നാലുതരം വള്ളികളുള്ള കുരുമുളക്; തിരിക്ക് നീളംകൂടാൻ നന: ‘നല്ല മുളക്’ നൂറുമേനി ലഭിക്കാൻ ചെയ്യേണ്ടത്
Mail This Article
ഭൂമധ്യരേഖയ്ക്ക് 20 ഡിഗ്രി തെക്കും വടക്കുമുള്ള, നല്ല മഴയുള്ള, 23 ഡിഗ്രി മുതൽ 32 ഡിഗ്രി വരെ ശരാശരി ചൂടുള്ള 75-80% അന്തരീക്ഷ ആപേക്ഷിക ആർദ്രത (Relative humidity) ഉള്ള, സമദ്രനിരപ്പിൽനിന്ന് 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങൾ കുരുമുളകുകൃഷിക്കു യോജ്യമാണ്. പശ്ചിമഘട്ട മലനിരകളുടെ ലാളന കണക്കിലേറെ ലഭിക്കുന്ന കേരളത്തിൽ, അത് തീരപ്രദേശമാകട്ടെ, ഇടനാടാകട്ടെ, മലയോരമാകട്ടെ, ലാഭകരമായി കൃഷി ചെയ്യാവുന്ന വിളയാണിത്. 5.5 മുതൽ 6.5 വരെ പിഎച്ചോടുകൂടിയ അല്‍പം പുളിപ്പുള്ള, നല്ല നീർവാർച്ചയുള്ള, ജൈവാംശ സമ്പുഷ്ടമായ മണ്ണാണ് കുരുമുളകിനു വേണ്ടത്. തനിവിളയായും ഇടവിളയായും കൂട്ടുവിളയായും (Companion crop) ആയും കുരുമുളക് ശോഭിക്കും.
ഇനഭേദങ്ങൾ
കുരുമുളകിന്റെ ഇനവൈവിധ്യത്താൽ സമ്പന്നമാണ് കേരളം. നാടൻ ഇനങ്ങളും അത്യുല്‍പാദനശേഷിയുള്ളതുമായ ഒട്ടേറെ ഇനങ്ങൾ നമുക്കുണ്ട്. ലോകത്തിലെ ആദ്യത്തെ സങ്കരയിനം കുരുമുളക് വികസിപ്പിച്ചത് നമ്മുടെ പന്നിയൂർ ഗവേഷണകേന്ദ്രമാണ്. കേരളത്തിലെ വിവിധ പാരിസ്ഥിതിക മേഖലകൾക്ക് യോജിച്ച 8 ഇനങ്ങൾ ഈ കേന്ദ്രത്തിൽനിന്ന് ഇറങ്ങിയിട്ടുണ്ട്. ഇതിൽ പന്നിയൂർ –1, തുറസ്സായ സ്ഥലത്ത് മികച്ച വിളവു നല്‍കും. പന്നിയൂർ2, 5 എന്നിവ തണൽ സഹിക്കുന്ന ഇനങ്ങള്‍. കോഴിക്കോട് ചെലവൂരിലുള്ള ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്ര(IISR)വും മികച്ച ഇനങ്ങൾ ഇറക്കിയിട്ടുണ്ട്. അതിൽ പ്രധാനമാണ് IISR ഗിരിമുണ്ടയും IISR മലബാർ എക്സലും.
കേരളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള നാടൻ ഇനമാണ് കരിമുണ്ട. തെക്കൻ കേരളത്തിൽ കൊറ്റനാടനും മധ്യകേരളത്തിൽ നാരായക്കൊടിയും വയനാട്ടിൽ ഐമ്പിരിയനും ഇടുക്കിയിൽ നീലമുണ്ടിയും കോഴിക്കോട് കുതിരവാലിയും കർണാടകയിൽ മല്ലിഗേശരയും ഏറെ യോജ്യം. കൊറ്റനാടനിൽ, ഓലിയൊറെസിൻ 17 ശതമാനമെങ്കിൽ ഐമ്പിരിയനിൽ അത് 15.7 ശതമാനമാണ്.
തിരിപിടിത്തം
കുരുമുളകിന്റെ ഒരേ പൂങ്കുലയിൽ (തിരിയിൽ) തന്നെ ആൺപൂവും പെൺപൂവും കാണാം. തിരുവാതിര ഞാറ്റുവേലക്കാലമാകുന്നതിനു മുൻപു കുരുമുളക് തിരിയിട്ടു തുടങ്ങണം. ആ സമയത്തു പെയ്യുന്ന മഴയിലാണ് പരാഗണം നടക്കുന്നത്. പരാഗണവേളയിൽ മഴ പെയ്ത് തിരിയിലൂടെ ഒഴുകിയിറങ്ങിയാൽ നല്ല വിളവ് ഉറപ്പ്.
പ്രവർധനം
കുരുമുളകിനു നാലുതരം വള്ളികളുണ്ട്. നേരെ മുകളിലേക്കു കയറിപ്പോകുന്ന കേറുതല (Top shoot), കേറു തലയിൽനിന്നു വശങ്ങളിലേക്കു പൊട്ടുന്ന പാർശ്വവള്ളികൾ (മണി പിടിക്കുന്ന ഇവയാണ് കുറ്റിക്കുരുമുളക് ഉണ്ടാക്കാൻ എടുക്കുന്നത്), ചുവട്ടിൽനിന്നു പൊട്ടി തറയിൽ പടരാൻ പ്രവണതയുള്ള ചെന്തലകൾ (പുതിയ തൈകൾ ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കാം), പിന്നെ നല്ല വളർച്ചയെത്തിക്കഴിഞ്ഞു താഴേക്കു തൂങ്ങിക്കിടക്കുന്ന ഞാലിവള്ളികൾ (ഇവ കൊണ്ട് ഒരു ഗുണവുമില്ല. മുറിച്ചുകളയണം. തൈകൾ ഉണ്ടാക്കാൻ എടുക്കരുത്).
ചുവട്ടിൽനിന്നു പൊട്ടിവരുന്ന ചെന്തലകൾ ആവശ്യമില്ലെങ്കിൽ മുറിച്ചു മാറ്റാം. അല്ലെങ്കിൽ ചെടിയോട് ചേർത്തു കെട്ടിക്കൊടുക്കാം. പുതിയ തൈകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവ തറയിൽ മുട്ടി വളരാൻ അനുവദിക്കരുത്, കുറ്റിയോടു ചേർത്ത് ചുറ്റിക്കെട്ടി വയ്ക്കണം. ഫെബ്രുവരി മാസത്തോടെ അവ മുറിച്ച് രണ്ടോ മൂന്നോ മുട്ടുകളുള്ള കഷണങ്ങളാക്കി പോളിബാഗിൽ നിറച്ച മിശ്രിതത്തിൽ വച്ച് വേര് പിടിപ്പിച്ച് മേയ് -ജൂൺ മാസത്തോടെ നടാം.
താങ്ങുമരങ്ങൾ
തനിവിളയായി കുരുമുളക് കൃഷി ചെയ്യാനാണെങ്കിൽ 3 മീറ്റർ അകലത്തിൽ താങ്ങുമരങ്ങൾ വച്ചുപിടിപ്പിക്കണം. മുള്ളു മുരിക്ക് (Erythrina indica), മുള്ളില്ലാത്ത മുരിക്ക് (Dadap, Erythrina lithosperma), ശീമക്കൊന്ന, കിളിഞ്ഞിൽ, പയ്യാനി, മട്ടി അഥവാ പെരുമരം എന്നിവ നല്ല താങ്ങുമരങ്ങൾ. പുറം തൊലി ഇളകിപ്പോകാത്തതും ഒറ്റത്തടിയായി പോകുന്നതും അത്യാവശ്യം സൂര്യപ്രകാശം അരിച്ച് താഴേക്കു വിടുന്നതുമായ ഏതു മരത്തിലും കുരുമുളകുവള്ളി പടർത്താം. തണലേറിയാൽ കീടശല്യം, വിശേഷിച്ച് പൊള്ളുവണ്ടുശല്യം, കൂടും. അതുകൊണ്ടുതന്നെ വർഷത്തിൽ 2 തവണ കോതാനും വീണ്ടും വളരാനും കഴിവുള്ള താങ്ങുമരങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ആഴാന്ത (പയ്യാനി) പോലെയുള്ള മരങ്ങൾ മികച്ച താങ്ങുമരമാണ്. ഒറ്റത്തടിയായി പോകും. കോതിക്കൊടുക്കേണ്ടതില്ല. പക്ഷേ, വളരെ ഉയരത്തിലെത്തുമ്പോൾ വിളവെടുക്കാൻ പ്രയാസമാകും. 4 മീറ്റർ ഉയരത്തിൽ വളർച്ച നിയന്ത്രിച്ച് ശീമക്കൊന്ന, കിളിഞ്ഞിൽ എന്നിവയിൽ പടർത്തിയാൽ പരസഹായമില്ലാതെ വിളവെടുക്കാം. ജൂണിലും സെപ്റ്റംബറിലും താങ്ങുമരത്തിന്റെ കൊമ്പ് കോതണം.
തെങ്ങും കമുകും കുരുമുളകിന്റെ പ്രിയപ്പെട്ട താങ്ങുമരങ്ങൾ. ഒറ്റത്തടിയായി പോകുന്നുവെന്നതും കുരുമുളകിന് സൂര്യപ്രകാശം വേണ്ടത്ര കിട്ടും എന്നതും അനുകൂല ഘടകങ്ങളാണ്. ഒരു ഹെക്ടറിൽ ഏകദേശം 175 തെങ്ങുകളിൽ കുരുമുളക് പടർത്താം. കമുകാണെങ്കിൽ 1300 കൊടിയും പടർത്താം. 5-6 കൊല്ലം പ്രായമാകുമ്പോളാണ് കമുകിൽ കുരുമുളകു പടർത്തേണ്ടത്.
നടുന്നവിധം
താങ്ങുമരത്തിൽനിന്ന് ഒരടി മാറി, വടക്ക് /കിഴക്ക് /വടക്കുകിഴക്ക് ഭാഗത്തായി അര മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളിൽ 5 കിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും 150 ഗ്രാം റോക്ക് ഫോസ്ഫേറ്റും മേൽമണ്ണും ചേർത്ത് ഇളക്കി കുഴി മൂടി അതിൽ വേരുപിടിപ്പിച്ച 2–3 വള്ളികൾ നടാം. തടത്തിൽ വെള്ളക്കെട്ടുണ്ടാകരുത്. കൊടി വളർന്നുതുടങ്ങുമ്പോൾ താങ്ങുമരത്തോടു ചേർത്തുകെട്ടണം. ഏതാണ്ട് ഒന്നര മീറ്റർ ഉയരമാകുമ്പോൾ താങ്ങുമരത്തിൽനിന്ന് കുരുമുളകു കൊടി ഇളക്കിയെടുത്ത് ചുവട്ടിലേക്കു കൊണ്ടുവന്ന്, ചുറ്റിവളച്ച് മണ്ണിട്ടു കൊടുത്ത്, കേറുതല താങ്ങുമരത്തോടു ചേർത്ത് കെട്ടിക്കൊടുക്കാം. അപ്പോൾ കൂടുതൽ വേരുകൾ ഉണ്ടാകുകയും വളർച്ച ത്വരിതപ്പെടുകയും ചെയ്യും.
വളപ്രയോഗം
നല്ല വിളവിന് ചിട്ടയായ മൂലക പരിപാലനം (Nutrient management) അനിവാര്യം. ‘മണ്ണറിഞ്ഞു വളമിടു’ന്നതാണ് നല്ലത്. 2 വർഷത്തിലൊരിക്കൽ കൊടിയൊന്നിന് അരക്കിലോ കുമ്മായം നൽകണം. എല്ലാ വർഷവും 10 കിലോ അഴുകിപ്പൊടിഞ്ഞ കാലിവളവും ഒരു കിലോ ട്രൈക്കോഡെർമ ചേർത്ത വേപ്പിൻപിണ്ണാക്കും കൊടുക്കണം. ചുവട്ടിലെ മണ്ണ് വലിയ തോതിൽ ഇളക്കാൻ പാടില്ല. എൻപികെ വളങ്ങൾ, മണ്ണു പരിശോധിച്ച് വേണ്ടതു വേണ്ടത്ര ചേർക്കുക. പൊതുവിൽ കൊടിയൊന്നിന് 50 ഗ്രാം: 50 ഗ്രാം: 150 ഗ്രാം എന്ന അളവിൽ എന്‍പികെ വളങ്ങൾ നൽകാം. ഈ അളവിൽ മൂലകങ്ങൾ കിട്ടാൻ ഏതാണ്ട് 110 ഗ്രാം യൂറിയ, 500 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 180 ഗ്രാം പൊട്ടാഷ് എന്നിവ വേണ്ടിവരും. ഇത് മേയ് – ജൂൺ, ഓഗസ്റ്റ്-സെപ്റ്റംബർ കാലങ്ങളിലായി വിഭജിച്ചു കൊടുക്കാം. ഒരു കൊല്ലത്തിൽ താഴെ പ്രായമുള്ള കൊടികൾക്ക് ഇതിന്റെ മൂന്നിലൊന്നും 2 കൊല്ലമായവയ്ക്ക് ഇതിന്റെ മൂന്നിൽ രണ്ടും മൂന്നാം കൊല്ലം മുതൽ മുഴുവനായും കൊടുക്കാം. ഇതിനൊപ്പം 2.5 ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ 2 തവണ തളിക്കുന്നത് ഗുണം ചെയ്യും. 200 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് മണ്ണിൽ ചേർത്തു കൊടുക്കുകയും വേണം. തിരിവീണ്, മണിയായിക്കഴിഞ്ഞാൽ സൂക്ഷ്മമൂലക മിശ്രിതം 5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന അളവിൽ 2 തവണ ഇലകളും മണികളിലും തളിച്ചുകൊടുക്കാം. IISR ബയോമിക്സ് എന്ന മിത്രസൂക്ഷ്മാണു സഞ്ചയം 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി, 250 മില്ലി ഓരോ കൊടിച്ചുവട്ടിലും ഒഴിക്കാം. അത് ഒരു കിലോ, 100 കിലോ അഴുകിപ്പൊടിഞ്ഞ ചാണകവുമായി ചേർത്ത് ഓരോ കിലോവീതം ഓരോ കൊടിച്ചുവട്ടിലും കൊടുക്കാം.
നന മാർച്ചിൽ മതി
ഡിസംബർ മുതൽ മണ്ണിലെ ഈർപ്പം നഷ്ടപ്പെടാതെയിരിക്കാൻ കൊടിച്ചുവട്ടിൽ കരിയിലകൊണ്ട് പുതയിടണം. മാർച്ച് പകുതിവരെ ചെടി ഒന്ന് കായണം. ഇത് കൂടുതൽ തിരി വീഴാൻ ഉത്തേജകമാകും. ഈ സമയത്ത് നന വേണ്ടാ. എന്നാൽ, മാർച്ച് പകുതി മുതൽ മേയ് പകുതി വരെ രണ്ടാഴ്ച കൂടുമ്പോൾ നനയ്ക്കുന്നത് കൂടുതൽ നീളമുള്ള തിരികൾ ഉണ്ടാകാൻ സഹായിക്കും. ഇങ്ങനെ നനയ്ക്കുന്ന തോട്ടങ്ങളിൽ ജൂലൈ മാസത്തോടെ തന്നെ കൂടുതൽ തിരികൾ വീഴുകയും മഴ കിട്ടുന്നതിനാൽ പരാഗണം നടന്ന് കൂടുതൽ മണികൾ ഉണ്ടാകുകയും ചെയ്യും. അല്ലാത്തപക്ഷം തിരി ഉണ്ടാകുന്നത് സെപ്റ്റംബർ വരെ തുടരുകയും മഴ കിട്ടാതെ വന്നാൽ മണികൾ രൂപം കൊള്ളാതെ പോവുകയും ചെയ്യും. ഒരു തവണ നനയ്ക്കുമ്പോൾ കൊടിയൊന്നിന് 50 ലീറ്റർ വെള്ളം വേണ്ടിവരും.
കീടരോഗങ്ങൾ
കീട-രോഗബാധകൾ കുരുമുളകിനു കൂടപ്പിറപ്പാണ്. ഫൈറ്റോഫ്തോറ എന്ന ഫംഗസ് മൂലമുള്ള ദ്രുതവാട്ട മാണ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത്. അതിനെ പ്രതിരോധിക്കാൻ മേയ് അവസാനത്തോടെ ഒരു ശതമാ നം വീര്യമുള്ള ബോർഡോ മിശ്രിതം കൊടിയൊന്നിന് 5-10 ലീറ്റർ വീതം തടത്തിൽ 45-50 സെ.മീ. ചുറ്റുമായി ഒഴിച്ച് കുതിർത്തുകൊടുക്കണം. ഇത് റോക്കർ സ്പ്രെയർ ഉപയോഗിച്ച് തണ്ടിലും ഇലകളിലും തളിക്കണം. ഇത് ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിൽ ആവർത്തിക്കണം. കാലവർഷം തുടങ്ങിയാൽ ഉടൻ അകോമിൻ (Akomin, പൊട്ടാസ്യം ഫോസ്ഫോനേറ്റ്) 3 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ഡോസിൽ മണ്ണിലും ഇലകളിലും തളിക്കണം. ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ ഇത് ആവർത്തിക്കണം. ആവശ്യമെങ്കിൽ മെറ്റലാക്സിൽ-മാങ്കോസബ് (Metalaxyl -Mancozeb) കുമിൾനാശിനി ഒന്നര ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന അളവിൽ ഒഴിച്ച് തടം കുതിർക്കുകയും വേണം.
സാവധാന വാട്ടം (Slow wilt), പൊള്ളുരോഗം, വൈറസ് രോഗങ്ങൾ എന്നിവയും ഉണ്ടാകാം. ഒരു വിദഗ്ധനില്‍നിന്നു പരിഹാരം തേടണം. ശരിയായി തണൽ ക്രമീകരിച്ചില്ലെങ്കിൽ പൊള്ളുവണ്ടിന്റെ ആക്രമണം മൂലം മണികൾ പൊള്ളയായി വലിയ നഷ്ടമുണ്ടാകും. കൂടാതെ തണ്ടു തുരപ്പൻ, ഗാൾ ത്രിപ്സ്, ശൽക്കകീടങ്ങൾ എന്നിവയും വന്നേക്കാം.