ADVERTISEMENT

നട്ടത് മലേഷ്യൻ കുറിയ പച്ചയിനം തെങ്ങിൻതൈ, കൊല്ലങ്ങൾ കഴിഞ്ഞ് കായ്ച്ചത് ഗുണമേന്മ കുറഞ്ഞ നാടൻ തേങ്ങ. ‘ഇതെന്താണ് ഇങ്ങനെ’ എന്നു ചോദിച്ച് പാലക്കാട് ആലത്തൂർ എരിമയൂർ പുളിമ്പ്രാണിക്കളം വീട്ടിൽ അബൂബക്കർ സിദ്ദീഖ്, വർഷങ്ങൾക്കു മുൻപു താന്‍ തൈ വാങ്ങിയ നഴ്സറിയിലെത്തി. പല ഇടങ്ങളിൽനിന്നു വാങ്ങി വില്‍ക്കുന്ന തൈകളാണെന്നു നഴ്സറിക്കാർ. അബദ്ധം പറ്റിപ്പോയി എന്നേ അവർക്കും പറയാനുള്ളൂ. കൃഷിക്കായി ചെലവിട്ട പണവും സമയവും നഷ്ടമായല്ലോ എന്നു നിരാശപ്പെട്ടെങ്കി ലും മേലിൽ ഈ അബദ്ധം പറ്റരുതെന്ന് അബൂബക്കർ അന്നു തീരുമാനിച്ചു. അന്നു മുതൽ സംസ്ഥാനത്തും പുറത്തുമുള്ള നല്ല നഴ്സറികൾ തേടിപ്പിടിച്ചു മാത്രം തൈകൾ വാങ്ങിത്തുടങ്ങി. ബഡിങ്ങും ഗ്രാഫ്റ്റിങ്ങും വശമാക്കി ചിലതിന്റെ തൈകൾ സ്വയം തയാറാക്കാനും തുടങ്ങി. 

നട്ട് 4–5 വർഷം കാത്തിരുന്നാണ് ദീർഘകാല വിളകള്‍ പലതും വിളവിലെത്തുന്നത്. ആ സമയത്ത് അബദ്ധം പറ്റി എന്നു തിരിച്ചറിയുന്നത് ഒരു കർഷകനും സഹിക്കാനാവില്ല. അതുകൊണ്ടുതന്നെ തൈകൾ തിരഞ്ഞെടുക്കുന്നതാണ് കൃഷിയിൽ ഏറ്റവും സുപ്രധാനമെന്ന് അബൂബക്കർ. ‘‘ഒരു നഴ്സറിയിലെ എല്ലായിനം തൈകളും ഒരുപോലെ മികച്ചതാവണമെന്നുമില്ല. പലർക്കും പല ഇനങ്ങളിലാകും മികവ്. അങ്ങനെയാകുമ്പോൾ പല നഴ്സറികൾ കയറിയിറങ്ങി ഓരോരുത്തരുടെയും മികച്ചയിനങ്ങൾ നോക്കി വാങ്ങണം. അങ്ങനെ വാങ്ങി വളർത്തിയ ചില തൈകൾ കണ്ട് മറ്റു കൃഷിക്കാർ ആവശ്യപ്പെട്ടപ്പോള്‍ അവർക്കു വേണ്ടിയും തൈകൾ വാങ്ങിത്തുടങ്ങി. അവരിൽ ചിലർ ഈ തൈകള്‍ ശാസ്ത്രീയമായി നട്ടു പരിപാലിച്ചു നൽകാമോ എന്നു ചോദിച്ചപ്പോള്‍ അതൊരു സംരംഭമാക്കി’’, സ്വന്തം കൃഷിക്കൊപ്പം മറ്റുള്ളവര്‍ക്കു കൃഷിയിടം ഒരുക്കുന്ന സംരംഭം തുടങ്ങാനിടയായതിനെക്കുറിച്ച് അബൂബക്കർ പറയുന്നു. 

സർക്കാർ ജോലി വിട്ട് 10 വർഷം മുൻപാണ്, അബൂബക്കർ മുഴുവൻ സമയ കൃഷിക്കാരനാകുന്നത്. രണ്ടരയേക്കർ പുരയിടത്തിലും മൂന്നേക്കർ വയലിലും പാട്ടത്തിനെടുത്ത സ്ഥലങ്ങളിലുമായി വിവിധ വിളകൾ. നെല്ലും പച്ചക്കറികളും പ്രധാനം. കോവിഡിന്റെ വരവാണ് കൃഷിയിടം ഒരുക്കി നൽകുന്ന സംരംഭത്തിന് പ്രചാരം നൽകിയതെന്ന് അബൂബക്കർ. കോവിഡ് വന്നതോടെ കൃഷിയിലും ആരോഗ്യഭക്ഷണത്തിലും ആളുകൾക്കു താൽപര്യമേറി. അവരിൽ  പ്രവാസവും ഉദ്യോഗജീവിതവും പിന്നിട്ട്, ശിഷ്ടകാലം കൃഷിയിൽ സ്വസ്ഥമാകാം എന്നു കരുതുന്നവരാണ് ഒരു വിഭാഗം. വ്യായാമവും ആരോഗ്യഭക്ഷണവുമൊക്കെയാണ് അവർ ലക്ഷ്യമിടുന്നത്. 10–20 സെന്റ് സ്ഥലത്ത് ശുദ്ധമായ പഴങ്ങളും പച്ചക്കറികളുമൊക്കെ വിളയുന്ന ചെറിയ കൃഷിയിടം മതി അവർക്ക്. 

വരുമാനമാർഗമാക്കാം എന്ന ചിന്തയോടെ കൃഷിയിലേക്കു തിരിയുന്നവരാണ് മറ്റൊരു വിഭാഗം. വാണിജ്യാടിസ്ഥാനത്തിൽ തെങ്ങും കമുകും മാവും റംബുട്ടാനുമൊക്കെ കൃഷി ചെയ്ത് നല്ല വരുമാനം നേടുകയാണ് ലക്ഷ്യം. ഇങ്ങനെ പുതുതായി കൃഷിയിലേക്കു വരുന്നവർക്ക് നല്ല തൈകൾ തിരഞ്ഞെടുക്കുന്നതിലും ശാസ്ത്രീയമായി കൃഷിയിടമൊരുക്കുന്നതിലും സഹായം വേണ്ടിവരും. അവരെ സഹായിക്കുകയാണ് അബൂബക്കർ ചെയ്യുന്നത്. അതേസമയം, ഉടനടി ലാഭം പ്രതീക്ഷിച്ചു കടുംകൃഷിക്കു തുനിയുന്നവരെ പിന്തുണയ്ക്കാറില്ലെന്നും അബൂബക്കർ. ‘‘മണ്ണും വെള്ളവും ഭൂപ്രകൃതിയും കാലാവസ്ഥയുമൊക്കെയായി ബന്ധപ്പെട്ടു കിടക്കുന്നതാണു കൃഷി. ഓരോ വർഷവും 30–40% കണ്ടു ലാഭം വർധിക്കുന്ന സംരംഭമായി കൃഷിയെ കാണരുത്. കൃഷിയൊരു ജീവിതരീതിയാണ്. പ്രിയമുണ്ടെങ്കിൽ മാത്രമേ അതിനു തുനിയാവൂ. ഇഷ്ടത്തോടെ ചെയ്യുമ്പോള്‍ ലാഭവും വന്നുചേരും’’, അബൂബക്കർ പറയുന്നു.

മുന്നറിവുകൾ പ്രധാനം 

വിനോദത്തിനായാലും വരുമാനത്തിനായാലും കൃഷിയില്‍ ശാസ്ത്രീയത പ്രധാനം. വെള്ളവും സൂര്യപ്രകാശവുംപോലുള്ള പ്രകൃതിവിഭവങ്ങൾ എല്ലാ ചെടികൾക്കും എല്ലാ കാലത്തും ലഭിക്കുന്ന രീതിയിൽ കൃഷിയിടമൊരുക്കിയില്ലെങ്കിൽ കുറഞ്ഞ കാലം കൊണ്ട് തോട്ടം ഉൽപാദനക്ഷമമല്ലാതാകും. രാസവളങ്ങളും രാസകീടനാശിനികളും വേണ്ട അളവിൽ മാത്രം പ്രയോഗിക്കുക. പുതുതായി കൃഷിയിലേക്കു വരുന്നവർ ഇതിലൊക്കെ മുന്നറിവ് നേടണം. എന്നാൽ, ഇതൊന്നും സ്ഥിരം കർഷകർ പോലും പലപ്പോഴും ശ്രദ്ധിക്കാറില്ലെന്ന് അബൂബക്കർ. 

തലേ വർഷം ഏക്കറിന് 20 കിലോ ഫാക്ടംഫോസ് നൽകി, നല്ല വിളവുണ്ടായി. എന്നാല്‍ പിന്നെ, ഇക്കൊല്ലം 40 കിലോ നൽകി വിളവ് ഇരട്ടിയാക്കാമെന്നു ചിന്തിക്കുന്നവരുണ്ട്. മണ്ണു പരിശോധിച്ച് അതനുസരിച്ചു വളപ്രയോഗം എന്ന ചിന്ത പലര്‍ക്കുമില്ല. അര ഗ്രാം കീടനാശിനി ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തു തളിക്കാൻ പറഞ്ഞാല്‍ 5 ഗ്രാം ചേർക്കുന്നവരുണ്ട്. ചില കീടനാശിനികൾ തളിച്ചാൽ പുഴു തീറ്റയെടുക്കൽ നിർത്തി സാവധാനമാകും നശിക്കുക. എന്നാൽ, ഉടന്‍ ചത്തില്ലെന്നു നിരാശപ്പെട്ട് വീര്യം കൂടിയ കീടനാശിനി പ്രയോഗിക്കുന്നവരുണ്ട്. 

ഫലവർഗങ്ങളിൽ കായീച്ചശല്യത്തിനു പലപ്പോഴും ഫിറമോൺകെണി മതിയാകും. പ്രകൃതിസൗഹൃദ മാർഗങ്ങളിലൂടെ  പല കീടങ്ങളെയും നശിപ്പിക്കാം. എന്നാല്‍ അതിനു പകരം കടുത്ത രാസകീടനാശിനിതന്നെ തളിക്കുന്നവർ കുറവല്ല. ആരോഗ്യഭക്ഷണമാണ് ലക്ഷ്യമിടുന്നതെങ്കിൽ കൃഷിരീതിയില്‍  ജാഗ്രത വേണം. ഈ വഴിക്കു ചിന്തിക്കുന്നവർക്കാണ് താന്‍ കൃഷിയിടം ഒരുക്കി നൽകാറെന്ന് അബൂബക്കർ.   

കൃഷിയിൽ മനുഷ്യാധ്വാനം പൂർണമായും ഒഴിവാക്കാനാകില്ല. അതേസമയം വിനോദത്തിനും വ്യായാമത്തിനുമായി കൃഷിയിലേക്കു വരുന്നവർക്ക് കഠിനമായ അധ്വാനത്തിൽ താൽപര്യവുമുണ്ടാകില്ല. അവര്‍ക്കു തുള്ളിനനപോലുള്ള സംവിധാനങ്ങൾ ക്രമീകരിച്ച് അധ്വാനം നല്ല അളവില്‍ കുറയ്ക്കാം. ജലക്ഷാമകാലത്ത് തുള്ളി വെള്ളംപോലും നഷ്ടപ്പെടാതെ വിളകൾക്കു നൽകാനുമാകും. സ്വന്തം കൃഷിയിടത്തിലും സുഹൃത്തുക്കളുടെ കൃഷിയിടങ്ങളിലും തുള്ളിനന സംവിധാനം ഒരുക്കി നേടിയ വൈദഗ്ധ്യം സംരംഭത്തിലും തുണയായെന്ന് അബൂബക്കർ. താനൊരുക്കുന്ന കൃഷിയിടങ്ങളിൽ തുള്ളിനന സംവിധാനം ചെയ്യന്നതും അബൂബക്കർ തന്നെ. സ്വന്തമായി രണ്ടു പൂവ് നെൽകൃഷിയും ഇതര കൃഷികളുമുള്ളതിനാൽ അനുബന്ധ സംരംഭം മാത്രമാണ് ഈ കൃഷിയിടമൊരുക്കല്‍. ‘‘20 വർഷമായി കൃഷി ചെയ്യുന്നു. അതിലെ ജയപരാജയങ്ങളാണ് മൂലധനം. ആ അറിവുകൾ മറ്റുള്ളവർക്കും നല്‍കുന്നു, അത്രമാത്രം’’, അബൂബക്കർ പറയുന്നു. 

ഫോൺ: 9846213343

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com