ADVERTISEMENT

ഇരുപതു വർഷം മുൻപ് സ്വന്തമായൊരു ഫോട്ടോ സ്റ്റുഡിയോ തുടങ്ങുമ്പോൾ അതിനൊരു പേരു കണ്ടെത്താൻ അധികം ആലോചിക്കേണ്ടിവന്നില്ല മച്ചിങ്ങൽ റഷീദിന്. അന്നത്തെ ഫിലിം നിർമാതാക്കളിൽ പ്രശസ്തരായിരുന്ന കോണിക്ക കമ്പനിയുടെ പേരു കടമെടുത്ത് മോണിക്ക എന്ന് സ്വന്തം സംരംഭത്തിന് പേരിട്ടു. അതോടെ മച്ചിങ്ങൽ റഷീദ് മോണിക്ക റഷീദ് ആയി. വർഷങ്ങൾ പിന്നെയും കടന്നുപോയി. ഇന്നൊരു ഫോട്ടോ എടുക്കാനോ ആൽബം തയാറാക്കാനോ ആരെങ്കിലും വിളിച്ചാൽ മോണിക്ക റഷീദ് നിരസിക്കും പകരം കുരുമുളക് തൈകൾ വേണോ എന്നൊരു മറുചോദ്യവും ചോദിക്കും. കാരണം, മോണിക്ക സ്റ്റുഡിയോയ്ക്കു പകരം റഷീദിന് ഇന്നുള്ളത് മോണിക്ക പെപ്പർ നഴ്സറിയാണ്. ഫൊട്ടോഗ്രഫി വിട്ട് കൃഷിയിലും കുരുമുളക് നഴ്സറിയിലും വിജയം നേടുകയാണ് ഇന്ന് മലപ്പുറം കൊടൂർ അൽപ്പറ്റക്കുളമ്പ് സ്വദേശി റഷീദ്. 

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംരംഭം വിട്ട് പുതിയതൊന്നു തുടങ്ങുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് റഷീദിനു ബോധ്യമുണ്ടായിരുന്നു. എങ്കിലും, ദീർഘകാലമായി തുടരുന്ന എതു മേഖലയിൽനിന്നും ഒരു വിരമിക്കൽ ആവശ്യമുണ്ടെന്നു വിശ്വസിക്കുന്ന റഷീദ് ഫോട്ടോഗ്രഫി വിട്ട് കൃഷിയിലേക്കു തിരിയുകയായിരുന്നു. കോഴിവളർത്തലിലും തേനീച്ചകൃഷിയിലുമാണ് ആദ്യം കൈവച്ചതെങ്കിലും പ്രതീക്ഷിച്ചത്ര മെച്ചമുണ്ടായില്ല. മറ്റു മേഖലകളെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തിയത് കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലായിരുന്നു (IISR). സുഗന്ധവിളകളുമായി ബന്ധപ്പെട്ടുള്ള സംരംഭ സാധ്യതയെക്കുറിച്ച് ഐഐഎസ്ആറിലെ സീനിയർ ടെക്‌നീഷ്യൻ ഒ.ജി.ശിവദാസിൽനിന്നു വിവരങ്ങൾ ലഭിച്ചു. അങ്ങനെയാണ് കുരുമുളക് തൈ ഉൽപാദനം തിരഞ്ഞെടുത്തത്. തുടർന്ന്  ഗ്രാഫ്റ്റിങ് ഉൾപ്പെടെ തൈ ഉൽപാദനരീതികൾ അവിടെനിന്നുതന്നെ പഠിച്ചെടുത്തു. ആ പഠനമിന്ന് എഴുപത്തഞ്ചോളം ഇനം കുരുമുളകു തൈകൾ തയാറാക്കി വിപണനം ചെയ്യുന്ന മോണിക്ക പെപ്പർ നഴ്സറിയിൽ എത്തിനിൽക്കുന്നു.

നേട്ടം കുറ്റിക്കുരുമുളക്

വിവിധ ഗവേഷണകേന്ദ്രങ്ങളും കർഷകരും ഉരുത്തിരിച്ച മികച്ച ഇനങ്ങളെല്ലാം ഒരുമിച്ച് ഒരിടത്തു ലഭ്യമാക്കുകയാണ് റഷീദ് ചെയ്യുന്നത്. പന്നിയൂർ ഇനങ്ങളും ഐഐഎസ്ആർ ഇനങ്ങളായ തേവം, മലബാർ എക്സൽ, ശ്രീകര, പഞ്ചമി എന്നിവയും തെക്കൻ, കുമ്പുക്കൽ, കൈരളി  തുടങ്ങിയവയുമെല്ലാം റഷീദിന്റെ നഴ്സറിയിലുണ്ട്. നാഗപതി രീതിയിലാണ് കുരുമുളകു തൈകൾ ഉൽപാദിപ്പിക്കുന്നത്. കുറ്റികുരുമുളക് തൈകൾക്കാണ് ഇപ്പോൾ കൂടുതൽ ഡിമാൻഡ് എന്ന് റഷീദ്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്‌തെടുക്കുന്ന കുറ്റിക്കുരുമുളക് തൈ ഒന്നിന് ഇനമനുസരിച്ച് 100 മുതൽ 200 രൂപ വരെ വില ലഭിക്കും. 

പെപ്പർ തെക്കൻ, കുമ്പുക്കൽ, കൈരളി എന്നിവയുടെയെല്ലാം കുറ്റിക്കുരുമുളക് തൈകൾ തയാറാക്കുന്നുണ്ട്. ചട്ടിയിൽ പരിപാലിക്കുന്ന വളർച്ചയെത്തിയ തിപ്പലിയിൽ ഒരേസമയം ഇരുപതോളം കുരുമുളകു വള്ളികൾ വരെ ഗ്രാഫ്റ്റ് ചെയ്യുന്നു. ഇങ്ങനെ തയാറാക്കുന്ന കുറ്റിക്കുരുമുളകു ചെടികൾ ഇടതൂർന്നു നിൽക്കുകയും നല്ല വിളവ് തരുകയും ചെയ്യുമെന്ന് റഷീദ്. കുരുമുളകിനായി മാത്രമല്ല അലങ്കാരച്ചെടിയായും ഇവ വാങ്ങുന്നവരുമുണ്ട്. 

കുരുമുളകുവള്ളികൾ തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്യുന്നതിനാൽ വലിയതോതിൽ തിപ്പലിക്കൃഷിയും നഴ്സറിയുടെ ഭാഗമായുണ്ട്. ഇതര സംരംഭകർക്ക് തിപ്പലിത്തൈകൾ വിൽക്കുന്നതും വരുമാനമാർഗമാണെന്നു റഷീദ്. നേരിട്ടു മാത്രമല്ല തപാൽ വഴിയും തൈകളുടെ വിൽപന നടത്തുന്നു. പത്തു തൈകൾ ഒരുമിച്ച് പോറൽ പോലുമേൽക്കാതെ അയയ്ക്കാവുന്ന പാഴ്സൽ ബോക്സും റഷീദ് സ്വയം തയാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ആവശ്യക്കാർക്കു കുരുമുളകു തോട്ടം തയാറാക്കി നൽകുന്നതും റഷീദിന്റെ സംരംഭത്തിന്റെ ഭാഗമാണ്.

നാഗപതി രീതി 

കുരുമുളകു തൈകൾ തയാറാക്കാൻ എളുപ്പവും പ്രചാരത്തിലുള്ളതുമായ മാർഗമാണ് നാഗപതി രീതി. വേരുപിടിച്ച കുരുമുളകു തൈകൾ നിരനിരയായി വയ്ക്കുന്നു. ഈ വള്ളികൾ വളർന്നു വരുന്നതിനനുസരിച്ച് നടീൽമിശ്രിതം നിറച്ച പോളിബാഗുകൾ തിരശ്ചീനമായി നിരത്തിവച്ചു കൊടുക്കണം. വളർന്നുവരുന്ന മുട്ടുകൾ ഈ ബാഗുകളിലേക്ക് അമർത്തി, വേരുപിടിക്കത്തക്കവിധം ഈർക്കിലിയോ മറ്റോ ഉപയോഗിച്ചു കുത്തിനിർത്താം. ഇതേരീതിയിൽ വള്ളിയുടെ വളർച്ചയ്ക്കനുസരിച്ച് പുതുതായി വയ്ക്കുന്ന ഓരോ ബാഗിലും മുട്ടുകളിൽനിന്നു വേരുപിടിപ്പിച്ചെടുക്കാം. ഏകദേശം മൂന്നു മാസംകൊണ്ട് ആദ്യം വളർന്ന കടഭാഗത്തുള്ള മുട്ടുകളിൽ ദൃഢമായ വേരുപടലം ഉണ്ടായിരിക്കും. ഇവ മുട്ടോടുകൂടി മുറിച്ചെടുത്ത പൊളിത്തീൻബാഗോടെ മാറ്റിവയ്ക്കാം. ഇത്തരത്തിൽ വള്ളിയുടെ കടഭാഗത്തെ ബാഗുകൾ ഓരോന്നും വേരുപിടിച്ച പുതിയ തൈകളാക്കി മാറ്റി തണലിൽ സൂക്ഷിക്കാം. രണ്ടു മാസം കൊണ്ട് നടാൻ പാകമാകും.  

black-pepper-rasheed-2
നാഗപതി രീതി

പാഴ്സൽ

തൈകൾ ഓരോന്നും മണ്ണു പുറത്തുപോകാത്തവിധം, ആവശ്യത്തിന് ഈർപ്പം നിലനിർത്തി പ്ലാസ്റ്റിക് കവറുകളിൽ പൊതിയും. ഇത്തരം പത്തു തൈകൾ ഒരു പാഴ്സൽ ബോക്സിനുള്ളിൽ ക്രമീകരിക്കുന്നു. ഒരു തട്ടിൽ അഞ്ചു തൈകൾ വയ്ക്കാവുന്ന രീതിയിൽ രണ്ടു തട്ടുകളിൽ പത്തു തൈകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് കാർഡ്ബോർഡ് പെട്ടിയുടെ നിർമാണം. പോളിത്തീൻ ബാഗ് കൊള്ളുന്ന അതേ അളവിലായതുകൊണ്ട് തൈകൾ വശങ്ങളിലേക്കു നീങ്ങുകയോ ഇളകുകയോ ഇല്ല. നൂൽകൊണ്ട് എല്ലാ തൈകളും കൂടുമായി കെട്ടുന്നതിനാൽ യാത്രമധ്യേ ഉണ്ടാവുന്ന കുലുക്കവും തൈകൾക്ക് ഏൽക്കില്ല.

ഫോൺ: 9633676476

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com