1000 കാടയിൽനിന്ന് ദിവസം 2,400 രൂപ: 3,500 കാടകളെ വളർത്തി നേട്ടം കൊയ്ത് സുഹൃത്തുക്കൾ
Mail This Article
സംസ്ഥാനത്തു സജീവമായിരുന്ന കാടക്കൃഷി ഇടക്കാലത്തു നേരിട്ടതു കനത്ത തിരിച്ചടിയാണ്. 2018നു ശേഷം കാടക്കൃഷിയിൽനിന്നു പിൻതിരിഞ്ഞവർ ഒട്ടേറെ. മുട്ടയ്ക്കും ഇറച്ചിക്കും മികച്ച ഡിമാൻഡ് ഉണ്ടായിട്ടും കൃഷിക്കാർ പിൻവാങ്ങാൻ കാരണം തീറ്റവിലയിലെ വൻ വർധനയാണ്. ചാക്കിന് 900 രൂപയായിരുന്ന തീറ്റവില കോവിഡ് കാലത്ത് 2,300 രൂപയിലേക്കു കുതിച്ചു. അപ്പോഴും പക്ഷേ മുട്ടവില ഒന്നിന് 1.80 രൂപയിൽത്തന്നെ തുടർന്നു. കാടക്കൃഷിക്കാർ സംഘടിതരല്ലാത്തതിനാൽ വില വർധിപ്പിക്കാൻ ആർക്കും ആത്മവിശ്വാസമുണ്ടായില്ല. അതോടെ കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തി.
എന്നാൽ, കഴിഞ്ഞ വർഷത്തോടെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. തീറ്റവില അൽപം താഴ്ന്ന് 2,100 രൂപയിലെ ത്തുകയും മുട്ടയ്ക്കു കർഷകനു ലഭിക്കുന്ന വില 3 രൂപയിലേക്ക് ഉയരുകയും ചെയ്തു. നിലവിൽ കാടക്കൃഷി ശുഭാപ്തിവിശ്വാസത്തിന്റെ പാതയിലാണ്. സാധാരണക്കാരായ കർഷകർക്കും വീട്ടമ്മമാർക്കുമെല്ലാം നിത്യവരുമാനത്തിന് ഉതകുന്ന കാടക്കൃഷിയിലേക്ക്, മുൻപ് വിട്ടുപോയവരെല്ലാം തിരിച്ചെത്തുന്നുമുണ്ട്. കൃഷിക്കാർ പിൻവാങ്ങിയതോടെ ഇടക്കാലത്തു നമ്മുടെ വിപണിയിൽ കാടമുട്ട കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോള്‍ വലിയ തോതിൽ കാടമുട്ട വിപണിയിലെത്തുന്നു.
മേൽപറഞ്ഞ പ്രതിസന്ധികളെല്ലാം കടന്ന് 5 വർഷമായി കാടക്കൃഷി തുടരുന്ന കർഷകനാണ് കോട്ടയം ജില്ലയില്‍ ചങ്ങനാശേരി പെരുന്ന സ്വദേശി പി.ടി.ബിജു. ചങ്ങനാശേരിക്കടുത്ത് തൃക്കൊടിത്താനത്താണ് 3,500 കാടകളെ പരിപാലിക്കുന്ന ബിജുവിന്റെ ഫാം. സുഹൃത്ത് ചാക്കോയുമൊത്ത് ആരംഭിച്ച കാടക്കൃഷി 7,000 എണ്ണത്തിലേക്കു വർധിപ്പിക്കാനുള്ള ഒരുക്കവും നടക്കുന്നു. വാഹനമേഖലയിൽ തൊഴിൽ ചെയ്തിരുന്ന ബിജു ചില ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് അതു വിട്ട് കാടക്കൃഷിയിലെത്തുന്നത്. ചങ്ങനാശേരി–ആലപ്പുഴ എസി റോഡിനരികിലായിരുന്നു ആദ്യം ഫാം. 2018ലെ വെള്ളപ്പൊക്കത്തിൽപെട്ട് കാടക്കൃഷി നഷ്ടത്തിൽ മുങ്ങി. ഒരുവിധം കരകയറി വരുമ്പോൾ തീറ്റവില വർധന തിരിച്ചടിയായി. എന്നാൽ, കാടമുട്ടയ്ക്ക് എന്നും ഡിമാൻഡുണ്ടെന്നത് കൃഷിയിൽ തുടരാൻ പ്രതീക്ഷ നൽകിയെന്നു ബിജു. മുട്ടവില ഉയർത്താനായതോടെ കാര്യങ്ങൾ മെച്ചപ്പെട്ടു. എല്ലാ ചെലവും കഴിഞ്ഞ് മുട്ടയൊന്നിന് കുറഞ്ഞത് 80 പൈസ നിലവിൽ കർഷകനു ലഭിക്കുന്നുണ്ടെന്ന് ബിജു പറയുന്നു.
മുട്ടയും ഇറച്ചിയും
നിത്യവും നിശ്ചിത വരുമാനം കയ്യിലെത്തുമെന്നതുതന്നെ കാടക്കൃഷിയുടെ ആകർഷണം. വിപണി വിപുലമാകുന്നതിന് അനുസരിച്ച് ഉൽപാദനം വർധിപ്പിക്കാനും എളുപ്പം. ഒരു മുട്ടക്കോഴിക്കു വേണ്ടിവരുന്ന സ്ഥലത്ത് 8–10 കാടകളെ വളർത്താം. സ്ഥലപരിമിതിയുള്ളവർക്കു കോഴിയേക്കാൾ മെച്ചം കാടയാണ്. മുട്ടവിൽപനയ്ക്കായി കാട വളർത്തുന്നവർ 28–30 ദിവസം വളർച്ചയെത്തിയവയെയാണു വാങ്ങുക. 48–50 ദിവസം പ്രായമെത്തുന്നതോടെ മുട്ട ലഭിച്ചു തുടങ്ങും. 60 ദിവസം പിന്നിടുന്നതോടെ മുട്ടയുൽപാദനം സ്ഥിരതയിലെത്തും. അതായത്, 1000 കാടയിൽനിന്ന് ദിവസം ശരാശരി 800 മുട്ട.
മുട്ടയൊന്നിന് 3 രൂപ ലഭിക്കുമെന്നു കരുതുക; ദിവസം 2,400 രൂപ. കാടയൊന്നിന് ദിവസം 30 ഗ്രാം തീറ്റ കണക്കാക്കിയാൽ 1000 കാടയ്ക്ക് 30 കിലോ തീറ്റ. ഒരു ദിവസത്തെ തീറ്റച്ചെലവ് ഏതാണ്ട് 1,200 രൂപ. 1000 കാടകളിൽ ദിവസം ഒന്നെങ്കിലും ചാവാറുണ്ട്. വാങ്ങിയ വിലയും അതുവരെയുള്ള ചെലവും കൂട്ടി നഷ്ടം 60 രൂപയെന്നു കണക്കാക്കാം. മുട്ട വിൽപനയ്ക്കുള്ള ഇന്ധന/യാത്രച്ചെലവ് ദിവസം 100 രൂപയെന്നു കണക്കാക്കാം. എല്ലാം കഴിഞ്ഞ് 1000 കാടയിൽനിന്നു കുറഞ്ഞത് 1000 രൂപ കയ്യിലെത്തും. ഒരു കാട വർഷം 300 മുട്ട നൽകുമെന്നാണു കണക്ക്. എങ്കിലും 8–9 മാസം കഴിയുന്നതോടെ മുട്ടയുൽപാദനം കുറഞ്ഞു തുടങ്ങും. അതിനുശേഷം ഇറച്ചിക്കായി വിൽക്കുമ്പോൾ വാങ്ങിയ വിലയ്ക്കടുത്തുതന്നെ (ശരാശരി 40 രൂപ) ലഭിക്കും. കോഴിക്കടക്കാരും ഹോട്ടലുകാരുമെല്ലാം ആവശ്യക്കാരായുണ്ട്.
താരതമ്യേന സുരക്ഷിത വരുമാനം നൽകുന്ന മേഖലയാണ് കാടക്കൃഷിയെങ്കിലും 1000 കാടയിലേക്ക് എത്തുന്നത് ഘട്ടം ഘട്ടമായാവണം. കൃഷിസഹായത്തിന് തൊഴിലാളികളെ വച്ചാൽ ലാഭമുണ്ടാവില്ലെന്നും ഓർമിക്കണം. സ്വന്തം അധ്വാനം തന്നെയാണ് ഇത്തരം ചെറുകിട സംരംഭങ്ങളെ ആദായകരമാക്കുന്നതെന്നും മറക്കരുത്. വിപണിയല്ല മാലിന്യനിർമാർജനമാണ് നിലവിൽ കാടക്കൃഷിക്കാർ, വിശേഷിച്ച് സ്ഥലപരിമിതിയുള്ളവർ നേരിടുന്ന പ്രധാന പ്രശ്നമെന്നു ബിജു. വേനൽക്കാലത്ത് കാടക്കാഷ്ഠം വേഗത്തിൽ ഉണങ്ങിക്കിട്ടും. സമീപത്തുള്ള കർഷകര്‍ വാങ്ങുകയും ചെയ്യും. എന്നാൽ, മഴക്കാലത്ത് ഉണങ്ങാതെ കിടന്ന് ദുർഗന്ധം സൃഷ്ടിക്കും. കുഴിച്ചുമൂടുകയോ ബയോഗ്യാസ് ടാങ്ക് സ്ഥാപിച്ച് അതിൽ നിക്ഷേപിക്കുകയോ ആണ് പരിഹാരം. ചാക്കിന് 110 രൂപയോളം വില ലഭിക്കുന്ന ഈ ജൈവവളം കുഴിച്ചുമൂടുന്നത് നഷ്ടം തന്നെ. ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് വാതകവും സ്ലറിയും ഉൽപാദിപ്പിക്കാൻ കഴിഞ്ഞാൽ അതു തന്നെ നേട്ടം. കാടക്കൃഷിക്കുള്ള കൂട് സ്വയം നിർമിക്കുകയാണ് ബിജുവും ചാക്കോയും കമ്പിവല വാങ്ങി ലഘു ഉപകരണങ്ങൾ ഉപയോഗിച്ച് കൂടു സ്വയം നിർമിക്കാവുന്നതേയുള്ളൂ എന്ന് ബിജു. അതുവഴി നല്ല തുക ലാഭിക്കാനും കഴിയും.
ഫോൺ: 9495353388, 8089794376