വിദ്യാർഥികളുടെ കലാസൃഷ്ടികൾ ഓൺലൈനിൽ വിറ്റ അധ്യാപകനെതിരെ കേസ്; 16 ലക്ഷം ഡോളർ പിഴ
Mail This Article
വിദ്യാർഥികളുടെ ക്ലാസ് റൂം കലാസൃഷ്ടികൾ സ്വകാര്യ വെബ്‌സൈറ്റ് വഴി വിറ്റു എന്നാരോപിച്ച് ആർട്ട് ടീച്ചർക്കും സ്കൂൾ ബോർഡിനുമെതിരെ പരാതി നൽകി മാതാപിതാക്കൾ. കാനഡയിലെ ക്യൂബെക്കിലുള്ള സെന്റ്-ലസാറിലെ വെസ്റ്റ്‌വുഡ് ജൂനിയർ ഹൈസ്കൂളിലെ വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണ് അധ്യാപകന്‍ മരിയോ പെറോൺ വിറ്റത്.
പെറോണും സ്കൂൾ ബോർഡും 10 വിദ്യാർഥികൾക്ക് 155,000 ഡോളർ വീതമോ 15 ലക്ഷം ഡോളർ ഒരുമിച്ചോ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഒരു കൂട്ടം മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. ആർട്ടിസ്റ്റ് ജീൻ-മൈക്കൽ ബാസ്‌ക്വിയറ്റിന്റെ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ഛായാചിത്രം വരയ്ക്കാൻ തന്റെ 96 വിദ്യാർഥികളോട് ജനുവരിയിൽ പെറോൺ നിർദേശിച്ചിരുന്നു. ഫെബ്രുവരിയിൽ വിദ്യാർഥികൾ അതു പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ടി ഷർട്ടുകൾ, മൊബൈൽ ഫോൺ കെയ്‌സുകൾ, മഗ്ഗുകൾ എന്നിവയിൽ ആ ചിത്രങ്ങൾ പതിപ്പിച്ച് പെറോൺ തന്റെ സ്വകാര്യ വെബ്‌സൈറ്റ് വഴി വിൽക്കുന്നതായി കണ്ടെത്തി. അതിൽ ചിലതിന് 174 ഡോളർ വരെ വിലയുണ്ട്. നൂറോളം കലാസൃഷ്ടികളാണ് ഇത്തരത്തില്‍ വിറ്റത്. കാനഡയുടെ പകർപ്പവകാശ നിയമമനുസരിച്ച്, ഒരു ചിത്രത്തിന് 500 ഡോളർ മുതൽ 20,000 ഡോളർ വരെയാണ് വാണിജ്യ സ്വഭാവമുള്ള ലംഘനങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക.
നഷ്ടപരിഹാരം കൂടാതെ, രേഖാമൂലമുള്ള ക്ഷമാപണം, എല്ലാ വെബ്‌സൈറ്റുകളിൽനിന്നും വിദ്യാർഥികളുടെ കലാസൃഷ്‌ടി നീക്കം ചെയ്യൽ, ഈ ചിത്രങ്ങളുടെ വിൽപനാ റിപ്പോർട്ട് എന്നിവയും മാതാപിതാക്കൾ ആവശ്യപ്പെട്ടിടുണ്ട്. ഈ അനുഭവം തന്റെ മകൾക്ക് കലയോടുള്ള താൽപര്യം കുറയ്ക്കുകയും ഒരു കലാകാരിയാകുക എന്ന ആശയത്തിൽ നിന്ന് അവളെ പിന്തിരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിക്കാരിലെ ഒരു രക്ഷിതാവ് പറഞ്ഞു. പെറോണിന്റെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് പേജുകൾ ഉൾപ്പെടെ നീക്കം ചെയ്തിട്ടുണ്ട്.