ശരീരത്തിൽ നടത്തിയ മൂന്ന് സർജറികൾക്ക് കൂട്ടായി വീണ്ടും രണ്ടെണ്ണം കൂടി. പിന്നെ കീമോതെറാപ്പി, റേഡിയേഷൻ, ഹോർമോൺ തെറാപ്പി അങ്ങനെ അങ്ങനെ കൂട്ടത്തിൽ വിഷാദത്തിനുള്ള ചികിത്സയും.
കീമോ തെറാപ്പിയുടെ അവസാന പാദത്തിൽ വിറയ്ക്കുന്ന കൈകളോടെ ഞാൻ ചിത്രരചന പഠിക്കാൻ ആരംഭിച്ചു .
കൂടുതൽ കൂടുതൽ പുസ്തകങ്ങൾ വായിച്ചു. അർബുദത്തെയും വിഷാദത്തെയും അടുത്തറിഞ്ഞു. ഒടുവിൽ രണ്ടിനെയും എന്നിൽനിന്ന് തള്ളിയകറ്റി.
പുതിയൊരു ഉൾക്കാഴ്ച കൈവന്നു. എവിടെയാണ് എനിക്കു പിഴച്ചതെന്ന് ഞാൻ എന്നോടു തന്നെ ചോദിക്കാൻ തുടങ്ങി. അതിനുള്ള ഉത്തരം എനിക്ക് കിട്ടുകയും ചെയ്തു. ഇന്ന് ഈ നിമിഷം ഞാൻ സന്തോഷവതിയാണ്.
എനിക്ക് എന്റെ ജോലിയും ജീവിതവും തമ്മിലുള്ള അതിർവരമ്പ് കൃത്യമായി അറിയാം. എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട എന്ന് എനിക്ക് നന്നായി അറിയാം. എന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ സന്തോഷങ്ങൾക്ക് ഞാൻ കൂടുതൽ പ്രാധാന്യം കൊടുക്കുന്നു. എന്റെ കഴിവുകൾ ഞാൻ വികസിപ്പിക്കാൻ നോക്കുന്നു. ചിത്രരചനാ പഠനം പുരോഗമിക്കുന്നു. സംഗീത പഠനം തുടങ്ങി. നൃത്ത പഠനം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വിദേശത്തും സ്വദേശത്തും യാത്രകൾ നടത്തുന്നു. ജോലി ചെയ്യുന്നു. ജോലി സമയത്തിനു ശേഷം വീട്ടിൽ പ്രൈവറ്റ് ചികിത്സ നടത്തുന്നു.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ജോലിയെ ജോലിയായി തന്നെ കാണുന്നു. അതോടൊപ്പം ജോലിയിൽ അങ്ങേയറ്റം കണിശത പുലർത്താനും ശ്രദ്ധിക്കുന്നു. വീട്ടിൽ ചെന്നാൽ ജോലിയെപ്പറ്റി ചിന്തിക്കുന്നതേയില്ല. എന്നാൽ എന്നെക്കൊണ്ടാകുന്നതുപോലെ കർഷകരെ ഇപ്പോഴും സഹായിക്കുന്നു. ക്ലാസുകൾ എടുക്കാൻ പോകുന്നു. ചെറു വീഡിയോകൾ ഉണ്ടാക്കി ഫെയ്‌സ്ബുക്കിൽ ഇടുന്നു. ഓൺലൈനിൽ കഥകളും കവിതകളും ശാസ്ത്രലേഖനങ്ങളും എഴുതുന്നു. എന്റെ രണ്ട് കഥകൾ ഉൾപ്പെടുന്ന കഥാസമാഹാരം പ്രകാശിതമായി. യൂട്യൂബ് ചാനൽ നിയമ തടസ്സമുള്ളതിനാൽ ഡിലീറ്റ് ചെയ്തു. നിയമം അനുവദിക്കാത്ത ഒരു കാര്യങ്ങളും ഞാൻ ചെയ്യുന്നില്ല. നിയമത്തിനുള്ളിൽനിന്നുകൊണ്ട് ഈ സമൂഹത്തിനു വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ളിടത്തോളം ഞാൻ ചെയ്യും.
എന്റെ അതിജീവനവഴികളിലൂടെ യാത്ര ഞാൻ തുടരുകയാണ്. എന്റെ ജോലി ഇന്നും എനിക്ക് പ്രിയപ്പെട്ടതാണ്. അതിനു ഞാൻ ഒരു അതിർവരമ്പ് വെച്ചിട്ടുണ്ടെന്ന് മാത്രം.
ഒരു മഞ്ഞു മലയുടെ ഒരു ചെറിയ അഗ്രം ഞാൻ നിങ്ങളുടെ വായനയ്ക്കായി സമർപ്പിക്കുന്നു.
എന്ന്,
ഡോ. എസ്.ജയശീ
ആലപ്പുഴ